വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം ശക്തമായ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. വൈറ്റ് ഹൗസ് കോംപ്ലക്സിന് സമീപത്തെ 17th സ്ട്രീറ്റ്, പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റ് എന്നിവിടങ്ങൾ വന്നെത്തുന്ന സ്ഥലത്താണ് വെടിവയ്പ്പ് നടന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളായ അക്രമിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും യുഎസ് നിയമപാലകർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ട്.
സംഭവസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിൽ തുടരുന്ന സമയത്താണ് വെടിവയ്പ്പ് നടന്നത്. അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതർ വ്യക്തമാക്കി.
എഫ്ബിഐ സംഘം സംഭവസ്ഥലത്തെത്തി സീക്രട്ട് സർവീസിന് ആവശ്യമായ പിന്തുണ നൽകിയതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനെ തുടർന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയും സമാനമായ രീതിയിൽ വെടിവയ്പ്പ് ശ്രമം ഉണ്ടായിരുന്നു.
Tags : gun fire Shooting White House america injured attacker