കേരള ഹൈക്കോടതി (File Photo)
കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ 16 വിദ്യാര്‍ഥികളുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും സിപിഎമ്മും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികള്‍ ഇന്നു മുതല്‍ നിരാഹാര സമരം ആരംഭിക്കും. കാമ്പസ് എസ്എഫ്‌ഐ യൂണിറ്റിന്‍റെ പ്രസിഡന്‍റും സെക്രട്ടറിയും ഗവേഷക വിദ്യാര്‍ഥിയും വൈകിട്ട് നാലിന് നിരാഹാര സമരം നടത്തും. ഒരു ദിവസം മൂന്നു പേര്‍ എന്ന നിലയില്‍ നിരാഹാര സമരം നടത്താനാണ് തീരുമാനം. സമരം ചെയ്തതിനെ തുടര്‍ന്ന് 60 ദിവസത്തിലധികമായി 16 വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഷനില്‍ തുടരുകയാണ്.
നവംബര്‍ നാലിന് പരീക്ഷ ആരംഭിക്കാനിരിക്കെ ഒക്ടോബര്‍ 30ന് ആണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി നല്‍കിയത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് പി.എസ്. അര്‍ച്ചന, സെക്രട്ടറി ശ്യാംജിത്ത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്.
പരീക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് തുറന്നു നല്‍കണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഞായറാഴ്ചയാണ് ഹൈക്കോടതി അതിന് അനുവദിച്ച സമയം. എന്നാല്‍ സൈറ്റ് തുറന്നു നല്‍കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായില്ല. ഈ സാഹചര്യത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥികളുടെ നീക്കം.
പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ വിസി സിസ തോമസ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഹാജര്‍ ഇല്ലെന്നും, മതിയായ ഹാജറില്ലാത്തവരെ പരീക്ഷയെഴുതിക്കാന്‍ അനുവദിക്കില്ലെന്നുമാണ് വി സിയുടെ നിലപാട്. ഈ അപ്പീല്‍ ഇന്ന് പരിഗണിക്കും.
Tags : KaladyUniversity Students HungerStrike HighCourt Examination