ശകുന്തള നരസിംഹൻ
ബംഗളൂരു: പ്രമുഖ മാധ്യമപ്രവർത്തകയും കോളമിസ്റ്റും ഹിന്ദുസ്ഥാനി, കർണാടക സംഗീതജ്ഞയുമായ ശകുന്തള നരസിംഹൻ(86) അന്തരിച്ചു. അർബുദബാധിതയായി ഏറെക്കാലം ചികിത്സയിലായിരുന്നു. ഹഫീസ് അഹമ്മദ് ഖാന്റെ ശിഷ്യയായ ശകുന്തള ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ രാം
പുർ–സഹസ്വാൻ ഘരാനയിലെ പ്രമുഖ ഗായികയായിരുന്നു.
പ്രശസ്ത കർണാടക സംഗീതജ്ഞരായ മുസിരി സുബ്രഹ്മണ്യ അയ്യർ, തഞ്ചാവൂർ വൃന്ദ എന്നിവരുടെ കീഴിലായിരുന്നു കർണാടക സംഗീതം അഭ്യസിച്ചത്.
ഹിന്ദുസ്ഥാനി, കർണാടക സംഗീതശൈലികളെ സമന്വയിപ്പിച്ച് ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ജുഗൽബന്ദി എന്ന സംഗീതാവിഷ്കാരത്തിലൂടെയും ശ്രദ്ധേയയായി.
ദൂരദർശനിലും ആകാശവാണിയിലും കർണാടക-ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരുപോലെ പരിപാടികൾ അവതരിപ്പിച്ച ഇന്ത്യയിലെ ഏക ഗായിക എന്ന സവിശേഷതയും ശകുന്തളയ്ക്കു സ്വന്തം.
കർണാടക സർക്കാരിന്റെ രാജ്യോത്സവ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മുംബൈയിലെ ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ഹെറാൾഡ് എന്നീ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തശേഷം ഓൺലൈൻ പോർട്ടലുകൾക്കായി ഫ്രീലാൻസായി പ്രവർത്തിച്ചുവരികയായിരുന്നു.
Tags : Shakuntala Narasimhan Journalist Columnist Musician Hindustani Carnatic passed away