സിയാറ്റിലിൽ വെടിവയ്പ്പുണ്ടായ പ്രദേശം
വാഷിംഗ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ പ്രശസ്തമായ സ്പേസ് നീഡിലിന് സമീപമുള്ള ഫുഡ് ഫെസ്റ്റിവലിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേയ്ക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് വെടിവയ്പ്പുണ്ടായത്. നൂറുകണക്കിന് പ്രാദേശിക കച്ചവടക്കാരും തത്സമയ സംഗീത പരിപാടികളും ഉൾക്കൊള്ളുന്ന വാർഷിക പരിപാടിയായ "ബൈറ്റ് ഓഫ് സിയാറ്റിൽ' എന്ന ഫെസ്റ്റിവലിനിടെയാണ് ആക്രമണം ഉണ്ടായത്.
"പോലീസ് ഒരു വെടിവയ്പ്പ് കേസ് അന്വേഷിച്ചുവരികയാണ്. നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്.സിയാറ്റിൽ സെന്ററിൽ വെടിവയ്പ്പ് നടന്നു. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുന്നതാണ്. ദയവായി ഈ പ്രദേശം ഒഴിവാക്കുക," സീയാറ്റിൽ പോലീസ് ഡിപ്പാർട്ട്മെന്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
Tags : shooting food festival america killed injury