International
ലാഹോർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപം ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് വരികയായിരുന്ന ട്രെയിനിൽ സൈനികരും കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഈദ് അവധി ആഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം.
സ്ഫോടനത്തിൽ ട്രെയിൻ ഭാഗികമായി തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങൾക്കും തകർന്നതായി പോലീസ് അറിയിച്ചു.
Sports
ബ്രസീലിയ: ഫിഫ ലോകകപ്പ് ഫുട്ബോളിലേക്കുള്ള അകലം കുറയുമ്പോള്‍, ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ആശങ്കയായി തുടരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീലിന്റെ സന്നാഹമത്സരത്തിനു മുമ്പ് നെയ്മര്‍ പരിക്കില്‍നിന്നു മുക്തനായേക്കില്ലെന്നാണ് സൂചന.
അങ്ങനെയെങ്കില്‍ നെയ്മറിന്റെ അഭാവത്തിലായിരിക്കും കാര്‍ലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീം ഇറങ്ങുക.
ബ്രസീല്‍ ക്ലബ്ബായ സാന്റോസ് എഫ്സിക്കു വേണ്ടി കോറിറ്റിബയ്ക്ക് എതിരേ ഇറങ്ങിയ മത്സരത്തിലാണ് നെയ്മറിന്റെ കണങ്കാലിനു പരിക്കേറ്റത്. 27നാണ് ബ്രസീലിന്റെ ലോകകപ്പ് മുന്നൊരുക്കം ആരംഭിക്കുന്നത്. അതിനു മുമ്പ് നെയ്മര്‍ ബ്രസീല്‍ ടീമില്‍ ചേരുമെന്ന് സാന്റോസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍, അത്രവേഗത്തില്‍ നെയ്മറിന്റെ കാലിലെ നീര് മാറില്ലെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ബ്രസീല്‍ ടീമിന്റെ മെഡിക്കല്‍ സംഘം നെയ്മറിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.
ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ മൊറോക്കോ, ഹയ്തി, ക്രൊയേഷ്യ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് ടീമിന്റെ ആദ്യമത്സരം. ജൂണ്‍ ഒന്നിന് പാനമയ്ക്കും ഏഴിന് ഈജിപ്തിനും എതിരേ ബ്രസീലിന് സന്നാഹമത്സരങ്ങളുണ്ട്.
Kerala
കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ബസ് കാത്തുനിന്നവരെയും വിദ്യാര്‍ഥികളെയും ഹരിതകര്‍മ സേനാംഗങ്ങളെയും തെരുവുനായ കടിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ബാക്കിയുള്ളവര്‍ ചികിത്സ തേടിയത്. കാലിനും കൈകള്‍ക്കുമാണ് പരിക്കേറ്റത്. ഉച്ചയോടെ നായയെ പിടികൂടി. നായയെ പരിശോധനയ്ക്കായി മണ്ണുത്തി വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. കടിയേറ്റവര്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെ ഉറപ്പു വരുത്തുമെന്ന് അങ്കമാലി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
National
ബംഗളൂരു: കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ആറ് പേർ മരിച്ചു. ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു.
ഇവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.
ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി തിരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Kerala
സുൽത്താൻബത്തേരി: ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിലാണ് സംഭവം.
മുരുക്കംപാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ അഞ്ചോടെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവർക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്. മരിച്ച ചെമ്പന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പന്തല്ലൂർ സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി.
Kerala
തിരുവനന്തപുരം: ചുള്ളിമാനൂർ ടോൾ ജംഗ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് 4.45 ഓടെയാണ് അപകടം നടന്നത്.
ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ കരിങ്കട റോഡിൽ നിന്ന് അമിതവേഗതയിൽ എത്തിയ കാർ നെടുമങ്ങാട് ഭാഗത്ത് നിന്ന് ചുള്ളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു.
രണ്ടു കാറുകളിലുമായി സഞ്ചരിച്ച യാത്രക്കാർക്ക് സാരമായി പരിക്കേൽക്കുകയും ഇതിനിടയിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരന് നിസാരമായി പരിക്കേൽക്കുകയും ചെയ്തു.
അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ പറഞ്ഞു.
International
ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 21 പേർ കൊല്ലപ്പെട്ടു. 61 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായത്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിക്ക് മൂന്ന് കിലോമീറ്റർ അകലെ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 500 ഓളം രക്ഷാപ്രവർത്തകരാണ് മേഖലയിൽ തെരച്ചിലും രക്ഷാപ്രവർത്തനത്തിലും മുഴുകിയിട്ടുള്ളത്.
20 മുതൽ 60 വരെ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടവരുടെ പ്രായം. ലോകത്തിൽ തന്നെ പടക്കനിർമാണത്തിന് മുന്നിലുള്ള ലിയുയാംഗ് പട്ടണത്തിലാണ് അപകടമുണ്ടായിട്ടുള്ളത്.
'ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ്' എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ പരിസരപ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു.
സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് വലിയ തോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടം നടന്ന ഉടൻ തന്നെ 500-ഓളം വരുന്ന അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പരിക്കേറ്റ 61 പേരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോള്‍ ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്ന്റെ പരിക്കേറ്റ മൊറോക്കന്‍ താരം അച്റഫ് ഹക്കിമി ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് എതിരായ രണ്ടാംപാദ സെമിയില്‍ കളിക്കില്ല.
ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്കിന് എതിരേ പാരീസില്‍വച്ചു നടന്ന ആദ്യപാദ സെമി പോരാട്ടത്തിനിടെയാണ് ഹക്കിമിക്കു പരിക്കേറ്റത്. മത്സരത്തില്‍ 5-4ന് നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ജയിച്ചു.
കാല്‍ത്തുട മസിലിനു പരിക്കിനെത്തുടര്‍ന്ന് ഹക്കിമി ആഴ്ചകള്‍ പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയാണ് ബയേണ്‍ x പിഎസ്ജി രണ്ടാംപാദ സെമി ഫൈനല്‍. ബയേണ്‍ മ്യൂണിക്കിന്റെ ഗ്രൗണ്ടിലാണ് മത്സരം.
ഹക്കിമിയുടെ അഭാവം പിഎസ്ജി പ്രതിരോധത്തിനു ക്ഷീണം ചെയ്യും. മാത്രമല്ല, 2026 ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന മൊറോക്കോയെയും ഹക്കിമിയുടെ പരിക്ക് ആശങ്കയിലാക്കിയിരിക്കുകയാണ്.
Kerala
കൂത്താട്ടുകുളം: എംസി റോഡില്‍ കൂത്താട്ടുകുളത്ത് അമ്പലംകുന്നില്‍ കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി രണ്ടുപേര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവറായ കോതമംഗലം മറ്റത്തില്‍ മാഹിന്‍ ലാല്‍ (26), ബസ് കാത്തിരുന്ന കരിമ്പന നെടുംകാട്ടില്‍ ഏലിയാമ്മ ബെന്നി (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിര്‍വശത്തുള്ള വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വെയിറ്റിംഗ് ഷെഡില്‍ ഇരുന്നിരുന്ന ഏലിയാമ്മ ഷെഡിന് പുറത്തേക്ക് തെറിച്ചു വീണു.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഡ്രൈവറെയും ഏലിയാമ്മയെയും കൂത്താട്ടുകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ വെയിറ്റിംഗ് ഷെഡ് പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ മുന്‍ഭാഗവും പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയുന്നത്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ബർവാനി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം.
സച്ചിൻ വാസ്കലെ (25), പ്രദ്യുമ് സാഹ്തെ (25), ആകാശ് ദയാറാം (25), പപ്പു ഹിരാലാൽ (29), യശ്വന്ത് സുദാപിയ (30) എന്നിവരാണ് മരിച്ചത്.
ജൽഗൗൺ ഗ്രാമത്തിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കാറിലുണ്ടായിരുന്നത്. തിരിച്ചു പോകുമ്പോൾ, ഒരു ടോൾ ബാരിയറിന് സമീപം അവരുടെ കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചു.
വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ ബർവാനിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.
പരിക്കേറ്റവർ ബർവാനിയിൽ ചികിത്സയിലാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
NRI
ബെർലിൻ: ജർമനിയിലെ മോയേഴ്സ് നഗരത്തിലുള്ള ഡൂയിസ്ബർഗ് ഗുരുദ്വാരയിൽ വിശ്വാസികൾക്കിടയിലുണ്ടായ സംഘർഷത്തിൽ പതിനൊന്നുപേർക്കു പരിക്ക്. തിങ്കളാഴ്ച നടന്ന പ്രാർഥനയ്ക്കിടെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കം അക്രമാസക്തമാവുകയായിരുന്നു.
സംഭവസ്ഥലത്തു വെടിവയ്പും കുരുമുളക് സ്പ്രേ പ്രയോഗവും നടന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാർഥന ആരംഭിക്കുന്നതിനു തൊട്ടുമുമ്പുണ്ടായ പ്രകോപനമാണു സംഘർഷത്തിൽ കലാശിച്ചത്.
ഏകദേശം 40-ഓളം പേർ ഏറ്റുമുട്ടലിൽ പങ്കെടുത്തതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ മുൻകൂട്ടി തയാറെടുത്താണു എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പ്രാർഥന തുടങ്ങുന്നതിനു തൊട്ടുമുമ്പു കുരുമുളക് സ്പ്രേ അടിക്കുകയും പിന്നാലെ വെടിയുതിർക്കുകയുമായിരുന്നു.
വാളുകളും കത്തികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്കുള്ളിൽ ഭയചകിതരായ വിശ്വാസികൾ ചിതറിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായതായും ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുദ്വാരയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു രക്തച്ചൊരിച്ചിലിൽ അവസാനിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുദ്വാരയുടെ ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ ഭരണസമിതിയും മുൻ അംഗങ്ങളും തമ്മിൽ ദീർഘകാലമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
International
ബെർലിൻ: ജർമനിയിലെ മോയേഴ്സ് നഗരത്തിലുള്ള ഡൂയിസ്ബർഗ് ഗുരുദ്വാരയിൽ വിശ്വാസികൾക്കിടയിലുണ്ടായ സംഘർഷത്തിൽ പതിനൊന്നുപേർക്കു പരിക്ക്. തിങ്കളാഴ്ച നടന്ന പ്രാർഥനയ്ക്കിടെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കം അക്രമാസക്തമാവുകയായിരുന്നു. സംഭവസ്ഥലത്തു വെടിവയ്പും കുരുമുളക് സ്പ്രേ പ്രയോഗവും നടന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രാർഥന ആരംഭിക്കുന്നതിനു തൊട്ടുമുമ്പുണ്ടായ പ്രകോപനമാണു സംഘർഷത്തിൽ കലാശിച്ചത്. ഏകദേശം 40-ഓളം പേർ ഏറ്റുമുട്ടലിൽ പങ്കെടുത്തതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ മുൻകൂട്ടി തയാറെടുത്താണു എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പ്രാർഥന തുടങ്ങുന്നതിനു തൊട്ടുമുമ്പു കുരുമുളക് സ്പ്രേ അടിക്കുകയും പിന്നാലെ വെടിയുതിർക്കുകയുമായിരുന്നു.
വാളുകളും കത്തികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്കുള്ളിൽ ഭയചകിതരായ വിശ്വാസികൾ ചിതറിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായതായും ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുദ്വാരയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു രക്തച്ചൊരിച്ചിലിൽ അവസാനിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുദ്വാരയുടെ ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ ഭരണസമിതിയും മുൻ അംഗങ്ങളും തമ്മിൽ ദീർഘകാലമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
Sports
ചെന്നൈ: തുടയിലേറ്റ പരിക്കിനെ തുടർന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് പേസര്‍ ഖലീല്‍ അഹമ്മദ് ഐപിഎലില്‍ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല. പരിക്ക് ഗുരുതരമാണെന്നും അതിനാൽ താരത്തിന് വിശ്രമം അനുവദിക്കുകയാണെന്നും ടീം മാനേജുമെന്റ് വ്യക്തമാക്കി.
കഴിഞ്ഞ 14ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കോല്‍ക്കത്ത ഇന്നിംഗ്സിലെ 17-ാം ഓവര്‍ എറിയുന്നതിനിടെയാണ് സംഭവം. ഓവറിലെ അവസാന പന്ത് എറിയാനെത്തിയ താരം വേദനയെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്നുപോവുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയ ഖലീല്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടിരുന്നു. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് ഖലീല്‍ അഹമ്മദിന് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Kerala
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് താടിയെല്ലിനു പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.
ആലുവയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഐശ്വര്യ. ആലുവ യുസി കോളജ് വിദ്യാർഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിൻ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.
താടിയെല്ലിന് ഗുരുതരപരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകളും നഷ്ടപ്പെട്ടു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.
Kerala
ഇടുക്കി: മറയൂരിൽ ജനവാസമേഖലയെ വിറപ്പിച്ചു കാട്ടുപോത്തിന്റെ വിളയാട്ടം. ഒാടിയ വഴിയിൽ കണ്ണിൽ കണ്ടതെല്ലാം തകർത്തായിരുന്നു പോത്തിന്റെ പരാക്രമം. പഞ്ചായത്ത് ഒാഫീസിനുള്ളിലും ഹോട്ടലിലും കയറി ഫർണിച്ചറുകളും മറ്റും തകർത്തു.
ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പോത്തിന്റെ മുന്നിൽ പെടാതിരിക്കാൻ ജനം പലവഴി ഒാടി.
മറയൂർ പഞ്ചായത്ത് ഓഫീസിനുള്ളിലാണ് കാട്ടുപോത്ത് കയറിയത്. ഓഫീസിലെ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പലരും മേശപ്പുറത്തും തട്ടിൻപുറത്തും കയറിയാണ് ജീവൻ രക്ഷപ്പെടുത്തിയത്.
ഏറെ നേരം ഓഫീസിനുള്ളിൽ കുടുങ്ങിക്കിടന്ന പോത്തിനെ വനംവകുപ്പും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തിറക്കിയത്. തുടർന്നു സമീപത്തെ ഹോട്ടലിലും കയറിയ പോത്ത് അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും ഫർണിച്ചറുകളും തകർത്തു.
ഇതിനിടെ, കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുമുട്ടാംകുഴി ആദിവാസി കോളനിയിലെ കാമാക്ഷി, സെൽവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Kerala
പത്തനംതിട്ട: കൊടുമണ്ണിൽ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. എൽകെജി വിദ്യാർഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. വിവേകിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്.
പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരുന്ന സമയത്തായിരുന്നു തെരുവ് നായ ആക്രമണം ഉണ്ടായത്.
Kerala
ചിങ്ങവനം: കള്ളുഷാപ്പിലുണ്ടായ അടിപിടിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തമിഴ്നാട് സ്വദേശി ലോറന്‍സ് (60) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.
ഞായറാഴ്ച രാത്രി പൂവന്തുരുത്ത് കട്ടാമ്പാക്ക് ഷാപ്പിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ലോറൻസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ സമീപത്തെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഏകദേശം 15 തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
സംഭവത്തിന് പിന്നാലെ കന്പനി അധികൃതർക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുകൾ എത്തി. ഉദ്യോഗസ്ഥരെ കാണാൻ അനുവദിച്ചില്ലെന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും ബന്ധുകൾ ആരോപിച്ചു. പരാതികൾ കേൾക്കാൻ തയാറായിട്ടില്ലെന്നും അവർ പറഞ്ഞു.
മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kerala
കോട്ടയം: മുണ്ടക്കയത്ത് പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ചു 250 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒഡീഷ സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ദേശീയപാതയില്‍ മുണ്ടക്കയം 35-ാം മൈല്‍ മരുതുംമൂടിന് സമീപം രാവിലെ 10.30നാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് മൈദയുമായി കുമളി ഭാഗത്തേക്ക് പോയ പിക്കപ്പ് വാന്‍ പെരുവന്താനം ഭാഗത്തുനിന്നു വന്ന ബൈക്കിലും കാറിലുമിടിച്ചശേഷം റോഡിന്റെ വശത്തെ ബാരിക്കേഡും തകര്‍ത്ത് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവര്‍ പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ്. ഇവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
National
മുംബൈ: സാൻപാഡയ്ക്കടുത്തുള്ള പാം ബീച്ച് റോഡിൽ അജ്ഞാത വാഹനം ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. പ്രശാന്ത് ജംദാഡെ (24) എന്ന യുവാവാണ് മരിച്ചത്.
ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത സുഹൃത്ത് ഹർമൻ കൗറിന് ഗുരുതര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് 50 മീറ്റർ അകലെ തെന്നിമാറുകയും പ്രശാന്തിന്റെ തല ശരീരത്തിൽ നിന്നും വേർപ്പെട്ട് പോവുകയും ചെയ്തു. ഹർമന്റെ തലയ്ക്കും രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.
സംഭവസ്ഥലത്ത് സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടില്ലത്തത്തിനാൽ ഇടിച്ച വാഹനം കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഡാലികരിക്കം സ്വദേശി പ്രകാശിനാണ് പരിക്കേറ്റത്. രാത്രി 11 നോടെയാണ് സംഭവം.
കൂലിപ്പണിക്കാരനായ പ്രകാശ് ജോലി കഴിഞ്ഞ് മടങ്ങമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. തുമ്പികൈ കൊണ്ട് പ്രകാശിനെ ചുറ്റിയ ശേഷം തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
തോളിന് പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശമാണ് ഈ മേഖല. കാട്ടാന കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്.
Kerala
കൊച്ചി: കേരളത്തെ നടുക്കിയ വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നു.
മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാർജ് ആയി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 25നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാതെയും ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു അന്ന്. കൂടാതെ ഇടതു തോളിനും പരിക്കേറ്റിരുന്നു.
അമൃത ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (PMR) വിഭാഗം മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർചികിത്സ. ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചു.
ന്യൂറോ റീഹാബിലിറ്റേഷൻ പദ്ധതിയുടെ ഭാഗമായി, ഓക്സിജൻ തെറാപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം (Swallow Therapy), ഓർമശക്തിയും ചിന്താശേഷിയും ഉണർത്താനുള്ള ചികിത്സകൾ (Cognitive Stimulation), ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവയുൾപ്പെടെയുള്ള ചിട്ടയായ ചികിത്സാ രീതികളാണ് ശ്രീക്കുട്ടിക്ക് നൽകിയത്.
ഇഎൻടി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎന്ററോളജി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഇപ്പോൾ തനിയെ ഭക്ഷണം കഴിക്കാനും, നടക്കാനും, സംസാരിക്കാനുമുള്ള ശേഷി വീണ്ടെടുത്തതും ശ്രീക്കുട്ടിയും കുടുംബവും വലിയ അത്ഭുതമായാണ് കാണുന്നത്. ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്. മകളുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന പാലോട്ടെ വീട് ഇപ്പോൾ അതീവ സന്തോഷത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. മാതാ അമൃതാനന്ദമയി മഠമാണ് ചികിത്സാ ചിലവുകൾ പൂർണമായും ഏറ്റെടുത്തത്. ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന വിദഗ്ധ ചികിത്സ സൗജന്യമായി ആണ് മഠം ലഭ്യമാക്കിയത്.
2025 നവംബർ ആദ്യവാരം കേരള എക്സ്പ്രസിൽ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്. എന്നാൽ തളരാത്ത പോരാട്ടവീര്യവുമായി തിങ്കളാഴ്ച അവൾ തന്റെ പ്രിയപ്പെട്ട പാലോടേക്ക് മടങ്ങി.
നിലവില്‍ തനിയെ ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനുമുള്ള ശേഷി ശ്രീക്കുട്ടി വീണ്ടെടുത്തു. കൈക്ക് ശസ്ത്രക്രിയ വേണ്ടതിനാല്‍ അടുത്ത മാസം അമൃതയിലേക്കുതന്നെ തിരിച്ചു വരുമെന്നു ശ്രീക്കുട്ടിയുടെ അമ്മ പ്രിയ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇനി മലപ്പുറത്തെ ആയുര്‍വേദ ആശുപത്രിയിലേക്കാണ് ശ്രീക്കുട്ടിയെ കൊണ്ടു പോവുന്നതെന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്നും പ്രിയ അറിയിച്ചു.
International
ദുബായ്: ദുബായിൽ ഇറാന്റെ ആക്രമണം. പാം ജുമൈറയിലെ ലേക്ക് ടവറിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായിലെ വിമാനത്താവളങ്ങൾ പ്രവർത്തനം താത്കാലികമായി നിർത്തി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് വേള്‍ഡ് സെന്‍ട്രല്‍ - അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വിമാന സര്‍വീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുന്നത്.
അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇവിടെനിന്നുള്ള പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തേക്കാമെന്നും സൂചനയുണ്ട്.
Kerala
കോഴിക്കോട്: നല്ലളം മോഡേണ്‍ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ നാല് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ഇതില്‍ രണ്ട് പേര് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഒരാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോറി ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ കെഎസ്യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
വധശ്രമമടക്കം ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നൽകിയ ജാമ്യാപേക്ഷയിൽ കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
കേസിൽ റെയിൽവേ പോലീസിന് ആരോഗ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.
National
ജയ്പുർ: രാജസ്ഥാനിൽ ബസും ട്രെയ്ലർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു.
വെള്ളിയാഴ്ച വൈകുന്നേരം ആണ് അപകടമുണ്ടായത്. ബലോത്ര ജില്ലയിലെ സർവാഡി ജില്ലയിലാണ് അപകടം നടന്നത്. ജോധ്പുരിൽ നിന്ന് ബലോത്രയിലേയ്ക്ക് പോയ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
അതിമവേഗത്തിലെത്തിയ ബസ് ട്രെയ്ലറിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആറ് പേർ സംഘവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേയ്ക്ക് മാറ്റി.
അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം അക്രമം അഴിച്ചു വിടുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും കരിങ്കൊടി പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനനില ഭദ്രമായി തുടരണമെന്നുള്ളത് കോൺഗ്രസിന്റെ ബാധ്യതയല്ലെന്നും മുരളീധരൻ പറഞ്ഞു. വീണാ ജോർജ് ആരോഗ്യമന്ത്രിയെന്ന നിലയിൽ പരാജയം ആണെങ്കിലും നടിയെന്ന നിലയിൽ മികച്ച പെർഫോമൻസാണ് നടത്തുന്നതെന്നും അദേഹം പരിഹസിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും വീണാ ജോർജ് ഇതേ തന്ത്രം പയറ്റിയിരുന്നു. കഴുത്തിന് അസുഖമുള്ള മന്ത്രി കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും കോളർ ധരിച്ചിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു.
യുഡിഎഫുകാർക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദേഹം കൂട്ടിചേർത്തു.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്ത് റെയിൽവേ പോലീസ്. സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മന്ത്രിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തത്.
മന്ത്രിക്ക് പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ട് ഉണ്ടായതാണോ എന്നാണ് ചോദിച്ചത്. പരാതി നൽകിയ മന്ത്രിയുടെ ഗൺമാൻ അഭിലാഷിന്റെ മൊഴിയും രേഖപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവ സമയത്തെ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
55 സിസിടിവി കാമറകളാണുള്ളത്. ഇതുവരെ പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മന്ത്രിയെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യം ലഭിച്ചില്ലെന്നാണ് വിവരം. മന്ത്രിക്ക് പരിക്കേറ്റ സാഹചര്യത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ച് കൂടുതൽ ഊർജിതമായ അന്വേഷണം നടത്താനാണ് തീരുമാനം.
അതേസമയം മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു.
Kerala
മലപ്പുറം: ഇരുവേറ്റിയിൽ ബിഹാർ സ്വദേശികളായ മൂന്ന് കുട്ടികൾക്ക് രണ്ടാനമ്മയുടെ ക്രൂര ആക്രമണത്തിൽ പരിക്ക്. അഞ്ച്, ആറ്, 11 വയസുള്ള പെൺകുട്ടികളുടെ കാലിൽ രണ്ടാനമ്മ ഷീലാ ദേവി ചട്ടുകം വച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു.
നാട്ടുകാരുടെ പരാതിയിൽ ഷീലാ ദേവിയെയും ഭർത്താവ് രാജേഷ് ശർമയെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.
പതിവായി കുട്ടികളുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിഷയം പോലീസിൽ അറിയിച്ചത്. പരിശോധനയിൽ ഇവരുടെ കാലിൽ ഗുരുതര പരിക്കും കണ്ടെത്തി. കുട്ടികളെ ആക്രമിക്കുന്നതിൽ രാജേഷ് ശർമയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. വർഷങ്ങളായി സ്ഥലത്ത് താമസിച്ച് ജോലി ചെയ്തുവരുന്നയാളാണ് രാജേഷ് ശർമ.
Kerala
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും എംഎംആര്‍ഐ സ്കാനിംഗ് നടത്തണമെന്നും മന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ.
ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ടീമാണ് മന്ത്രിയെ ആദ്യം പരിശോധിച്ചത്. കഴുത്തിനേറ്റ് ക്ഷതവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിന് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് എംആർഐ സ്കാനിംഗ് നടത്തിയുള്ള വിദഗദ്ധ പരിശോധന ആവശ്യമാണെന്ന് നിർദേശിച്ചത്.
മന്ത്രിയെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Kerala
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം.
മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.
National
ലക്നോ: ഉത്തർപ്രദേശിൽ ഡബിൾ ഡക്കർ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
ലക്നോയ്ക്ക് സമീപം പുർവാഞ്ചൽ എക്സ്പ്രസ് എക്സ്പ്രസ് വേയിലുള്ള ടോളിന് സമീപത്ത് വച്ചാണ് ബസ് മറിഞ്ഞത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ബിഹാറിലെ മോത്തിഹരിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 80 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പോലീസ് അറിയിച്ചത്.
അമിതവേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേയ്ക്ക് മാറ്റി.
സംഭവത്തിൽ പോലീസ് കേസെടുത്തു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് അടർന്നുവീണത്.
തൊഴിലാളികൾ വിശ്രമിക്കാനിരിക്കുന്ന ഭാഗത്തേക്കാണ് കോൺക്രീറ്റ് വീണത്. പരിക്കേറ്റ നാല് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.
ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
International
ധാക്ക: ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം. . പോളിംഗ് സ്റ്റേഷന് സമീപം ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചു.
ഗോപാൽ ഗഞ്ച് പോളിംഗ് സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 13 വയസുകാരൻ ഉൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു.
നിലവിൽ ബംഗ്ലാദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകുന്നേരം 4.30 വരെയാണ് പോളിംഗ് നടക്കുക. ഇതിന് പിന്നാലെ വോട്ടെണ്ണൽ ആരംഭിക്കും. ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനെത്തുടർന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റ് 18 മാസത്തിന് ശേഷമാണ് രാജ്യം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.
Sports
കൊളംബോ: ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. അവരുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ മത്സരത്തിനിടെയാണ് ഹസരങ്കയുടെ ഇടത് കാലിലെ പേശികള്‍ക്ക് പരിക്കേറ്റത്. എംആര്‍ഐ സ്കാനിംഗില്‍ പേശികള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ലോകകപ്പില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹസരങ്ക പരിക്കിന്റെ പിടിയിലാണ്. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ശ്രീലങ്കയ്ക്ക് ഇനി ശനിയാഴ്ച്ച ഒമാനെ നേരിടണം. 16ന് ഓസ്ട്രേലിയക്കെതിരേയും ലങ്കയ്ക്ക് മത്സരമുണ്ട്. 19ന് സിംബാബ്യേയും നേരിടും.
Sports
കൊളംബോ: 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ഇന്നാരംഭിക്കുന്നതിനിടെ ഓസ്ട്രേലിയയ്ക്കു കനത്തപ്രഹരം. പരിക്കിനെത്തുടര്‍ന്ന് ഓസീസ് ടീമില്‍നിന്ന് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പുറത്തായി.
പരിക്കിനെത്തുടര്‍ന്ന് പാറ്റ് കമ്മിന്‍സും ഓസീസ് സംഘത്തിലില്ല. സൂപ്പര്‍ എട്ട് മത്സരത്തിനു മുമ്പ് ഹെയ്സല്‍വുഡ് തിരിച്ചെത്തുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതീക്ഷ.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മോസ്ക്കിനുള്ളിൽ ചാവേർ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിൽ മരണസംഖ്യ 69 ആയി. 169 പേർക്ക് പരിക്കേറ്റു.
ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗൺ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിലാണ് സ്ഫോടനമുണ്ടായത്.
ഷിയ വിശ്വാസികൾ ഒത്തുകൂടിയ സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ പ്രധാന കവാടത്തിൽ ഗാർഡുകൾ തടഞ്ഞു നിർത്തിയിരുന്നു. തുടർന്ന് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തെത്തുടർന്ന്, ഇസ്ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നഗരവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (പിംസ്) പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മോസ്ക്കിനുള്ളിൽ ചാവേർ പൊട്ടിത്തെറിച്ച് 15പേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗൺ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിലാണ് സ്ഫോടനമുണ്ടായത്.
ഷിയ വിശ്വാസികൾ ഒത്തുകൂടിയ സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ പ്രധാന കവാടത്തിൽ ഗാർഡുകൾ തടഞ്ഞു നിർത്തിയിരുന്നു. തുടർന്ന് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തെത്തുടർന്ന്, ഇസ്ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നഗരവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (പിംസ്) പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തെ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു.
Sports
മുംബൈ: ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് പേസർ ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്തായി.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഹർഷിതിന് പരിക്കേറ്റത്. മത്സരത്തിൽ ഒരു ഓവർ മാത്രമാണ് താരത്തിന് എറിയാനായത്.
ഹർഷിതിന് പകരക്കാരനായി പ്രസിദ് കൃഷ്ണയൊ മുഹമ്മദ് സിറാജൊ ടീമിൽ എത്തുമെന്നാണ് സൂചന. ശനിയാഴ്ച യുഎസ്എയ്ക്കെതിരേയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
Kerala
കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില് കളമശേരി സ്വദേശിയായ യുവതിക്ക് പരിക്ക്. ഏലൂര്‍ ഡിപ്പോയില്‍ നിന്നും എറണാകുളം വരെ സര്‍വീസ് നടത്തുന്ന മേരിമാത ബസില്‍ സഞ്ചരിച്ച യുവതിക്കാണ് പരിക്കേറ്റത്. ആലുവയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെ സര്‍വീസ് നടത്തുന്ന അന്‍സാരി എന്ന ബസ് അമിതവേഗത്തില്‍ വന്ന് മേരിമാത ബസിനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മേരിമാത ബസിലെ മുന്‍സീറ്റിലിരുന്ന യുവതിക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. കലൂര്‍ സിഗ്നല്‍ ഭാഗത്തു വച്ച് അന്‍സാരി ബസ് മേരിമാത ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയും വലതുവശത്തെ മിറര്‍ തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് കലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയ ബസ് ഡ്രൈവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
മേരിമാത ബസ് ഡ്രൈവറും കണ്ടക്ടറും സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. യുവതിയും പരാതി നല്‍കുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് സ്വകാര്യ ബസുകളില്‍ ഷാഡോ പോലീസിനെ നിയോഗിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു.
സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഷാഡോ പോലീസ് മാതൃകയില്‍ ഉദ്യോഗസ്ഥരെ സ്വകാര്യ ബസുകളില്‍ നിയോഗിക്കാന്‍ ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി പോലീസ് മേധാവി അറിയിച്ചിരുന്നു. ഇത് പരിഗണയിലാണെന്ന് എറണാകുളം ആര്‍ടിഒയും മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പാലോട് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. പടക്കം കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ പടക്ക നിർമാണശാലയുടെ ഉടമയായ ആനക്കുഴി സ്വദേശി സജിന്‍ ഗുരുതര പരിക്കേറ്റു.
രാവിലെ ഒമ്പതിനാണ് അപകടം സംഭവിക്കുന്നത്. പടക്ക നിർമാണശാലയിൽ ഉണ്ടായ തീപ്പോരിയാണ് പൊട്ടിത്തെറിക്ക് കാരണമായത്.
ശരീരത്തിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റ സജിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർച്ചയായി ഈ മേഖലയിൽ അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോനധ നടത്തിയിരുന്നു.
Kerala
കോഴിക്കോട്: നാദാപുരം ചെക്യാട് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് കടിയേറ്റത്.
മദ്രസയിൽ പോയി തിരിച്ചുവരുന്നതിനിടെ ആണ് ആക്രമണമുണ്ടായത്. കൈയ്ക്ക് കടിയേറ്റ കുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാദാപുരം ടൗണിൽ കഴിഞ്ഞ ദിവസം ഇതര സംസ്ഥാനക്കാരുടെ മൂന്നര വയസുള്ള കുട്ടിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. യുപി സ്വദേശിയായ മൂന്നരവയസുകാരി ജാനി പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്.
National
മുംബൈ:ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.
മുംബൈയിലെ മെഗാ മാളിന് സമീപമുള്ള ഓട വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സലിൽ റസാഖ് ഗാസി (27) എന്ന യുവാവാണ് മരിച്ചത്. സാഹിൽ നൂർ ഇസ്ലാം എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ 3:40 ഓടെയാണ് ഇരുവരും ഏകദേശം 25 അടി ആഴവും ആറ് അടി വീതിയുമുള്ള ഓടയിലേക്ക് ഇറങ്ങിയത്. ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച ഇവർക്ക് ശ്വാസ തടസമുണ്ടായി.
ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ കയർ ഉപയോഗിച്ച് സാഹിലിനെ രക്ഷപ്പെടുത്തി. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് സലിൽ റസാഖിനെ പുറത്തെടുത്തത്.
ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സലിൽ റസാഖ് മരിക്കുകയായിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. ഇന്നു രാവിലെ കാൽസി മേഖലയിലെ മീനക് റോഡിലുള്ള കുവാനുവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. ഹിമാചൽ റോഡ്വേസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം യാത്രക്കാർ അപകടസമയത്ത് ബസിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ദക്മഥർ, ചക്രത, മോറി, ട്യൂണി എന്നിവിടങ്ങളിൽനിന്നുള്ള എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം നടത്തിവരികയാണ്.
International
ജെറുസലേം: ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഫാ അതിർത്തി ഇന്ന് തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.
വ്യോമാക്രമണത്തിൽ 31 പേർ മരിച്ചു. ആറ് കുട്ടികളടക്കമാണ് മരിച്ചത്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ഇടിച്ചുകയറുകയായിരുന്നു.
ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തൽ ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീനികൾ പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ലംഘിക്കുന്നതായി പരസ്പരം ആരോപിക്കുകയാണ്.
ആക്രമണങ്ങളെ അപലപിച്ച ഹമാസ്, അമേരിക്ക സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ തുടർച്ചയായ ലംഘനങ്ങൾ ഇസ്രയേൽ സർക്കാർ വംശഹത്യയുടെ ക്രൂരമായ യുദ്ധം തുടരുകയാണെന്ന് സ്ഥിരീകരിക്കുന്നതായും ഹമാസ് പറഞ്ഞു.
ഖാൻ യൂനിസിലെ ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഏഴ് പേർ. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒരാളായ ഖത്തർ, ആവർത്തിച്ചുള്ള ഇസ്രയേലി നിയമലംഘനങ്ങളെ അപലപിച്ചതായി പലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Kerala
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി അടർന്നു വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. നിർമാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്.
ഒഡീഷാ സ്വദേശിക്കാണ് പരിക്കേറ്റത്. പാരപ്പറ്റിന് മുകളിൽ കയറിയതിന് പിന്നാലെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു. ഇയാൾക്ക് കാര്യമായ പരുക്കേറ്റിട്ടില്ല. നിലവിൽ മെഡിക്കൽ കോളജിലെ ക്യാഷ്വാലിറ്റിയിലേക്ക് ഇയാളെ മാറ്റിയിരിക്കുകയാണ്.
നേരത്തെ ആശുപത്രിയുടെ പഴയ ശുചിമുറിയുടെ കോൺക്രീറ്റ് തകർന്നുവീണ് ബിന്ദു എന്ന യുവതി മരിച്ചിരുന്നു. ഈ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.
Kerala
ഇടുക്കി: ബൈസൺ വാലിക്ക് സമീപം മിനി വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോള്ജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗ്യാപ് റോഡിലാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
Kerala
തിരുവനന്തപുരം: പെരിങ്ങമ്മലയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.
ഓട്ടോ ഡ്രൈവർ മുത്തിക്കാണിയിൽ അശ്വിൻ, യാത്രക്കാരൻ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്ത് കുത്തിമറിച്ചിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇടവത്തായിരുന്നു സംഭവം.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 10 ആയി. പരിക്കേറ്റ 10 സൈനികരെ ആശുപത്രിയിലേക്കു മാറ്റി.
ഒരു ഓപ്പറേഷന്റെ ഭാഗമായി സൈനികരുമായി ഖന്നി ടോപ്പിലെ ഭാദേർവാ-ചമ്പ അന്തർസംസ്ഥാന റോഡിലൂടെ പോകുകയായിരുന്ന കാസ്പിർ എന്ന ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനം റോഡിൽ നിന്നും തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.
Kerala
നെയ്യാർഡാം: കള്ളിക്കാട് ഭദ്രകാളി ക്ഷേത്ര പരിസരത്തുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക്. ക്ഷേത്രത്തിനടുത്ത് പഴയ സാധനങ്ങൾ കത്തിക്കുന്നതിനിടെ അവയിൽ കിടന്നിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം.
രാവിലെ കാട് വൃത്തിയാക്കുന്ന ജോലിക്കായി എത്തിയ രണ്ട് പേരാണ് അപകടത്തിൽപ്പെട്ടത്. സുരേഷ് (58) എന്നയാൾക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് എത്തിയ നെയ്യാർ ഡാം ഫയർഫോഴ്സ് സംഘം സാഹചര്യം നിയന്ത്രണ വിധേയമാക്കി. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: വൈപ്പിന്‍ - ചെറായി റോഡില്‍ സ്കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. തെലുങ്കാന രജിസ്ട്രേഷനിലുള്ള കാറാണ് യുവതിയും അമ്മയും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.42ന് ആണ് അപകടം സംഭവിച്ചത്.
എടവനക്കാട് സ്വദേശികളായ നദീറ മൊയ്തു, മകള്‍ നദിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മകളായിരുന്നു സ്കൂട്ടര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തില്‍ മുനമ്പം പോലീസ് കേസ് എടുത്തു. നിര്‍ത്താതെ പോയ കാറിന്റെ നമ്പര്‍ ഒരു സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാറിന്റെ നമ്പറുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.
Sports
നാഗ്പുർ: ഏകദിന പരമ്പര നേടിയതിന്റെ ആവേശത്തിൽ ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കിറങ്ങാൻ തയാറെടുക്കുന്ന ന്യൂസിലൻഡ് ടീമിന് തിരിച്ചടി. ഓൾറൗണ്ടർ മൈക്കിൾ ബ്രേസ്വെൽ പരിക്ക് മൂലം പരമ്പരയിൽ കളിച്ചേക്കില്ലെന്നാണ് ന്യൂസിലൻഡ് ടീം മാനേജ്മെന്റ് നൽകുന്ന സൂചന.
ബുധനാഴ്ചയാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം നാഗ്പുരിൽ നടക്കുന്നത്. ഇതിന്റെ തയാറെടുപ്പിനിടെയാണ് ബ്രേസ്വെല്ലിന് കണങ്കാലിന് പരിക്കേറ്റത്. താരത്തിന്റെ പരിക്കിനെ തുടർന്ന് ഓൾറൗണ്ടർ ക്രിസ്റ്റൻ ക്ലാർക്കിനെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിൽ കിവീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ക്ലാർക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. മൂന്ന് മത്സരങ്ങൾ കളിച്ച താരം ഏഴ് വിക്കറ്റുകളും നേടിയിരുന്നു.
National
ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ
അഞ്ച് വയസുകാരന് പരിക്ക്. ഷഹീദ് ഭഗത് സിംഗ് കോളനിയിലെ ജസ്വിന്ദർ സിംഗിന്റെ മകൻ നവ്നൂർ സിംഗിനെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്.
ജസ്വിന്ദർ പറയുന്നതനുസരിച്ച്, വീടിന്റെ ഗേറ്റിനടുത്ത് നിന്ന നവ്നൂറിനെ പതിയിരുന്ന നായ്ക്കൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. നായ്ക്കൾ കുട്ടിയുടെ തലയ്ക്കു പിന്നിൽ തുടരെ കടിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയെ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ നില തൃപ്തികരമാണ്.
കഴിഞ്ഞ നാല് വർഷത്തിനിടെ ഷഹീദ് ഭഗത് സിംഗ് കോളനിയിലും പരിസരത്തും നായ്ക്കളുടെ കടിയേറ്റ കേസുകളിൽ ഏകദേശം 75 ശതമാനം വർധനയുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
Kerala
പാലക്കാട്: മണ്ണാർക്കാട്ടെ കൊന്നക്കോടിനു സമീപം ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വീട്ടിലെ വാടകക്കാരായ രണ്ടു പേർക്കും ടിപ്പർ ഡ്രൈവർക്കും മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനിക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറിനാണ് അപകടമുണ്ടായത്. കൊന്നക്കോട് പാലേങ്ങൽ വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ മകൾ ഫാത്തിമ ഷിഫ (15), ഡ്രൈവർ കാരാകുറുശി വലിയട്ട സ്വദേശി ആസിഫ് (33), വീട്ടിലെ താമസക്കാരും തേനീച്ച കർഷകരുമായ അലക്സാണ്ടർ, ശേഖർ എന്നിവർക്കാണു പരിക്കേറ്റത്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെനാണു പ്രാഥമിക വിവരം. പള്ളിക്കുറുപ്പ് ഭാഗത്തു നിന്നു മണ്ണാർക്കാട് ഭാഗത്തേയ്ക്കു വരുന്നതിനിടെ ടിപ്പർ നിയന്ത്രണം വിട്ടു റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്റെ മുൻഭാഗം തകർന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ റിവർ ഫെസ്റ്റിവലിനിടെ ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് അപകടം നടന്നത്.
കള്ളാക്കുറിച്ചി ജില്ലയിലെ മണലൂർപേട്ടയിൽ നടന്ന തേൻപെണ്ണെയ് റിവർ ഫെസ്റ്റിവലിനിടെയാണ് അപകടമുണ്ടായത്. ബലൂണുകളിൽ നിറയ്ക്കാൻ ഉപയോഗിരുന്ന ഹീലിയം സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ദുഃഖം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബത്തിന് എത്രയും വേഗം സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന് പളനിസ്വാമി ആവശ്യപ്പെട്ടു. പറഞ്ഞു. പരിക്കറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.
International
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു.
എംബസികളും ഷോപ്പിംഗ് കോംപ്ലക്സുകളും ഓഫീസ് ബിൽഡിംഗുകളും സ്ഥിതി ചെയ്യുന്ന ഷെഹർ - ഇ - നവ് എന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
International
മാഡ്രിഡ്: സ്പെയിനിൽ പാളം തെറ്റിയ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. കോർഡോബ പ്രവിശ്യയിലെ അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്.
മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ 73 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Kerala
പയ്യന്നൂര്‍: മരണാനന്തര ചടങ്ങിനെത്തിയവർ കൂട്ടുകൂടി മദ്യപിക്കുന്നതിനിടെ മദ്യം ചോദിച്ചെത്തിയ ആളെ തിരിച്ചയച്ച വിരോധത്തിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നു പേർക്ക് കുത്തേറ്റു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പയ്യന്നൂരിനടുത്ത കുന്നരുവിലാണ് സംഭവം. അഴീക്കോട് സ്വദേശി കെ ജിതിൻ, കൂടെയുണ്ടായിരുന്ന ഗോകുൽ, ഹരിദാസ് എന്നിവർക്കാണ് കുത്തേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് യദുവിന് മർദനമേറ്റു. കുത്തേറ്റ മൂന്നു പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ജിതിനിന് നെഞ്ചത്തും ഗോകുലിന് കണ്ണിന് സമീപവും ഹരിദാസിന് തലയ്ക്കും വയറിനുമാണ് കുത്തേറ്റത്.
മദ്യപിക്കുന്നതിനിടെ തനിക്കു കൂടി വേണമെന്നാവശ്യപ്പെട്ട് രാഹുൽ എന്നയാൾ സമീപിച്ചപ്പോൾ നൽകാതെ തിരിച്ചയച്ച വിരോധത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്നാണ് ചികിത്സയിൽ കഴിയുന്ന ജിതിൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പയ്യന്നൂർ പോലീസ് സംഭവത്തിൽ കേസെടുത്തു.
Kerala
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്.
കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്.
കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
International
ബാങ്കോക്ക്: തായ്ലൻഡിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. നാഖോൺ രാറ്റ്ച്ചാസിമ പ്രവിശ്യയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ബാങ്കോങ്കിൽ നിന്ന് ഉബോൺ രാറ്റ്ച്ചാതാനി പ്രവിശ്യയിലേക്ക് പോയ ട്രെയിനിന്റെ മുകളിലേയ്ക്ക് ക്രെയിൻ വീണതിനെ തുടർന്നാണ് ട്രെയിൻ പാളംതെറ്റിയത്. നിർമാണ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന ക്രെയിനാണ് ട്രെയിനിന്റെ മുകളിലേയ്ക്ക് വീണത്.
പാളം തെറ്റിയതിനെ തുടർന്ന് ട്രെയിന്‍ തീപിടിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.