International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള സമാധാന കരാർ അന്തിമ ഘട്ടത്തിലെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി മൂന്ന് മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ സമാധാന കരാറിലേക്ക് വളരെ വേഗത്തിൽ അടുക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ട്രംപ് വെളിപ്പെടുത്തിയത്.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ അനുകൂലമായ പുരോഗതിയുണ്ടായതായി അമേരിക്കയും ഇറാനും ഒരുപോലെ സമ്മതിക്കുന്നുണ്ട്. നിലവിലെ നിർദിഷ്ട കരാർ ഒരു രൂപരേഖ മാത്രമാണെന്നും യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഇറാൻ ആണവായുധം നിർമിക്കുന്നത് പൂർണമായും തടയാൻ ഇതിലൂടെ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങൾ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാൽ മാത്രമേ കരാറിൽ ഒപ്പുവെക്കൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു.
സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്ന് വ്യക്തമാക്കിയ ഇറാൻ ആണവ വിഷയങ്ങളിലെ കൂടുതൽ വിശദമായ ചർച്ചകൾ അടുത്ത 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ മാത്രമേ നടക്കൂ എന്നും സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യവും ഈ ചർച്ചകളുടെ ഭാഗമാണ്.
ഞായറാഴ്ചയോടെ തന്റെ ഉപദേശകരുമായി ചർച്ച നടത്തി കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ട്രംപ് മറ്റൊരു അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയും കരാർ ഒപ്പിടാതിരിക്കുകയും ചെയ്താൽ ഇറാനു മേൽ വീണ്ടും ശക്തമായ സൈനിക ആക്രമണം ആരംഭിക്കുമെന്നും മറ്റൊരു രാജ്യവും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ പ്രത്യാഘാതം ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
സമാധാനത്തിനും സംഘർഷത്തിനും ഒരുപോലെ സാധ്യതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ പ്രസ്താവന. അതുകൊണ്ടുതന്നെ ലോകം ഇന്ന് ഈ വിഷയത്തിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ്. ഹോർമുസ് തുറക്കുന്നതിലടക്കം പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിൽ ധാരണയായിട്ടില്ലെന്ന് ഇറാനിയൻ വാർത്ത ഏജൻസി വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം ശക്തമായ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. വൈറ്റ് ഹൗസ് കോംപ്ലക്സിന് സമീപത്തെ 17th സ്ട്രീറ്റ്, പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റ് എന്നിവിടങ്ങൾ വന്നെത്തുന്ന സ്ഥലത്താണ് വെടിവയ്പ്പ് നടന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളായ അക്രമിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും യുഎസ് നിയമപാലകർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ട്.
സംഭവസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിൽ തുടരുന്ന സമയത്താണ് വെടിവയ്പ്പ് നടന്നത്. അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതർ വ്യക്തമാക്കി.
എഫ്ബിഐ സംഘം സംഭവസ്ഥലത്തെത്തി സീക്രട്ട് സർവീസിന് ആവശ്യമായ പിന്തുണ നൽകിയതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനെ തുടർന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയും സമാനമായ രീതിയിൽ വെടിവയ്പ്പ് ശ്രമം ഉണ്ടായിരുന്നു.
International
വാഷിംഗ്ടൺ: മൂന്ന് പതിറ്റാണ്ട് മുൻപ് രണ്ട് അമേരിക്കൻ സിവിൽ വിമാനങ്ങൾ വെടിവച്ചിട്ട കേസിൽ മുൻ ക്യൂബൻ ഭരണാധികാരി റൗൾ കാസ്ട്രോ (94) ഉൾപ്പെടെ ആറ് പേർക്കെതിരെ അമേരിക്ക കുറ്റപത്രം പുറപ്പെടുവിച്ചു. അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ക്യൂബൻ ഭരണകൂടത്തിലെ ഒരു ഉന്നത നേതൃത്വത്തിനെതിരെ യുഎസിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായാണ്.
1996 ഫെബ്രുവരി 24-നായിരുന്നു അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ വച്ച് നിരായുധരായ രണ്ട് വിമാനങ്ങൾക്ക് നേരെ ക്യൂബൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഫ്ലോറിഡ കടലിടുക്കിൽ ക്യൂബൻ അഭയാർഥികളെ കണ്ടെത്താൻ സഹായിച്ചിരുന്ന 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന ജീവകാരുണ്യ സംഘടനയുടെ വിമാനങ്ങളായിരുന്നു ഇവ. ആക്രമണത്തിൽ കാർലോസ് കോസ്റ്റ, അർമാണ്ടോ അലജാൻഡെ ജൂനിയർ, മാരിയോ ഡി ലാ പെന, പാബ്ലോ മൊറാലസ് എന്നീ നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടു.
അഭയാർത്ഥികളെ സഹായിക്കുന്ന സംഘടനയിൽ ക്യൂബൻ ചാരന്മാർ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്നത്തെ ക്യൂബൻ പ്രതിരോധ മന്ത്രിയായിരുന്ന റൗൾ കാസ്ട്രോയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യുദ്ധവിമാനങ്ങൾ യാതൊരു മുന്നറിയിപ്പുമില്ലാതെ മിസൈൽ തൊടുത്തുവിട്ടതെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ.
അമേരിക്കൻ പൗരന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തുക, വിമാനങ്ങൾ തകർക്കുക, കൊലപാതകം എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. പ്രതികളിൽ ഒരാളായ ലൂയിസ് റൗൾ ഗോൺസാലസ് (65) നിലവിൽ യുഎസ് കസ്റ്റഡിയിലാണ്. കേസിന്റെ അന്വേഷണം എഫ്ബിഐ മിയാമി ഫീൽഡ് ഓഫിസാണ് നിർവഹിക്കുന്നത്.
30 വർഷമായി നീതിക്കായി കാത്തിരിക്കുന്ന ഇരകളുടെ കുടുംബങ്ങൾക്ക് ഇതൊരു വലിയ ആശ്വാസമാണെന്നും, അമേരിക്കക്കാരെ ആക്രമിക്കുന്നവർ എത്ര ഉന്നത പദവിയിലായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും യു.എസ് ആക്റ്റിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും വ്യക്തമാക്കി.
NRI
ന്യൂയോർക്ക്: ഇലഞ്ഞിത്തറ മേളത്തിന്റെ പ്രകമ്പനവും കുടമാറ്റത്തിന്റെ വർണവിസ്മയവും വെടിമരുന്നിന്റെ ഗന്ധവും ആവാഹിച്ചുകൊണ്ട് അമേരിക്കൻ മണ്ണിൽ വീണ്ടുമൊരു "മിനി തൃശൂർ' ഉണർന്നു. യുഎസ് തൃശൂർ പൂരത്തിന്റെ രണ്ടാം പതിപ്പ് പ്രവാസ ലോകത്തിന് നാടിന്റെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന സാംസ്കാരിക വിരുന്നായി മാറി.
ജാതിയും മതവും രാഷ്ട്രീയവും മറന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന പൂരപ്പെരുമ ഒട്ടും ചോർന്നുപോകാതെയാണ് അന്യനാട്ടിൽ പുനഃസൃഷ്ടിക്കപ്പെട്ടത്.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും തങ്ങളുടെ വേരുകളും സംസ്കാരവും പുതിയ തലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്.
International
ഹവാന: അമേരിക്കയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാൽ വലിയ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ക്യൂബൻ പ്രസിഡന്റ് മിഗുവെൽ ഡിയാസ് കാനൽ.
റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ക്യൂബ മുന്നൂറിലധികം സൈനിക ഡ്രോണുകൾ വാങ്ങിയതായും അവ അമേരിക്കക്കെതിരെ ഉപയോഗിക്കാൻ ആലോചിക്കുന്നതായും യുഎസ് വാർത്താ വെബ്സൈറ്റായ ആക്സിയോസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ യുഎസ് സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ റിപ്പോർട്ട് പുറത്തുവന്നത്.
കിഴക്കൻ ക്യൂബയിലെ യുഎസ് സൈനിക താവളമായ ഗ്വാണ്ടനാമോ ബേ, അമേരിക്കൻ സൈനിക കപ്പലുകൾ, കൂടാതെ ഫ്ലോറിഡ എന്നിവ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ക്യൂബ ആലോചിക്കുന്നതായി പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ക്യൂബ അമേരിക്കയ്ക്കോ മറ്റ് ഏതെങ്കിലും രാജ്യത്തിനോ ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്നും യുഎസ് നടത്തുന്ന ഏതൊരു ആക്രമണവും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും മിഗുവെൽ ഡിയാസ് കാനൽ മുന്നറിയിപ്പ് നൽകി.
ആക്രമണമുണ്ടായാൽ അതിനെതിരെ സ്വയം പ്രതിരോധിക്കാൻ തങ്ങളുടെ രാഷ്ട്രത്തിന് പൂർണവും നിയമപരവുമായ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരെങ്കിലും ക്യൂബയെ ആക്രമിക്കാൻ മുതിർന്നാൽ ക്യൂബ തിരിച്ചുപോരാടുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ക്യൂബൻ അംബാസഡർ എർണസ്റ്റോ സോബെറോൺ ഗുസ്മാൻ പറഞ്ഞു.
"60-കളിൽ അമേരിക്ക ക്യൂബയെ ആക്രമിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതാണ്. തീർച്ചയായും, ഇതൊരു വ്യത്യസ്തമായ സാഹചര്യമാണെന്ന് എല്ലാവർക്കും പറയാം. എന്നാൽ ക്യൂബൻ ജനതയുടെ പോരാട്ടവീര്യത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല'.-അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിച്ചതിനെത്തുടർന്ന് ക്യൂബയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസിക്കും ഉന്നത നേതാക്കൾക്കുമെതിരെ അമേരിക്കൻ ട്രഷറി ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
International
ന്യൂഡൽഹി: ഇറാന് അമേരിക്കയെ വിശ്വാസമില്ലെന്നും അവർ ഗൗരവത്തോടെ സമീപിച്ചാൽ മാത്രമേ ചർച്ചകളിൽ താൽപര്യമുള്ളൂയെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് അറഗ്ചിയുടെ പ്രതികരണം.
ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അറഗ്ചി ഡൽഹിയിലെത്തിയത്. ഇറാനോട് യുദ്ധം ചെയ്യുന്ന വിമാനങ്ങളും കപ്പലുകളും ഒഴികെ മറ്റെല്ലാ കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാമെന്ന് അറഗ്ചി പറഞ്ഞു.
ഹോർമുസിനു ചുറ്റുമുള്ള സാഹചര്യം സങ്കീർണമാണ്. ഹോർമുസിലെ സുരക്ഷയുടെ സംരക്ഷകർ എന്ന നിലയിലുള്ള ചരിത്രപരമായ കടമ ഇറാൻ എപ്പോഴും നിർവഹിക്കുമെന്നും അറഗ്ചി പറഞ്ഞു.
അതേസമയം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധം തുടങ്ങിയതോടെയാണ് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. കഴിഞ്ഞ മാസം യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ശാശ്വതമായ സമാധാന കരാറിൽ എത്തിയിട്ടില്ല. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്നിരുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കുടിയേറ്റക്കാർക്കും അവരുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന പ്രശസ്തമായ "പോൾ ആൻഡ് ഡെയ്സി സൊറോസ് ഫെലോഷിപ്' പ്രഖ്യാപിച്ചു.
തെരഞ്ഞെടുത്ത 30 പേരിൽ 11 പേരും ഇന്ത്യൻ വംശജരാണ്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ബിരുദാനന്തര പഠനത്തിനായി 90,000 ഡോളർ (ഏകദേശം 75 ലക്ഷം രൂപ) വരെ സാമ്പത്തിക സഹായം ലഭിക്കും. 3,070 അപേക്ഷകരിൽ നിന്നാണ് 30 പേരെ കണ്ടെത്തിയത്.
അമേരിക്കയുടെ സാമൂഹികവും ഭരണഘടനാപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ "പുതിയ അമേരിക്കക്കാരാണ്' ഈ പ്രതിഭകളെന്ന് ഫെലോഷിപ് സമിതി വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജർ
അഖിൽ രാജൻ: യേൽ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡിയും ജെഡിയും ചെയ്യുന്നു. ബൈഡൻ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അക്ഷയ വിജയ അന്നപ്രഗഡ: കാൻസർ കണ്ടെത്താനുള്ള ലിക്വിഡ് ബയോപ്സി സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്ന ഡോക്ടർ-സയന്റിസ്റ്റ്.
അനന്തൻ സദഗോപൻ: ഹാർവാർഡിൽ ബയോളജിക്കൽ സയൻസിൽ പിഎച്ച്ഡി ചെയ്യുന്നു. കെമിക്കൽ ബയോളജിയിൽ വിദഗ്ധൻ.
ആര്യ റാവു: ഹാർവാർഡ് - എംഐടി സംയുക്ത പ്രോഗ്രാമിൽ എംഡി/പിഎച്ച്ഡി ചെയ്യുന്നു. എഐ ഉപയോഗിച്ചുള്ള ചികിത്സാ രീതികളിൽ ഗവേഷണം.
അവിനാഷ് വദാലി: എംഐടിയിൽ ഫിസിക്സിൽ പിഎച്ച്ഡി ചെയ്യുന്നു. ക്വാണ്ടം സിസ്റ്റങ്ങളിൽ ഗവേഷണം.
ഇലീന ലോഗാനി: സ്റ്റാൻഫോർഡ് ലോ സ്കൂളിൽ ജെഡി വിദ്യാർഥി. സാമൂഹിക നീതിയും സാമ്പത്തിക നയങ്ങളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനം.
റിയ ദാസ്: എംഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും കമ്പ്യൂട്ടർ സയൻസിലും പിഎച്ച്ഡി ചെയ്യുന്നു.
റോണക് ദേശായി: എഐ ഉപയോഗിച്ച് പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്താനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.
സെറീൻ സിംഗ്: ഓക്സ്ഫോർഡിൽ നിന്ന് ക്രിമിനോളജിയിൽ പിഎച്ച്ഡി നേടി. നീതിന്യായ വ്യവസ്ഥയിലെ പരിഷ്കാരങ്ങൾക്കായി പ്രവർത്തിക്കുന്നു.
വിവസ്വൻ വൈകുണ്ഠ: യുസിഎസ്എഫിൽ ഇമ്മ്യൂണോളജിയിലും ജീൻ എഡിറ്റിംഗിലും ഗവേഷണം നടത്തുന്നു.
യാസ ബേഗ്: സ്റ്റാൻഫോർഡ് സർവകലാശാലയിൽ ബയോ എൻജിനിയറിംഗിൽ പിഎച്ച്ഡി ചെയ്യുന്നു.
International
ടെൽഅവീവ്: അമേരിക്കയിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കോടികളുടെ പ്രതിരോധ കരാറിന് ഇസ്രയേൽ അംഗീകാരം നൽകി. ഇസ്രയേൽ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലോക്ഹീഡ് മാർട്ടിന്റെ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനവും ബോയിംഗിന്റെ എഫ്-15 ഐഎ യുദ്ധവിമാനവുമാണ് ഇസ്രയേൽ പുതുതായി സ്വന്തമാക്കുന്നത്.
വരും വർഷങ്ങളിൽ ഇസ്രയേലിന്റെ വ്യോമാധിപത്യം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതിയെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ പൈലറ്റുമാർക്ക് ഇറാന്റെ ആകാശത്ത് എവിടെയും എത്താൻ കഴിയും, ആവശ്യം വന്നാൽ അവരത് ചെയ്യുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് ഏത് സമയത്തും എവിടെയും പ്രവർത്തിക്കാനുള്ള കരുത്ത് നൽകുന്ന 'ഷീൽഡ് ഓഫ് ഇസ്രയേൽ' പദ്ധതിയുടെ ഭാഗമായാണ് ഈ വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ ഇസ്രയേലിന്റെ പക്കൽ നിരവധി എഫ്-35 വിമാനങ്ങൾ ഉണ്ടെങ്കിലും സേനയുടെ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കരാർ.
International
വാഷിംഗ്ടൺ: സമാധാനത്തിന്റെ വക്താവാകുമെന്ന് അവകാശപ്പെട്ട് അധികാരമേറ്റ ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം ലോകത്തിന് സമ്മാനിക്കുന്നത് രക്തരൂഷിതമായ യുദ്ധചരിത്രമെന്ന് റിപ്പോർട്ട്. വിദേശ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയ ട്രംപിന്റെ കീഴിൽ കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സൈനിക ഇടപെടലുകളാണ് അമേരിക്ക നടത്തിയിരിക്കുന്നത്.
2024നെ അപേക്ഷിച്ച് 2025ൽ അമേരിക്കയുടെ വിദേശ ആക്രമണങ്ങളിൽ 50 ശതമാനത്തിന്റെ വർധനവുണ്ടായി. ട്രംപിന്റെ രണ്ടാം ഊഴത്തിന്റെ ആദ്യ വർഷം മാത്രം 663 സൈനിക ഇടപെടലുകൾ നടന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ യുഎസ് ആക്രമണങ്ങളിൽ 60 ശതമാനവും യമനിലാണ് നടന്നത്. സൊമാലിയയിൽ 2025-ന് ശേഷം മാത്രം 150-ലധികം ആക്രമണങ്ങൾ അമേരിക്ക നടത്തി. ഇത് ട്രംപിന്റെ ഒന്നാം ഭരണകാലത്തെ ആകെ ആക്രമണങ്ങളുടെ പകുതിയോളം വരും.
ഇസ്രയേലിന്റെ യുദ്ധങ്ങളിൽ പങ്കുചേർന്നുകൊണ്ട് ഇറാനെതിരെയുള്ള ആക്രമണങ്ങളിലും അമേരിക്ക സജീവമാണ്. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്.
1989ലെ പനാമ അധിനിവേശത്തിന് ശേഷം ലാറ്റിൻ അമേരിക്കയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ ഇടപെടലായിരുന്നു ഈ വർഷം വെനസ്വേലയിൽ നടന്ന സൈനിക നീക്കം. ഏകദേശം 200 യുഎസ് സൈനികരാണ് വെനസ്വേലയിലെ കരാക്കസിൽ പ്രവേശിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ആയിരത്തിലധികം പേർ യുഎസ് നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
സമാധാനമുണ്ടാക്കുമെന്ന് പറയുന്ന ട്രംപിന്റെ നയങ്ങൾ അമേരിക്കൻ ജനതയ്ക്കിടയിലും ജനപ്രിയമല്ല. ഇറാനെതിരെയുള്ള ആക്രമണത്തെ 40 ശതമാനത്തിലധികം അമേരിക്കക്കാർ എതിർക്കുന്നുവെന്ന് റോയിട്ടേഴ്സ് പോൾ വ്യക്തമാക്കുന്നു. സമാധാനം സ്ഥാപിക്കുന്ന ആളായി ചരിത്രം തന്നെ രേഖപ്പെടുത്തുമെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, അദ്ദേഹം അധികാരമേറ്റ ശേഷം ലോകമെമ്പാടും സംഘർഷങ്ങൾ മൂർച്ഛിക്കുകയാണ് ചെയ്തിട്ടുള്ളത്.
International
ന്യൂഡൽഹി: ട്രംപ് നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. പരാമർശങ്ങൾ വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതുമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
"അഭിപ്രായങ്ങളും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. പരാമർശങ്ങൾ വ്യക്തമായും വിവരമില്ലാത്തതും, അനുചിതവും, മോശം അഭിരുചിയുള്ളതുമാണ്. പരസ്പര ബഹുമാനത്തിലും താൽപര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർഥ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നില്ല'.- വിദേശകാര്യ മന്ത്രാലയം വക്തവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവർ യുഎസ് തീരത്തുവന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവനയാണ് ട്രംപ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകർപ്പുമാണ് ട്രംപ് പങ്കുവച്ചത്.
‘ഗർഭത്തിന്റെ ഒൻപതാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവർ വരും. എന്നിട്ട് ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും നരകക്കുഴികളിൽ നിന്നോ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരും.
കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ യുഎസിനെ കുപ്പത്തൊട്ടിയാക്കുകയാണ്. ഇങ്ങനെ പോയാൽ യുഎസ് ഇന്ത്യയുടെയും ചൈനയുടെയും കോളനിയായി മാറും. തൊഴിൽസാധ്യതകളും ഇവർ അട്ടിമറിക്കുകയാണ്’. തുടങ്ങിയവയായിരുന്നു സാവേജിന്റെ പരാമർശങ്ങൾ.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ നാവികസേനാ മേധാവി ജോൺ ഫീലൻ രാജിവച്ചു. അപ്രതീക്ഷിതമായാണ് രാജി. വൈറ്റ് ഹൗസിൽ ട്രംപ് ഭരണകൂടത്തിൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്കു കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെയാണ് ജോൺ ഫീലൻ സ്ഥാനമൊഴിയുന്നതായി പെന്റഗൺ പ്രഖ്യാപിച്ചത്. രാജിക്കു വ്യക്തമായ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ജോൺ ഫീലന് പകരം അണ്ടർ സെക്രട്ടറി ഹംഗ് കാവോ യുഎസ് നേവിയുടെ ആക്ടിംഗ് നേവി സെക്രട്ടറിയായി ചുമതലയേറ്റു. ഇറേനിയൻ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധം തുടരുന്ന ഘട്ടത്തിലാണ് ഈ മാറ്റം. ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ ഗതാഗതം തടഞ്ഞതും അന്താരാഷ്ട്ര തലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാക്കിയതും നിലവിലെ വെല്ലുവിളികളാണ്.
ട്രംപ് ഭരണകൂടത്തിനു കീഴിൽ പ്രതിരോധ വകുപ്പിൽ നടക്കുന്ന പ്രധാന മാറ്റങ്ങളിലൊന്നാണിത്. ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് നേവി സെക്രട്ടറിയുടെ പടിയിറക്കം. ഹോർമുസ് കടലിടുക്കിലെ സംഘർഷം അവസാനിപ്പിക്കാൻ ഏപ്രിൽ എട്ടിന് വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും ഇറാനെ സാമ്പത്തിക ഉപരോധത്തിലാക്കാൻ അമേരിക്ക നടത്തിയ നീക്കങ്ങൾ സ്ഥിതി പിന്നെയും വഷളാക്കി. ഇതേത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഈ നയതന്ത്ര - സൈനിക പ്രതിസന്ധികൾക്കിടയിലാണ് യുഎസ് നാവികസേനയുടെ തലപ്പത്ത് രാജി.
International
ടെഹ്റാൻ: ഭീഷണിയുടെ നിഴലിൽ അമേരിക്കയുമായി ചർച്ചയ്ക്ക് ഒരുക്കമല്ലെന്ന് ഇറാൻ. സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്കു പുറപ്പെടാനിരിക്കെയാണ് കടുത്ത നിലപാടുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തെത്തിയത്.
പാക് തലസ്ഥാന നഗരമായ ഇസ്ലമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകൾക്കു മുന്നോടിയായാണ് ഇറാന്റെ പ്രതികരണം. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയായി.
വെടിനിർത്തൽ കരാർ ലംഘിച്ചും ഉപരോധം ഏർപ്പെടുത്തിയും ചർച്ചയെ കീഴടങ്ങൽ വേദിയാക്കി മാറ്റാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമമെന്ന് ഗാലിബാഫ് കുറ്റപ്പെടുത്തി.
"ചർച്ചകളെ യുദ്ധത്തിനുള്ള ന്യായീകരണമാക്കി മാറ്റാനാണ് ട്രംപിന്റെ നീക്കം. എന്നാൽ, ഭീഷണികൾക്കു മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധക്കളത്തിൽ പുതിയ കരുനീക്കങ്ങൾ നടത്താൻ ഇറാൻ തയാറെടുത്തു കഴിഞ്ഞു.' -ഗാലിബാഫ് എക്സിൽ പ്രതികരിച്ചു.
വെടിനിർത്തൽ ഇന്ന് അവസാനിക്കും
ചൊവ്വാഴ്ച വൈകുന്നേരത്തോടെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, കരാറിൽ എത്തിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇറാനെ പൂർണമായും തകർക്കുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഭീഷണി. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതു മേഖലയിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രുവൻസ് ഇറാൻ കപ്പൽ തടയുകയും പിടിച്ചെടുക്കുകയുമായിരുന്നു. അമേരിക്കയുടെ നടപടിക്കു പിന്നാലെ ഇറാൻ ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടി നൽകിയതായായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക നടത്തുന്നതു സായുധ കൊള്ളയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാന്റെ ഖാത്തം അൽഅൻബിയ സെൻട്രൽ ആസ്ഥാനം വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫഗാരി പ്രതികരിച്ചിരുന്നു.
അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗചി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. വാഷിംഗ്ടണിന്റെ വൈരുധ്യം നിറഞ്ഞ നിലപാടുകൾ നയതന്ത്രത്തിനു യോജിച്ചതല്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ ഏതു നടപടിയും സ്വീകരിക്കാൻ ഇറാൻ മടിക്കില്ലെന്നും അരാഗചി വ്യക്തമാക്കി.
അമേരിക്കയുടെ മുൻകാല നടപടികൾ രാജ്യത്തു വലിയ അവിശ്വാസമാണു സൃഷ്ടിച്ചതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. ഇറാൻ ജനത ഭീഷണികൾക്കു വഴങ്ങില്ലെന്നും ബലപ്രയോഗം കൊണ്ടു തങ്ങളെ കീഴ്പ്പെടുത്താമെന്നു കരുതേണ്ടെന്നും പെസെഷ്കിയാൻ പറഞ്ഞു.
Leader Page
1956ൽ ഈജിപ്ത് അഞ്ച് മാസത്തേക്ക് സൂയസ് കനാൽ അടച്ചുപൂട്ടിയപ്പോൾ അത് ബ്രിട്ടന്റെ പൗണ്ട് സ്റ്റെർലിംഗിന്റെ ആഗോളപദവി ഇല്ലാതാക്കുകയും പെട്രോഡോളർ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കു മുമ്പു തങ്ങളെ അടിച്ചമർത്തിയ സാമ്പത്തികശക്തിക്ക് ഒരു ചെറിയ രാജ്യത്തിന് എങ്ങനെ ഗുരുതരമായ നാശനഷ്ടം വരുത്താം എന്നതിന് അതു തെളിവായി.
അമേരിക്ക ഇപ്പോൾ സ്വന്തം "സൂയസ് നിമിഷത്തെ' അഭിമുഖീകരിക്കുകയാണെന്ന് ചിലർ വാദിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള ലളിതമായ ഒരു വിലയിരുത്തലാണിതെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറേനി യൻ യുദ്ധ അബദ്ധത്തിനു മുന്നിൽ ഡോളറിന്റെ ആധിപത്യം തകരില്ലെന്ന അമിത ആത്മവിശ്വാസവും അത്രതന്നെ തെറ്റാണ്.
ഇറാന്റെ നടപടികളും സൂയസ് പ്രതിസന്ധിയും തമ്മിലുള്ള സാമ്യം നമ്മെ തെറ്റിദ്ധരിപ്പിച്ചേക്കാം. ഈജിപ്തും ഇറാനും തങ്ങളുടെ നിയന്ത്രണത്തിലുള്ള ജലപാതകൾ അടച്ച് എണ്ണ വിതരണം തടസപ്പെടുത്തി എന്നത് സത്യമാണ്. ഇത് സാമ്പത്തിക ശക്തികളുടെ സമ്പദ്വ്യവസ്ഥയിൽ ഊർജവില കുത്തനെ ഉയരാൻ കാരണമായി. സാമ്പത്തിക വിപണികൾ തകർന്നു. വളം, ഗതാഗതം എന്നിവയുടെ വിലക്കയറ്റത്തിന്റെ ആഘാതം എപ്പോഴും ദരിദ്രരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. എന്നാൽ ഹോർമുസ് അമേരിക്കയ്ക്ക് ഒരു "സൂയസ്’ ആകില്ലെന്നു സൂചിപ്പിക്കുന്ന ചില അടിസ്ഥാന വ്യത്യാസങ്ങളുണ്ട്.
സൂയസ് പ്രതിസന്ധി കേവലം ബ്രിട്ടന്റെ പാപ്പരത്തം സ്ഥിരീകരിക്കുക മാത്രമാണ് ചെയ്തത്. 1945 ഡിസംബറിൽ, വളർന്നുവരുന്ന അമേരിക്കൻ സാമ്രാജ്യം ബ്രിട്ടനെ ഒരു വായ്പക്കെണിയിൽ കുടുക്കിയിരുന്നു. പാപ്പരായ മുൻ സാമ്രാജ്യത്തിന് ഇനി ആഗോളതലത്തിൽ അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നു മാത്രമാണ് സൂയസ് തെളിയിച്ചത്. എന്നാൽ അമേരിക്ക, ട്രംപിന്റെ കഴിവില്ലായ്മയും അശ്രദ്ധമായ ഭരണവും ഉണ്ടായിരുന്നിട്ടും, അത്തരമൊരു തകർച്ചയുടെ അരികിലല്ല.
അമേരിക്കയുടെ കടബാധ്യതയെക്കുറിച്ച് ആശങ്കകളുണ്ടെങ്കിലും 1956ലെ ബ്രിട്ടന്റെ സാമ്പത്തിക സമ്മർദവുമായി അതിനെ താരതമ്യം ചെയ്യുന്നത് അർഥശൂന്യമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഒരിക്കലും സ്റ്റെർലിംഗിന് "അമിതമായ പദവി’ (Exorbitant Privilege) നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതായത്, തങ്ങളുടെ കമ്മി നികത്താൻ ലോകമെമ്പാടുമുള്ള മൂലധനം തങ്ങളിലേക്ക് എത്തിക്കാനുള്ള അമേരിക്കയുടെ കഴിവ് ബ്രിട്ടന് ഉണ്ടായിരുന്നില്ല.
ഇന്ന്, അമേരിക്കക്കാരല്ലാത്തവർക്ക് എണ്ണ വാങ്ങാൻ പ്രതിവർഷം ഏകദേശം ഒരു ട്രില്യൺ ഡോളർ ആവശ്യമാണ്. ഇത് 2026ലെ അമേരിക്കൻ പ്രതിരോധ ബജറ്റിന് ഏകദേശം തുല്യമാണ്. ഊർജവും ആയുധങ്ങളും വാങ്ങാൻ ഡോളർ സമ്പാദിക്കാൻ അവർ ലോകത്തിന് സാധനങ്ങൾ വിൽക്കണം. മറ്റാരെയുംപോലെ, മറ്റുള്ളവർക്ക് ആവശ്യമുള്ള ഡോളർ അമേരിക്ക അച്ചടിക്കുകയും അതിന്റെ വായ്പാ ചെലവ് വിദേശികളുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം 100 ട്രില്യൺ ഡോളർ വരുന്ന ആഗോള ഡോളർ കടം കൂടി ചേർത്താൽ അമേരിക്കയുടെ അജയ്യമായ അധികാരം വ്യക്തമാകും. ബ്രിട്ടന് ഇത് ഒരിക്കലും ഉണ്ടായിരുന്നില്ല.
അതുപോലെ, പെട്രോൾ വില വർധന അമേരിക്കക്കാരെ ബാധിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ അമേരിക്കയ്ക്ക് ഗൾഫിൽനിന്നുള്ള എണ്ണ ആവശ്യമില്ല. എന്നാൽ 1956ൽ ബ്രിട്ടന്റെ അവസ്ഥ ഇതല്ലായിരുന്നു.
ബാങ്കിംഗ് മേഖലയിലും സമാന വ്യത്യാസമുണ്ട്. സൂയസ് പ്രതിസന്ധി ലണ്ടനിലെ ബാങ്കുകളുടെ വരുമാനത്തെ സാരമായി ബാധിച്ചു. എന്നാൽ എഴുപത് വർഷങ്ങൾക്കിപ്പുറം, ട്രംപിന്റെ സാഹസികതമൂലം വിപണിയിലുണ്ടായ അസ്ഥിരതയിൽ നിന്ന് വാൾ സ്ട്രീറ്റ് ബാങ്കുകൾ വൻ ലാഭമാണു കൊയ്യുന്നത്. അമേരിക്കൻ ആധിപത്യവും അവിടുത്തെ ഭരണവർഗത്തിന്റെ സമ്പത്തും സാധാരണ പൗരന്മാരുടെ ക്ഷേമത്തിനു വിപരീതമായിട്ടാണ് നിലകൊള്ളുന്നത്.
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് പെട്രോഡോളർ വ്യവസ്ഥയുടെ അന്ത്യമല്ലെങ്കിലും അമേരിക്കൻ ആധിപത്യത്തിൽനിന്നുള്ള മാറ്റത്തിന് ആവശ്യമായ ഘടനാപരമായ മാറ്റങ്ങളിലേക്ക് അത് വിരൽ ചൂണ്ടുന്നു.
പാകിസ്ഥാന്റെ കാര്യമെടുക്കുക. ട്രംപിനും ഇറാനും ഇടയിലുള്ള ഒരു പ്രധാന മധ്യസ്ഥനായി മാറിയതിന്റെ ആവേശത്തിലാണ് പാക്കിസ്ഥാൻ സൈനിക സർക്കാർ. ചൈനീസ് സോളാർ പാനലുകളെ ആശ്രയിച്ച് അവർ തങ്ങളുടെ വ്യവസായ അടിത്തറ മാറ്റുകയാണ്. മറ്റ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളും ഇതു പിന്തുടരുന്നു. ഇത് അമേരിക്കയുടെ ഹൈഡ്രോകാർബൺ-ഡോളർ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നു.
പിന്നീട് "യുക്രെയ്ൻ പ്രഭാവം’ വരുന്നു. റഷ്യൻ ആസ്തികൾ കണ്ടുകെട്ടുകയും ആഗോള ധനകാര്യ ശൃംഖലയിൽനിന്ന് അവരെ പുറത്താക്കുകയും ചെയ്തപ്പോൾ, ""ഇന്ന് റഷ്യയാണെങ്കിൽ നാളെ അത് നിങ്ങളിൽ ആരുമാകാം’’എന്ന സന്ദേശമാണ് അമേരിക്ക ലോകത്തിന് നൽകിയത്. സൗദി അറേബ്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ധനികർ ഇത് വ്യക്തമായി മനസിലാക്കി. ഉടൻതന്നെ അവർ ബദൽ മാർഗങ്ങൾ തേടിത്തുടങ്ങി. ചൈന ഒരുക്കിയ ഡിജിറ്റൽ കറൻസി, "ബ്രിക്സ് പേ’, വീചാറ്റ് തുടങ്ങിയ സംവിധാനങ്ങളിലേക്ക് അവർ ശ്രദ്ധ തിരിച്ചു. ഈ സംഭവവികാസങ്ങൾ ഡോളറിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമാകില്ലെങ്കിലും അമേരിക്കയുടെ നിയന്ത്രണമില്ലാത്ത ഒരു ബദൽ സാമ്പത്തിക വ്യവസ്ഥയുടെ ഉദയത്തെ സൂചിപ്പിക്കുന്നുണ്ട്.
അമേരിക്കയുടെ സൂയസ് പ്രതിസന്ധിയല്ല ഇറാൻ യുദ്ധമെങ്കിലും അത് ഒരുപക്ഷേ അമേരിക്കയുടെ "ഗലിപ്പോളി നിമിഷമായി’ (Gallipoli moment) മാറിയേക്കാം. 1915ൽ ഡാർഡനെൽസ് ഉപദ്വീപിൽവച്ചാണ് ബ്രിട്ടീഷ് സാമ്രാജ്യം വൻതോതിലുള്ള ഒരു തിരിച്ചടി നേരിട്ടത്. ക്ഷയിച്ചുപോയ ഒരു ഭരണകൂടത്തിന്റെ കരുത്തിനെ കുറച്ചുകാണുകയും സ്വന്തം സൈനികശേഷിയെ അമിതമായി വിലയിരുത്തുകയും അങ്ങേയറ്റം ആശയക്കുഴപ്പം നിറഞ്ഞ തന്ത്രങ്ങൾ മെനയുകയും ചെയ്തതിലൂടെ സംഭവിച്ച ഒരു ദുരന്തമായിരുന്നു അത്. ഇതു കേൾക്കുമ്പോൾ സമകാലികമായി തോന്നുന്നില്ലേ?
(യാനിസ് വരുഫാക്കിസ് ഗ്രീസിന്റെ മുൻ ധനമന്ത്രിയും ആഥൻസ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രഫസറുമാണ്.)
പകർപ്പവകാശം: പ്രോജക്ട് സിൻഡിക്കറ്റ്, 2026.
www.project-syndicate.org
NRI
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ്) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ, ഡിഎഫ്ഡബ്ല്യു എയർപോർട്ട് നോർത്ത്, കോപ്പേൽ ടെക്സസിൽ നടക്കും.
"നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക' എന്നത് ഒരു പ്രമേയമായി സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.
ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും.
ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് നൈനയുടെയും ഐനന്റിന്റെയും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും വിവാദമായ നിരവധി സന്ദർഭങ്ങളുണ്ട്. ഏറ്റവുമൊടുവിൽ ക്രിസ്തുവായി സ്വയം ചിത്രീകരിച്ച് അദ്ദേഹം പങ്കുവച്ച എഐ ചിത്രം കടുത്ത വിമർശനം ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ചിത്രങ്ങൾക്കും വീഡിയോകൾക്കുമെതിരേ വിമർശനം കടുക്കുമ്പോൾ ചിലത് അദ്ദേഹം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ വിവാദമായ ചില പ്രധാന സംഭവങ്ങൾ:
രാഷ്ട്രീയ നേട്ടങ്ങൾക്കോ എതിരാളികളെ വിമർശിക്കാനോ ആയിട്ടാണ് ട്രംപ് പലപ്പോഴും ഇത്തരം ദൃശ്യങ്ങൾ ഉപയോഗിക്കുന്നത്. പലപ്പോഴും തെറ്റായ വിവരങ്ങൾ (Misinformation) അടങ്ങിയതോ മതവികാരം വ്രണപ്പെടുത്തുന്നതോ അല്ലെങ്കിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആണെന്ന ആക്ഷേപമാണ് ഉയരാറുണ്ട്.
പ്രധാന വിവാദങ്ങൾ
യൂണിഫൈഡ് റീച്ച് (Unified Reich) വീഡിയോ
2024ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വന്ന ഒരു വീഡിയോ വലിയ തരംഗമുണ്ടാക്കി. ട്രംപ് വീണ്ടും അധികാരത്തിൽ വന്നാൽ എങ്ങനെയുണ്ടാകും എന്ന് വിവരിക്കുന്ന വീഡിയോയിൽ, ഒന്നാം ലോകമഹായുദ്ധകാലത്തെ ജർമനിയെ സൂചിപ്പിക്കുന്ന "യൂണിഫൈഡ് റീച്ച്" എന്ന വാചകം ഉൾപ്പെട്ടിരുന്നു. ഇതു നാസി ചിഹ്നങ്ങളുമായും ആശയങ്ങളുമായും ബന്ധപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം ഉയർന്നതോടെ ട്രംപിന്റെ ടീം ഈ വീഡിയോ നീക്കം ചെയ്തു. ഒരു സ്റ്റാഫ് മെംബർ അറിയാതെ പോസ്റ്റ് ചെയ്തതാണെന്നായിരുന്നു വിശദീകരണം.
ബൈഡനെ കെട്ടിയിട്ട ചിത്രം
നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ കൈകാലുകൾ കെട്ടിയിട്ട നിലയിലുള്ള ചിത്രം ഒരു ട്രക്കിന്റെ പിൻഭാഗത്തു പതിപ്പിച്ചിരിക്കുന്ന വീഡിയോ ട്രംപ് പങ്കുവച്ചിരുന്നു. ഇതു ശാരീരികമായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു ഡെമോക്രാറ്റുകൾ ആരോപിച്ചു. രൂക്ഷമായ വിമർശനങ്ങൾക്കിടയിലും ഇത്തരം ഉള്ളടക്കങ്ങൾ ട്രംപിന്റെ അനുയായികൾക്കിടയിൽ വലിയ പ്രചാരം നേടി.
AI നിർമിതം (Deepfakes)
അടുത്തിടെ, പ്രശസ്ത ഗായിക ടെയ്ലർ സ്വിഫ്റ്റ് തന്നെ പിന്തുണയ്ക്കുന്നു എന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു നിർമിച്ച വ്യാജ ചിത്രങ്ങൾ ട്രംപ് പങ്കുവച്ചിരുന്നു. ഇതു സ്വിഫ്റ്റ് ആരാധകരുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായി. പകർപ്പവകാശ ലംഘനവും വ്യക്തിഹത്യയും ആരോപിക്കപ്പെട്ടതോടെ ഇത്തരം പോസ്റ്റുകൾ ചർച്ചയായി.
ദൈവത്തെപ്പോലെ!
"ദ ഗോസ്പൽ അക്കോർഡിംഗ് ടു ഡൊണാൾഡ് ട്രംപ്" (The Gospel According to Donald Trump)
അടുത്തിടെ ട്രംപ് പങ്കുവച്ച ഒരു വീഡിയോയിൽ സ്വയം ഒരു ദൈവതുല്യമായ വ്യക്തിത്വമായി ചിത്രീകരിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. "ദൈവം നമുക്ക് ഒരു സംരക്ഷകനെ തന്നു" എന്ന അർഥത്തിലുള്ള വരികൾ ഇതിൽ ഉൾപ്പെട്ടിരുന്നു. ഇതു യേശുക്രിസ്തുവിനോടു ട്രംപിനെ ഉപമിക്കുന്നതാണെന്ന് ആരോപിച്ചു പല ക്രൈസ്തവ ഗ്രൂപ്പുകളും രംഗത്തെത്തി. ഇത് ദൈവനിന്ദയാണെന്ന വിമർശനം ഉയർന്നതോടെ വലിയ വിവാദമായി മാറി.
ബൈബിൾ ഉയർത്തിയ ചിത്രം
ബൈബിൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ചിത്രം (St. John's Church). 2020ൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടർന്നു നടന്ന പ്രതിഷേധങ്ങൾക്കിടയിൽ, വൈറ്റ് ഹൗസിനു സമീപമുള്ള സെന്റ് ജോൺസ് ചർച്ചിന് മുന്നിൽനിന്നു ട്രംപ് ബൈബിൾ ഉയർത്തിപ്പിടിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ കണ്ണീർ വാതകം ഉപയോഗിച്ചു നീക്കം ചെയ്ത ശേഷമാണ് ട്രംപ് അവിടെ എത്തിയത്. ക്രിസ്തീയ ചിഹ്നങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നു സഭാ അധികൃതർ കടുത്ത വിമർശനം ഇതിനെതിരേ ഉന്നയിച്ചിരുന്നു.
മതം ചിഹ്നങ്ങൾ
ട്രംപ് മുട്ടുകുത്തി പ്രാർഥിക്കുന്നതായോ അല്ലെങ്കിൽ യേശുക്രിസ്തു അദ്ദേഹത്തിന്റെ തോളിൽ കൈവച്ച് നിൽക്കുന്നതായോ ഉള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) ചിത്രങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിക്കാറുണ്ട്. ട്രംപ് തന്നെ ഇത്തരം ചില ചിത്രങ്ങൾ തന്റെ ട്രൂത്ത് സോഷ്യൽ (Truth Social) അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇതു മതവിശ്വാസത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നു എന്ന പേരിൽ വിമർശിക്കപ്പെട്ടു.
ഈസ്റ്റർ സന്ദേശവും വിവാദങ്ങളും
ഈസ്റ്റർ സമയത്ത് തന്റെ രാഷ്ട്രീയ എതിരാളികളെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ട്രംപ് പങ്കുവയ്ക്കാറുണ്ട്. വിശുദ്ധമായ ഒരു ദിവസത്തെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നു എന്നതു വിശ്വാസികൾക്കിടയിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു.
പിൻവലിക്കൽ പതിവ്
മിക്കപ്പോഴും കടുത്ത വിമർശനം ഉയരുമ്പോൾ വിവാദമുണ്ടാക്കുന്ന ചിത്രങ്ങളും വിഡിയോകളും പിൻവലിച്ച് തടിയൂരുന്നതാണ് ട്രംപിന്റെ രീതി. മതവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് അദ്ദേഹം ഇങ്ങനെ പിൻവലിച്ചിട്ടുള്ളതിൽ ഏറെയും. തന്നെ ക്രിസ്തുവായി ചിത്രീകരിക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം പങ്കുവച്ചത് കടുത്ത പ്രതിഷേധത്തെത്തുടർന്നു ട്രംപ് പിൻവലിച്ചിരുന്നു. ക്രൈസ്തവ വോട്ടർമാരുടെ ഇടയിൽ തനിക്കു ലഭിക്കുന്ന പിന്തുണ കുറയാൻ ഇത്തരം വിവാദങ്ങൾ കാരണമായേക്കാം എന്ന വിലയിരുത്തലിലാണ് പലപ്പോഴും ട്രംപിന്റെ ടീം ഇത്തരം പോസ്റ്റുകൾ പിൻവലിക്കാൻ നിർബന്ധിതരാകുന്നത്.
International
വാഷിംഗ്ടൺ ഡിസി: യേശുക്രിസ്തുവിനോടു സാമ്യമുള്ള എഐ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ രൂക്ഷവിമർശനം. ലോകമെമ്പാടുംനിന്നു പ്രതിഷേധം ശക്തമായതോടെ, ഒടുവിൽ ട്രംപ് ചിത്രം നീക്കം ചെയ്തു. മതനേതാക്കളിൽനിന്നും സ്വന്തം അനുയായികളിൽനിന്നും ദൈവനിന്ദ ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ നടപടി.
ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചുവപ്പും വെള്ളയും കലർന്ന വസ്ത്രം ധരിച്ച്, കൈകളിൽനിന്നും തലയിൽനിന്നും പ്രകാശം പുറപ്പെടുന്ന രീതിയിലായിരുന്നു ട്രംപിനെ ചിത്രീകരിച്ചിരുന്നത്. അസുഖബാധിതനായ ഒരാളുടെ നെറ്റിയിൽ ട്രംപ് സ്പർശിക്കുന്നതും പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും അദ്ദേഹത്തെ ആരാധനയോടെ നോക്കിനിൽക്കുന്ന ജനക്കൂട്ടവുമാണു ചിത്രത്തിന്റെ ഉള്ളടക്കം.
വിവാദം കനത്തതോടെ വിശദീകരണവുമായി ട്രംപ് തന്നെ രംഗത്തെത്തി. താൻ യേശുവിനെപ്പോലെയാകാൻ ശ്രമിച്ചിട്ടില്ലെന്നും അതൊരു ഡോക്ടറുടെ വേഷമാണെന്നാണു താൻ കരുതിയതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. റെഡ് ക്രോസുമായി ബന്ധപ്പെട്ട കാര്യമാണെന്നാണു താൻ വിചാരിച്ചതെന്നും, താൻ ജനങ്ങളെ സുഖപ്പെടുത്തുന്ന ആളാണെന്നും ട്രംപ് അവകാശപ്പെട്ടു.
ട്രംപിനെ എപ്പോഴും പിന്തുണയ്ക്കാറുള്ള തീവ്ര ക്രിസ്ത്യൻ വിശ്വാസികളിൽനിന്നുപോലും കടുത്ത വിമർശനമാണ് ഉയർന്നത്. ട്രംപ് ചെയ്തത്, ദൈവനിന്ദയാണെന്നു യാഥാസ്ഥിതിക മാധ്യമപ്രവർത്തകരും വിമർശിച്ചു. മുമ്പും ഇത്തരം മതപരമായ ചിത്രങ്ങൾ ട്രംപ് പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ പ്രതിഷേധം ആദ്യമായാണ്.
ജൂലൈ 2024ലെ വധശ്രമത്തിനു ശേഷം, താൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണെന്ന രീതിയിലുള്ള പ്രതിച്ഛായ വളർത്തിയെടുക്കാൻ ട്രംപ് ശ്രമിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലെയോ മാർപാപ്പയുമായി ട്രംപ് നടത്തുന്ന വാക്പോരും ഈ പുതിയ വിവാദവും കത്തോലിക്കാ വോട്ടർമാരെ ട്രംപിൽനിന്ന് അകറ്റാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ട്രംപിന്റെ കടുത്ത ആരാധകർക്കിടയിൽ പുതിയ വിവാദം വലിയ മാറ്റമുണ്ടാക്കില്ലെന്നും പിന്തുണ തുടരുമെന്നുമാണു മറ്റൊരു വിഭാഗം നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
International
ടെഹ്റാൻ: ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് "മധുരമുള്ള ഓർമ' മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
"ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും.' ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
പാക്കിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇറാനിലെ എല്ലാ തുറമുഖങ്ങളിലേക്കുമുള്ള കപ്പലുകൾ തടയുമെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാമെങ്കിലും ഇറാനുമായി ബന്ധപ്പെട്ട ഗതാഗതത്തിനു പൂർണവിലക്ക് ഏർപ്പെടുത്താനാണു നീക്കം.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.
International
ടെഹ്റൻ: അമേരിക്ക മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശത്തിന് അംഗീകാരം നൽകിയത് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയ് എന്ന് റിപ്പോർട്ട്. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് വ്യക്തമാക്കിയ പരമോന്നത നേതാവ്, സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളോടും ആക്രമണം നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
മൊജ്തബ ഖമേനിയ്യുടെ പ്രസ്താവന സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിൽ വായിച്ചു. "വെടിനിർത്തൽ എന്നാൽ യുദ്ധം അവസാനിക്കുക എന്നല്ല അർഥമാക്കുന്നതെന്നും ശത്രുപക്ഷത്തുള്ള അമേരിക്കയോ ഇസ്രായേലോ ഏതെങ്കിലും വിധത്തിൽ ആക്രമണം നടത്തിയാൽ തങ്ങൾ തിരിച്ചടിക്കുമെന്നും' ഇറാൻ വ്യക്തമാക്കി.
"ഇത് യുദ്ധം അവസാനിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നില്ല, നമ്മുടെ കരങ്ങൾ ഇപ്പോഴും ആയുധത്തിൽ തന്നെയാണ്. ശത്രുവിന്റെ ഭാഗത്ത് നിന്നും ചെറിയ തെറ്റ് സംഭവിച്ചാൽ പോലും പൂർണശക്തിയോടെ അതിനെ നേരിടും'.-വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞു
ഫെബ്രുവരി 28നാണ് ഇറാനെതിരെ യുഎസും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിന്റെ ആദ്യദിനം തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു.
International
മോസ്ക്കോ: ഇറാനെതിരായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തെ എതിർത്ത് റഷ്യ. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടതില്ലെന്ന നിലപാടിൽ റഷ്യ. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചർച്ചകൾക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യശാസനകളോടും യുഎൻ സുരക്ഷ കൗൺസിൽ കടമ നിർവഹിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അവസാനിക്കും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ഒരു നാഗരികതയെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ കൊലവിളിയോടാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ട്രംപിന്റെ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഇറാൻ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.
International
ലണ്ടൻ: അമേരിക്കയുടെ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജസ്റ്റിസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയെ തുടർന്നാണ് പുറത്താക്കൽ. ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള കേസുകൾ വേഗത്തിലാക്കാത്തതിൽ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നു.
International
ടെഹ്റാൻ: ഇറാനെ ആക്രമിച്ച് 'ശിലായുഗത്തിലേക്ക്' തിരിച്ചയക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറിയുടെയും ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. വെറും 250 വർഷത്തെ മാത്രം ചരിത്രമുള്ള അമേരിക്ക, 6000 വർഷത്തിലധികം പഴക്കമുള്ള ഒരു നാഗരികതയെ ഭീഷണിപ്പെടുത്തുന്നത് ഹോളിവുഡ് സിനിമകളിലെ വ്യാമോഹം കൊണ്ടാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് മൂസാവി പരിഹസിച്ചു.
ഇറാനെ ശിലായുഗത്തിലേക്ക് തള്ളുമെന്ന ഭീഷണിക്ക് മറുപടിയായി, അമേരിക്ക തങ്ങളുടെ സൈനികരെ ശ്മശാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ജനറൽ മൂസാവി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് വരെ ഇറാനെ നാമാവശേഷമാക്കുമെന്നും ശിലായുഗത്തിലേക്ക് ബോംബിട്ട് തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും 'ബാക്ക് ടു ദ സ്റ്റോൺ ഏജ്' എന്ന് കുറിച്ചു.
ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നായ ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും, ഇത്തരം ഭീഷണികൾ വെറും ബാലിശമാണെന്നും ഇറാൻ സൈനിക നേതൃത്വം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നത്. ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന് പറയുന്നവർക്ക് ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഇറാൻ ജനറൽ കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിൽനിന്ന് അമേരിക്ക ഉടൻ പിൻവാങ്ങുമെന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. നാളെ നടത്താനിരിക്കുന്ന നിർണായക വാർത്താ സമ്മേളനത്തിന് മുന്നേയാണ് ട്രംപ് ഇക്കാര്യം വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത്. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരുമെന്നും ട്രംപ് വ്യക്തമാക്കി.
നാറ്റോ സഖ്യത്തിൽനിന്ന് അമേരിക്ക പുറത്തുപോകുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ നാറ്റോ ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാറ്റോ സൈന്യത്തെ അയച്ചിരുന്നില്ല. ഇറാൻ സർക്കാർ വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
നാറ്റോ വെറും കടലാസ് പുലിയാണെന്നും സഖ്യത്തിൽനിന്നും അമേരിക്ക പുറത്ത് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യുഎസ് പ്രസിഡന്റ് നേരത്തെയും സൂചന നൽകിയിരുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിക്ക് സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് ഈ കാര്യം ആലോചിക്കുന്നതെന്നാണ് ട്രംപിന്റെ പക്ഷം.
International
ബാഗ്ദാദ്: അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ബാഗ്ദാദിൽ വച്ച് ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ബാഗ്ദാദിലെ തിരക്കേറിയ ഒരു തെരുവിൽ വച്ച് തോക്കുമായെത്തിയ സംഘം ഇവരെ ബലമായി കാറിൽ നിന്നും പിടിച്ചിറക്കികൊണ്ടു പോവുകയായിരുന്നു.
സംഭവത്തിൽ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇവരെ തട്ടികൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒരു വിദേശ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ തട്ടിക്കൊണ്ടുപോകപ്പെട്ടയാളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോകപ്പെട്ട മാധ്യമപ്രവർത്തക യുഎസ് പൗരത്വമുള്ള ഒരു സ്ത്രീയാണെന്ന് രണ്ട് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് വാഹനങ്ങളിലായെത്തിയവരാണ് സംഭവത്തിന് പിന്നിലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്നപ്പോൾ കാറുകളിലൊന്ന് അപകടത്തിൽപ്പെട്ടുവെന്നും അധികൃതർ പറഞ്ഞു. രണ്ടാമത്തെ കാർ മാധ്യമപ്രവർത്തകയുമായി ബാഗ്ദാദിന്റെ തെക്ക് ഭാഗത്തേക്ക് കടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
നിലവിലെ ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. എന്നാൽ സംഘർഷം ആരംഭിച്ചതുമുതൽ ഇറാഖിലെ ഇറാൻ പിന്തുണയുള്ള സംഘങ്ങൾ യുഎസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ ആക്രമണം പതിവായി നടത്തുന്നുണ്ട്.
യുദ്ധം ആരംഭിച്ചതുമുതൽ, തട്ടിക്കൊണ്ടുപോകൽ സാധ്യതയെക്കുറിച്ച് യുഎസ് എംബസി മുന്നറിയിപ്പ് നൽകുകയും പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര വാർത്താ ഏജൻസികൾക്കായി മിഡിൽ ഈസ്റ്റിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വാർത്ത റിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ അവാർഡ് ജേതാവായ ഫ്രീലാൻസ് ജേണലിസ്റ്റാണ് ഷെല്ലി കിറ്റിൽസൺ.
സംഘർഷ മേഖലകളിൽ നിന്നുള്ള ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് ഇവർ ഏറെ പ്രശസ്തയാണ്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ വിവിധ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾക്കായി അവർ എഴുതിയിട്ടുണ്ട്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള നിർണായക ചർച്ചകൾക്കായി സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലെത്തുന്നു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഇന്നും നാളെയുമായി ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ മേഖലയിലെ സുരക്ഷയും സമാധാന ശ്രമങ്ങളും പ്രധാന വിഷയമാകും.
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദെലതി എന്നിവരാണ് പാകിസ്ഥാനിലെത്തുന്നത്. ഇവർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും കൂടിക്കാഴ്ച നടത്തും. ഇറാൻ-ഇസ്രയേൽ യുദ്ധം ഒരു ആഗോള സംഘർഷത്തിലേക്ക് പടരുന്നത് തടയാനും നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുമാണ് ഈ സഖ്യം ശ്രമിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ആശയവിനിമയത്തിന് പാകിസ്ഥാൻ ഒരു ഇടനിലക്കാരനായി പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
നേരത്തെ തുർക്കിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഈ ചർച്ചകൾ പാകിസ്ഥാൻ ഉപമുഖ്യമന്ത്രി ഇഷാഖ് ദാറിന്റെ അഭ്യർത്ഥന പ്രകാരമാണ് പാകിസ്ഥാനിലേക്ക് മാറ്റിയത്. യുദ്ധം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതിയോട് ഇറാൻ പ്രതികരിച്ചതായും ഈ ചർച്ചകളിൽ അതിന്റെ പുരോഗതി വിലയിരുത്തുമെന്നും സൂചനയുണ്ട്. പശ്ചിമേഷ്യയിലെ സഹോദര രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
NRI
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോട്ടിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ മരിച്ചു.
സ്കൂൾ ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേഷൻ ഓഫീസിനും സ്റ്റേഡിയത്തിനും ഇടയിലുള്ള പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. റഡാർ സംവിധാനത്തിന് തകരാർ പാർക്കിംഗ് ലോട്ടിലെ ഒരു വാഹനത്തിനുള്ളിൽ വെടിയേറ്റ നിലയിൽ രണ്ട് സ്ത്രീകളെ കണ്ടെത്തുകയായിരുന്നു.
ഇവരെ കൂടാതെ വെടിവയ്പ് നടത്തിയ ആളും മരിച്ചതായാണ് പ്രാഥമിക വിവരം. രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും നിലവിൽ മറ്റ് അക്രമികൾക്കായി തെരച്ചിൽ നടത്തുന്നില്ലെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
NRI
ന്യൂയോർക്ക്: കെഎച്ച്എൻഎയുടെ ആഭിമുഖ്യത്തിൽ സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ ഐക്യം, വിശ്വാസികളുടെ സാമൂഹ്യ സുരക്ഷ എന്നിവ ലക്ഷ്യമാക്കി വടക്കേ അമേരിക്കയിലെ മുഴുവൻ മലയാളി ഹൈന്ദവ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് ശനിയാഴ്ച അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം സംഘടിപ്പിക്കുന്നു.
സമസ്ത ലോകത്തിന്റെയും ഉയർച്ചക്കായി പ്രാർഥിക്കുന്ന വൈദികപരമ്പര്യത്തിൽ ഉറച്ചുനിന്നുള്ള ഹൈന്ദവശാക്തീകരണം ഇന്ത്യയിലും ലോകത്താകമാനവും ഇന്ന് വിജയകരമായി മുന്നേറുകയാണ്. അതിന്റെ ഭാഗമായിട്ടാണ് അമേരിക്കയിലും അത്തരമൊരു ഏകത സംഗമം സംഘടിപ്പിക്കുന്നത്.
വടക്കേ അമേരിക്കയിലെ അൻപതില്പരം ഹൈന്ദവ കൂട്ടായ്മകളും കെഎച്ച്എൻഎ അംഗസംഘടനകളും പങ്കെടുക്കുന്ന സമ്മേളനത്തിൽ അഖില ഭാരത പ്രജ്ഞ പ്രവാഹ് കേന്ദ്ര സംയോജകൻ ജെ. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെ കാലമായി മുഴുവൻ സമയ സമാജ പ്രവർത്തകനായ നന്ദകുമാർ അറിയപ്പെടുന്ന രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും സർവ്വോപരി ഹിന്ദുത്വ രാഷ്ട്രമീമാംസയുടെ സൈദ്ധാന്തിക മുഖവുമാണ്.
അഖിലേന്ത്യ അടിസ്ഥാനത്തിൽ ബൗദ്ധിക മേഖലയിലും സമാജ പ്രവർത്തനങ്ങളിലും വ്യാപരിക്കുന്ന അദ്ദേഹം ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സർവ്വഭൂത സമഭാവന സാധ്യമാക്കുന്ന സംഘ നിർമ്മിതിയും സമാജ സേവനവും പ്രതിപാദിക്കുന്ന സംഗമത്തിൽ വിവിധ പ്രാദേശിക ഹൈന്ദവ നേതാക്കളും കെഎച്ച്എൻഎ ഭാരവാഹികളും സംസാരിക്കുന്നു. സംവാദന നിയന്ത്രികനായി സുരേന്ദ്രൻ നായർ പ്രവർത്തിക്കും.
അമേരിക്കയിലെ എല്ലാ സജ്ജനങ്ങളുടെയും സംഘടനപ്രതിനിധികളുടെയും സാന്നിധ്യം അഭ്യർഥിക്കുന്നതായി പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ വനജ നായർ എന്നിവർ സംയുക്തമായി അഭ്യർഥിച്ചു.
International
ടെഹ്റാൻ: വൈദ്യുത നിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ഇറാന്റെ ഭീഷണി. കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു ഭീഷണി.
48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണി.
ബഹ്റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സ്ഫോടനം ഇറാന്റെ ആക്രമണത്തിൽ നിന്നല്ലെന്നു വ്യക്തമായി. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈലാണു നാശമുണ്ടാക്കിയതെന്നു കണ്ടെത്തി. ഈ മാസം ഒൻപതിനു പുലർച്ചെയാണ് മനാമയ്ക്കു സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്.
International
ടെഹ്റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേ ഇറാൻ നടത്തുന്ന പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയ്.
എഴുതി തയാറാക്കി ദേശീയ ടെലിവിഷനിലൂടെ പുറത്തുവിട്ട ഈദ് സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രക്തസാക്ഷികളായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ആഗോള അഹങ്കാരത്തിനെതിരേയാണു ഇറാന്റെ പ്രതിരോധമെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ മൂന്നു യുദ്ധങ്ങൾ നേരിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ആദ്യത്തേത് കഴിഞ്ഞ വർഷം നടന്ന ‘ജൂൺ യുദ്ധം’ ആണ്. ഇതിനുശേഷം ഫെബ്രുവരി അവസാന വാരത്തിൽ രാജ്യത്തു നടന്ന പ്രതിഷേധങ്ങളെ ‘രണ്ടാം യുദ്ധം’ എന്നാണ് മുജ്തബ ഖമേനയ് വിശേഷിപ്പിച്ചത്.
ഇറാൻ ഇപ്പോൾ നേരിടുന്നത് മൂന്നാം യുദ്ധമാണ്. ഇറാന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് ജനങ്ങൾ ശത്രുക്കളുടെ അജൻഡകൾ നടപ്പിലാക്കുമെന്ന് കരുതി അമേരിക്കയും ഇസ്രയേലും തങ്ങളുടെ കൂലിപ്പടയാളികളെ ഉപയോഗിച്ച് രാജ്യത്ത് ആക്രമണങ്ങളുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഡാൻസിംഗ് മിസൈലുമായി ഇറാൻ രംഗത്ത്. യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് അത്യാധുനിക ഡാൻസിംഗ് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദിശമാറി സഞ്ചരിക്കാൻ കഴിവുള്ള ബാലിസ്റ്റിക് മിസൈൽ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത് ഇറാൻ തന്നെയാണ്. ഖര ഇന്ധനം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലാണ് ‘സെജിൽ’ മിസൈൽ എന്ന ഡാൻസിംഗ് മിസൈലുകൾ.
2,000 കിലോമീറ്റർ പരിധിയുള്ള മിസൈലിന് 700 കിലോഗ്രാം ആയുധം വഹിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ദിശമാറാൻ കഴിവുള്ളതിനാൽ ഇസ്രയേലിന്റെ അയൺഡോം പോലുള്ള പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.
18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവുമുള്ള മിസൈൽ അതിവേഗം വിക്ഷേപിക്കാൻ സാധിക്കും.1990 കാലഘട്ടത്തിന്റെ തുടക്കത്തിലാണ് സെജിൽ മിസൈലിന്റെ രൂപകൽപന ആരംഭിച്ചത്. 2008ൽ ആയിരുന്നു ആദ്യ പരീക്ഷണം.
International
ബാഗ്ദാദ്: ഇറാന്റെ ഖാർഗ് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിനും ഇറാന്റെ തിരിച്ചടിയ്ക്കും പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ മുറുകുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇറാന്റെ ആക്രമണം തുടരുകയാണ്.
ബാഗ്ദാദ് അന്താരാഷ്ട്ര ജയിൽ പരിസരത്തും സെൻട്രൽ എയർപോർട്ട് ജയിൽ പരിസരത്തും തുടർ ആക്രമണങ്ങൾ നടക്കുന്നുവെന്ന് ഇറാഖ് അറിയിച്ചു. കഴിഞ്ഞ ദിവസം ജയിലിനടുത്തായി ആറ് ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇത് ജയിൽ സുരക്ഷയെ ബാധിച്ചേക്കാം.
ഇറാഖിലെ എർബിലിന്റെ പരിസരത്തുള്ള ലാനാസ് എണ്ണ ശുദ്ധീകരണശാലയിലേയ്ക്കും ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ തങ്ങളുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ 'താഡ്' മേഖലയിലേക്ക് മാറ്റാൻ അമേരിക്ക തീരുമാനിച്ചു. ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരുന്ന ഈ സംവിധാനം പശ്ചിമേഷ്യയിലെ സുരക്ഷ മുൻനിർത്തി അവിടേക്ക് മാറ്റുന്നതിൽ ദക്ഷിണ കൊറിയ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനും മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും സംരക്ഷണം നൽകാനാണ് താഡ് സംവിധാനം അടിയന്തരമായി പശ്ചിമേഷ്യയിലേക്ക് മാറ്റുന്നത്. ഇതിനായി 1,000-ത്തിലധികം സൈനികരെയും അമേരിക്ക നിയോഗിച്ചിട്ടുണ്ട്. ഉത്തര കൊറിയയിൽ നിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച പ്രതിരോധ സംവിധാനം മാറ്റുന്നത് ദക്ഷിണ കൊറിയയെ ആശങ്കയിലാക്കിയിട്ടുണ്ട്.
International
ടെഹ്റാൻ: ശ്രീലങ്കൻ തീരത്ത് തങ്ങളുടെ കപ്പൽ അമേരിക്ക മുക്കിയത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ. ഗാലെ തീരത്തു നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ വച്ച് ഇറാന്റെ ഐറിസ് ദേന എന്ന യുദ്ധക്കപ്പലാണ് അമേരിക്ക മുക്കിയത്.
മാർച്ച് നാലിന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികർക്ക് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആദരാഞ്ജലികൾ അർപ്പിച്ചു. അമേരിക്കയുടെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാനിലെ ജനങ്ങൾ ഇത് മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ നാവിക സേനയുടെ ക്ഷണപ്രകാരം ഒരു സംയുക്ത നാവികാഭ്യാസത്തിനും തുറമുഖ സന്ദർശനത്തിനുമായി എത്തിയതായിരുന്നു ദേന. ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരത്തിനടുത്ത് വച്ച് അമേരിക്ക നടത്തിയ ഈ ക്രൂരമായ ആക്രമണം ഒരു യുദ്ധക്കുറ്റമാണ്. അതിലും മോശമായ കാര്യം, നാവികരുടെ രക്ഷാപ്രവർത്തനം അമേരിക്ക തടസപ്പെടുത്തി എന്നതാണ്.
ഈ നടപടി യുഎൻ പൊതുസഭയുടെ 3314-ാം പ്രമേയം അനുസരിച്ച് ഒരു കടന്നാക്രമണം മാത്രമല്ല, ജനീവ കൺവെൻഷൻ II (1949), അഡീഷണൽ പ്രോട്ടോക്കോൾ I (1977) എന്നിവയുൾപ്പെടെയുള്ള യുദ്ധ നിയമങ്ങളുടെ ഗുരുതരമായ ലംഘനം കൂടിയാണ്. ഈ ഹീനമായ കുറ്റകൃത്യം ഇറാനിലെ ജനങ്ങൾ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.' ഇസ്മായിൽ ബഖായി എക്സിൽ കുറിച്ചു.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ യുദ്ധം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇറാനെതിരെ ഇന്ന് രാത്രി ഏറ്റവും വിനാശകരമായ ആക്രമണമുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കി. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിച്ചുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന് ഹെഗ്സിത്ത് പറഞ്ഞു.
യുദ്ധം അമേരിക്കയെയും വലിയ രീതിയിൽ ബാധിച്ചുതുടങ്ങിയതോടെയാണ് നിലപാട് കടുപ്പിക്കുന്നത്. ഇന്ധനവില ഉയർന്നതോടെ അമേരിക്കയിലെ ജനങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ ഒരു ഗാലൺ പെട്രോളിന്റെ ശരാശരി വില 3.48 ഡോളറിന് അടുത്തെത്തി. ഒരാഴ്ച്ചക്കിടെ 16 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവും വർധിപ്പിക്കുമെന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
എണ്ണവില ഉയരുമെന്ന് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. 47 വർഷമായി ചെയ്യേണ്ടിയിരുന്ന ഒരു കാര്യത്തിൽ വരാവുന്ന ഒരു ചെറിയ ഇടവേള മാത്രമാണ് ഇത്. ഇത് ചെയ്യാൻ ധൈര്യം ഉണ്ടായിരുന്ന ഒരു പ്രസിഡന്റ് മുമ്പ് ഉണ്ടായിരുന്നില്ല. ദേശീയ സുരക്ഷയ്ക്കായി നൽകുന്ന ഒരു “ചെറിയ വില” മാത്രമാണ് ഇതെന്നാണ് ഈ വിഷയത്തിൽ ട്രംപിന്റെ നിലപാട്. ഇനി അമേരിക്കയുടെ മുന്നിലുള്ള അടുത്ത വലിയ ഭീഷണി സാമ്പത്തിക മാന്ദ്യമാണ്.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്.
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയിലെ എണ്ണക്കന്പനികൾക്കു 30 ദിവസത്തെ ഇളവ് അനുവദിച്ചതായുള്ള ബെസന്റിന്റെ പ്രസ്താവന ഇന്ത്യയിൽ വിവാദമായതിനു പിന്നാലെയാണു പരിഹാസം നിറഞ്ഞ പുതിയ പരാമർശം.
"ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നു. ഈ വീഴ്ചയിൽ അനുവദനീയമായ റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. അവർ അങ്ങനെ ചെയ്തു. അമേരിക്കയിൽനിന്നുള്ള എണ്ണ ഉപയോഗിച്ച് അവർ അതു മാറ്റി സ്ഥാപിക്കാൻ പോകുകയായിരുന്നു. എന്നാൽ, ലോകമെന്പാടുമുള്ള താത്കാലിക എണ്ണ വിടവു നികത്താൻ റഷ്യൻ എണ്ണ സ്വീകരിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകിയിട്ടുണ്ട്. റഷ്യൻ എണ്ണയുടെ ഉപരോധം ഞങ്ങൾ റദ്ദാക്കിയേക്കാം' - ഒരു ബിസിനസ് പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ സ്കോട്ട് ബെസന്റ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിർദേശങ്ങൾക്കും സമ്മർദങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി വഴങ്ങുകയാണെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് ട്രഷറി സെക്രട്ടറിയുടെ പുതിയ പ്രസ്താവന വിവാദമായി.
നാളെ തുടങ്ങുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇക്കാര്യങ്ങളിൽ അടക്കം പ്രക്ഷുബ്ധമാകും. ഇന്ത്യയെ അമേരിക്കയുടെ കുടിയാൻ രാജ്യമാക്കാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്, സിപിഎം നേതാക്കൾ പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25 ശതമാനം ശിക്ഷാ തീരുവ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചുമത്തിയിരുന്നു.
International
മാഡ്രിഡ്: ഇറാനിലെ ഇസ്രയേൽ-യുഎസ് സൈനിക നടപടിയെ വീണ്ടും വിമർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്. ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണിത്.
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വച്ചുകൊണ്ടുള്ള മരണക്കളിയാണിതെന്നും (റഷ്യൻ റൗലറ്റ്) പെദ്രോ സാഞ്ചസ് പറഞ്ഞു. സ്പെയിനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാനെതിരായ ആക്രമണങ്ങളിൽ സ്പെയിനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കാത്തതിനെത്തുടർന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിനു പിന്നാലെയാണ് പെദ്രോ സാഞ്ചസ് നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്തെത്തിയത്.
“ആരുടെയെങ്കിലും പ്രതികാര നടപടി ഭയന്ന്, ലോകത്തിന് ദോഷകരവും രാജ്യത്തിന്റെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വിരുദ്ധവുമായ ഒരു കാര്യത്തിലും ഞങ്ങൾ പങ്കാളികളാകാൻ പോകുന്നില്ല”- സാഞ്ചസ് പറഞ്ഞു. ഇറാനു നേർക്കുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണെന്ന് സാഞ്ചസ് വിശേഷിപ്പിച്ചു.
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും മുമ്പ് അമേരിക്ക ഇടപെടലുകൾ നടത്തിയതിന് സമാനമായി, ഇറാനിലെ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിൽ മറ്റൊരു ചെലവേറിയ സൈനിക നടപടിയിലേക്ക് നയിച്ചേക്കാം. സ്പെയിനിന്റെ നിലപാട് യുദ്ധം വേണ്ട എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെയും സ്പെയിൻ തുറന്നെതിർത്തിരുന്നു. വെനസ്വേലയ്ക്കെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റത്തിനെതിരേയും സ്പെയിൻ ശക്തമായ നിലപാടെടുത്തിരുന്നു.
International
ടെഹ്റാൻ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ ഏറ്റവും പുതിയ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 162 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ നഗരങ്ങളിലെ 510 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി.
ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായും സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇറാനിൽ ആകെ മരിച്ചവരുടെ എണ്ണം 1045 ആയി. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
എന്നാൽ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ അറിയിച്ചു. ടെഹ്റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.
Editorial
റഷ്യ, ചൈന, നാറ്റോ... ഏതൊക്കെ രാജ്യങ്ങളും സഖ്യങ്ങളും യുദ്ധത്തിൽ പങ്കെടുക്കും, എത്ര രാജ്യങ്ങളെ ബാധിക്കും തുടങ്ങിയ ചോദ്യങ്ങൾ ഇനിയില്ല. ഇറാനെ തനിച്ചാക്കി കൂടുതൽ രാജ്യങ്ങൾ മറുപക്ഷത്തും മറ്റുള്ളവർ നിശബ്ദരുമായി. പങ്കെടുക്കാത്തവരെയും ബാധിക്കുമോ എന്നതാണ് പുതിയ ചോദ്യം. പുതിയ ലോകക്രമത്തിൽ എല്ലാ യുദ്ധവും ലോകയുദ്ധമാണെന്ന് ആലങ്കാരികമായി പറയുമായിരുന്നു. പക്ഷേ, ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അതാണ് യാഥാർഥ്യമെന്നു ലോകം തിരിച്ചറിഞ്ഞു. അവരതു പ്രഖ്യാപിക്കും മുന്‍പുതന്നെ എണ്ണയും മറ്റ് അവശ്യവസ്തുക്കളുമായി 250 കപ്പലുകൾ ഹോർമുസിന്റെ ഇരുവശത്തുമായി നങ്കൂരമിട്ടുകഴിഞ്ഞിരുന്നു.
ഇന്ധനവില വർധന പ്രാഥമിക ആഘാതം മാത്രമാണ്. അനന്തരഫലം സാർവത്രിക വിലക്കയറ്റമാണ്. യുദ്ധത്തിന്റെ ഏറ്റവും വലിയ കെടുതി നിരപരാധികളുടെ ജീവനെടുക്കലും യുദ്ധമേഖലയിലെ നരകവ്യാപനവും തന്നെയാണ്. പക്ഷേ, വ്യാപാരം യുദ്ധോപകരണമായി വികസിപ്പിച്ചിരിക്കേ, ഹോർമുസിലെ വഴിതടയൽ ലോകമെങ്ങുമുള്ള അടുക്കളകളിൽ വരെ എത്താവുന്ന ദീർഘദൂര മിസൈലുകളാണ്.
ഹോർമുസ് അടച്ചു, ഏതെങ്കിലും കപ്പൽ അതുവഴി കടക്കാൻ ശ്രമിച്ചാൽ കത്തിച്ചു ചാരമാക്കുമെന്നാണ് ഇറാൻ റവലൂഷണറി ഗാർഡ് കോര്‍പ്സ് കമാൻഡര്‍ ഇന്‍ ചീഫ് ഇബ്രാഹിം ജിബാരി മുന്നറിപ്പു നൽകിയത്. അതിനു മുന്‍പേ വിവിധ രാജ്യങ്ങളുടെ കപ്പലുകൾ സഞ്ചാരം അവസാനിപ്പിച്ചിരുന്നു. കാരണം, കപ്പലുകൾ നശിച്ചാൽ നഷ്ടപരിഹാരമില്ലെന്ന് ഇൻഷ്വറൻസ് കന്പനികളുടെ അറിയിപ്പുണ്ടായിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള ക്രൂഡ് ഓയിൽ വരവ് നിലച്ചു. ബാരലിന് (159 ലിറ്റർ) ഏതാണ്ട് 70 ഡോളറിൽ കിടന്ന എണ്ണവില 150-200 ഡോളർവരെ എത്തിയേക്കാമെന്നാണ് സൂചന. ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് അടുത്തെത്തി. 70 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ നമുക്ക് ഉണ്ടെങ്കിലും അതു മുഴുവൻ തീർക്കില്ല.
യുദ്ധം നീണ്ടാൽ സ്ഥിതി ഗുരുതരമാകും. അല്ലെങ്കിൽ അന്താരാഷ്ട്രവില കുത്തനെ ഇടിഞ്ഞപ്പോഴും പലതവണ വർധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കണം. സംസ്ഥാന തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ അമിതവർധന അത്ര എളുപ്പവുമല്ല. പരമോന്നത നേതാവിനെ വധിച്ച അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പറഞ്ഞതും ഐക്യരാഷ്ട്രസഭ നോക്കുകുത്തിയായതും അനിശ്ചിതാവസ്ഥ വർധിപ്പിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും ചെലവേറിയ ചർച്ചാസങ്കേതം എന്നു വിശേഷിക്കുന്ന നിലയിലേക്ക് ഐക്യരാഷ്ട്രസഭ നിപതിച്ചു.
അഭ്യർഥന പുറപ്പെടുവിക്കുക എന്നതല്ലാതെ മറ്റൊരു ജോലിയും അവർക്കില്ല. ഇറാനെതിരേയുള്ള യുദ്ധത്തെ സംബന്ധിച്ച ഏതൊരു പ്രമേയവും അമേരിക്ക വീറ്റോ ചെയ്യും. യുദ്ധം നിർത്താൻ അമേരിക്കയോടോ ഹോർമുസ് അടയ്ക്കരുതെന്ന് ഇറാനോടോ ആജ്ഞാപിക്കാൻ ഒരു സഭയുമില്ല. ചുരുക്കത്തിൽ, ഹോർമുസിൽ ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത് ലോകയുദ്ധമാണ്. മധ്യസ്ഥരില്ലാത്തത് സ്ഥിതി വീണ്ടും ഗുരുതരമാക്കുന്നു.
പച്ചക്കറി, പഴം, ഉണങ്ങിയ പഴങ്ങൾ, മൊബൈൽ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും നിർമാണവസ്തുക്കൾ... എല്ലാറ്റിനും വില ഉയരാനിടയുണ്ട്. സ്വർണവില ആഗോളതലത്തിൽ ഉയർന്നെങ്കിലും കേരളത്തിൽ ഇന്നലെ കുറയുകയായിരുന്നു. ഡോളറിന്റെ മൂല്യം വർധിച്ച് രൂപയുടെ വിലയിടിഞ്ഞതുകൊണ്ടുള്ള ഈ പ്രതിഭാസം നീണ്ടുനിൽക്കാനിടയില്ല. ഡോളറിന് 92 രൂപ കടന്ന് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇത് ഇറക്കുമതിച്ചെലവ് വർധിപ്പിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണം ഉൾപ്പെടെ എല്ലാറ്റിനും വില കയറാനുള്ള സാധ്യതയുണ്ട്.
ഇപ്പോൾ ആഭരണങ്ങൾ വാങ്ങുന്പോൾ 1.35 ലക്ഷത്തിലധികവും വിൽക്കുന്പോൾ 1.25 ലക്ഷത്തിൽ താഴെയുമാണ് ലഭിക്കുന്നത്. രൂപയുടെ മൂല്യം കുറഞ്ഞതിനാൽ ഡോളറിൽ കയറ്റുമതി നടത്തുന്നവർക്ക് കച്ചവടം ലാഭകരമാണ്. പക്ഷേ, ചരക്കുകടത്ത് ഉൾപ്പെടെയുള്ള സാഹചര്യം മോശമായതിനാൽ അത് എത്രകണ്ട് വിജയക്കുമെന്നറിയില്ല.
അമേരിക്കയുടെ ലക്ഷ്യം ഇറാനിലെ ഭരണ അട്ടിമറിയും ആണവോർജ നിർമാർജനവുമാണെങ്കിലും, അന്തിമലക്ഷ്യം ലോകത്ത് മൂന്നാമതുള്ള ഇറാന്റെ എണ്ണപ്പാടങ്ങളായിരിക്കാം. രണ്ടാമതുള്ള വെനസ്വേലയെ ചൊൽപ്പടിയിലാക്കിയതോടെ ഒരു കടന്പ കഴിഞ്ഞു. ഇറാനെയും പരാജയപ്പെടുത്തിയാൽ ലോകത്തെ എണ്ണശേഖരത്തിന്റെ വലിയൊരു പങ്കും കൈപ്പിടിയിലാകും. കച്ചവടക്കാരനായ ട്രംപ് ലാഭം കാണാതെ യുദ്ധം പോലും നടത്തില്ല.
മുൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നു കൊടുത്തു കാലിയാക്കിയിരുന്ന ആയുധശേഖരം താൻ വന്നതിനുശേഷം ശക്തമാക്കിയെന്നും ഇനി എത്രനാൾ വേണമെങ്കിലും യുദ്ധം ചെയ്യാമെന്നുമാണ് ട്രംപ് ഇന്നലെയും പറഞ്ഞത്. പഴയ ഭരണാധികാരികളെ കുറ്റം പറഞ്ഞും അവഹേളിച്ചും സ്വയം പൊങ്ങാൻ ശ്രമിക്കുന്ന അപകർഷതാബോധത്തിലുള്ള ലോകനേതാക്കളിലൊരാളാണ് ട്രംപും. ആഴ്ചകൾ നീണ്ടുനിൽക്കുന്ന കഠിനമായ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ജനാധിപത്യത്തെ കെട്ടുകാഴ്ചയാക്കിയ ട്രംപും, മതമൗലികതയ്ക്കപ്പുറം ലോകമില്ലെന്നു ധരിക്കുന്ന ഇറാനും ഏറ്റുമുട്ടുകയും, ഐക്യരാഷ്ട്രസഭ ഗാലറിയിലിരുന്ന് ഉറങ്ങുകയും ചെയ്യുന്പോൾ യുദ്ധം അമേരിക്ക തീരുമാനിക്കുവോളം നീളും. കേന്ദ്രം ഗൃഹപാഠം ചെയ്തില്ലെങ്കിൽ ചെലവു ചുരുക്കാനും മുണ്ടു മുറുക്കിയുടുക്കാനും ഇന്ത്യയിലെ യഥാർഥ ഭൂരിപക്ഷമായ ദരിദ്രരും സാധാരണക്കാരും തയാറാകേണ്ടിവരും.
International
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടിയെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. യുഎൻ സുരക്ഷാ സമിതി യോഗത്തിലായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം.
ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളും അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചില്ല.
പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങൾ പാഴാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ ആദ്യം ഫ്രാൻസും പിന്നീട് ബഹ്റിനും തുടർന്ന് റഷ്യയുമാണ് സംസാരിച്ചത്.
ആദ്യം സംസാരിച്ച ഫ്രാൻസ് സംഘർഷമല്ല പരിഹാരമെന്ന നിലപാടാണ് സ്വീകരിച്ചത്. നയതന്ത്ര തലത്തിൽ ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന് വ്യക്തമാക്കിയ ഫ്രാൻസ്, ആണവ-ബാലിസ്റ്റിക് മിസൈൽ വിഷയങ്ങളിൽ സദുദ്ദേശത്തോടെ ഇറാൻ ചർച്ചകളെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഇറാന്റെ ആക്രമണം നേരിട്ട ബഹ്റിൻ യോഗത്തിൽ നിലപാട് കടുപ്പിച്ചു. ഇറാൻ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നും ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തിയത് ഭീരുത്വമെന്നും കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇറാന്റെ സൈനിക നടപടി ഭീഷണിയാണെന്നും ബഹ്റിൻ വാദിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയെ സുവർണയുഗത്തിലേക്കു നയിച്ചെന്ന് പ്രസിഡന്റ് ട്രംപ്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ വാർഷിക സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അമേരിക്ക എക്കാലത്തേക്കാളും സന്പന്നവും ശക്തവുമായെന്ന് ട്രംപ് അവകാശപ്പെട്ടു. പണപ്പെരുപ്പം കുറച്ചു, ഓഹരിവിപണിക്കു നേട്ടമുണ്ടാക്കി, നികുതികൾ വെട്ടിക്കുറച്ചു, മരുന്നുവില കുറച്ചു തുടങ്ങിയവ ഭരണനേട്ടങ്ങളാണ്.
തൊഴിലവസരങ്ങൾ ഇല്ലാതാക്കാൻ സാധ്യതയുള്ള നിർമിതബുദ്ധിയെക്കുറിച്ച് ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചില്ല. ഒരുവർഷ ഭരണത്തിന്റെ ഭൂരിഭാഗം സമയവും വിദേശനയത്തിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും വിവിധ രാജ്യങ്ങൾക്കു ചുമത്തിയ ഇറക്കുമതിച്ചുങ്കം അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് പരിമി തമായേ സംസാരിച്ചുള്ളൂ.
റഷ്യൻ അധിനിവേശത്തിന്റെ നാലാം വർഷികദിനത്തിൽ നടത്തിയ പ്രസംഗത്തിൽ യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും പരാമർശമുണ്ടായില്ല. അമേരിക്കയുടെ മുഖ്യ എതിരാളിയായ ചൈന, ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള മോഹം എന്നീ വിഷയങ്ങളും ട്രംപ് എടുത്തുപറഞ്ഞില്ല.
എഴുപത്തൊന്പതുകാരനായ ട്രംപിന്റെ പ്രസംഗം ഒരു മണിക്കൂറും 47 മിനിറ്റും നീണ്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗമായിരുന്നിത്. കഴിഞ്ഞ വർഷത്തെ സ്വന്തം റിക്കാർഡാണു ട്രംപ് തകർത്തത്. പ്രസംഗത്തിന്റെ ഭൂരിഭാഗവും സ്വന്തം ഭരണനേട്ടങ്ങൾ വിശദീകരിക്കലായിരുന്നു. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന വാദം അദ്ദേഹം ആവർത്തിച്ചു. രാജ്യത്തു നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ അനധികൃത കുടിയേറ്റക്കാരാണെന്നും പറഞ്ഞു.
പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയിലെ നല്ലൊരു വിഭാഗം അംഗങ്ങളും സഭയിലുണ്ടായിരുന്നില്ല. ഹാജരായിരുന്ന പ്രതിപക്ഷാംഗങ്ങളിൽ ചിലർ പ്രസംഗസമയത്ത് പ്രതിഷേധപ്രകടനങ്ങൾക്കു മുതിർന്നു.
അതേസമയം, ട്രംപിന്റെ ഭരണത്തിൽ അമേരിക്കൻ ജനതയ്ക്കു തൃപ്തിയില്ലെന്നാണ് അടുത്തിടെ നടന്ന അഭിപ്രായ സർവേകൾ പറയുന്നത്. നവംബറിലെ മിഡ് ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ സെനറ്റിലും ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടാനും സാധ്യതയുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ വിഷയത്തിൽ മോദി സർക്കാരിനെതിരേ രൂക്ഷവിമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരാറിലൂടെ ഇന്ത്യൻ കർഷകരെ അമേരിക്കയ്ക്ക് വിറ്റിരിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. ഇന്ത്യൻ കാർഷികരംഗത്ത് ദീർഘകാലാടിസ്ഥാനത്തിൽ മറ്റൊരു രാജ്യത്തിന് ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കുകയാണോയെന്നു രാഹുൽ ചോദിച്ചു.
യുഎസ് കരാറിന്റെ പേരിൽ ഇന്ത്യൻ കർഷകരെ വഞ്ചിക്കുന്നതിന് നമ്മൾ സാക്ഷ്യംവഹിക്കുകയാണ്. ഡ്രൈ ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ് (ഡിഡിജി) ഇറക്കുമതി ചെയ്യുന്നതിന്റെ അർഥമെന്താണെന്ന് രാഹുൽ ചോദിച്ചു. ഇന്ത്യൻ കന്നുകാലികൾക്ക് ജിഎം (ജനിതകമാറ്റം വരുത്തിയ) വിത്തുകളിൽനിന്നുള്ള അമേരിക്കൻ ധാന്യത്തിൽനിന്നു നിർമിച്ച ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ് നൽകുമെന്നാണോ ഇതിനർഥം? ഇത് നമ്മുടെ ക്ഷീരകർഷകരെ യുഎസ് കാർഷിക വ്യവസായത്തിന്റെ ആശ്രിതരാക്കില്ലേ? ജിഎം സോയാ എണ്ണ ഇറക്കുമതി ചെയ്യാൻ അനുവദിച്ചാൽ, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങി രാജ്യത്തുടനീളമുള്ള സോയാ കർഷകരിൽ അതിന്റെ പ്രത്യാഘാതം എന്തായിരിക്കും? ഇനിയൊരു വിലയിടിവ് അവർ എങ്ങനെ നേരിടും? -രാഹുൽ ചോദിച്ചു.
കാലക്രമേണ അമേരിക്കൻ പയർവർഗങ്ങൾക്കും മറ്റ് വിളകൾക്കും ഇന്ത്യൻ വിപണി തുറന്നുകൊടുക്കാനുള്ള സമ്മർദത്തെയാണോ ഇത് സൂചിപ്പിക്കുന്നത്? ‘വാണിജ്യേതര തടസങ്ങൾ’ നീക്കം ചെയ്യുക എന്നതിന്റെ അർഥമെന്താണ്? ഭാവിയിൽ ഇന്ത്യ ജിഎം വിളകളോടുള്ള നിലപാടിൽ അയവുവരുത്തുമെന്നാണോ? ഒരിക്കൽ വാതിൽ തുറന്നാൽ, ഓരോ വർഷവും അത് കൂടുതൽ തുറക്കാൻ പ്രയാസമുണ്ടാകില്ല. ഇത് ഇന്നത്തെ കാര്യം മാത്രമല്ല. ഭാവിയെക്കുറിച്ചു കൂടിയാണ്. ഇന്ത്യയുടെ കാർഷിക വ്യവസായത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ മറ്റൊരു രാജ്യത്തിനു പിടിമുറുക്കാൻ അനുവദിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
ചരിത്ര നേട്ടം: മോദി
ന്യൂഡൽഹി: 38 രാജ്യങ്ങളുമായി ഒപ്പുവച്ച വ്യാപാര കരാറുകൾ ഇന്ത്യയുടെ വ്യാപാര ചരിത്രത്തിൽ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ കോർപറേറ്റ് മേഖല കൂടുതൽ നിക്ഷേപം നടത്തണമെന്ന് വാർത്താ ഏജൻസിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തിൽ മോദി ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ മോദി പ്രകീർത്തിച്ചു.
ഉറപ്പുള്ള വ്യാപാര കരാറുകൾ യാഥാർഥ്യമാക്കുന്നതിൽ യുപിഎ സർക്കാർ പരാജയപ്പെട്ടുവെന്നു മോദി കുറ്റപ്പെടുത്തി. വിശിഷ്ട് ഭാരതിൽ വനിതകൾ സുപ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി ഒന്‍പതു ബജറ്റ് അവതരിപ്പിച്ചത് രാജ്യത്തെ സ്ത്രീകൾക്കു പ്രചോദനമാണ്. ഇത് റിക്കാർഡും അഭിമാനകരമായ നേട്ടവുമാണ്- മോദി പറഞ്ഞു.
International
ധാക്ക: മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്.
ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി സഖ്യം വിജയം ഉറപ്പിച്ചത്. 60-കാരനായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നു മത്സരിച്ച താരിഖ് റഹ്മാൻ രണ്ടിടത്തും മികച്ച വിജയമാണു നേടിയത്. ആകെയുള്ള 300 സീറ്റുകളിൽ 292 ഇടത്താണ് ബിഎൻപി നേരിട്ട് മത്സരിച്ചത്. ഇതിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ബിഎൻപി നേടിയത്.
2024 ഓഗസ്റ്റിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെയാണ് രാഷ്ട്രീയത്തിൽ താരിഖ് റഹ്മാൻ വീണ്ടും സജീവമാകുന്നത്. 17 വർഷം താരിഖ് യുകെയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. 2025 ഡിസംബറിൽ ഖാലിദ സിയയുടെ നിര്യാണത്തിനുശേഷമാണ് താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നതും പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതും.
യുഎസിന്റെ അഭിനന്ദനം
ബിഎൻപിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അമേരിക്ക അഭിനന്ദിച്ചു. ബംഗ്ലാദേശിലെ ജനങ്ങൾക്കും ബിഎൻപിക്കും ആശംസകൾ നേരുന്നതായും ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും പുരോഗതിക്കുമായി പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നതായും യുഎസ് സ്ഥാനപതി ബ്രെന്റ് ടി. ക്രിസ്റ്റൻസൺ പറഞ്ഞു.
ഇന്ത്യയോടുള്ള സൗഹൃദം
പുതിയ സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുക എന്നതാണ്. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, "പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു താരിഖിന്റെ മറുപടി. ഇന്ത്യയുമായുള്ള സൗഹൃദം വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും എടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും താരിഖ് പറഞ്ഞിരുന്നു.
International
ന്യൂഡൽഹി: ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനിക വിന്യാസം ശക്തമാകുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഭീഷണിയുടെ ഭാഷ ഇറാനോടു ചെലവാകില്ലെന്നും ബഹുമാനത്തിനു മാത്രമേ ബഹുമാനം നൽകൂ എന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ആണവകരാർ സംബന്ധിച്ച ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷാവസ്ഥ ശക്തമാകുന്നത്.
യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നു പെസെഷ്കിയാൻ എക്സിൽ കുറിച്ചു. "അന്താരാഷ്ട്ര ആണവ കരാറുകൾ പ്രകാരം യുറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാന് അവകാശമുണ്ട്. ഭീഷണിപ്പെടുത്തി ഇറാനെ കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട...'
ഒമാനിൽ നടന്ന ചർച്ചകൾ പുരോഗതിയുണ്ടാക്കിയെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഒരേസമയം ചർച്ചയും ഉപരോധവും സൈനിക ഭീഷണിയും ഉയർത്തുന്ന അമേരിക്കൻ നിലപാടിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിമർശിച്ചു.
അമേരിക്കൻ പടയൊരുക്കം
ഇറാന്റെ ആണവ നിലപാടുകളിലും ജനുവരിയിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെയുള്ള കർശന നടപടികളിലും പ്രതിഷേധിച്ചാണ് അമേരിക്കൻ ഭരണകൂടം പടയൊരുക്കം നടത്തുന്നത്.
വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ നിലവിൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക് സൂയസ് കനാൽ കടന്ന് ചെങ്കടലിലേക്കു പ്രവേശിച്ചു. യുദ്ധം തുടങ്ങിയാൽ ഇറാൻ നടത്താൻ ഇടയുള്ള മിസൈൽ ആക്രമണങ്ങളെ തകർക്കാനാണ് മിസൈൽ ഡിസ്ടോയർ ഷിപ് എത്തിച്ചതെന്നു കരുതുന്നു.
ജോർദാനിലെ സൈനികത്താവളത്തിൽ പന്ത്രണ്ടോളം എഫ്-15 യുദ്ധവിമാനങ്ങളും എംക്യു-9 റീപ്പർ ഡ്രോണുകളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ അത്യാധുനിക നിരീക്ഷണ ഡ്രോണുകളും പട്രോളിംഗ് വിമാനങ്ങളും അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തരസംഘർഷം
ഇറാനിലെ ആഭ്യന്തരവിഷയങ്ങളും അന്താരാഷ്ട്രതലത്തിൽ ചർച്ചയാകുന്നുണ്ട്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ പ്രമുഖ പരിഷ്കരണവാദികളെ അറസ്റ്റ് ചെയ്തതും നൊബേൽ ജേതാവ് നർഗെസ് മുഹമ്മദിക്കു വീണ്ടും തടവ് ശിക്ഷ വിധിച്ചതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതും മേഖലയിലെ സംഘർഷത്തിനു ആക്കം കൂട്ടുന്നു.
വരാനിരിക്കുന്ന ചർച്ചകൾ
ഇസ്രയേൽ-ഇറാൻ യുദ്ധത്തിനു ശേഷം ഒമാനിൽവച്ചാണ് ഇരു രാജ്യങ്ങളും വീണ്ടും ചർച്ചകൾക്കു തുടക്കമിടുന്നത്. ഉപരോധങ്ങൾ നീക്കുക എന്നതാണ് ഇറാന്റെ പ്രധാന ലക്ഷ്യം. എന്നാൽ, ആണവ പദ്ധതിയോടൊപ്പം ഇറാന്റെ മിസൈൽ ശേഷിയും പ്രാദേശിക ഭീകരസംഘടനകൾക്കുള്ള പിന്തുണയും ചർച്ച ചെയ്യണമെന്ന് അമേരിക്കയും ഇസ്രയേലും ആവശ്യപ്പെടുന്നു. ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തിവരികയാണെന്ന് ഇറാൻ വ്യക്തമാക്കി.
International
വാഷിംഗ്ടണ്‍ ഡിസി: അറബിക്കടലില്‍ ഇറേനിയന്‍ ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയതായി അമേരിക്ക. യുഎസ്എസ് എബ്രഹാം ലിങ്കണ് എന്ന വിമാനവാഹിനിക്കപ്പലിനു നേരേ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറേനിയന്‍ ഷാഹെദ്-139 ഡ്രോണാണു തകര്‍ത്തത്.
വിമാനവാഹിനിക്കപ്പലിനെയും സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോണ്‍ എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തിയെന്നു യുഎസ് സൈനിക വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു.
സംഭവത്തില്‍ ഇറാന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ല. അതേസമയം, അറബിക്കടലില്‍ അജ്ഞാതമായ കാരണത്താല്‍ ഡ്രോണുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനും അമേരിക്കയും തമ്മില്‍ ആണവ ചര്‍ച്ചകള്‍ ക്രമീകരിക്കാന്‍ നയതന്ത്രജ്ഞര്‍ ശ്രമിച്ചുകൊണ്ടിരിക്കേയാണ് സംഭവം.
ഇരുരാജ്യങ്ങളും തമ്മില്‍ ഒരു കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ‘മോശം കാര്യങ്ങള്‍’ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഡ്രോണ്‍ വെടിവച്ചിട്ട വിവരം പുറത്തുവന്നതിനു പിന്നാലെ ക്രൂഡ് വില ബാരലിന് ഒരു ഡോളറില്‍ കൂടുതല്‍ ഉയര്‍ന്നു.
International
ജെറുസലേം: ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഫാ അതിർത്തി ഇന്ന് തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.
വ്യോമാക്രമണത്തിൽ 31 പേർ മരിച്ചു. ആറ് കുട്ടികളടക്കമാണ് മരിച്ചത്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ഇടിച്ചുകയറുകയായിരുന്നു.
ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തൽ ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീനികൾ പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ലംഘിക്കുന്നതായി പരസ്പരം ആരോപിക്കുകയാണ്.
ആക്രമണങ്ങളെ അപലപിച്ച ഹമാസ്, അമേരിക്ക സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ തുടർച്ചയായ ലംഘനങ്ങൾ ഇസ്രയേൽ സർക്കാർ വംശഹത്യയുടെ ക്രൂരമായ യുദ്ധം തുടരുകയാണെന്ന് സ്ഥിരീകരിക്കുന്നതായും ഹമാസ് പറഞ്ഞു.
ഖാൻ യൂനിസിലെ ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഏഴ് പേർ. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒരാളായ ഖത്തർ, ആവർത്തിച്ചുള്ള ഇസ്രയേലി നിയമലംഘനങ്ങളെ അപലപിച്ചതായി പലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനു ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, അത് എപ്പോഴാണെന്നു വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിനു തയാറാകുമെന്നു ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ലോകം കാണും...' ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ മന്ത്രിക്ക് ഉപരോധം
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിനു സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്കു തുടക്കമിട്ടത്.
പഴയ ആണവ കരാറിൽനിന്നു പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ "ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് തനിക്ക് പറയാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സൈനിക നീക്കം നേരിടാതിരിക്കാൻ ഇറാൻ യുഎസുമായി ധാരണയിലെത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന സൈനിക വിന്യാസവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ടെഹ്റാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചക്കുള്ള സമയം അതിക്രമിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രസ്താവിച്ചത്. അതേസമയം അമേരിക്കയുമായി ചർച്ചയ്ക്ക് നിലവിൽ തീരുമാനമില്ലെന്നും എന്നാൽ, പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ചർച്ചകൾക്ക് ഇറാൻ തയാറാണെന്നുമായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
പശ്ചിമേഷ്യയിൽ ആശങ്ക വർധിക്കുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി റഷ്യൻ പ്രസിഡന്റ് വ്ളോഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യ വ്യക്തമാക്കി. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമെന്നും ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
International
ന്യൂയോർക്ക്: കനത്ത മഞ്ഞുവീഴ്ചയിലും ശക്തമായ ശീതക്കാറ്റിലും മരവിച്ച് അമേരിക്ക. ഇതുവരെ 42 പേർക്ക് ജീവൻ നഷ്ടമായി. പലപ്രദേശങ്ങളിലും വൈദ്യുതിബന്ധം വിഛേദിക്കപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
ടെക്സാസിലെ ഫന്നിൻ കൗണ്ടിയിൽ മൂന്ന് സഹോദരങ്ങൾ മഞ്ഞ് മൂടി കുളത്തിൽ വീണു മരിച്ചു.
പെൻസിൽവേനിയയിലെ ലെഹി കൗണ്ടിയിൽ, മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ള വ്യക്തികൾ മഞ്ഞ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
NRI
തിരുവനന്തപുരം: കേരള സര്‍ക്കാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിന് അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പ്രതിനിധിയായി സിജില്‍ പാലയ്ക്കലോടിയെ രണ്ടാം തവണയും തെരഞ്ഞെടുത്തു.
പ്രവാസി മലയാളികളുടെ ഉറച്ച ശബ്ദം നയരൂപീകരണ പ്രക്രിയയിലെത്തിക്കുന്നതിന് കേരളത്തിലെ ജനപ്രതിനിധികളെയും ലോകത്തെമ്പാടുമുള്ള 125 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും ഒരുമിച്ചു കൊണ്ടുവരുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ഈ മാസം 29, 30, 31 തീയതികളിലായാണ് നടക്കുന്നത്.
29ന് വൈകുന്നേരം ആറിന് പൊതുസമ്മേളനത്തോടെ ലോക കേരള സഭയ്ക്ക് തുടക്കമാകും. 30, 31 തീയതികളില്‍ കേരള നിയമസഭ മന്ദിരത്തിലെ ആര്. ശങ്കരനാരായണന്‍തമ്പി ഹാളില്‍ മേഖല അടിസ്ഥാന ചര്‍ച്ചകളും എട്ട് വിഷയാടിസ്ഥാന ചര്‍ച്ചകളും സംഘടിപ്പിക്കും.
കേരളത്തിന് പുറത്തുള്ള പ്രവാസികളുടെ ബന്ധം ശക്തിപ്പെടുത്തുക, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്കി പ്രവാസികളെ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ലോക കേരള സഭ രൂപീകരിച്ചത്.
കേരള വികസനത്തിന് ക്രിയാത്മക നിര്‍ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും പ്രവാസികളുടെ വിഷയങ്ങള്‍ മുഖ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ വികസിത പ്ലാറ്റ്ഫോമാണ് ലോക കേരള സഭ.
അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട സംഘാടകനും തനതായ വ്യക്തിമുദ്ര പതിപ്പിച്ച സാമൂഹിക പ്രവര്‍ത്തകനുമാണ് സിജില്‍ പാലയ്ക്കലോടി. ലോകത്തിലെ ഏറ്റവും വലിയ മലയാളി ഫെഡറേഷനായ ഫോമായുടെ ട്രഷററായി സേവനം അനുഷ്ഠിക്കുന്ന സിജില്‍ നിരവധി സംഘടനകളുടെ അമരക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സീറോമലബാര്‍ കാത്തലിക് കോണ്‍ഗ്രസ്, യുഎസ്എ പ്രസിഡന്റ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക ജോയിന്റ് ട്രഷറര്‍, സാക്രമെന്റോ മലയാളി അസോസിയേഷന് പ്രസിഡന്റ്, കൈരളി ടിവി റിപ്പോര്‍ട്ടര്‍, മലയാളി മനസ് വാരിക പത്രാധിപര്‍, ഇന്ത്യന്‍ അസോസിയേഷന് ഓഫ് സാക്രമെന്റോ ട്രഷറര്‍, സീറോമലബാര്‍ ഷിക്കാഗോ രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലി മെമ്പര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍, സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ട്രസ്റ്റി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും നയിക്കുന്നതിലുള്ള പാടവം തന്റെ കര്‍മപഥങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് സിജില്‍.
ഫോമായുടെ വിവിധ സ്ഥാനങ്ങളിലും കരുത്തു തെളിയിച്ചിട്ടുണ്ട്. ഫൈനാന്സില് മാസ്റ്റേഴ്സ് ബിരുദമുള്ള സിജില്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഫൈനാന്‍സ് ഓഫീസര്‍ സ്പെഷ്യലിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. സ്വന്തമായി ബിസിനസ് നടത്തുന്നു. അഞ്ചാംലോക കേരള സഭയിലെ പ്രതിനിധിയെന്ന നിലയില്‍ പ്രവാസികളുടെ ശബ്ദമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സിജില്‍ പറഞ്ഞു. നാലാം സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
കഴിഞ്ഞ ലോക കേരള സഭയില്‍ ഗൗരവതരമായി ചര്‍ച്ച ചെയ്ത പ്രവാസികളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ അവര്‍ക്ക് ഗുണകരമായ വിധത്തില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയതില്‍ നന്ദിയുണ്ടെന്ന് സിജില്‍ പറഞ്ഞു.
ഇതിന് പുറമെ പ്രവാസികളുടെ ഇന്‍വെസ്റ്റ്മെന്റ് കേരളത്തിലേക്ക് കൊണ്ടുവരാനും ലോക കേരള സഭയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അഞ്ചാം ലോക കേരള സഭയിന് നിന്ന് നവകേരള നിര്‍മിതിക്കൊപ്പം പ്രവാസി സമൂഹത്തിന്റെ ആഗ്രഹങ്ങള്‍ക്കൊത്ത പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
International
വാഷിംഗ്ടൺ ഡിസി: ‘ജീവൻ ഒരു ദാനമാണ്’ എന്ന പ്രമേയത്തിൽ യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നടന്ന "മാർച്ച് ഫോർ ലൈഫി’ൽ അണിചേർന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും. മാർച്ചിലെ ആദ്യ രാഷ്ട്രീയ പ്രസംഗകനായിരുന്നു വാൻസ്.
പ്രസിഡന്റ് ട്രംപിന്റെ ഗർഭഛിദ്ര നയങ്ങളെ ന്യായീകരിച്ച വാൻസ്, നിങ്ങൾക്ക് വൈറ്റ് ഹൗസിൽ ഒരു സഖ്യകക്ഷിയുണ്ടെന്നും സദസ്യരോടായി പറഞ്ഞു. അമേരിക്കയിൽ കൂടുതൽ കുടുംബങ്ങളും കുട്ടികളും വേണമെന്നാണു താൻ അതിയായി ആഗ്രഹിക്കുന്നതെന്ന് വാൻസ് പറഞ്ഞു. താനും ഭാര്യ ഉഷയും നാലാമത്തെ കുട്ടിക്കായി കാത്തിരിക്കുന്നുവെന്ന വിവരവും അദ്ദേഹം പങ്കുവച്ചു. പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നയാളാണു നിങ്ങളുടെ വൈസ് പ്രസിഡന്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാൻസിനു പുറമെ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, പ്രോലൈഫ് വക്താവുകൂടിയായ ന്യൂജഴ്സിയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ക്രിസ് സ്മിത്ത് തുടങ്ങിയവരും പ്രസംഗിച്ചു. പ്രസിഡന്റ് ട്രംപും സെനറ്റ് മജോറിറ്റി നേതാവ് ജോൺ തുനെയും മാർച്ചിൽ പങ്കെടുത്തവരെ ഓൺലൈനായി അഭിസംബോധന ചെയ്തു. നിരവധി റിപ്പബ്ലിക്കൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
‘മാർച്ച് ഫോർ ലൈഫി’ൽ പങ്കെടുത്തവർക്ക് ലെയോ പതിനാലാമൻ മാർപാപ്പ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഗർഭാവസ്ഥ മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ എല്ലാ ഘട്ടങ്ങളെയും ആദരിക്കണമെന്നും സംരക്ഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നത് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അനിവാര്യമായ അടിത്തറയാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും ഗർഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള അമേരിക്കൻ സുപ്രീംകോടതിയുടെ 1973ലെ റോ വേഴ്സസ് വേഡ് വിധി വന്നതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ഇതിനെതിരേ എല്ലാ വർഷവും ജനുവരി 23ന് മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച നടന്ന മാർച്ചിൽ ജീവന്റെ മഹത്വം ഉദ്ഘോഷിച്ചും ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ഉറക്കെ പ്രഖ്യാപിച്ചും പതിനായിരങ്ങളാണു പങ്കെടുത്തത്.
International
ന്യൂഡൽഹി/ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതനാണെന്ന് മുംബെയിലെ ഇറാനിയൻ കോൺസുൽ ജനറൽ സയീദ് റെസ മൊസായബ് മൊത്ലഗ്.അദ്ദേഹം ബങ്കറിൽ ഒളിച്ചിരിക്കുകയല്ലെന്നും രാജ്യത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആഭ്യന്തരപ്രതിസന്ധി നേരിടുന്നുവെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഒരു പരിധിവരെ സുരക്ഷാ സേന പ്രതിഷേധക്കാരോട് സംയമനം പാലിച്ചു. എന്നാൽ ഇറാനു പുറത്തുള്ള നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചതോടെ ഭീകരവാദ ഘടകങ്ങൾ അട്ടിമറിപ്രവർത്തനങ്ങൾ ആരംഭിച്ചു.
പൊതുമുതലിനും പൗരന്മാരുടെ സ്വത്തുക്കൾക്കും നാശമുണ്ടാക്കി. ചെറുതും വലുതുമായ നഗരങ്ങളിൽ സംഘർഷമുണ്ടാക്കി. ഈ സംഘർഷം 3117 പേർ കൊല്ലപ്പെട്ടു. ഇതിൽ 2427 പേർ സാധാരണക്കാരും സുരക്ഷാസേനാംഗങ്ങളുമാണ്. 690 ഭീകരവാദികളും കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ഇറാനെ ലക്ഷ്യം വെച്ച് യുഎസ് സൈന്യം നീങ്ങുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏത് വിധേനയുള്ള ആക്രമണവും പൂർണയുദ്ധമായി കണക്കാക്കുമെന്നും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഖമേനി ബങ്കറിൽ ഒളിച്ചിരിക്കുകയല്ല. ഉപരോധഭീഷണി ഉണ്ടായിരുന്നിട്ടും ഇന്ത്യയുമായി ഇറാൻ സഹകരണം തുടരാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
International
ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപനം നടത്തി ഒരു വർഷത്തിനു ശേഷമാണ് നടപടി.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, സംഘടനയ്ക്ക് 130 മില്യൺ ഡോളർ കടബാധ്യതയുമായാണ് യുഎസിന്റെ പിന്മാറ്റം. സംഘടനയിൽനിന്നു പിന്മാറാൻ ഒരു വർഷം മുമ്പ് നോട്ടീസ് നൽകുകയും കുടിശികയുള്ള സാമ്പത്തികബാധ്യത തീർക്കുകയും വേണം.
ഒരു വർഷം മുമ്പ് പിന്മാറ്റ നോട്ടീസ് നൽകിയ യുഎസ് കുടിശിക അടച്ചില്ല. 133 മില്യൺ യുഎസ് ഡോളറിലധികം നൽകാനുണ്ടെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ അംഗത്വത്തിൽനിന്നു പിന്മാറുന്നതിനു മുമ്പ് പണം നൽകേണ്ട ബാധ്യതയില്ലെന്നാണു യുഎസ് വാദിക്കുന്നത്.
ട്രംപിന്റെ ഏറ്റവും വിനാശകരമായ തീരുമാനമാണിതെന്ന് ജോർജ്ടൗൺ സർവകലാശാലയിലെ പൊതുജനാരോഗ്യ നിയമ വിദഗ്ധൻ ലോറൻസ് ഗോസ്റ്റിൻ പറഞ്ഞു. പുതിയ പകർച്ചവ്യാധികളെ നേരിടുന്നതിൽ പ്രവർത്തനങ്ങളെ യുഎസിന്റെ പിന്മാറ്റം ബാധിക്കും. വാക്സിനുകളും മരുന്നുകളും വികസിപ്പിക്കാനുള്ള യുഎസ് ശാസ്ത്രജ്ഞരുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും ശേഷി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
പോളിയോ നിർമാർജനം, മാതൃ-ശിശു ആരോഗ്യ പരിപാടികൾ, പുതിയ വൈറൽ ഭീഷണികൾ തിരിച്ചറിയാനുള്ള ഗവേഷണം എന്നിവയുൾപ്പെടെ നിരവധി ആഗോള ആരോഗ്യ സംരംഭങ്ങളെ യുഎസ് പിൻവാങ്ങൽ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ആരോഗ്യ ഏജൻസിയാണ് ലോകാരോഗ്യ സംഘടന. എംപോക്സ്, എമ്പോള, പോളിയോ തുടങ്ങിയ പകർച്ചവ്യാധികൾ പോലുള്ള ആഗോള ആരോഗ്യ ഭീഷണികളെ നേരിടുകയും പ്രതിരോധം ഏകോപിപ്പിക്കുകയും ചെയ്യുകയാണു സംഘടനയുടെ ഒരു ലക്ഷ്യം. ദരിദ്രരാജ്യങ്ങൾക്കു സാങ്കേതിക സഹായം നൽകുന്നുണ്ട്. ഇതിനൊപ്പം വാക്സിനുകളും ചികിത്സകളും നൽകുന്നു. മാനസികാരോഗ്യം, കാൻസർ എന്നിവയുൾപ്പെടെ നൂറുകണക്കിന് ആരോഗ്യ അവസ്ഥകൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഇതിൽ അംഗങ്ങളാണ്. വളരെക്കാലമായി സംഘടനയെ നിലനിർത്തുന്നത് അമേരിക്കയുടെ വമ്പൻ സാമ്പത്തിക സഹായമാണ്.
ലോകാരോഗ്യ സംഘടനയ്ക്ക് അംഗത്വ വിഹിതമായി അമേരിക്ക പ്രതിവർഷം ശരാശരി 111 ദശലക്ഷം യുഎസ് ഡോളറും വാർഷിക സംഭാവനയായി ഏകദേശം 570 ദശലക്ഷം യുഎസ് ഡോളറും നൽകുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇമിഗ്രന്റ് വിസ പ്രോസസിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ തീരുമാനം. അമേരിക്കയിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട നയങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇമിഗ്രന്റ് വിസ പ്രോസസിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ജനുവരി 21 മുതൽ സസ്പെൻഷൻ പ്രാബല്യത്തിൽ വരും.
എന്നാൽ ടൂറിസ്റ്റ്, ബിസിനസ് തുടങ്ങിയ നോൺ-ഇമിഗ്രന്റ് (താൽക്കാലിക) വിസകൾക്ക് ഈ തീരുമാനം ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ വർഷം വരാനിരിക്കുന്ന ലോകകപ്പ്, 2028 ഒളിമ്പിക്സ് തുടങ്ങിയവക്ക് യുഎസ് വേദിയാകുന്ന സാഹചര്യത്തിൽ നോൺ-ഇമിഗ്രന്റ് വിസകളുടെ ആവശ്യം വലിയ തോതിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ.
International
കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.
ഗ്രീന്‍ലാന്‍ഡിന്റെ ചരിത്രം
നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന് എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര് ക്കിന്റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഗ്രീന്‍ലാന്‍ഡിലെ നിധി
ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ ഖനനം
ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും
ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്റെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്
വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.
International
വത്തിക്കാൻ സിറ്റി: വെനസ്വേലയിലെ അമേരിക്കൻ സൈനിക അധിനിവേശത്തെ വിമർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. യുദ്ധത്തിനായുള്ള അമിതാവേശം പടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
“രണ്ടാം ലോക യുദ്ധത്തിനു ശേഷം, മറ്റു രാജ്യങ്ങളുടെ അതിർത്തി ലംഘിക്കാൻ രാഷ്ട്രങ്ങൾ ബലപ്രയോഗം നടത്തുന്നതിനെ വിലക്കിയിരുന്നു. ഈ തത്വം പൂർണമായും അട്ടിമറിക്കപ്പെട്ടു. ഇതിനു പകരം സ്വന്തം ആധിപത്യം ഉറപ്പിക്കാൻ ആയുധങ്ങളിലൂടെ സമാധാനം കൊണ്ടുവരാൻ ശ്രമിക്കുകയാണ്.
ഇത് സമാധാനപരമായ സാമൂഹിക സഹവർത്തിത്വത്തിന്റെ അടിത്തറയായ നിയമവാഴ്ചയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിക്കും” മാർപാപ്പ പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പൊതുനന്മയെ കരുതി വെനസ്വേലയിൽ സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിന് മാർപാപ്പ ആഹ്വാനം ചെയ്തു.
യുക്രെയ്നിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഗാസയിൽ ദ്വിരാഷ്ട്ര പരിഹാരത്തിനായി ആഹ്വാനം ചെയ്ത മാർപാപ്പ സ്വന്തം നാട്ടിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം സംബന്ധിച്ച് ഊന്നിപ്പറയുകയും ചെയ്തു.
International
ബെർലിൻ: ട്രംപിന്റെ കീഴിലെ അമേരിക്ക ലോകക്രമം തകർക്കുന്നതായി ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയർ.
ട്രംപിന്റെ ഉത്തരവുപ്രകാരം അമേരിക്കൻ സേന വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്ന് ജയിലിൽ അടച്ച പശ്ചാത്തലത്തിലാണ് ജർമൻ പ്രസിഡന്റ് രൂക്ഷ വിമർശനം ഉന്നയിച്ചത്. മാറിയ ലോകക്രമത്തിൽ ഇന്ത്യക്കും ബ്രസീലിനും വലിയ പങ്കുവഹിക്കാനാകും.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ലോകക്രമത്തിന്റെ ഗതിമാറ്റിയ പ്രധാന സംഭവമായിരുന്നുവെന്നും അമേരിക്കയുടെ രീതികൾ ഇതിനു സമാനമാണെന്നും ജർമൻ പ്രസിഡന്റ് പറഞ്ഞു.
ഇന്നു കാണുന്ന ലോകക്രമം പടുത്തുയർത്തിയ അമേരിക്കയുടെ മൂല്യങ്ങളിൽ വൻ തകർച്ചയുണ്ടായിരിക്കുന്നു. മനസാക്ഷിയില്ലാത്തവർ എന്തും ചെയ്യുന്ന, ഒരുപറ്റം വൻശക്തികൾ മുഴുവൻ രാജ്യങ്ങളെയും തങ്ങളുടെ ഉപകരണങ്ങളായി പരിഗണിക്കുന്ന കൊള്ളസങ്കേതമായി ലോകം മാറാൻ അനുവദിക്കരുത്.
യുഎസ്-ചൈനാ മത്സരത്തിനിടയിൽ സ്വന്തം പരമാധികാരം നിലനിർത്താനുള്ള പ്രായോഗികത കാട്ടുന്ന ഇന്ത്യയെയും ബ്രസീലിനെയും ജർമൻ പ്രസിഡന്റ് പ്രശംസിച്ചു.
ജർമനിയും യൂറോപ്പും ഇന്ത്യയെയും ബ്രസീലിനെയും വികസ്വര രാജ്യങ്ങളായി കാണുന്നത് അവസാനിപ്പിക്കണം. ബ്രസീലിനും കൂടുതൽ പങ്കാളിത്തം ലഭിച്ചാലേ ഐക്യരാഷ്ട്രസഭ പോലുള്ള ആഗോള സംഘടനകളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തിയാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയി ഗാംഗിലെ പ്രധാനിയായ അമൻ ഭയിൻസ്വാലിനെ അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചു.
സിബിഐയുടെ മേൽനോട്ടത്തിലായിരുന്നു ഭയിൻസ്വാലിനെ ഇന്ത്യയിലെത്തിച്ചത്. ഇയാളെ ഡൽഹി വിമാനത്താവളത്തിൽവച്ച് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു.
വെടിവയ്പ്, കൊലപാതകം, കൊലപാതകശ്രമ,ം പണാപഹരണം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഭയിൻസ്വാൽ.
International
വാഷിംഗ്ടൺ ഡിസി: തന്റെ മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മാന്യനായ ഒരു വ്യക്തിയാണ് താനെന്നുമാണ് മഡുറോ കോടതിയിൽ പറഞ്ഞത്.
താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മാൻഹാട്ടൻ കോടതിയിലെ വിചാരണയ്ക്കിടയിൽ മഡുറോ വാദിച്ചു. കോടതിയിൽ മഡുറോ ജാമ്യം ആവശ്യപ്പെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. കേസിലെ അടുത്ത വാദം മാർച്ച് 17ന് നടക്കും.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് കൊളംബിയ, മെക്സിക്കൻ പ്രസിഡന്റുമാരും രംഗത്തെത്തി. താൻ മയക്കുമരുന്ന് കടത്തുകാരനല്ലെന്നും മാതൃരാജ്യത്തിനായി ആയുധമെടുക്കുമെന്നുമാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞത്.
സഹകരണമാകാം എന്നാൽ അടിമത്തം വേണ്ട എന്നായിരുന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിന്റെ മറുപടി. മെക്സിക്കോയിൽ യുഎസ് സൈന്യത്തിന് യാതൊരു ഇടവും അനുവദിക്കില്ലെന്നും ട്രംപിന്റെ ഭീഷണികളെ ഗൗരവമായി കാണുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയുടെ ദൈനംദിന ഭരണത്തിനു അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് തിരുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഒരു യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വെനസ്വേലയുടെ എണ്ണയെ സമ്മർദ തന്ത്രമാക്കി നിലനിർത്തി ലഹരികടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം കൊണ്ടുവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
യോഗ്യതയുള്ള നേതാവിനെ തെരഞ്ഞെടുക്കുംവരെ വെനസ്വേലയുടെ ഭരണം അമേരിക്ക നടത്തുമെന്ന യുഎസ് പ്രസിഡന്റിന്റെ പരാമർശത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി തിരുത്തി. ട്രംപ് ഉദ്ദേശിച്ചത് നിലവിലുള്ള ഉപരോധങ്ങൾ ഫലപ്രദമായി നടപ്പിലാക്കും എന്നാണെന്ന് റൂബിയോ വ്യാഖാനിച്ചു.
പരിമിതമായ ഇടപെടലുകൾ മാത്രമെ വെനസ്വേലയിൽ യുഎസ് ലക്ഷ്യമിടുന്നുള്ളു എന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. നിക്കോളാസ് മഡുറോയെ പിടികൂടിയശേഷം വെനസ്വേലയിൽ ദീർഘകാല വിദേശ ഇടപെടലിനു അമേരിക്ക മുതിരുമോ എന്ന മേഖലയിലെ മറ്റു രാജ്യങ്ങളുടെ ആശങ്ക ലഘൂകരിക്കാൻ കൂടി ലക്ഷ്യമിട്ടായിരിക്കണം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പുതിയ നിലപാട് പ്രഖ്യാപനം. വെനസ്വേലയുടെ എണ്ണ ടാങ്കറുകൾ ഉപരോധിക്കുന്നത് തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.
International
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യൻ യുവതിയെ യുഎസിൽ മുൻ കാമുകന്റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ മെരിലാൻഡിലെ അപ്പാർട്ട്മെന്റിലാണ് യുവതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുതുവത്സരാഘോഷത്തിനിടെ യുഎസിൽ കാണാതായ ഡാറ്റ സ്ട്രാറ്റജി അനലിസ്റ്റായ നികിത ഗോഡിശാലയാണ് (27) കൊല്ലപ്പെട്ടതെന്ന് ഹോവാർഡ് കൗണ്ടി പോലീസ് പറഞ്ഞു. നികിതയുടെ മുൻ കാമുകനായ അർജുൻ ശർമ്മയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
നികിതയെ കാണാനില്ലെന്ന് ജനുവരി രണ്ടിന് അർജുൻ ശർമ്മ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബർ 31ന് തന്റെ അപ്പാർട്ട്മെന്റിൽ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ജനുവരി മൂന്നിന് അപ്പാർട്ട്മെന്റിൽ എത്തിയ പോലീസാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
നികിതയെ കാണാതായതായി റിപ്പോർട്ട് ചെയ്ത അതേ ദിവസം തന്നെ അർജുൻ ശർമ ഇന്ത്യയിലേക്ക് പോയതായും ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഡിസംബർ 31ന് രാത്രി ഏഴിന് ശേഷമാണ് നിഖിത കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
National
ന്യൂഡൽഹി: വെനസ്വേലയിലെ വിവിധ മേഖലകളിൽ ബോംബുകൾ വർഷിച്ച യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ചു സിപിഎം. കരീബിയൻ കടലിൽനിന്ന് അമേരിക്കൻ സൈനികരെ പിൻവലിക്കണമെന്നും ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പരമാധികാരമുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അമേരിക്കയെ അനുവദിക്കാതിരിക്കണമെന്നും ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഭരണമാറ്റം നടപ്പിലാക്കുന്നതിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്ക വെനസ്വേലയ്ക്ക് ചുറ്റും സൈനിക, നാവിക സേനകളെ വിന്യസിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ച യുഎസ് ദേശീയ സുരക്ഷാ തന്ത്രം 2025ന്റെ യഥാർഥ മുഖമിതാണെന്നും സിപിഎം വിമർശിച്ചു.
യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിൽ പ്രമേയം പാസാക്കണമെന്നും ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കക്കുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ടാകണമെന്നും സിപിഎം പറഞ്ഞു.