പത്തനംതിട്ട: ശബരിമല പാതയോരത്ത് വടശേരിക്കരയിലെ ജനവാസമേഖലയിൽ പട്ടാപ്പകൽ കാട്ടാനക്കൂട്ടം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടശേരിക്കരയിലെ കൃഷിയിടങ്ങളിൽ നാശംവരുത്തിയ കാട്ടാനകൾ ഇന്നലെ പകൽ പൊതുനിരത്തിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുകയായിരുന്നു.
തലേന്നു രാത്രി കൃഷിയിടങ്ങളിലെത്തിയ കാട്ടാനകൾ മടങ്ങിയിട്ടില്ലെന്നു മനസിലായതോടെ ഇന്നലെ രാവിലെ ആളുകൾ വടശേരിക്കര മനോരമ മുക്കിനു സമീപം തടിച്ചുകൂടി.
കോട്ടപ്പുറം മലയിൽ തങ്ങിയ ആനകളെ തുരത്താനുള്ള വനപാലകരുടെ ശ്രമത്തിനിടെയാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ പ്രധാന ശബരിമല പാതയിൽ നിന്ന് 100 മീറ്റര്‍ അകലെ സെന്റ് ആന്‍ഡ്രൂസ് മാർത്തോമ്മാ പള്ളിക്കു സമീപം ചരിവുകാലപുരയിടത്തിലൂടെ ആന ഓടിയിറങ്ങിയത്.
ആളുകൾ ബഹളം കൂട്ടിയതോടെ ആന പള്ളിക്കു മുന്പിലെ കുന്പളത്താമൺ റോഡിലൂടെ ഓടി കല്ലാറിലൂടെ മറുകര കടന്നു. ഉച്ചകഴിഞ്ഞ് രണ്ടര യോടെ മറ്റൊരാനയും, വൈകുന്നേരം രണ്ടാനകളും ഇതേ വഴിയിലൂടെ ഓടിയെത്തിയത് പരിഭ്രാന്തി പരത്തി.
പത്തനംതിട്ട - പന്പ ശബരിമല പാതയ്ക്ക് തൊട്ടടുത്തു കൂടിയാണ് കാട്ടാനകൾ പാഞ്ഞത്. വനമേഖലയിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള വടശേരിക്കര ആക്കേമൺ ഭാഗത്തുനിന്നും മുള്ളൻപാറയിലേക്കുള്ള ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം എത്താറുണ്ട്. ശബരിമല തീർഥാടന പാതയായ പത്തനംതിട്ട - പന്പ പ്രധാന റോഡും ഏറ്റവും തിരക്കേറിയ വടശേരിക്കര ടൗണും സ്ഥിതി ചെയ്യുന്നത് മുള്ളൻപാറയിൽനിന്ന് 400 മീറ്റർ മാത്രം അകലെയാണ്.
വടശേരിക്കര കുരിശുംമൂട് ഭാഗത്ത് കഴിഞ്ഞ രാത്രി കൃഷിയിടങ്ങളിൽ ആനക്കൂട്ടം വ്യാപകനാശം വരുത്തിയിരുന്നു. വീടുകളുടെ മതിലുകൾ തകർക്കുകയും ചെയ്തു.
കാട്ടാനകളെത്തിയതറിഞ്ഞ്പഴകുളം മധു എംഎൽഎ സ്ഥലത്തെത്തിയിരുന്നു. പ്രദേശവാസികളിൽ ഒരു വിഭാഗം എംഎൽഎയ്ക്കുനേരേയും പ്രതിഷേധമുയർത്തി.
തേക്ക് പ്ലാന്റേഷന്റെ സംരക്ഷണത്തിനായി വനംവകുപ്പ് ഉൾവനത്തിൽ സോളാർ വേലിസ്ഥാപിച്ചതിനാൽ കാട്ടാനകളുടെ സഞ്ചാരപഥം അടഞ്ഞെ ന്നും ഇതിനാലാണ് ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വനം മന്ത്രി ഷിബു ബേബി ജോണുമായി ഫോണിൽ ബന്ധപ്പെട്ട പഴകുളം മധു എംഎൽഎ വനമേഖലയിലെ സൗരോർജ വേലികൾ നീക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നാട്ടുകാരെ അറിയിച്ചു.