ലോകത്തെയാകെ പ്രതികൂലമായി ബാധിച്ച പശ്ചിമേഷ്യന്‍ യുദ്ധം 100 ദിവസം പിന്നിട്ടു. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനുമേല്‍ നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം തുടങ്ങിയത്.
പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് അടക്കം ഇറാന്റെ നേതൃനിരയൊന്നാകെ ആദ്യ ദിനത്തിലെ ആക്രമണത്തില്‍ തുടച്ചുനീക്കപ്പെട്ടു. ആയത്തൊള്ള അലി ഖമനയ്യുടെ മകനും പിന്നീട് പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടയാളുമായ മുജ്തബ ഖമനനയ് ക്കു ഗുരുതരമായി പരിക്കേറ്റു.
പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ എട്ടിനു നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ രക്തച്ചൊരിച്ചില്‍ കുറച്ചുവെന്ന ആശ്വാസം മാത്രമുണ്ട്. ഇറാന്റെ ആണവപദ്ധതി, ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് സമാധാന ചര്‍ച്ച പ്രധാനമായും വഴിമുട്ടുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെയും അമേരിക്കയും ഇറാനും ആക്രമണം നടത്തുന്നുണ്ട്. ഇറാനില്‍ 3468 പേരും ലബനനില്‍ 3596 പേരും കൊല്ലപ്പെട്ടു.
ഇറാന്‍പക്ഷ ഹിസ്ബുള്ള യുദ്ധത്തില്‍ പങ്കുചേര്‍ന്നതിന്റെ കെടുതി അനുഭവിക്കുന്നതു ലബനനിലെ സാധാരണക്കാരാണ്. ലബനന്റെ തെക്കന്‍ ഭാഗത്തേക്ക് ഇസ്രയേല്കടന്നുകയറി നടത്തുന്ന ആക്രമണത്തില്‍ പത്തു ലക്ഷം പേര് പലായനം ചെയ്തു. ഇറാന്റെ ആക്രമണത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നൂറ്റമ്പതിലേറെ പേര് കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ 26ഉം അമേരിക്കയുടെ 13ഉം സൈനികര്‍ കൊല്ലപ്പെട്ടു. ഇറാനില്‍ വിപ്ലവ ഗാര്‍ഡുകള്‍ പിടിമുറക്കുന്ന സ്ഥിതിയാണുള്ളത്.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ചരക്കുപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ആഗോളതലത്തിലുള്ള എണ്ണനീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത അടച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയാണു നേരിടുന്നത്.
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വിലയില്‍ കാര്യമായ വര്‍ധനയുണ്ടായി. മിക്ക രാജ്യങ്ങളും ഇന്ധനവില വൻ തോതിൽ വർധിപ്പിച്ചു. ഹോര്‍മുസ് വഴി കടന്നുപോകുന്ന ചരക്കുകപ്പലുകള്‍ കത്തിക്കുമെന്നായിരുന്നു ഇറാന്റെ ഭീഷണി. ഹോര്‍മുസില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തി യുഎസ് മറുപടി നല്കി.
പശ്ചിമേഷ്യയില്‍ സമാധാനത്തിന് പാക്കിസ്ഥാനാണ് മധ്യസ്ഥത വഹിക്കുന്നത്. പാക്കിസ്ഥാനില്‍ നടന്ന ആദ്യ സമാധാന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. രണ്ടാം വട്ട ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറാന്, യുഎസ് പ്രതിനിധികള്‍ വിട്ടുനിന്നു.
അമേരിക്കയെയും ഇറാനെയും അനുരഞ്ജനത്തിലെത്തിക്കാന്‍ ഇപ്പോഴും പാക്കിസ്ഥാന് ശ്രമിക്കുന്നുണ്ട്. പാക് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ് വി ഇന്നലെയും ടെഹ്റാനില്‍ ഇറേനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചര്‍ച്ച നടത്തി.
ഇസ്രയേല്‍-ലബനന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കുന്നത് അമേരിക്കയാണ്. ലബനന് യുദ്ധം തുടരുന്നതാണ് പശ്ചിമേഷ്യന്‍ യുദ്ധവിരാമത്തിനുള്ള ഏറ്റവും വലിയ കടമ്പ.
Tags : Middle East war Peace far away West Asian Conflict