ബ്രസീലിയ: ഫിഫ ലോകകപ്പ് ഫുട്ബോളിലേക്കുള്ള അകലം കുറയുമ്പോള്‍, ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ആശങ്കയായി തുടരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീലിന്റെ സന്നാഹമത്സരത്തിനു മുമ്പ് നെയ്മര്‍ പരിക്കില്‍നിന്നു മുക്തനായേക്കില്ലെന്നാണ് സൂചന.
അങ്ങനെയെങ്കില്‍ നെയ്മറിന്റെ അഭാവത്തിലായിരിക്കും കാര്‍ലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീം ഇറങ്ങുക.
ബ്രസീല്‍ ക്ലബ്ബായ സാന്റോസ് എഫ്സിക്കു വേണ്ടി കോറിറ്റിബയ്ക്ക് എതിരേ ഇറങ്ങിയ മത്സരത്തിലാണ് നെയ്മറിന്റെ കണങ്കാലിനു പരിക്കേറ്റത്. 27നാണ് ബ്രസീലിന്റെ ലോകകപ്പ് മുന്നൊരുക്കം ആരംഭിക്കുന്നത്. അതിനു മുമ്പ് നെയ്മര്‍ ബ്രസീല്‍ ടീമില്‍ ചേരുമെന്ന് സാന്റോസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍, അത്രവേഗത്തില്‍ നെയ്മറിന്റെ കാലിലെ നീര് മാറില്ലെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ബ്രസീല്‍ ടീമിന്റെ മെഡിക്കല്‍ സംഘം നെയ്മറിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.
ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ മൊറോക്കോ, ഹയ്തി, ക്രൊയേഷ്യ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് ടീമിന്റെ ആദ്യമത്സരം. ജൂണ്‍ ഒന്നിന് പാനമയ്ക്കും ഏഴിന് ഈജിപ്തിനും എതിരേ ബ്രസീലിന് സന്നാഹമത്സരങ്ങളുണ്ട്.
Tags : Neymar FIFA World Cup Brazil injury football