അരിയിൽ ഷുക്കൂർ
കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ ഒഴുകിപ്പരന്ന ചോരച്ചാലുകൾ ഏറെയുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു അരിയിൽ ഷുക്കൂർ വധക്കേസ്. പാർട്ടിക്കോടതി വിചാരണ നടത്തി നടപ്പാക്കിയ വധശിക്ഷയെന്ന പേരിൽ സിപിഎമ്മിനെതിരേ ദേശീയശ്രദ്ധ നേടിയ അരുംകൊല.
സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ എംഎൽഎ, സംസ്ഥാന സെക്രട്ടേറിയറ്റംഗത്തിന്റെ മകൻ എന്നിവർ പ്രതിസ്ഥാനത്ത്. താലിബാൻ മോഡൽ, പാർട്ടിക്കോടതി തുടങ്ങിയവ സിപിഎമ്മിനെതിരായ പ്രചാരണായുധമായി. ഇടതുമുന്നണിയിൽപോലും അസ്വാരസ്യം പടർന്നു.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടി സ്വയമേറ്റെടുക്കുന്നത് ആദ്യമായിട്ടെന്നായിരുന്നു പൊലിസ് റിപ്പോർട്ട്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനം ആക്രമിച്ചതിനെ തുടർന്നുള്ള സ്വാഭാവിക പ്രതികരണമാണ് ഷുക്കൂറിന്റെ കൊലപാതകമെന്ന് സിപിഎം നേതൃത്വം പരസ്യമായി പറഞ്ഞു. അതുവരെ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നാൽ, പിന്നിൽ ആരെന്നു പകൽപോലെ വ്യക്തമാണെങ്കിലും പങ്കില്ലെന്നു രാഷ്ട്രീയഭേദമെന്യേ നേതാക്കൾ ആണയിട്ടുപറഞ്ഞിരുന്ന കാലത്താണ് ഇത്തരമൊരു വേറിട്ട സ്വരമുണ്ടായത്.
2012 ഫെബ്രുവരി 19ന് വൈകുന്നേരം അരിയിലിൽ മുസ്ലിം ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിറ്റേന്ന് സ്ഥലം സന്ദർശിക്കാനെത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം തളിപ്പറന്പ് അരിയിൽ മുസ്ലിം ലീഗ് ഓഫിസിനു സമീപം ആക്രമിക്കപ്പെട്ട് ഏതാനും മണിക്കൂറിനുള്ളിലായിരുന്നു കൊലപാതകം. നേതാക്കളുടെ വാഹനം ആക്രമിച്ച സംഘത്തിൽപ്പെട്ടവരെന്ന നിലയിലാണ് ഷുക്കൂർ അടക്കമുള്ള അഞ്ചംഗ സംഘത്തെ അരിയിലിൽനിന്നു മൂന്നു കിലോമീറ്ററോളം അകലെയുള്ള പാർട്ടിയുടെ ശക്തികേന്ദ്രമായ കീഴറ വള്ളുവൻകടവിൽ സിപിഎം പ്രവർത്തകർ പിടികൂടിയത്. എന്നാൽ, ഈ അഞ്ചു പേരും കല്ലേറ് സംഭവത്തിൽ ഉൾപ്പെട്ടിരുന്നില്ലെന്നു പിന്നീട് പൊലിസ് കണ്ടെത്തി.
കോതായിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ അയ്യൂബിനെ കാണിക്കാനായി തോണിയിൽ ചെറുകുന്നിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു ഷുക്കൂർ ഉൾപ്പടെയുള്ളവർ. കടത്തുകടന്ന് ഇവർ പോകുന്നതുകണ്ട സിപിഎമ്മിന്റെ ഒരു സജീവ പ്രവർത്തകൻ ബന്ധപ്പെട്ടവർക്കു വിവരം നൽകുകയായിരുന്നുവത്രേ. ഇതു മൊബൈൽ ഫോണുകളിലൂടെ പല ഭാഗങ്ങളിലേക്കും പ്രചരിച്ചു. തുടർന്നു പ്രവർത്തകർ ഒത്തുകൂടി ഇവരെ പിന്തുടർന്നു.
അക്രമികളെ കണ്ട് പരിചയക്കാരനായ മുഹമ്മദ്കുഞ്ഞി എന്നയാളുടെ വീട്ടിൽ അഞ്ചു പേരും അഭയംതേടി. ഇതേത്തുടർന്ന് ആക്രമികൾ വീടുവളഞ്ഞു. വീടിനകത്ത് കയറി ഷുക്കൂറിനെയും മറ്റും ചോദ്യം ചെയ്തു. ഇതിനിടെ മൊബൈൽ കാമറയിൽ ഇവരുടെ ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ പലരുടെയും മൊബൈലുകളിലേക്ക് അയച്ചു. മൊബൈലിലെ ചിത്രങ്ങൾ തളിപ്പറന്പിലേക്കു വാഹനത്തിൽ കൊണ്ടുപോയി ചിലരെ കാണിച്ചതായും പറയുന്നു. ഈ സമയം പി. ജയരാജനും ടി.വി. രാജേഷും തളിപ്പറന്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സിപിഎം പ്രവർത്തകർ ആശുപത്രിയിലുള്ള നേതാക്കളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയശേഷമാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു സിബിഐ കുറ്റപത്രം.
ചിത്രങ്ങളിൽനിന്ന് ഷുക്കൂറും സക്കറിയയും വാഹനം ആക്രമിച്ച സംഘത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്രേ. ഇതോടെ സംഘത്തിലുണ്ടായിരുന്ന പി.വി. അയ്യൂബ്, എം.കെ. ഹാരിസ്, പി. അബ്ദുൾസലാം എന്നിവരെ വിട്ടയച്ചു. ഷുക്കൂറിനെയും സക്കറിയയെയും ആക്രമിക്കില്ലെന്ന് വീട്ടുടമ മുഹമ്മദ്കുഞ്ഞിക്ക് ഉറപ്പുനൽകിയശേഷം പുറത്തേക്കു ബലമായി കൊണ്ടുപോയി.
തങ്ങൾ നിരപരാധികളാണെന്നും വിട്ടയയ്ക്കണമെന്നും ഇവർ കേണപേക്ഷിച്ചെങ്കിലും അക്രമികൾ ദയ കാട്ടിയില്ല. വീടിനു സമീപത്തെ വയലിലൂടെ 200 മീറ്ററോളം ഇവരെ കൊണ്ടുപോയശേഷം സക്കറിയയെ മർദിക്കാൻ തുടങ്ങി. തങ്ങളെ കൊലപ്പെടുത്തുകയാണു ലക്ഷ്യമെന്ന് ഇതിനകം വ്യക്തമായ ഷുക്കൂർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും അക്രമിസംഘം പിന്തുടർന്ന് ഒട്ടേറെപേർ നോക്കിനിൽക്കേ വെട്ടിവീഴ്ത്തുകയുമായിരുന്നുവെന്നാണ് പൊലിസ് റിപ്പോർട്ട്.
ഒന്നര മണിക്കൂറോളം അക്രമിസംഘം സ്ഥലത്തുണ്ടായിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളടക്കം എത്തിയിരുന്നു. ബഹളംകേട്ട് അന്പതിലേറെ പരിസരവാസികളുമെത്തി. ഇവരിൽ രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. എന്നാൽ, വീട്ടുടമയായ മുഹമ്മദ്കുഞ്ഞിയല്ലാതെ മറ്റാരും അക്രമികളെ തടയാൻ ശ്രമിച്ചില്ല.
മുഹമ്മദ്കുഞ്ഞി മകനെ അക്രമസംഭവം പൊലിസിനെ അറിയിക്കാൻ തൊട്ടടുത്ത കടയിലേക്കു തന്ത്രപൂർവം പറഞ്ഞുവിടാൻ ശ്രമിച്ചെങ്കിലും അക്രമികൾ തടയുകയായിരുന്നു. മാരകമായി പരിക്കേറ്റ സക്കറിയയെ കണ്ണപുരം പൊലിസ് രക്ഷപ്പെടുത്തി ചെറുകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സക്കറിയ നൽകിയ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
കേസിൽ പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ജില്ലയിൽ വ്യാപകമായ ആക്രമണങ്ങളുണ്ടായി. സംസ്ഥാന ഹർത്താലും പ്രഖ്യാപിച്ചു. കൊലപാതകത്തിന്റെ പിറ്റേദിവസം യുഡിഎഫും എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. പൊലിസിനെതിരേ മൂന്നാംമുറ ആരോപണവും പൊലിസുകാർക്കെതിരായ ആക്രമണവും കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ടായി.
Tags : Party tribunal Brutal murder Ariyil Shukoor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash