പത്തനംതിട്ട: ശബരിമല പാതയോരത്ത് വടശേരിക്കരയിലെ ജനവാസമേഖലയിൽ പട്ടാപ്പകൽ കാട്ടാനക്കൂട്ടം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടശേരിക്കരയിലെ കൃഷിയിടങ്ങളിൽ നാശംവരുത്തിയ കാട്ടാനകൾ ഇന്നലെ പകൽ പൊതുനിരത്തിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുകയായിരുന്നു.
തലേന്നു രാത്രി കൃഷിയിടങ്ങളിലെത്തിയ കാട്ടാനകൾ മടങ്ങിയിട്ടില്ലെന്നു മനസിലായതോടെ ഇന്നലെ രാവിലെ ആളുകൾ വടശേരിക്കര മനോരമ മുക്കിനു സമീപം തടിച്ചുകൂടി.
കോട്ടപ്പുറം മലയിൽ തങ്ങിയ ആനകളെ തുരത്താനുള്ള വനപാലകരുടെ ശ്രമത്തിനിടെയാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ പ്രധാന ശബരിമല പാതയിൽ നിന്ന് 100 മീറ്റര്‍ അകലെ സെന്റ് ആന്‍ഡ്രൂസ് മാർത്തോമ്മാ പള്ളിക്കു സമീപം ചരിവുകാലപുരയിടത്തിലൂടെ ആന ഓടിയിറങ്ങിയത്.
ആളുകൾ ബഹളം കൂട്ടിയതോടെ ആന പള്ളിക്കു മുന്പിലെ കുന്പളത്താമൺ റോഡിലൂടെ ഓടി കല്ലാറിലൂടെ മറുകര കടന്നു. ഉച്ചകഴിഞ്ഞ് രണ്ടര യോടെ മറ്റൊരാനയും, വൈകുന്നേരം രണ്ടാനകളും ഇതേ വഴിയിലൂടെ ഓടിയെത്തിയത് പരിഭ്രാന്തി പരത്തി.
പത്തനംതിട്ട - പന്പ ശബരിമല പാതയ്ക്ക് തൊട്ടടുത്തു കൂടിയാണ് കാട്ടാനകൾ പാഞ്ഞത്. വനമേഖലയിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള വടശേരിക്കര ആക്കേമൺ ഭാഗത്തുനിന്നും മുള്ളൻപാറയിലേക്കുള്ള ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം എത്താറുണ്ട്. ശബരിമല തീർഥാടന പാതയായ പത്തനംതിട്ട - പന്പ പ്രധാന റോഡും ഏറ്റവും തിരക്കേറിയ വടശേരിക്കര ടൗണും സ്ഥിതി ചെയ്യുന്നത് മുള്ളൻപാറയിൽനിന്ന് 400 മീറ്റർ മാത്രം അകലെയാണ്.
വടശേരിക്കര കുരിശുംമൂട് ഭാഗത്ത് കഴിഞ്ഞ രാത്രി കൃഷിയിടങ്ങളിൽ ആനക്കൂട്ടം വ്യാപകനാശം വരുത്തിയിരുന്നു. വീടുകളുടെ മതിലുകൾ തകർക്കുകയും ചെയ്തു.
കാട്ടാനകളെത്തിയതറിഞ്ഞ്പഴകുളം മധു എംഎൽഎ സ്ഥലത്തെത്തിയിരുന്നു. പ്രദേശവാസികളിൽ ഒരു വിഭാഗം എംഎൽഎയ്ക്കുനേരേയും പ്രതിഷേധമുയർത്തി.
തേക്ക് പ്ലാന്റേഷന്റെ സംരക്ഷണത്തിനായി വനംവകുപ്പ് ഉൾവനത്തിൽ സോളാർ വേലിസ്ഥാപിച്ചതിനാൽ കാട്ടാനകളുടെ സഞ്ചാരപഥം അടഞ്ഞെ ന്നും ഇതിനാലാണ് ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വനം മന്ത്രി ഷിബു ബേബി ജോണുമായി ഫോണിൽ ബന്ധപ്പെട്ട പഴകുളം മധു എംഎൽഎ വനമേഖലയിലെ സൗരോർജ വേലികൾ നീക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നാട്ടുകാരെ അറിയിച്ചു.

മൂന്നാർ: മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിൽ വനം വകുപ്പിന് കീഴിലുള്ള റോസ് ഗാര്‍ഡനു സമീപത്തുള്ള ആറു കടകൾ പടയപ്പആനയുടെ പരാക്രമത്തില്‍ തകർന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പടയപ്പ കടകള്‍ തകര്‍ത്തത്. കഴിഞ്ഞ ബൂധനാഴ്ച പുലര്‍ച്ചെ ഗ്രാംസ്ലാന്ഡ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന വീട് തകര്‍ത്ത് അകത്തു കടക്കാന്‍ പടയപ്പ ശ്രമിച്ചിരുന്നു. തൊഴിലാളിയായ സൂട്സാമിയും ഭാര്യ ജയപാര്വതിയുടെയും വീടാണ് കാട്ടാന തകര്‍ത്തത്. ഭയന്നു വിറച്ച കുടുംബം അടുക്കള ഭാഗത്തുള്ള വാതിലിലൂടെ പുറത്തേക്ക് ഓടിയാണ് രക്ഷപെടുകയായിരുന്നു. ഇതിനു ശേഷം വീടിന്റെ പുറത്തുള്ള കൃഷികളും നശിപ്പിച്ച ശേഷമാണ് കാട്ടാന മടങ്ങിയത്.
പടയപ്പയുടെ സാന്നിധ്യം മൂലം മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ആശങ്കയിലാണ് മൂന്നാറിലെ ജനങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്രാംസ്ലാന്ഡ്. കൊരണ്ടക്കാട്, മാട്ടുപ്പെട്ടി എന്നീ സ്ഥലങ്ങളിലെ ജനവാസമേഖലകളിലാണ് കാട്ടാന സ്ഥിരമായി എത്തുന്നത്. ഗൂഡാര്‍വിള, സൈലന്റ് വാലി, എല്ലപ്പെട്ടി, ലോക്കാട്, ദേവികുളം എന്നീ എസ്റ്റേറ്റുകളിലെ ജനവാസ മേഖലകളിലും പടയപ്പ നിരന്തരം ഭീഷണി ഉയര്‍ത്തുകയാണ്. റോഡുകളില്‍ ഓടുന്ന വാഹനങ്ങള്‍ക്കു സമീപം പാഞ്ഞടുക്കുന്ന പടയപ്പ യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ്.
Tags : Wild elephants Terrorize Region Vadasherikkara Munnar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Padayappa