പുൽപ്പള്ളി: മലബാർ കുടിയേറ്റത്തിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് വയനാട് പുൽപ്പള്ളി പഴശിരാജ കോളജ് ചരിത്രവിഭാഗവും കേരള ചരിത്ര ഗവേഷണ കൗൺസിലും ചേർന്ന് നാളെ മുതൽ അഞ്ചുവരെ പഴശിരാജ കോളജിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് കുടിയേറ്റ ചിത്രപ്രദർശനം, പുസ്തകപ്രദർശനം, കുടിയേറ്റ കർഷകരെ ആദരിക്കൽ എന്നിവയുണ്ടാകുമെന്ന് പ്രിൻസിപ്പൽ ഡോ. എം.ആർ. ദിലീപ്, ഡോ. ജോഷി മാത്യു, ഡോ. റാണി എസ്. പിള്ള, ഡോ. പി. രാജേഷ് എന്നിവർ അറിയിച്ചു.
നാളെ രാവിലെ 10ന് കൃഷിമന്ത്രി ടി. സിദ്ദിഖ് സെമിനാർ ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയാകും. കുടിയേറ്റ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം പുൽപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ നിർവഹിക്കും. പ്രമുഖ ചരിത്രകാരനും കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. പി.കെ. മൈക്കിൾ തരകൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.ആർ. ദിലീപ് അധ്യക്ഷത വഹിക്കും.
മൂന്ന് ദിവസമായി നടക്കുന്ന ചരിത്ര സെമിനാറിൽ വിവധ കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽനിന്ന് ഇരുപതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇവ പുസ്തകമായി കെസിഎച്ച്ആർ പ്രസിദ്ധീകരിക്കും. സമാപന സമ്മേളനം ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും.
Tags : Pazhassi Raja College Deepika DeepikaNewspaper BreakingNews Malabar Migration Centenary Celebrations