District News
ജനവാസ മേഖലകളിൽ കടുവയും കാട്ടാനയും കാട്ടുപോത്തും പുലിയും വിഹരിക്കുമ്പോൾ കേരളത്തിൽ വനവിസ്തൃതി കൂടിയിട്ടുണ്ടെന്ന വനംവകുപ്പിന്റെ കണക്കുകൾ കേട്ട് നെറ്റിചുളിക്കുകയാണ് മലയോര ജനത. പത്തനംതിട്ട ജില്ലയിൽ മാത്രം ഭൂപ്രദേശത്തിന്റെ 52 ശതമാനത്തോളം വനമാണെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, പച്ചപ്പിന്റെ വിസ്തൃതി രേഖകളിൽ വർധിക്കുമ്പോഴും വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളിലേക്കു വിരൽചൂണ്ടപ്പെടുന്നത് വനമേഖലയിലെ മലഞ്ചെരിവുകളിലും നദീതീരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന തേക്ക് യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ ഏകവിളത്തോട്ടങ്ങൾ കാടിന്റെ പച്ചപ്പിനപ്പുറം അതിന്റെ ആവാസവ്യവസ്ഥാ സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങളുയർത്തുന്നു...
വന്യമൃഗഭീതി രൂക്ഷമായ ജില്ലയിലെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര ...
കാടിറങ്ങും ഭീതി -1
കോന്നി: രാപകലില്ലാതെ നാടിറങ്ങുന്ന കാട്ടാനകൾ അച്ചൻകോവിൽ വനമേഖലയോടു ചേർന്നുള്ള കല്ലേലി നിവാസികളുടെ ഉറക്കംകെടുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. പ്രദേശവാസികൾക്കു പ്രതീക്ഷകൾക്കു പകരം മുഖത്ത് ഭീതി മാത്രമാണ് നിഴലിക്കുന്നത്. പ്രദേശത്തെ പ്രധാന വിദ്യാലയമായ കല്ലേലി ജിജെഎം യുപി സ്കൂളിന്റെ മുറ്റത്തുപോലും കാട്ടാനക്കൂട്ടം വിഹരിക്കുകയാണ്.ഏതാനും മാസങ്ങൾക്കു മുൻപ് സ്കൂളിന്റെ വലിയ ഇരുമ്പു ഗേറ്റ് തകർത്താണ് കാട്ടാനകൾ കോമ്പൗണ്ടിലേക്കു കടന്നുകയറിയത്. സംഭവം പുലർച്ചെയായതിനാൽ സ്കൂളിൽ ജീവനക്കാരോ വിദ്യാർഥികളോ ഉണ്ടായിരുന്നില്ല. വലിയൊരു ദുരന്തമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്. കഴിഞ്ഞ രണ്ടു വർഷമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ പരിസരത്തും കല്ലേലി ഹാരിസൺ എസ്റ്റേറ്റിലെ ലയങ്ങൾക്കു സമീപവും പതിവായി ആനകൾ തമ്പടിക്കുകയാണ്.
വഴിനടക്കാൻപോലും ഭയന്ന്, ആനകളെകണ്ട് പേടിച്ചോടുന്നതിനിടെ വീണു പരിക്കേറ്റവർ നിരവധിയാണ്. കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. വനമേഖലയിലൂടെ യാത്ര ചെയ്യേണ്ടതിനാൽ പുറത്തേക്കു പോകുന്നവർ മടങ്ങിവരുന്നതുവരെ വീട്ടിലുള്ളവർക്ക് ഉള്ളിൽ ആധിയാണ്. കൃഷികൾ പൂർണമായി ഉപേക്ഷിച്ചിരിക്കുകയാണ് ഏറെപ്പേരും. പ്ലാവിൽ ഒരു ചക്ക വിരിയാൻപോലും സമ്മതിക്കാത്ത സാഹചര്യമാെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഇടപെടലും അമിക്കസ് ക്യൂറി സന്ദർശനവും
പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ജനകീയ സമിതി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയേത്തുടർന്ന് ഹൈക്കോടതി വിഷയത്തിൽ നേരിട്ട് ഇടപെട്ടിരുന്നു. കോടതി നിയോഗിച്ച അമിക്ക്സ് ക്യൂറി സംഘം കഴിഞ്ഞയിടെ കല്ലേലിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അച്ചകോവിൽ വനപാത, കല്ലേലി - കൊക്കാത്തോട് റോഡ്, കല്ലേലി ജംഗ്ഷൻ, കടിയാർ, കുളത്തുമൺ തുടങ്ങിയ മേഖലകൾ സന്ദർശിച്ച സംഘം, ദുരിതബാധിതരായ നാട്ടുകാരിൽനിന്നും തോട്ടം തൊഴിലാളികളിൽനിന്നും മൊഴിയെടുക്കുകയും പരാതികൾ ശേഖരിക്കുകയും ചെയ്തു.
പരിഹാര മാർഗങ്ങൾ നിർദേശിക്കും; നടപടിയില്ല
തോട്ടം ലയങ്ങൾക്കു സമീപം തമ്പടിക്കുന്ന ആനകൾ അവിടെനിന്നാണ് വളരെ എളുപ്പത്തിൽ ജനവാസ മേഖലകളിലേക്കും സ്കൂൾ വളപ്പിലേക്കും ഇറങ്ങുന്നത്. വന്യമൃഗങ്ങളെ തുരത്താൻ ശാശ്വതവും അടിയന്തരവുമായ സുരക്ഷാ സംവിധാനങ്ങൾ വനംവകുപ്പ് ഒരുക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
കാട്ടാന വരുത്തിയ കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം കർഷകർക്ക് ഉടൻ ലഭ്യമാക്കണമെന്ന ആവശ്യവും നിലനിൽക്കുന്നു.
വൈകുന്നേരം ആറു കഴിഞ്ഞാൽ റോഡിൽ കാട്ടാനകൾ എത്തും . കോന്നിയിൽനിന്നും കൊക്കാത്തോടിനുള്ള രാത്രി യാത്ര ഏറെ അപകടം നിറഞ്ഞതായിട്ടുണ്ട്. പകൽപോലും യാതൊരു മടിയുമില്ലാതെ റോഡ് മുറിച്ചു കടക്കുന്ന കാട്ടാനകളെ കല്ലേലി പാതയിൽ കാണാനാകും. കാടിറങ്ങുന്ന വന്യമൃഗങ്ങൾ ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. പുലിയും കടുവയും ജനവാസ മേഖലകളിൽ പ്രശ്നക്കാരായി മാറിയിട്ടുണ്ട്.
ഇതിനൊപ്പം കുരങ്ങ്, മലയണ്ണാൻ പന്നി, മയിൽ തുടങ്ങി കാർഷിക മേഖലയ്ക്ക് വെല്ലുവിളിയായി നിരവധി വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലുണ്ട്.
കുളത്തുമണ്ണിൽ പകൽവെളിച്ചത്തിലും കാട്ടാന
കലഞ്ഞൂർ: കാട്ടാന ശല്യത്തിനു പരിഹാര നടപടികൾ വേഗത്തിലുണ്ടാകുമെന്ന ഉറപ്പുകൾ ലംഘിക്കപ്പെടുന്നു. പകൽപോലും പുറത്തിറങ്ങാനാകാതെ കുളത്തുമൺ നിവാസികൾ. ഒന്നര വർഷത്തിലേറെയായി സ്ഥിരമായ കാട്ടാന ശല്യം അനുഭവപ്പെടുന്ന കുളത്തുമൺ പ്രദേശത്ത് ശാശ്വത പരിഹാര നടപടി തേടി കഴിഞ്ഞയാഴ്ച പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. നാട്ടുകാർ വനപാലകരെ തടഞ്ഞുവയ്ക്കുന്ന സ്ഥിതി വരെയുണ്ടായി. അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെങ്കിലും കാട്ടാനകൾ സ്വൈരവിഹാരം തുടർന്നു.
കഴിഞ്ഞദിവസവും കാട്ടാന നിരവധി പ്രദേശങ്ങളിൽ കൃഷിനാശം ഉണ്ടാക്കിയതായി പ്രദേശവാസികൾ പറഞ്ഞു. കുളത്തുമൺ തെക്കേക്കര സഹ്യാദ്രിയിൽ വി.ഡി. വിജയന്റെ വാഴകൾ കൂട്ടത്തോടെ നശിപ്പിച്ചു. കുലച്ചതും കുലയ്ക്കാത്തതുമായ മുന്നൂറോളം വാഴകളാണ് നശിപ്പിച്ചത്. സംരക്ഷണഭിത്തി തകർത്താണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ കയറിയത്. മാങ്കോസ്റ്റിൻ, കമുക് എന്നിവയും നശിപ്പിച്ചു. നന്ത്യാട്ട് അന്പിളി വർഗീസിന്റെ പുരയിടത്തിലെ ഏത്തവാഴകളും നശിപ്പിച്ചു.
പ്രദേശത്ത് വനപാലകരുടെ പട്രോളിംഗ് ശക്തിപ്പെടുത്തുക, താത്കാലിക എയ്ഡ്പോസ്റ്റുകൾ, വനാതിർത്തിയിൽ താത്കാലിക ഫെൻസിംഗ് സംവിധാനം എന്നിവ ഏർപ്പെടുത്തുമെന്നായിരുന്നു തീരുമാനം. എന്നാൽ യാതൊന്നും നടപ്പായിട്ടില്ല.
District News
കോന്നി: അതുമ്പുംകുളം ആവോലിക്കുഴിയിൽ വന്യമൃഗ ആക്രമണം രൂക്ഷമായതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിൽ. പുലിയുടെയും കാട്ടുപന്നികളുടെയും ശല്യത്തിനു പിന്നാലെ കാട്ടാനക്കൂട്ടവും പ്രദേശത്തിറങ്ങിയതോടെ ജനജീവിതം ദുഃസഹമായിരിക്കുകയാണ്. കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി വിളകൾ നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ആളുകൾക്കു നേരേ പാഞ്ഞടുക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ ഒരു പശുക്കിടാവ് ചത്തു. പശുക്കിടാവിനെ ഭാഗികമായി ഭക്ഷിച്ചും അവശിഷ്ടങ്ങൾ 20 മീറ്ററോളം അകലെ വലിച്ചിഴച്ചു കൊണ്ടുപോയി ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. നാട്ടുകാർ നടത്തിയ തെരച്ചിലിൽ സമീപപ്രദേശങ്ങളിൽ നിന്ന് മറ്റ് നിരവധി മൃഗങ്ങളുടെ അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് ആക്രമണത്തിനു പിന്നിൽ പുലിയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
അടിയന്തര നടപടി വേണമെന്ന് ഐക്യ കർഷക സംഘം
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ഐക്യ കർഷക സംഘം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ വനനയത്തിലെ അപാകതകളാണ് വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ കാരണമാകുന്നതെന്ന് സംഘം ആരോപിച്ചു. മലയോര കർഷകരുടെയും ആദിവാസി-കുടിയേറ്റ ജനവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വനനിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.
ഐക്യ കർഷക സംഘം ജില്ലാ പ്രസിഡന്റ് രവി പിള്ളയുടെ നേതൃത്വത്തിലുള്ള നേതാക്കൾ ആവോലിക്കുഴി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ, ഷൈലജ പ്രദീപ്, സുനിൽ എലിയാസ്, സലിൽ വയലാത്തല, ലീലാമ്മ ടീച്ചർ, വിദ്യാമോൾ, ആനന്ദവല്ലി, റോസമ്മ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
Kerala
കണമല: കാട്ടാന ഭീതിയിൽ പമ്പാവാലി കാളകെട്ടി. കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിലും പുലർച്ചെയും ആനകൾ വനത്തിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങുകയാണ്.
കഴിഞ്ഞ ദിവസം കെഎസ്ഇബി ജീവനക്കാരന്റെ ബൈക്ക് ആനകൾ തകർത്തു. ഫോറസ്റ്റ് ഗാർഡ് സ്റ്റേഷന് സമീപം വനാതിർത്തിയിലാണ് ബൈക്ക് പാർക്ക് ചെയ്തിരുന്നത്. ഈ ഭാഗത്ത് ഹാംഗിംഗ് ഫെൻസിംഗ് ആണ് ഉള്ളത്. ഇത് മറികടന്നാണ് ആനകൾ എത്തിയത്.
കാളകെട്ടി ക്ഷേത്രത്തിന് സമീപത്താണ് റോഡിൽ ആനക്കൂട്ടം എത്തുന്നത്. ശബരിമലയിലേക്ക് അയ്യപ്പ ഭക്തർ കാൽനട മാർഗം തീർഥാടന യാത്ര നടത്തുന്നത് ഇതുവഴിയാണ്. മൂക്കൻപെട്ടി പത്ത് ഏക്കർ ഭാഗം വരെ ആനകൾ എത്തിയെന്നു പറയുന്നു. ഈ ഭാഗത്തെ ഫെൻസിംഗ് തകരാറുകൾ പരിഹരിക്കുന്ന ജോലികൾ ആരംഭിച്ചെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
District News
പെരുവണ്ണാമൂഴി: പ്ലാന്റേഷൻ കോർപ്പറേഷന്റെ ചക്കിട്ടപാറ പഞ്ചായത്തിലുള്ള പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായി.റബർ ഉൾപ്പടെ കൃഷി നശിപ്പിക്കുന്നത് ഇവിടെ പതിവായിരിക്കുന്നതിനിടയിലാണ് ഈ സംഭവം.
ഉണക്കാനായി ശേഖരിച്ച 16 ചാക്കോളം കുടംപുളി കാട്ടാനകൾ നശിപ്പിച്ചു. മഴ കാരണം ഉണക്കാൻ പറ്റാത്തതിനാൽ ഉപ്പിട്ട് ചാക്കിൽ കെട്ടി എസ്റ്റേറ്റ് വക പഴയ കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു പുളി.
സ്വദേശി ഊന്നുകല്ലുംപുറത്ത് സുനിൽ ജോർജാണ് പുളി ശേഖരിക്കൽ കരാറെടുത്തത്. ഒറ്റ രാത്രി കൊണ്ട് വലിയ സാമ്പത്തിക നഷ്ടമാണ് ഇയാൾക്ക് ഉണ്ടായിരിക്കുന്നത്.
District News
വന്യമൃഗശല്യം: വനംവകുപ്പും ജനപ്രതിനിധികളും ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന് വിമര്‍ശനം
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തുകളിലെ വനാതിര്‍ത്തി മേഖലകളില്‍ രൂക്ഷമായ വന്യമൃഗശല്യം തടയുന്നതിന് ഫലപ്രദ നടപടികള്‍ സ്വീകരിക്കുന്നതില്‍ വനം വകുപ്പും ജനപ്രതിനിധികളും വീഴ്ച വരുത്തുന്നുവെന്ന് വിമര്‍ശനം. കാട്ടാന, മാന്‍, കുരങ്ങ് തുടങ്ങിയവ കൃഷിയിടങ്ങള്‍ സ്ഥിരം മേച്ചില്പ്പുറമാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും വനം ഉദ്യോഗസ്ഥരും എംഎല്‍എമാരടക്കം ജനപ്രതിനിധികളും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന് വനാതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാര്‍ പറയുന്നു.
വയനാടന്‍ വനങ്ങളിലേതിനുപുറമേ കര്‍ണാടകയിലെ ബന്ദിപ്പുര, നാഗരഹോള ദേശീയോദ്യാനങ്ങളില്നിന്നുള്ള കാട്ടാനകളും രണ്ട് പഞ്ചായത്തുകളുടെയും വിവിധ പ്രദേശങ്ങളില്‍ എത്തുന്നുണ്ട്. ചെതലയം, കുറിച്യാട് വനമേഖലകളില്‍നിന്ന് പ്രതിരോധക്കിടങ്ങും വേലിയും തകര്‍ത്താണ് ആനകള്‍ നാട്ടിലെത്തുന്നത്.
കബനി നദി താണ്ടിയാണ് കര്‍ണാടകയില്‍നിന്ന് ആനകളുടെ വരവ്. ശിവപുരം, ചാമപ്പാറ, കൊളവള്ളി, മരകാവ്, വേലിയമ്പം, ഭൂദാനം, മൂഴിമല, കണ്ടാമല, പാക്കം ദാസനക്കര, ചേകാടി, മരക്കടവ്, കൃഗന്നുര്, പാളക്കൊല്ലി, ചീയമ്പം 73. ഇങ്ങനെ നീളുകയാണ് രണ്ട് പഞ്ചായത്തുകളിലുമായി വന്യമൃഗശല്യം കലശലായ പ്രദേശങ്ങളുടെ പട്ടിക. കഴിഞ്ഞ ദിവസങ്ങളില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശിവപുരം, ചാമപ്പാറ പ്രദേശങ്ങളില്‍ കാട്ടാനകള്‍ വലിയ തോതിലാണ് കൃഷി നശിപ്പിച്ചത്.
പുല്‍പ്പള്ളിക്കടുത്ത പാളക്കൊല്ലി വനാതിര്‍ത്തിയില്‍ വനം വകുപ്പ് സ്ഥാപിച്ച ഗേറ്റ് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ല.
വനാതിര്‍ത്തികളിലെ ഇടിഞ്ഞ ട്രഞ്ചുകള്‍ പലേടത്തും അതേപടി കിടക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമാകുമ്പോള്‍ വിവിധ പ്രദേശങ്ങളില്‍ ചേരുന്ന യോഗങ്ങളില്‍ വനം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകര്‍ക്ക് നല്കുന്ന ഉറപ്പുകളും വെറുതേയാകുകയാണ്. വന്യജീവികളില്‍നിന്നു ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വനസേനയും ജനപ്രതിനിധികളും ഇനിയെങ്കിലും ഉത്സാഹം കാട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
മേപ്പാടി: മൂപ്പൈനാട് പഞ്ചായത്ത് 16-ാം വാര്‍ഡ് മാന്‍കുന്ന് പത്താം നമ്പറിലെ ജനവാസ മേഖലയില്‍ കാട്ടാനയുടെ വിളയാട്ടം. തിങ്കളാഴ്ച രാത്രിയില്‍ എത്തിയ കാട്ടാന പ്രദേശത്തുകാരനായ കുളത്തിങ്ങല്‍ ഹംസയുടെ വീടിന് സമീപത്തെ വാഴത്തോട്ടം പൂര്‍ണമായും നശിപ്പിച്ചു. വീടുകള്‍ക്ക് സമീപം ആനയെത്തിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
ആനയുടെ സാന്നിധ്യം ഭയന്ന് രാത്രി വീടിന് പുറത്തിറങ്ങാന്‍ ആളുകള്‍ ഭയപ്പെടുകയാണ്. ചെമ്പ്ര വനമേഖലയില്‍ നിന്ന് തീറ്റ തേടിയാണ് ആനകള്‍ ജനവാസ മേഖലയിലേക്കെത്തുന്നത്. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ജനങ്ങളുടെ ഭീതിയകറ്റാന്‍ വനം വകുപ്പിന്റെ രാത്രികാല നിരീക്ഷണം ഊര്‍ജിതമാക്കണമെന്നും ആനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടികള്‍ വേണമെന്നുമുള്ള ആവശ്യം ശക്തമാണ്.
കാട്ടാന ശല്യം ഇല്ലാതിരുന്ന മേഖലയിലേക്കാണിപ്പോള് ആനകളെത്തുന്നത്. ഇതാണ് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയിരിക്കുന്നത്. കൃഷികള്‍ നശിപ്പിക്കുന്നത് മാത്രമല്ല മനുഷ്യ ജീവന് ഭീഷണി കൂടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
ആനകളെ ഉള്‍വനത്തില്‍ കയറ്റിവിടാന്‍ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനാവശ്യമായ നടപടി വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
District News
ഇരിട്ടി: വനാതിർത്തിയിൽ നിന്ന് ഏറെ അകലെയുള്ള ആറളം ടൗൺ മേഖലയിൽ ഒരാഴ്ചയ്ക്കിടെ അഞ്ചാം ദിവസവും കാട്ടാനകളിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. വനത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം അകലെയുള്ള ടൗൺ പ്രദേശത്തേക്ക് കാട്ടാനകൾ തുടർച്ചയായി എത്തുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
ആറളംഫാമിലും പുനരധിവാസ മേഖലയിലും വർഷങ്ങളായി തമ്പടിച്ചിരുന്ന കാട്ടാനകളാണു ബാവലി പുഴ കടന്ന് ഇപ്പോൾ സ്ഥിരമായി ആറളം ടൗൺ മേഖലയിലെത്തുന്നത്. കാട്ടാനശല്യം തടയാൻ സ്ഥാപിച്ച സൗരോർജ തൂക്കുവേലികൾ പോലും ഫലപ്രദമാകാത്ത സാഹചര്യമാണു നിലവിലുള്ളത്.
ഇന്നലെ പുലർച്ചെ മൂന്ന് കാട്ടാനകളാണ് ആറളം ടൗൺ പ്രദേശത്തെത്തിയത്. കാരായി വിജയൻ, പൂക്കോത്ത് റഫീക്ക്, കെ.വി. സലീം, കെ.വി. സജീർ എന്നിവരുടെ വീടുകളുടെ പരിസരത്തുള്ള തെങ്ങുകളും വാഴകളും കാട്ടാനകൾ നശിപ്പിച്ചു. വീടിനു സമീപം കൃഷി നശിപ്പിക്കുന്ന കാഴ്ച ജനാലയിലൂടെ നോക്കി നിൽക്കാൻ മാത്രമാണ് താമസക്കാർക്ക് കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
തുടർച്ചയായ കാട്ടാനശല്യം മൂലം പ്രദേശവാസികൾ ഭീതിയോടെയാണു കഴിയുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
District News
നിലന്പൂർ: നിലന്പൂരിലെയും ചാലിയാറിലെയും കാട്ടാന ശല്യം പരിഹരിക്കാൻ നടപടികളുമായി വനംവകുപ്പ്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തിരിച്ച് വിടാൻ പ്രത്യേക സേന രൂപീകരിക്കും.
നിലന്പൂർ നഗരസഭയിലെയും ചാലിയാർ പഞ്ചായത്തിലെയും കാട്ടാനശല്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ്കുമാർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
പൊക്കോട് റിസർവിൽനിന്ന് പന്തീരായിരം മലവാരത്തിലേക്ക് കാട്ടാനകളെ തിരിച്ചുവിടാൻ പ്രത്യേക സേന രൂപീകരിക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. ശല്യക്കാരായ കാട്ടാനകളെ വേഗത്തിൽ പന്തീരായിരം വനമേഖലയിലേക്ക് കയറ്റിവിടാനാണ് ലക്ഷ്യമിടുന്നത്.
30 അംഗ ടീം
വനപാലകരും ആർആർടി അംഗങ്ങളും ജനപ്രതിനിധികളും വനമേഖലയെക്കുറിച്ച് അറിയുന്ന പ്രദേശവാസികളും ഉൾപ്പെടെ മുപ്പതോളം പേരെ ഉൾപ്പെടുത്തിയാകും സേന രൂപീകരിക്കുക. ടീമിന് വനം വകുപ്പ് പ്രത്യേക യൂണിഫോമും പരിശീലനവും നൽകും.
സേനയിൽ ഉൾപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് നിലന്പൂർ നഗരസഭാ അധ്യക്ഷയും ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഡിഎഫ്ഒയ്ക്ക് കൈമാറും. ആനകൾ നിലയുറപ്പിച്ചിട്ടുള്ള വനഭാഗങ്ങൾ, സഞ്ചാരപാതകൾ എന്നിവ റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ നീരിക്ഷിക്കും. അതിനുശേഷം കാടുകയറ്റാനുള്ള ഏറ്റവും സുരക്ഷിതമായ ഭാഗങ്ങൾ കണ്ടെത്തും.
ജനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശവും നൽകും. കാഞ്ഞിരപുഴ, അകന്പാടം, വള്ളുവശേരി പനയംകോട് വനം സ്റ്റേഷനുകളിൽ ഇതിനായി മുന്നൊരുക്കം നടത്തും.
നേരത്തേ കാടുകയറ്റിയ കാട്ടാനകൾ പിന്നീട് കൃഷിയിടങ്ങൾക്ക് സമീപമുള്ള വനഭാഗങ്ങളിലേക്ക് തന്നെ മടങ്ങിവന്ന സാഹചര്യത്തിൽ ഇക്കുറി ഏറെ ജാഗ്രതയോടെയാകും കാട്ടാനകളെ കാടുകയറ്റുക.
ഫെൻസിംഗ് കാര്യക്ഷമമാക്കണം
കാട്ടാനകളെ പ്രതിരോധിക്കാൻ ശാശ്വത നടപടികൾ വേണമെന്ന് ജനപ്രതിനിധികളും കർഷകരും യോഗത്തിൽ ആവശ്യപ്പെട്ടു. കാട്ടാനകളെ കാട്ടിലേക്ക് തിരിച്ച് വിടുന്നതോടൊപ്പം വനാതിർത്തിയിൽ ഫെൻസിംഗ് പ്രവർത്തനം കാര്യക്ഷമാക്കണമെന്നും ആവശ്യം ഉയർന്നു.
സഹകരണം അനിവാര്യം
കാട്ടാനകളെ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണം അത്യാവശ്യമാണെന്നും ഇതിനായി ഫണ്ട് ആവശ്യമാണെന്നും ഡിഎഫ്ഒ പറഞ്ഞു.
നിലന്പൂർ കനോലി പ്ലോട്ടിൽ ചേർന്ന യോഗത്തിൽ നഗരസഭാ അധ്യക്ഷ പദ്മിനി ഗോപിനാഥ്, നോർത്ത് ഡിഎഫ്ഒ പി. ധനേഷ്കുമാർ, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അനുശ്രീ, വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്ത്, എടവണ്ണ റേഞ്ച് ഓഫീസർ എം.എൻ. ഷംനാസ്, നിലന്പൂർ റേഞ്ച് ഓഫീസർ ഇൻചാർജ് പി. വിമൽ ചാലിയാർ ഗ്രാമപഞ്ചായത്തംഗങ്ങൾ, നിലന്പൂർ നഗരസഭയിൽ കാട്ടാനശല്യം രൂക്ഷമായ ഡിവിഷനുകളിലെ കൗണ്‍സിലർമാർ, കർഷക പ്രതിനിധികളായ സിദീഖ് നാലകത്ത്, ജേക്കബ് എളന്പിലാക്കാട്, തോണിയിൽ സുരേഷ്, നാലകത്ത് ഹൈദരാലി എന്നിവർ സംസാരിച്ചു. എടക്കോട് വനം സ്റ്റേഷൻ പരിധിയിലെ പെരുവന്പാടത്തെ ശല്യക്കാരായ കാട്ടാനകളെയും കാടുകയറ്റണമെന്ന് വാർഡ് അംഗം അച്ചാമ്മ ജോസഫ് ആവശ്യപ്പെട്ടു.
District News
വൈത്തിരി: സുഗന്ധഗിരിയിൽ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട അറുപത്തഞ്ചുകാരനായ രാജനും ഭാര്യ മാധവിയും മക്കളായ മേരി, അർജുൻ, സോമൻ എന്നിവരടങ്ങുന്ന അഞ്ചംഗ കുടുംബം കഴിയുന്നത് കാറ്റിലും മഴയിലും ഏതുനിമിഷവും തകർന്നു വീഴാവുന്ന ഒരു ചെറിയ കൂരയിലാണ്.
കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് വശങ്ങളും മേൽക്കൂരയും മറച്ചുണ്ടാക്കിയ ഈ കുടിലിലാണ് ഇവർ ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്. ശാരീരിക അസ്വസ്ഥതകൾ കാരണം സ്ഥിരമായി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ജീവിതത്തിന്റെ നല്ലൊരു പങ്കും മരുന്നുകൾ വാങ്ങാനായി തുക കണ്ടെത്തുന്നതിനായി മാറ്റിവയ്ക്കേണ്ടി വരുന്നു.
ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് ഇവിടുത്തെ ഗോത്രവർഗക്കാരുടെ പുനരധിവാസത്തിനായി 500 ഏക്കറോളം വരുന്ന ഭൂമി ഒരുമിച്ച് അനുവദിച്ചതായിരുന്നു. ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ഇവർക്ക് പട്ടയം ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ മണ്ണ് വിൽക്കാനോ നികുതി അടക്കാനോ ഇവർക്ക് സാധിക്കുന്നില്ല. നിയമപരമായ രേഖകളുടെ അഭാവം കാരണം സർക്കാരിന്റെ ഭവനനിർമാണ പദ്ധതികളിൽ ഉൾപ്പെടാനും ഇവർക്ക് കഴിയാതെ പോകുന്നു. ഇതിനുപുറമേയാണ് ഭീതിപ്പെടുത്തുന്ന വന്യമൃഗശല്യം.
വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ കാട്ടാനയും കടുവയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണിയിലുമാണ്. ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കണമെന്നും തങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ ആവശ്യമായ പട്ടയവും ഉറപ്പുള്ളൊരു വീടും അനുവദിക്കണമെന്നാണ് സുഗന്ധഗിരിയിലെ ഈ പാവപ്പെട്ട മനുഷ്യർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
District News
വെള്ളറട: കേരള തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം ദിനംപ്രതി വര്‍ധിച്ചുവരുന്നെന്ന് ആരോപണം. കഴിഞ്ഞദിവസം നിരവധി കൃഷിയിടങ്ങള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ആനക്കൂട്ടം കൃഷിയിടങ്ങൾക്കു സമീപത്തുകൂടെ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളായ പത്തുകാണി, പേണു മലനിര പ്രദേശങ്ങളിലാണ് കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുന്നത്. പേണു പ്രദേശത്തെ കര്ഷകന് സണ്ണിയുടെ റബര്‍ തോട്ടത്തിലേക്ക് കയറിയ ആനക്കൂട്ടം തെങ്ങുള്‍പ്പെടെയുള്ള വിവിധ കൃഷികള്‍ നശിപ്പിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കളിയല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് കര്‍ഷകനു മുന്നറിയിപ്പ് നല്‍കിയതായി പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നു കര്ഷകന് ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.
കൂടാതെ, പേണു പ്രദേശത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയും ആനകള്‍ തകര്‍ത്തിട്ടുണ്ട്. പത്തുകാണി പ്രദേശത്ത് കൃഷിയിടങ്ങളില്‍ ഒറ്റയാന് നാശനഷ്ടം വരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. രണ്ടുമാസംമുമ്പു നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാട്ടാനകളുടെ സാന്നിധ്യം തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അമ്പൂരി ഉന്നതി പ്രദേശങ്ങള്‍, ഗണപതിക്കല്ല്, കോമ്പ്രം തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളും ആശങ്കയിലാണ്. കേരള-തമിഴ്നാട് വനം വകുപ്പുകള്‍ സംയുക്തമായുള്ള പെട്രോളിംഗുകള്‍ ശക്തമാക്കിയാല്‍ മാത്രമേ ആനയുടെ കടന്നുവരവ് നിയന്ത്രിക്കാന്‍ കഴിയൂ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
District News
സുല്‍ത്താന്‍ബത്തേരി: വനാതിര്‍ത്തിയിലെ റെയില്‍ ഫെന്‍സിംഗ് തകര്‍ത്ത് കഴിഞ്ഞ രാത്രി മൂടക്കൊല്ലി, കൂടല്ലൂര്‍ പ്രദേശങ്ങളില്‍ ഇറങ്ങിയ കാട്ടാനകള്‍ വന്‍ തോതില്‍ കൃഷി നശിപ്പിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. കുന്നേല്ഷിബി,ഇരുമ്പുകുത്തിയില്‍ രാജപ്പന്, കുരിക്കാട്ടില്‍ രഘു, പേപ്പാതിയില്രവി, നിരപ്പേല്ശശി,കരിക്കുളത്ത്അജീഷ്എന്നിവരുടെവാഴ, കാപ്പി, കുരുമുളക്,കമുക്, തെങ്ങ് കൃഷികളാണ് നശിപ്പിച്ചത്. വനാതിര്‍ത്തിയില്‍ ആനക്കുഴി,മണ്ണുണ്ടി,അയ്നിത്തടം എന്നിവിടങ്ങളില്‍ ആനകള്‍ റെയില്‍വേലി തകര്‍ത്തു.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് മൂടക്കൊല്ലി വനാതിര്‍ത്തില്‍ റെയില്‍വേലി സ്ഥാപിച്ചത്. നിര്‍മാണത്തിലെ അപാകത കാരണം പലയിടത്തും വേലി തകര്‍ന്നിരുന്നു. വെല്‍ഡ് ചെയത് യോജിപ്പിക്കുന്നതിലെ കാലതാമസം പലപ്പോഴും വേലിഫലം ചെയ്യാത്ത സ്ഥിതി സംജാതമാക്കിയിരുന്നു. മൂടക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ജനവാസകേന്ദ്രത്തില്‍ എത്തുന്ന ആനകള്‍ ഒച്ചയിട്ടും മറ്റും തുരത്താന്‍ ശ്രമിക്കുന്നവരെ ആക്രമിക്കാന്‍ മുതിരുന്നത് ഒറ്റപ്പെട്ട സംഭവമല്ല. പ്രതിരോധസംവിധാനങ്ങള്ശക്തമാക്കുകയും കൃഷിനാശത്തിന് തക്കതായ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ ഭീഷണി വീണ്ടും രൂക്ഷമായി. ഇന്നലെ പുലർച്ചെ എടപ്പുഴ സെന്റ് ജോസഫ് പള്ളിക്കും സമീപത്തെ സ്കൂൾ ഗ്രൗണ്ടിലുമെത്തിയ ആനക്കൂട്ടം വാഴയുൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിച്ചു. തുടർന്ന് എടപ്പുഴ–വാളത്തോട് റോഡിലിറങ്ങിയ ആനക്കൂട്ടം ഏറെനേരം റോഡിൽ നിലയുറപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. പുലർച്ചെ ആറോടെയാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്.
ആന ഭീഷണിയെത്തുടർന്ന് രാവിലെ ഏഴിന് ശേഷമാണ് പത്രവിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടാഴ്ചയായി മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പതിവാണെന്നും എടപ്പുഴ–വാളത്തോട് മേഖലയിലെ കൃഷിയിടങ്ങൾ നിരന്തരം നശിപ്പിക്കപ്പെടുകയാണെന്നും പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ജീവനക്കാരെത്തി ആനകളെ വനത്തിലേക്ക് തുരത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം തന്നെ ഇവ വീണ്ടും ജനവാസമേഖലയിലെത്തുകയാണ്.
സ്കൂൾമുറ്റം വരെ ആനകൾ എത്തുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രാത്രി ഏഴിന് ശേഷം എടപ്പുഴ–വാളത്തോട് റോഡിലൂടെ യാത്ര ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും വനംവകുപ്പ് അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുഞ്ഞ് തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം മനോജ് എം. കണ്ടത്തിൽ, പഞ്ചായത്തംഗങ്ങളായ ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, ബിന്ദു ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
സോളാർവേലിനിർമാണം ഇന്ന് ആരംഭിക്കും
അയ്യൻകുന്ന് പഞ്ചായത്തിന്റെ പരിധിയിലുള്ള ഒന്നര കിലോമീറ്റർ ദൂരം പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ താത്കാലിക സോളാർ വേലി നിർമാണം ഇന്നുമുതൽ ആരംഭിക്കാൻ തീരുമാനിച്ചു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാളത്തോട് ചേർന്ന യോഗത്തിലാണ് തീരുമാനം. അയ്യൻകുന്നിലെ ഒന്നര കിലോമീറ്റർ പൂർത്തീകരിച്ചാലും ആറളം പഞ്ചായത്തിന്റെ നീലായ്മല ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ഫെൻസിംഗ് പൂർത്തീകരിക്കാത്തതാണ് ഭീഷണിയായി തുടരും. എടപ്പുഴ - വാളത്തോട് മേഖലകളിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായതിനെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സോളാർ വേലി നിർമിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
District News
വണ്ടിപ്പെരിയാർ: പരുന്തുംപാറ സത്രം വനാതിർത്തിയോടു ചേർന്നുള്ള മഞ്ജുമല രാജമുടി പ്രദേശത്ത് കാട്ടാനക്കൂട്ടം നിത്യസാന്നിധ്യമായി. പ്രദേശത്തെ ഏലം, കാപ്പി, കുരുമുളക് ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാത്രികാലങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്.
വനംവകുപ്പിൽ വിവരമറിയിക്കുന്നതനുസരിച്ച് അവർ സ്ഥലത്തെത്തുകയും കാട്ടാനകളെ തുരത്തുകയും ചെയ്യുന്നുണ്ടെങ്കിലും മേഖലയിൽ നിന്നു കാട്ടാനകളെ ഒഴിവാക്കാനായിട്ടില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് ദേശീയപാതയുടെ സമീപത്തുവരെ കാട്ടാനക്കൂട്ടം എത്തിയിരുന്നു .
District News
ചെറുതോണി: കഞ്ഞിക്കുഴിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഇന്നലെ പുലർച്ചെ മൂന്നോടെയുണ്ടായ കാട്ടാന ആക്രമണത്തിലാണ് വീട് ഭാഗികമായി തകർന്നത്. പുത്തൻപുരയ്ക്കൽ ടിജോ പി. ജോയിയുടെ വീടാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാന നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചിരുന്നു.
പന്നാരകുന്നേൽ എൽസമ്മ, പുത്തൻപുരയ്ക്കൽ ടിജോ പി. ജോയി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല-മാമച്ചൻകുന്ന് മേഖലകളിലാണ് കാട്ടാന ഇറങ്ങിയത്.
കാട്ടാനശല്യം പതിവാകുന്നതിൽ കേരള കർഷകസംഘവും സാഫ് ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധിച്ചു. കാട്ടാനക്കൂട്ടം കൃഷിഭൂമിയിലിറങ്ങി നാശം വിതച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസങ്ങളിലും സമീപ പ്രദേശമായ ഇടത്തട്ട് മേഖലയിൽ കാട്ടാനകൾ ഇറങ്ങി വീടുകൾ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങൾ ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കുന്നതിനുമായി ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
Kerala
തിരുവനന്തപുരം: കാട്ടാന ശല്യം മൂലം ജനജീവിതം ദുസഹമാകുന്ന സാഹചര്യത്തിൽ 500 പേരുടെ സ്പെഷൽ റിസർവ് ഫോഴ്സ് അടിയന്തരമായി രൂപീകരിക്കാൻ നിർദേശം നൽകിയതായി മന്ത്രി ഷിബു ബേബി ജോണ്‍.
വന്യജീവികൾ മൂലമുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കൂടുതൽ ഫലപ്രദമായി ലഘൂകരിക്കുന്നതിനുമായാണ് കാട്ടാനകളുടെ സാന്നിധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്.
വന്യജീവി സാന്നിധ്യം അനുഭവപ്പെടുന്ന മേഖലകളെ സംബന്ധിച്ച് അറിവുള്ള ഗോത്രവർഗവിഭാഗത്തിൽപ്പെടുന്നവരും വനം വകുപ്പിൽ നിന്നും വിരമിച്ച വിദഗ്ധരും പരിചയസന്പന്നരായ തദ്ദേശവാസികളും സാങ്കേതിക പരിജ്ഞാനമുള്ളവരുമുൾപ്പെടെയുള്ളവരാണ് സ്പെഷൽ റിസർവ് ഫോഴ്സിൽ ഉണ്ടാവുക. ഈ യൂണിറ്റുകളെ സംസ്ഥാന വ്യാപകമായി വിന്യസിക്കും.
ആനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും സദാ നിരീക്ഷിക്കുക, ജനവാസമേഖലകളിലോ ജനവാസകേന്ദ്രങ്ങളുടെ സമീപത്തോ സമീപപ്രദേശങ്ങളിലോ കാട്ടാനകളുടെ സാന്നിധ്യം അനുഭവപ്പെടുന്ന പക്ഷം കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും നൽകുന്നതിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികൾ ഉൾപ്പെടെയുള്ള വിവിധ വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത നിരന്തരം നിരീക്ഷിച്ച് ഉറപ്പുവരുത്തുക, ജനവാസമേഖലയോട് അടുത്തെത്തുന്ന കാട്ടാനകളെ സുരക്ഷിതമായി കാട്ടിലേക്കു തുരത്തുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർആർടികൾക്ക് വേണ്ട സഹായങ്ങളും പിന്തുണയും ലഭ്യമാക്കുക, മറ്റു സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയവയായിരിക്കും സ്പെഷൽ റിസർവ് ഫോഴ്സിന്റെ പ്രധാന പ്രവർത്തനങ്ങൾ. സ്പെഷൽ റിസർവ് ഫോഴ്സ് 24 മണിക്കൂറും പട്രോളിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
Kerala
കേളകം (കണ്ണൂർ): കേളകം പഞ്ചായത്തിലെ നരിക്കടവിൽ പ്രതിരോധ മതിൽ തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിലെത്തി. വ്യാഴാഴ്ച രാത്രിയാണ് കാട്ടാനകൾ തങ്ങളെ പ്രതിരോധിക്കാൻ നിർമിച്ച മതിൽ തകർത്ത് ജനവാസ മേഖലയിൽ കടന്നു വെല്ലുവിളി ഉയർത്തിയത്.
ഇതിനു പിന്നാലെ ഇന്നലെത്തന്നെ പഞ്ചായത്തധികൃതരും വനംവകുപ്പും ചേർന്ന് പൊളിച്ച ഭാഗം പുനർനിർമിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായാണ് കാട്ടാനകൾ മതിൽ തകർത്ത് ജനവാസ മേഖലയിലേക്ക് കടന്നത്.
രണ്ടു കോൺക്രീറ്റ് തൂണുകളെ കോൺക്രീറ്റ് ബീമിനാൽ പണിത നിർമിതിയുടെ മധ്യത്തിലായി കരിങ്കൽ ഭിത്തി കെട്ടിയാണ് ഇവിടെ ആനമതിൽ പണിതത്. ഈ കരിങ്കൽ ഭിത്തി കാട്ടാനക്കൂട്ടം ഇടിച്ചു തകർക്കുകയായിരുന്നു.
തകർത്തിട്ട കരിങ്കല്ലുകൾക്കു മുകളിൽ കയറി ഭിത്തി മറികടന്നാണ് ആനക്കൂട്ടം കടന്നുവന്നത്. നരിക്കടവ് സ്വദേശി തുരുത്തിക്കാട്ടിൽ ജോർജിന്റെ കൃഷിയിടത്തിലെത്തിയ ആനക്കൂട്ടം വാഴ, തെങ്ങ്, കമുക് എന്നീ വിളകൾ നശിപ്പിച്ചു.
ഇതിനു മുന്‍പ് നാലു തവണ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തിയിരുന്നെങ്കിലും അതെല്ലാം മതിലിനു സമീപത്തെ മൺതിട്ടയിൽ കയറി മതിൽ മറികടന്നായിരുന്നു. കാട്ടാനകൾ മതിൽ തകർക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ 15 വർഷമായി ആനമതിലിന്റെ സുരക്ഷയിൽ കഴിഞ്ഞുവന്നവർ ഇപ്പോൾ കടുത്ത ഭീതിയിലാണ്.
ആനകൾ പ്രതിരോധമതിൽ നശിപ്പിച്ച വിവരം അറിഞ്ഞ കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് സ്ഥലം സന്ദർശിച്ചു. തുടർന്നു വനംവകുപ്പുമായി ബന്ധപ്പെടുകയും ഇരുവരുടെയും സഹകരണത്തോടെ മതിൽ പുനർനിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, സ്ഥിരം സമിതി അംഗം അബ്ദുൽ സലാം, ബ്ലെസി തുരുത്തിക്കാട്ടിൽ, കുര്യൻ തുരുത്തിക്കാട്ടിൽ, സജി മഠത്തിയിൽ തുടങ്ങിയവരും നാട്ടുകാരും വനപാലകരും ചേർന്നാണ് നിർമാണം പൂർത്തീകരിച്ചത്.
ഇവിടെ വൈദ്യുത തൂക്കുവേലി നിർമാണവും ആരംഭിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കി സ്ഥിതിഗതികൾ വിലയിരുത്തും. 30ന് പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Kerala
കോതമംഗലം: കോതമംഗലം വടാട്ടുപാറ ചക്കിമേട് ഭാഗത്ത് റോഡിന് കുറുകെ കാട്ടാനക്കൂട്ടം. കുട്ടിയാന ഉള്‍പ്പെടെ പതിനഞ്ചോളം ആനകളാണ് റോഡില്‍ എത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം 5.50 ഓടെയായിരുന്നു ബസിന് മുന്നില്‍ ആനക്കൂട്ടത്തിന്റെ റോഡ് ഉപരോധം. കോതമംഗലം-പൊങ്ങച്ചോട് കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ അഞ്ചു മിനിറ്റിലേറെ സമയം ആനകള്‍ നിലയുറപ്പിച്ച ശേഷമാണ് റോഡില്‍ നിന്ന് പിന്‍വാങ്ങിയത്.
നേരത്തെ കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയില്‍ പകല്‍ സമയത്തും കാട്ടാനക്കൂട്ടം എത്തുന്നത് ഭീതി പടര്‍ത്തിയിരുന്നു.
Kerala
കോതമംഗലം: കുട്ടമ്പുഴ താലിപ്പാറയ്ക്കു സമീപം കച്ചോലപ്പാറയിൽ കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു. വീട്ടിൽനിന്ന് ആരും പുറത്തിറങ്ങാത്തതിനാൽ ആളപായമുണ്ടായില്ല. ഇന്നലെ പുലർച്ചെ മൂന്നോടെ വലിയവെളിയിൽ പങ്കജാക്ഷിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
മേൽക്കൂരയും വാട്ടർ ടാങ്കും തകർത്തു. കാർഷികവിളകളും നശിപ്പിച്ചു. ഉരുളൻതണ്ണി-പിണവൂർക്കുടി റോഡിൽ വാഹനങ്ങൾക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നത് കാൽനട, വാഹന യാത്രികർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യബസുകൾക്കു നേരെ കാട്ടാന പാഞ്ഞടുത്തെങ്കിലും ഹോണടിച്ചും ബഹളംവച്ചും ആനകളെ പിന്തിരിപ്പിക്കുകയായിരുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ റോഡിൽ ആനകൾ നിൽക്കുന്നതു ദൂരെ നിന്നു തന്നെ കാണുന്നതിനായി റോഡരികിലെ അടിക്കാട് നാട്ടുകാർ തന്നെയാണ് വെട്ടിത്തെളിച്ചത്.
Kerala
കോതമംഗലം: വളര്‍ത്തു പോത്തിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ വെറ്റിലപ്പാറയില്‍ തുടുമ്മേല്‍ ബെന്നിയുടെ പോത്താണ് കാട്ടാനകളുടെ ചവിട്ടേറ്റു ചത്തത്.
റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകള്‍ ചവിട്ടിക്കൊന്നത്. കെട്ടിയിട്ടിരുന്നതു കാരണം കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ഒാടി രക്ഷപ്പെടാനും പോത്തിനു കഴിഞ്ഞില്ല.
പ്രദേശത്തു വന്യ മൃഗശല്യം രൂക്ഷമാണ്. ഫെന്‍സിംഗ് ഉപയോഗപ്രദമല്ലെന്നും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പോത്തിന്റെ ഉടമയ്ക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
District News
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. വാച്ചുമരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയ്ക്ക് പോകുകയായിരുന്ന അങ്കമാലി സ്വദേശികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ആളപായമില്ല.
രാത്രിയിൽ വാഹനത്തിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് യാത്രക്കാർ കുടുങ്ങുകയായിരുന്നു. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസിലാക്കിയ ഇവർ മറ്റൊരു വാഹനത്തിൽ അതിരപ്പള്ളിയിലേക്ക് തിരികെ പോയി. പിന്നീട് വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കുമായി വന്നപ്പോഴാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്.