പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജനപ്രിയ വീഡിയോ ഗെയിമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (ജിടിഎ) സീരീസിന്റെ പുതിയ പതിപ്പായ ജിടിഎ 6 പുറത്തിറങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലുയരുന്ന ആഗോള ട്രെൻഡിൽ പങ്കാളിയായി പ്രധാനമന്ത്രിയും.
ഗെയിമിന്റെ മുൻ പതിപ്പായ ജിടിഎ 5 പുറത്തിറങ്ങിയ വർഷമായ 2013ലെയും ജിടിഎ 6 പുറത്തിറങ്ങിയ വർഷമായ 2026ലെയും ഇന്ത്യയുടെ വളർച്ച താരതമ്യം ചെയ്തുള്ള പോസ്റ്റിട്ടാണ് ജിടിഎ 6 സമൂഹമാധ്യമട്രെൻഡിൽ പ്രധാനമന്ത്രിയും പങ്കാളിയായത്.
ഗെയിമിന്റെ ഗ്രാഫിക്സും വിഷ്വൽസും ചേർത്തുള്ള ചിത്രങ്ങൾ അടക്കം നൽകിയ പോസ്റ്റിന് ‘ഇന്ത്യ പൂർണമായും ഒരു പുതിയ കളി കളിക്കുകയാണ്’ എന്നാണ് മോദി നൽകിയ അടിക്കുറിപ്പ്.
2013ൽ ജിടിഎ 5 പുറത്തിറങ്ങിയതിനുശേഷം രാജ്യം കൈവരിച്ച പുരോഗതികളെക്കുറിച്ച് എടുത്തുപറഞ്ഞ മോദി സാമ്പത്തികവളർച്ച, റെയിലുകളുടെ വൈദ്യുതീകരണം വർധിപ്പിച്ചത്, അതിദാരിദ്ര്യ നിർമാർജനം, ഇന്റർനെറ്റ് വില കുറഞ്ഞത്, ബഹിരാകാശ പര്യവേഷണരംഗത്തെ നേട്ടങ്ങൾ, നക്സൽ വിമുക്ത ഭാരതം തുടങ്ങിയ നേട്ടങ്ങൾ ജിടിഎ 6 ഇറങ്ങുന്നതുവരെയുള്ള 13 വർഷകാലയളവിനിടയിൽ ഉണ്ടായിട്ടുണ്ടെന്ന് പോസ്റ്റിൽ വിവിധ ഗ്രാഫിക്സുകളിലായി പറഞ്ഞു.
അതേസമയം, മോദിയുടെ ജിടിഎ 6 പോസ്റ്റിനെ കോൺഗ്രസ് വിമർശിച്ചു. യുവാക്കളിലേക്ക് എത്തിച്ചേരാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ ‘ജിടിഎ 5’, ‘ജിടിഎ 6’ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉപയോഗിച്ചിരിക്കുന്നുവെന്നും ഒരു ക്രിമിനൽ ജോഡിയെ പിന്തുടരുന്ന ഈ വീഡിയോ ഗെയിം എത്ര ഉചിതമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു.
Tags : Narendra Modi GTA 6 trend Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash National Politics