അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതികളെ വിധിക്ക് ശേഷം കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി പുറത്തിറക്കിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസിന്റെ വിധിയറിയാന്‍ ഇന്നലെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിക്കുമുന്നില്‍ തടിച്ചുകൂടിയത് വന്‍ ജനാവലിയായിരുന്നു. 14 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പുറത്തുവരുന്ന വിധി അറിയാന്‍ കൊല്ലപ്പെട്ട ഷുക്കൂറിന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, എംഎസ്എഫ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍, സിപിഎം നേതാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി പേരാണു കോടതി പരിസരത്ത് എത്തിയത്.
രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെട്ട കേസില്‍ പ്രതികളായ സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും രാവിലെ പത്തോടെ കോടതിയിലെത്തി. ഇവരെ അനുഗമിച്ച് മുന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയും കണ്ണൂരില്‍നിന്നുള്ള ഒരുപറ്റം സിപിഎം നേതാക്കളും ഉണ്ടായിരുന്നു. വാഹനത്തില്‍നിന്ന് ഇറങ്ങിയപാടെ ജയരാജനെയും രാജേഷിനെയും മാധ്യമപ്പട വളഞ്ഞെങ്കിലും ഇരുവരും പ്രതികരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് കോടതിമുറിയിലേക്ക് പ്രവേശിച്ചു. ഇരുവര്‍ക്കുമിടയില്‍ ഷംസീറും നിലയുറപ്പിച്ചു. ദിവ്യയടക്കമുള്ള മറ്റു നേതാക്കള്‍ കോടതിക്കുപുറത്ത് കാത്തുനിന്നു.
11 ഓടെ കോടതിനടപടികള്‍ ആരംഭിച്ചു. ആദ്യം പി. ജയരാജന്, ടി.വി. രാജേഷ് അടക്കം കേസില്‍നിന്ന് കുറ്റവിമുക്തരാക്കപ്പെട്ട 18 പേരുടെ പേരുകള്‍ വായിച്ചു. തുടര്‍ന്ന് ഒന്നാംപ്രതി കെ.വി. സുമേഷ് ഉള്‍പ്പടെ കുറ്റക്കാരായി കണ്ടെത്തിയ 13 പേരുടെ പേരുകളും വായിച്ചു. ഈ സമയം കോടതിമുറിക്ക് പുറത്തുനിന്ന പ്രതികളുടെ ബന്ധുക്കള്‍ സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. കുറ്റക്കാരായി കണ്ടെത്തിയവര്‍ക്ക് പറയാനുള്ളതു കേട്ടശേഷം ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞു.
ഉച്ചകഴിഞ്ഞു മൂന്നിനാണ് ശിക്ഷ വിധിച്ചത്. 13 പ്രതികളില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തവും ആറുപേര്‍ക്ക് രണ്ടു വര്‍ഷം വരെയുള്ള തടവും ശിക്ഷ വിധിച്ചു. കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച് ശിക്ഷ വിധിക്കപ്പെട്ട പ്രതികളെ പൊലിസ് കോടതിയില്‍നിന്ന് പുറത്തേക്ക് ഇറക്കിയപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് എതിരേറ്റത്. തുടര്‍ന്നു പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി.

നിയമപോരാട്ടം തുടരും: മുഖ്യമന്ത്രി
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധത്തിലെ മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിപിഎമ്മിന്റെ രാഷ്ട്രീയപകപോക്കലിന് ഇരയായ ഷുക്കൂറിന്റെ കുടുംബത്തിനു നീതി ലഭിക്കണം. ആ കുടുംബത്തിനൊപ്പം സർക്കാർ ഉറച്ചുനിൽക്കും.
ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ മുഴുവൻ പേരും ശിക്ഷിക്കപ്പെടണം. പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പടെയുള്ള 18 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരേ അപ്പീൽ പോകണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. വിധിപ്പകർപ്പ് പരിശോധിച്ചശേഷം കുടുംബവുമായി ആലോചിച്ച് അപ്പീൽ നടപടി തീരുമാനിക്കും. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും. -മുഖ്യമന്ത്രി പറഞ്ഞു.
ലഭിച്ചത് ഭാഗിക നീതി: ഉമ്മ ആത്തിക്ക
കണ്ണൂർ: കുടുംബത്തിനു ലഭിച്ചത് ഭാഗികമായ നീതിയെന്ന് അബ്ദുൾ ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക. കേസിലെ ഗൂഡാലോചനക്കാരായ പി. ജയരാജൻ, ടി.വി. രാജേഷ്, ശ്യാംജിത്ത് എന്നിവർ ഉൾപ്പെടെ 18 പ്രതികൾ കുറ്റവിമുക്തരായിരിക്കുകയാണ്.
സിബിഐ അന്വേഷണം നടത്തിയ കേസിലാണ് പഴുതുകൾ ഒട്ടേറെയുള്ള കുറ്റപത്രം സമർപ്പിച്ചത്. അതുകൊണ്ടുതന്നെ തങ്ങൾക്കു നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. വിധിക്കെതിരേ അപ്പീൽ നൽകി പോരാട്ടം തുടരാനാണു തീരുമാനം.
“ഈ അമ്മയുടെ നിലവിളി കേള്‍ക്കാതിരിക്കാന്‍ കഴിയില്ല...”
കണ്ണൂർ: ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക നല്കിയ ഹർജിയെത്തുടര്‍ന്ന് 2016 ഫെബ്രുവരി എട്ടിനാണ് ജസ്റ്റീസ് കെമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. “ഈ മാതാവിന്റെ നിലവിളി കേള്‍ക്കാതിരിക്കാന്‍ കഴിയില്ല’’ എന്ന പരമാര്‍ശത്തോടെയാണ് കോടതി കേസ് സിബിഐക്കു കൈമാറിയത്. ഉത്തരവിനെതിരേ പ്രതികൾ ഡിവിഷന് ബെഞ്ചിനെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ഹർജികൾ തള്ളി.
തങ്ങളെ പ്രതി ചേര്‍ത്തുകൊണ്ട് ലോക്കല്‍ പൊലിസ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ടി.വി. രാജേഷ് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
വളപട്ടണം സിഐയായിരുന്ന യു. പ്രേമന്റെ നേതൃത്വത്തിലുള്ള ലോക്കല്‍ പൊലിസ് അന്വേഷണം നടത്തിയ കേസില്‍ 118-ാം വകുപ്പ് പ്രകാരം പി. ജയരാജനെയും ടി.വി. രാജേഷിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുള്‍പ്പടെയുള്ള പ്രതികളുടെ കുറ്റപത്രം 2012 ഓഗസ്റ്റ് 23ന് തലശേരി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഒന്നു മുതല്‍ 27 വരെയുള്ള പ്രതികള്‍ക്കെതിരേ സംഘം ചേര്‍ന്ന് അക്രമണം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും പി. ജയരാജന് ഉള്‍പ്പടെ 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ക്കെതിരേ 118 പ്രകാരം കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചുമെന്നുമാണ് ലോക്കല്‍ പൊലിസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതിനെതിരേയാണ് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയെ സമീപിച്ചത്.
നിയമപോരാട്ടം തുടരും: സഹോദരന്
കൊച്ചി: അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് സഹോദരന് ദാവൂദ്. കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
“നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമപോരാട്ടത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. നിയമപോരാട്ടം തുടരും. കൂടെ നിന്ന എല്ലാവര്ക്കും നന്ദി” - ദാവൂദ് ഫേസ്ബുക്കില്‍ കുറിച്ചു.
വിധിക്കെതിരേ അപ്പീല്‍ പോകും: പബ്ലിക് പ്രോസിക്യൂട്ടര്‍
കൊച്ചി: 18 പേരെ വെറുതെ വിട്ടുകൊണ്ടും ആറു പേര്‍ക്കു കുറഞ്ഞ ശിക്ഷ നല്‍കിയുമുള്ള കോടതിവിധിയില്‍ തൃപ്തരല്ലെന്നും വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും അബ്ദുള്‍ ഷുക്കൂറിനുവേണ്ടി കോടതിയില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. പത്മഭനാഭന് പറഞ്ഞു.
രണ്ടാംപ്രതി പി. ഗണേശനെ വെറുതെ വിട്ടതില്‍ നിരാശയുണ്ട്. ഷുക്കൂറിനെ കുത്തിയ പ്രതികളില്‍ രണ്ടാമനാണ് ഗണേശന്.
22-ാം സാക്ഷി ടി.പി. അബുവും 23-ാം സാക്ഷി മുഹമ്മദ് സാദഖും മൊഴി നല്കാന് എത്താതിരുന്നതിനാലാണ് 32-ാം പ്രതി പി. ജയരാജനെയും 33-ാം പ്രതി ടി.വി. രാജേഷിനെയും കുറ്റവിമുക്തരാക്കിയത്. കേസില്‍ ഇരുവരുടെയും ഗൂഢാലോചന പങ്ക് തെളിയിക്കാന്‍ ഈ രണ്ടു സാക്ഷികളുടെയും മൊഴി അനിവാര്യമായിരുന്നു.
ഗൂഢാലോചനയില്‍ സിപിഎം നേതാക്കളുടെ പങ്ക് തെളിയിക്കാന്‍ സാങ്കേതികമായി കഴിഞ്ഞില്ലെന്നു മാത്രമേയുള്ളൂവെന്നും കെ. പത്മഭനാഭന് പറഞ്ഞു.

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാക്കളും ഷുക്കൂര്‍ വധക്കേസിലെ പ്രതികളുമായ പി. ജയരാജനും ടി.വി. രാജേഷുമടക്കം ഷുക്കൂര്‍ വധക്കേസിലെ 18 പ്രതികളെ വെറുതെ വിട്ടതു തെളിവുകളിലെയും മൊഴികളിലേയും വൈരുധ്യം മൂലം. ജയരാജനും രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍വച്ച് ഗൂഢാലോചന നടത്തിയെന്നായിരുന്നു സിബിഐയുടെ വാദം. എന്നാല്‍ ഇതു ശരിവയ്ക്കുന്ന കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ആശുപത്രിയില്‍വച്ച് അത്തരം ഗൂഢാലോചന നടന്നില്ലെന്നും ഹര്‍ത്താല്‍ തീരുമാനം മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു സാക്ഷിമൊഴികളിലേറെയും.
ജയരാജന്റെയും രാജേഷിന്റെയും ഫോണ്‍രേഖകള്‍ ശേഖരിച്ചുമില്ല. പ്രതി ദിനേശന് ഷുക്കൂറിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അയച്ചുകൊടുത്ത് ആളെ തിരിച്ചറിഞ്ഞശേഷമാണു കൊലപാതകം നടപ്പാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും ദിനേശന്റെയടക്കം പ്രതികളുടെ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധന നടത്തിയിട്ടില്ല. അതിനാല്‍, കൃത്യത്തിനു ശാസ്ത്രീയ തെളിവുകളുമുണ്ടായില്ല. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 31-ാം പ്രതി എ.വി. ബാബു ഉപയോഗിച്ചതെന്നു പറഞ്ഞ ഫോണ്‍നമ്പര്‍ മറ്റൊരാളുടെ പേരിലുള്ളതായിരുന്നു. പ്രധാന സാക്ഷികളായിരുന്ന പി.പി. അബു, സാബിര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഷുക്കൂറിനെ കുത്തിയവരുടെ കൂട്ടത്തില്‍ രണ്ടാം പ്രതി ഗണേശന്റെ പേരുണ്ടായിരുന്നെങ്കിലും സാക്ഷി ആദ്യഘട്ടത്തില്‍ ഈ പേര് പറഞ്ഞിരുന്നില്ല. ഇയാളുടെ കുത്തേറ്റ് ഷുക്കൂര്‍ വീണതു സംബന്ധിച്ച മൊഴിയിലും വൈരുധ്യവുമുണ്ടായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനായ ശ്യാംജിതിന്റെ പേര് എഫ്ഐആറിലടക്കം ഉണ്ടായിരുന്നില്ല. അന്വേഷണസമയത്ത് അറസ്റ്റ് ചെയ്തിട്ടുമില്ല. കോടതിയില്‍ വച്ച് രണ്ടു സാക്ഷികളില്‍ ഒരാള്‍ മാത്രമാണു തിരിച്ചറിഞ്ഞത്. ഈ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നാണ് കോടതി കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ജയരാജനും രാജേഷിനുമെതിരേ ഇല്ലാതിരുന്ന ക്രിമിനല്‍ ഗൂഢാലോചനയും കൊലക്കുറ്റവും വകുപ്പുകള്‍ സിബിഐ അന്വേഷണം ഏറ്റെടുത്തശേഷമാണു ചേര്‍ത്തത്. പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ അമ്മ ആത്തിക്ക നടത്തിയ നിയമപോരാട്ടമാണ് സിബിഐ അന്വേഷണത്തിനിടയാക്കിയത്. പ്രതികള്‍ക്കു വിധിച്ച പിഴത്തുകയ്ക്കു പുറമെ അഞ്ചു ലക്ഷം രൂപ ക്രിമിനല്‍ കുറ്റകൃത്യത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ ആത്തിക്കയ്ക്കു നല്കാന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
മാതാപിതാക്കളും ഭാര്യയും മക്കളും ദുരിതത്തിലാകുമെന്നതിനാല് ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നായിരുന്നു പ്രതികളുടെ കോടതിയിലെ അഭ്യര്‍ഥന. കുറ്റക്കാരാണെന്നു കണ്ടെത്തിയശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു എല്ലാവരും രോഗികളും പ്രായമായവരുമായ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും ദുരിതം പറഞ്ഞ് ശിക്ഷിയിളവ് തേടിയത്. അതേസമയം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണിതെന്നും പ്രതികള്‍ക്കു വധശിക്ഷതന്നെ നല്‍കണമെന്നുമുള്ള വാദമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഉന്നയിച്ചത്.
ഗൂഢാലോചനാ സിദ്ധാന്തം പൊളിഞ്ഞു: പി. ജയരാജൻ
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കോടതി കുറ്റവിമുക്തനാക്കിയതോടെ തനിക്കും ടി.വി. രാജേഷിനുമെതിരായ ഗൂഢാലോചനാസിദ്ധാന്തം പൂർണമായും തകർന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ.
അന്നത്തെ യുഡിഎഫ് സർക്കാരിന്റെയും ലീഗ്-കോൺഗ്രസ് നേതൃത്വത്തിന്റെയും രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി പൊലിസും പിന്നീട് സിബിഐയും ചേർന്നു കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു ഇതെന്നും കുറ്റവിമുക്തനായശേഷം മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രേരിതമായ കള്ളക്കേസ്: ടി.വി. രാജേഷ്
കൊച്ചി: ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ സിപിഎമ്മിനുള്ള സ്വാധീനം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു തനിക്കെതിരേ കള്ളക്കേസ് കെട്ടിച്ചമച്ചതെന്ന് സിപിഎം നേതാവ് ടി.വി. രാജേഷ്. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ജയരാജനെയും തന്നെയും പ്രതിക്കൂട്ടിലാക്കാൻ പൊലിസ് കള്ളസാക്ഷികളെ സൃഷ്ടിച്ചെങ്കിലും അവരെപ്പോലും കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതിനു ലീഗ് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം പ്രതികള്ക്കൊപ്പമെന്നു തെളിഞ്ഞു: എംഎസ്എഫ്
കൊച്ചി: വിധി കേള്‍ക്കാന്‍ പ്രതികള്‍ക്കൊപ്പം സിപിഎം നേതാക്കള്‍ എത്തിയതോടെ പ്രതികള്‍ക്കൊപ്പമാണെന്ന് സിപിഎം എന്നു തെളിഞ്ഞിരിക്കുകയാണെന്ന് എംഎസ്എഫ് നേതാവും കൊല്ലപ്പെട്ട ഷുക്കൂറിന്റെ സഹപ്രവര്‍ത്തകനുമായിരുന്ന സി.ടി. നജാഫ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഷുക്കൂര്‍ നേടിയെടുത്ത ജനപ്രീതിയും സ്വീകാര്യതയും സിപിഎമ്മിനെ അസ്വസ്ഥരാക്കിയിരുന്നു. അത് ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചതെന്നും നജാഫ് പറഞ്ഞു.
സർക്കാരിന് അപ്പീലിനു പോകാനാകും: തിരുവഞ്ചൂർ
കോട്ടയം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കോടതിയുടെ നിഗമനത്തെക്കുറിച്ചു വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ സര്‍ക്കാരിന് അപ്പീലിനു പോകാനാകുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് വ്യക്തമാക്കേണ്ടത് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നാണ്. കോടതി തീരുമാനിച്ചതിനു പുറത്ത് പരാതിയുള്ള ആളുകള്‍ അപ്പീല്‍ കൊടുക്കുകയല്ലാതെ വേറെ മാര്‍ഗങ്ങളൊന്നുമില്ല, ഗൂഢാലോചന പൂര്‍ണമായി തെളിയിക്കാന്‍ പറ്റിയില്ല എന്നല്ലേയുള്ളൂ. ആ ഗൂഢാലോചനയില്‍ പങ്കെടുത്ത ആളുകള്‍ 13 പേര്‍ക്കെതിരെ ഇവിടെ ശിക്ഷ വന്നല്ലോ. ബാക്കി രണ്ടുപേരെ ഒഴിവാക്കി അത് കോടതിയുടെ നിഗമനമാണ്. കോടതിയുടെ നിഗമനത്തെ നമ്മള് ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പല സാക്ഷികളെയും സിപിഎം ഭീഷണിപ്പെടുത്തി:മന്ത്രി കെ.എം. ഷാജി
കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പല സാക്ഷികളെയും സിപിഎം ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി കെ.എം. ഷാജി. പി. ജയരാജനും ടി.വി. രാജേഷും ഗൂഢാലോചന നടത്തിയെന്നു നൂറു ശതമാനം ഉറപ്പാണ്. സിപിഎം ഭീഷണിക്കിടെ എല്ലാ സാക്ഷികളെയും കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തിയിട്ടുണ്ട്. പ്രതികള്‍ക്കു കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിധി വരുന്നതിന് മുമ്പായി കെ.എം. ഷാജി കോഴിക്കോട്ട് പ്രതികരിച്ചു.
വിധിയിൽ തൃപ്തരല്ല, അപ്പീൽ പോകും: മുസ്ലിം ലീഗ്
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിൽ മുസ്ലിം ലീഗ് തൃപ്തരല്ലെന്നും മേൽ കോടതിയിൽ അപ്പീൽ പോകുമെന്നും മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കരീം ചേലേരി പറഞ്ഞു. കണ്ണൂരിൽ സിപിഎം നേതാക്കളും അവരുടെ മക്കളും പ്രതികളായ കേസിൽ സാക്ഷി പറയാൻപോലും പറ്റില്ലെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ കേസെന്നും പി. ജയരാജനും ടി.വി. രാജേഷും സാക്ഷികളെ ഭീഷണിപ്പെടുത്തിയതുകൊണ്ടുമാത്രമാണ് കേസിൽനിന്നു രക്ഷപ്പെട്ടതെന്നും കരീം ചേലേരി പറഞ്ഞു.
ശിക്ഷിക്കപ്പെട്ടവരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്:എം.വി. ഗോവിന്ദന്
കൊച്ചി: ഷുക്കൂര്‍ കേസില്‍ പി. ജയരാജനും ടി.വി. രാജേഷിനുമെതിരേയുള്ള മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ ഗൂഢാലോചനയും കള്ളക്കഥയും കോടതിവിധിയോടെ പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പടെ കേസില്‍ ശിക്ഷിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ഗോവിന്ദന് പറഞ്ഞു.
കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസും ലീഗുമാണ് നേതൃത്വം കൊടുത്തത്. കോടതിവിധി അംഗീകരിച്ചു ശിക്ഷാവിധിക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഗോവിന്ദന് പറഞ്ഞു.
ഒത്തുകളി പ്രകടം: ബിജെപി
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിൽ പലരും രക്ഷപ്പെടാൻ ഇടയായത് മുസ്ലിം ലീഗ്-സിപിഎം നേതാക്കളുടെ ഒത്തുകളിയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ആരോപിച്ചു. കത്തിയെടുത്തു കുത്തിയെന്ന് ആരോപിക്കപ്പെട്ട പ്രതിയുൾപ്പടെ പലരും രക്ഷപ്പെട്ടു. നേതാക്കന്മാരും മക്കളും രക്ഷപ്പെടുകയും സാധാരണ പ്രവർത്തകർ ശിക്ഷിക്കപ്പെടുകയും ചെയ്തു. ലീഗുകാർ ഹാജരാക്കിയ രണ്ടു സാക്ഷികൾ കോടതിയിൽ എത്താത്തതും ദുരൂഹമാണ്. ഇത് ഷുക്കൂറിനോടും കുടുംബത്തോടും അണികളോടും നേതൃത്വം കാണിച്ച കൊടിയ വഞ്ചനയാണെന്നും വിനോദ്കുമാർ പറഞ്ഞു.
കിരാത രാഷ്ട്രീയശൈലിക്കുള്ള താക്കീത്: കോൺഗ്രസ്
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കോടതി വിധി സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനുള്ള താക്കീതാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ഷുക്കൂറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഏതാനും പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിൽ വ്യക്തമാണ്. സിപിഎം പ്രവർത്തകർ സാക്ഷികളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭയം കാരണം പലരും കോടതിയിൽ മൊഴി നൽകാൻ തയാറായില്ല. കേസിൽ ചിലരെ കോടതി വെറുതെവിട്ടത് സിപിഎം നേതാക്കൾ വല്ലാതെ ആഘോഷിക്കേണ്ട കാര്യമില്ല - മാർട്ടിൻ ജോർജ് പറഞ്ഞു.