District News
കൊട്ടാരക്കര: മൈലം വെള്ളാരംകുന്നില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതിക്കു ഗുരുതര പരിക്ക്. കൈയ്ക്കും തലയ്ക്കും വെട്ടേറ്റ രാജേഷ് ഭവനില്‍ മിനി(38)യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് രാജേഷി(40)നെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ പത്തോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് കത്തി ഉപയോഗിച്ച് രാജേഷ് ഭാര്യയെ അക്രമിക്കുകയായിരുന്നു.
വെട്ടേറ്റ് മിനിയുടെ കൈവിരലറ്റു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് മിനിയെ ആശുപത്രിയിലാക്കിയത്. കൊട്ടാരക്കരയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് രാജേഷ്.
District News
പൂമാല: ബസിനടിയിൽപ്പെട്ട് സ്കൂട്ടർയാത്രികനു പരിക്ക്. മേത്തൊട്ടി മേട്ടയിൽ ശശിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. ശശി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഉരസിയത്തിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസിന്റെ പിൻ ടയറിന്റെ അടിയിലേക്കു വീഴുകയായിരുന്നു.
ശബ്ദം കേട്ട ഡ്രൈവർ ബസ് നിർത്തി. സ്ഥലത്തുണ്ടായിരുന്നവർ ആവശ്യപ്പെട്ടതിനെത്തുടർന്നു ബസ് മുന്നോട്ടെടുത്തപ്പോൾ കയറ്റത്തിൽ നിർത്തിയിരുന്ന ബസ് പിന്നോട്ട് നിരങ്ങി നീങ്ങി ശശിയുടെ കൈപ്പത്തിയിൽ ടയറിന്റെ ഒരു ഭാഗം കയറിയാണ് പരിക്കേറ്റത്.
National
ഇംഫാൽ: മണിപ്പുരിലെ സേനാപതി ജില്ലയിൽ കുക്കി-നാഗാ വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ സിആർപിഎഫ് ജവാനു പരിക്കേറ്റു. ഒട്ടേറെ വീടുകൾ അക്രമികൾ കത്തിച്ചു.
ഇന്നലെ പുലർച്ചെ 2.30ന് കാംഗ്പോക്പി ജില്ലയിലെ കുക്കി ഗ്രാമത്തിലെ ഒരു വീട് അക്രമികൾ കത്തിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് സേനാപതി ജില്ലയിലെ നാഗാ ഗ്രാമത്തിൽ പുലർച്ചെ നാലോടെ ഒട്ടേറെ വീടുകൾ കുക്കി വിഭാഗക്കാർ കത്തിച്ചു.
തുടർന്ന് കുക്കി-നാഗാ വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ ഒരു സിആർപിഎഫ് ജവാനു പരിക്കേറ്റു. ഇദ്ദേഹത്തെ സേനാപതി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേനാപതിയിൽ പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചു.
ഇന്നലെ കാംഗ്പോക്പി ജില്ലയിൽ സുരക്ഷാസേന വൻ ആയുധശേഖരം പിടികൂടി. മണിപ്പുർ പോലീസ്, സിആർപിഎഫ്, ആർഎഎഫ്, കോബ്ര എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
District News
അഞ്ചല്‍ : എംസി റോഡില്‍ വയ്ക്കലിന് സമീപം വഞ്ചിപ്പെട്ടി ഭാഗത്ത് പെട്രോള്‍ ടാങ്കര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. വളവില്‍ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തിരുവനന്തപുരം ഉള്ളൂരില്‍ ഇന്ധനം ഇറക്കിയതിനു ശേഷം എറണാകുളത്തേക്ക് തിരികെ പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലോറിയിലേക്ക് മൂഴിയാറില്‍നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്.
അപകടത്തില്‍ ബസ് യാത്രികര്‍, ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്നു ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടു കാബിന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാലിന് പരിക്കേറ്റ ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ബസ് വളവില്‍ ഓവര്‍ടേക്ക് ചെയ്തതും അമിത വേഗവുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. അപകട സമയം ലോറിയില്‍ ഇന്ധനമില്ലാതിരുന്നതിനാല് വലിയ ദുരന്തമാണ് ഒഴിവായത്. കൊട്ടാരക്കര ചടയമംഗലം പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
International
മസ്കറ്റ്: ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അൽ ഹൈമ പ്രദേശത്താണ് പ്രതി മൂന്ന് സ്വദേശി പൗരന്മാർക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ വൈകാതെ മരിച്ചു.
മുൻപുണ്ടായ തർക്കങ്ങളാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കേസിൽ തുടരന്വേഷണവും നിയമനടപടികളും പുരോഗമിക്കുകയാണ്.
International
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ വ്യോമാക്രമണം. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിൽ മ്യാൻമർ സൈന്യമാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബെറിയുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് നവേ ഓ വ്യക്തമാക്കി. 15 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ബോംബുകളാണ് വിമാനം വർഷിച്ചതെന്ന് പ്രദേശവാസി വെളിപ്പെടുത്തി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം ഗ്രാമീണർ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. മ്യാൻമർ സൈന്യം വീടുകൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ട് ബോധപൂർവം വ്യോമാക്രമണങ്ങളും പീഡനങ്ങളും നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയമിച്ച അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഐഐഎംഎം ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. വ്യോമാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആക്രമണങ്ങൾക്കുള്ള ഉത്തരവുകൾ നൽകുന്ന സൈനിക കമാൻഡ് ഘടനയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സമിതി തലവൻ നിക്കോളാസ് കൂംജിയൻ പറഞ്ഞു. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
കുന്നംകുളം: പഴഞ്ഞി പെരുന്തുരുത്തി സെന്ററിൽ യുവാക്കൾക്കുനേരേ ആക്രമണം.
സംഭവത്തിൽ രണ്ടുപേർക്കെതിരേ കുന്നംകുളം പോലീസ് കേസെടുത്തു. പെരുന്തുരുത്തി സ്വദേശി നിസാം, സുഹൃത്ത് അലി എന്നിവർക്കുനേരേയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവർക്കെതിരേയാണ് കുന്നംകുളം പോലീസ് വധശ്രമത്തിന് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. പെരുന്തുരുത്തി സെന്ററിൽ ബൈക്കിലിരുന്ന് ഫോൺ വിളിക്കുകയായിരുന്നു നിസാമും അലിയും.
ഈ സമയം സ്കൂട്ടറിലെത്തിയ പ്രതികൾ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയുംചെയ്തു. പ്രതികൾ നിസാമിനെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത ശേഷം മർദിക്കുകയായിരുന്നു. തടയാൻശ്രമിച്ച അലിയെയും പ്രതികൾ മർദിച്ചു. ഇതിനിടെ ഒന്നാംപ്രതി സ്കൂട്ടറിൽനിന്ന് ഇരുമ്പ് ദണ്ഡ് എടുത്ത് നിസാമിന്റെ തലയ്ക്ക് അടിച്ചു. തലവെട്ടിച്ചുമാറ്റിയതിനാൽ അടി നിസാമിന്റെ നെറ്റിയുടെ ഇടതുവശത്താണുകൊണ്ടത്. ആക്രമണത്തിൽ നിസാമിന് മുറിവേറ്റു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ ആക്രമണംനടത്തുമ്പോൾ ലഹരിയുപയോഗിച്ചിരുന്നുവെന്ന് അക്രമണത്തിനിരയായവർ പറഞ്ഞു. എസ്ഐ എ.വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
District News
വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുടുംബനാഥൻ മരിച്ചു. കിഴക്കഞ്ചേരി പൊക്ലാശേരി പീതാംബരനാണ് (64)മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ദേശീയപാത ഇരട്ടക്കുളം സിഗ്നനലിനു സമീപം ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പീതാംബരൻ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: മിനി പൊക്ലശേരി കിഴക്കുംചേരി (ജൂണിയർ സൂപ്രണ്ട്, പാലക്കാട് മജിസ്ട്രേറ്റ് കോടതി). മക്കൾ: അർജുൻ (24 ടിവി ചാനൽ), അനുപമ, (ഐ ടി പ്രഫഷണൽ, കോയമ്പത്തൂർ).
Kerala
പാലക്കാട്: മുതലമടയിൽ പ്ലസ് വൺ വിദ്യാർഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. മുതലമടയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് കുത്തേറ്റത്.
വിദ്യാർഥികൾ തമ്മിൽ അടി കൂടിയപ്പോൾ പിടിച്ചുമാറ്റാൻ ചെന്നതായിരുന്നു ഷാജഹാൻ. ഈ സമയത്ത് ഒരു പ്ലസ് വൺ വിദ്യാർഥി കൈയിലുള്ള കത്തി കൊണ്ട് കുത്തുകയായിരുന്നു. ഷാജഹാന്റെ കൈയ്ക്കാണ് പരിക്ക്.
District News
വടക്കഞ്ചേരി: കുത്തനെ ഇറക്കവും വളവുമുള്ള പാലക്കുഴി റോഡിൽ താണിച്ചുവട്ടിൽ വീണ്ടും അപകടം. ഇന്നലെ വൈകുന്നേരം നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യുവതിക്കും യുവാവിനും സാരമായി പരിക്കേറ്റു. ഇവരെ ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണംവിട്ട സ്കൂട്ടർ വനാതിർത്തിയിലെ ഫെൻസിംഗ് തകർത്ത് കാട്ടിലേക്ക് തെറിച്ചുവീണു. പഞ്ചായത്ത് മുൻ മെംബർ പോപ്പി ജോണും ജോസ് ഊന്നുപാലത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്. പാലക്കുഴി മലയിൽനിന്നും ഇറക്കം ഇറങ്ങി വരുന്നതിനിടെയാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ഇതിനുമുമ്പ് മൂലങ്കോട് നിന്നുള്ള കുടുംബം സ്കൂട്ടർ യാത്രയിൽ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. അതിനുമുമ്പ് ഓട്ടോറിക്ഷ മറിഞ്ഞും ലോറി മറിഞ്ഞും നാലുപേർ മരിക്കാനിടയായ അപകടങ്ങളുമുണ്ടായിട്ടുണ്ട്.
പീച്ചി വനാതിർത്തിയിലെ ഒറ്റപ്പെട്ട മലമ്പ്രദേശമാണിത്. അത്യാഹിതം എന്തെങ്കിലും സംഭവിച്ചാൽതന്നെ ആളുകൾ അറിയാൻ സമയമെടുക്കും. വീടുകളില്ലാത്തതിനാൽ റോഡിലൂടെ വല്ലപ്പോഴുമുള്ള മറ്റു യാത്രക്കാർ തന്നെയാകും രക്ഷാപ്രവർത്തകർ. മൊബൈൽ റേഞ്ചും കുറവുള്ള സ്ഥലമാണ്. രാത്രി അസമയങ്ങളിലെ യാത്ര കരുതലോടെ വേണം. പ്രദേശം അറിയാത്ത പാലക്കുഴിയുടെ പ്രകൃതി മനോഹാരിത ആസ്വദിക്കാൻ പോകുന്നവർ ഏറെ ശ്രദ്ധിക്കണം.
National
വാരണാസി: ഉത്തർപ്രദേശിലെ ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. വിമാനത്താവളത്തിലെ കാർഗോ ലോജിസ്റ്റിക്സ് വിഭാഗമായ എഎഐസിഎൽഎഎസ് സ്ക്രീനർമാർക്കാണ് പരിക്കേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം നടന്നത്.
അസംഗഡ് സ്വദേശിയായ യാത്രക്കാരനും ഭാര്യയും എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്-1810 വിമാനത്തിൽ മുംബൈയിലേക്ക് പോകാനായി എത്തിയതായിരുന്നു. വിമാനത്തിൽ കൊണ്ടുപോകുന്നതിനായി തന്റെ പക്കൽ ആയുധമുണ്ടെന്ന് യാത്രക്കാരൻ അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നു.
തുടർന്ന്, സുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക പരിശോധനാ മുറിയിൽ തോക്ക് പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. പരിശോധനയ്ക്ക് മുന്നോടിയായി തോക്കിലെ വെടിയുണ്ടകൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ അവിചാരിത സംഭവം ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ പുരുഷ സുരക്ഷാ ജീവനക്കാരന്റെ കൈയ്ക്കും വനിതാ ജീവനക്കാരിയുടെ മുട്ടിനു മുകളിലുമാണ് പരിക്കേറ്റത്. ഉടൻതന്നെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ജീവനക്കാരുടെയും പരിക്ക് ഗുരുതരമല്ലെന്നും അവർ അപകടനില തരണം ചെയ്തതായും വിമാനത്താവളം ഡയറക്ടർ പുനീത് ഗുപ്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
തോക്കിനുള്ളിൽ ഒരു വെടിയുണ്ട കൂടി ബാക്കിയുണ്ടായിരുന്ന കാര്യം തനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് യാത്രക്കാരൻ പോലീസിനോട് മൊഴി നൽകിയത്. സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും വിമാനത്താവള അധികൃതർ അറിയിച്ചു.
International
വിർജീനിയ: ക്ലാസുകൾ ആരംഭിക്കാനിരിക്കെ അമേരിക്കയെ ഞെട്ടിച്ച് കാമ്പസിൽ വീണ്ടും വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന വെടിവയ്പിൽ അഞ്ചോളം പേർക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ഒരാളുടെ നില ഗുരുതരമാണെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക് സമീപമാണ് വെടിവയ്പുണ്ടായത്.
തിങ്കളാഴ്ച ക്ലാസുകൾ ആരംഭിക്കാനിരിക്കെ നിരവധി വിദ്യാർഥികളാണ് സംഭവ സമയത്ത് ഡോർമിറ്ററിയിലും കാമ്പസിലുമുണ്ടായിരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ ഏറിയ പങ്കും വിദ്യാർഥികളാണ്. 1882-ൽ സ്ഥാപിതമായ ഈ സർവകലാശാലയിൽ 5000 വിദ്യാർഥികളാണ് പഠിക്കുന്നത്.
വെടിവയ്പ്പുണ്ടായ ഉടൻ തന്നെ മുൻകരുതൽ നടപടിയായി കാമ്പസ് പൂർണമായും ലോക്ക്ഡൗണിലാക്കുകയും വിദ്യാർഥികളോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ അഞ്ച് പേരെയും അടിയന്തര ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികൾക്കായുള്ള താമസസൗകര്യങ്ങൾ കഴിഞ്ഞ ആഴ്ചയാണ് തുറന്നത്.
Kerala
കണ്ണൂർ: കീഴൂർ കടപ്പുറത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. നാല് മത്സ്യത്തൊഴിലാളികൾക്കും മൂന്ന് കുട്ടികൾക്കുമാണ് കടിയേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ കാസർഗോഡ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാരും യുവാക്കളും ചേർന്ന് നായയെ പിടികൂടാനായി കീഴൂർ കടപ്പുറം ഹാർബറിന് സമീപം വ്യാപകമായ തെരച്ചിൽ നടത്തി. ഈ തെരച്ചിലിനിടയിൽ മറ്റൊരു യുവാവിനു കൂടി നായയുടെ കടിയേൽക്കുകയുണ്ടായി.
പേപ്പട്ടി പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികളും നാട്ടുകാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണ് (19) അപകടത്തിൽ പരിക്കേറ്റത്. പോളിടെക്നിക് വിദ്യാർഥിയാണ് അമീൻ.
ഇന്ന് രാവിലെ ഒമ്പതോടെ കല്ലറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് സർവീസ് നടത്തുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ പെട്ടെന്ന് തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ അമീനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊല്ലം: തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിൽ പൊട്ടിത്തെറി. അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ എൻജിനീയർ സത്യപ്രകാശിന് (40) ഗുരുതരമായി പരിക്കേറ്റു.
സത്യപ്രകാശിന്റെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റു. കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി സത്യപ്രകാശിനെ ആശുപത്രിയിലേക്ക് മാറ്റി.
ആന്ധ്രയിൽനിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോകുകയായിരുന്നു ഐഒഎൽ സഫയർ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. ജനറേറ്റർ തകരാറിലായതിനെ തുടർന്നാണ് 23ന് കപ്പൽ കൊല്ലം തുറമുഖത്തെത്തിയത്.
വെൽഡിംഗ് ജോലി നടക്കുന്നതിനിടെയാണ് ഇന്ന് പൊട്ടിത്തെറിയുണ്ടായത്.
Kerala
മുണ്ടക്കയം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ നേരെ കാട്ടുപോത്ത് പാഞ്ഞടുത്തു. ബൈക്കിൽ നിന്നു വീണ് യുവാവിന് പരിക്ക്. പുഞ്ചവയൽ ഇഞ്ചക്കുഴി ഇടലപുര ബിജുമോനാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി ഒന്പതോടുകൂടിയായിരുന്നു സംഭവം. മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ബിജുമോൻ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വീടിന് തൊട്ട് സമീപം യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്നു വീണ് യുവാവിന്റെ കാലിന് പരിക്കേറ്റു.
ബൈക്കിനും കേടുപാട് സംഭവിച്ചു. തലനാരീഴയ്ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നു ബിജുമോൻ രക്ഷപ്പെട്ടത്. ഉടൻതന്നെ വനം വകുപ്പ് അധികാരികളെ വിവരം അറിയിക്കുകയും രാത്രി ഉദ്യോഗസ്ഥരെത്തി ഇവരുടെ വാഹനത്തിൽ തന്നെ യുവാവിനെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. 24 മണിക്കൂറും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രദേശത്ത് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രദേശത്ത് പ്രവർത്തന രഹിതമായി കിടക്കുന്ന സോളാർ ഫെൻസിംഗ് വളരെ വേഗത്തിൽ പ്രവർത്തനക്ഷമമാക്കുന്നതിനും തീരുമാനിച്ചതയും അധികൃതർ അറിയിച്ചു.
വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി പാക്കാനം ഇഞ്ചക്കുഴി മേഖല
സാധാരണക്കാരായ കുടുംബങ്ങൾ അധിവസിക്കുന്ന പുഞ്ചവയൽ - പാക്കാനം, ഇഞ്ചക്കുഴി ഭാഗത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രദേശവാസിയുടെ വളർത്തു നായയെ പുലി പിടികൂടിയിരുന്നു. വനവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും പിന്നീട് തുടർ നടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുമുമ്പും പ്രദേശവാസികളുടെ വളർത്തു നായയെ പുലി പിടികൂടിയിരുന്നു. കൂടാതെ പ്രദേശത്ത് കാട്ടുപോത്ത്, കാട്ടുപന്നി, കരടി, കടുവ അടക്കമുള്ളവ പതിവായി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആറുമാസങ്ങൾക്കു മുമ്പ് പ്രദേശത്ത് ആന കിടങ്ങുകൾ നിർമിച്ചതോടെ വന്യമൃഗ ശല്യത്തിന് നേരിയ ആശ്വാസമായിരുന്നു.
എന്നാൽ കനത്ത മഴയിൽ ആന കിടങ്ങുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോസിട്ട് വെള്ം ഒഴുക്കി കളഞ്ഞിരുന്നു. ഇരുവശങ്ങളും വനത്താൽ ചുറ്റപ്പെട്ട ഇഞ്ചക്കുഴി ഭാഗത്തെ പ്രവർത്തന രഹിതമായ സോളാർ ഫെൻസിംഗ് പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കിയാൽ ഒരു പരിധിവരെ മേഖലയിലെ വന്യമൃഗ ശല്യം കുറയ്ക്കുവാൻ കഴിയും.
Kerala
കൊച്ചി: സിബിഎസ്ഇ തായ്ക്വാണ്ടോ സൗത്ത് സോണ്‍ മത്സരത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സിബിഎസ്ഇ അധികൃതര്‍ക്കെതിരെയും റെഫറിക്കെതിരെയും പരാതി നല്‍കുമെന്ന് കുടുബം. മത്സരത്തില്‍ ചട്ടലംഘനം നടത്തിയ റെഫറിക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്ന് കുടുംബം ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
സിബിഎസ്ഇ ചെയര്മാന് നല്കിയ പരാതിയില്‍ കുട്ടിയുടെ അവസ്ഥ അന്വേഷിച്ചു കൊണ്ടുള്ള ഒരു മെയിലും ഒരു കോളും വന്നിരുന്നു. മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. സിബിഎസ്ഇ നടത്തിപ്പുകാര്‍ക്കെതിരെ സ്കൂളിന്റെ സഹകരണത്തോടെ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.
നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അപകടനില തരണം ചെയ്തു. തലച്ചോറില്‍ ചെറിയ പ്രശ്നങ്ങളുണ്ട് പ്രശ്നങ്ങള്‍ ഫിസിയോതെറാപ്പിയിലൂടെ മാറ്റാമെന്നും വളരെ ഗുരുതരമല്ലെന്നുമാണ് ഡോക്ടര്‍ അറിയിച്ചത്. ഗ്രോയിന്‍ കിക്ക് കിട്ടിയതിനാല്‍ മൂത്രത്തിലൂടെ രക്തം പോകുന്നുണ്ടായിരുന്നു.
കുട്ടി അനങ്ങിക്കഴിഞ്ഞാല്‍ തലച്ചോറിന് ദോഷമായി മാറുന്നതിനാല്‍ സഡേഷന് നല്കികൊണ്ടിരിക്കുകയാണ്. വിളിച്ചാല്‍ കണ്ണ് തുറന്നു നോക്കും എന്നല്ലാതെ തിരിച്ചറിയുന്നില്ല. സഡേഷന്റെ എഫക്ട് കുറയുമ്പോള്‍ കുട്ടി പ്രതികരിക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കി.
ഓഗസ്റ്റ് മൂന്നിന് മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ സന്‍സ്കാര്‍ ഭാരതി പബ്ലിക് സ്കൂളില്‍ വച്ച് നടന്ന സിബിഎസ്ഇ സൗത്ത് സോണ്‍ തായ്ക്വാണ്ടോ മത്സരത്തിനിടെയാണ് തൃശൂര്‍ പെരുമ്പിലവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഫായിസ് അബ്ദുള്‍ ജലാലിന് പരിക്കേറ്റത്.
മത്സരത്തിനിടെ എതിരാളി അടിവയറ്റില്‍ ചവിട്ടുകയും തലയ്ക്ക് നേരെ തൊഴിക്കുകയുമായിരുന്നു. നിയമവിരുദ്ധമായി അടിവയറ്റില്‍ പ്രഹരിച്ചതിനെ തുടര്‍ന്ന് ഫായിസ് മത്സരം നിര്‍ത്താന്‍ റഫറിയോട് സിഗ്നല്‍ നല്കി റിംഗിന് പുറത്തേക്ക് നീങ്ങിയെങ്കിലും ഫൗള്‍ വിളിക്കുകയോ മത്സരം നിര്‍ത്തുകയോ റഫറി ചെയ്തില്ല.
പിന്നാലെ ഫായിസിന്റെ തലയ്ക്ക് എതിരാളി തൊഴിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥി തളര്‍ന്നു വീണു. സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഉടന്‍ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലച്ചോറില്‍ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. ഞായറാഴ്ചയാണ് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നത്.
National
മുംബൈ: സിബിഎസ്ഇ തായ്ക്വോണ്ടോ സൗത്ത് സോൺ മത്സരത്തിൽ പങ്കെടുത്ത പ്ലസ് ടു വിദ്യാർഥിയ്ക്കു ഗുരുതരപരിക്ക്. തൃശൂർ പെരുമ്പിലവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥി ഫൈസ് അബ്ദുൾ ജലാലിനാണ് മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിൽ പരിക്കേറ്റത്.
തലയ്ക്കാണ് പരിക്കേറ്റത്. സിബിഎസ്ഇ ചെയർമാനു കുടുംബം പരാതി നൽകി. നിയമ നടപടികൾ സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.
ഗുരുതര പരിക്കേറ്റ വിദ്യാർഥി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഓഗസ്റ്റ് മൂന്നിന്ന് മഹാരാഷ്ട്രയിലെ ചന്ദ്രപുർ വച്ചാണ് മത്സരം നടന്നത്. എതിർ മത്സരാർഥി നിയമങ്ങൾ പാലിക്കാതെ മർദിച്ചെന്നാണ് ഫൈസിന്റെ കുടുംബം പറയുന്നത്. റഫറി കൃത്യമായി ഇടപെട്ടില്ല. സംഭവിച്ചതു ഗുരുതര പിഴവാണെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
പ്രാഥമിക ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം വിദഗ്ധ ചികിത്സയ്ക്കായി വിദ്യാർഥിയെ എയർലിഫ്റ്റ് ചെയ്തു കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
National
ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് വാഹനാപകടത്തിൽ പരിക്ക്. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിന് സമീപം അമീൻ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കോയമ്പേട്ടിൽ നിന്ന് നഗരത്തിലേക്ക് ഒരു സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഈ അപകടം ഉണ്ടായത്. അമീന്റെ പരിക്കുകൾ ഗുരുതരമല്ല.
ഒരു സൈഡ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച വാഗൺ-ആർ കാർ അമീൻ സഞ്ചരിച്ചിരുന്ന പോർഷെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽ ആർക്കും തന്നെ വലിയ പരിക്കുകൾ സംഭവിച്ചിട്ടില്ല.
അപകടത്തിന് തൊട്ടുപിന്നാലെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇരുവരെയും ഡിസ്ചാർജ് ചെയ്യുകയും അവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
അതേസമയം, അപകടത്തിൽപ്പെട്ട വാഗൺ-ആർ കാറിലുണ്ടായിരുന്ന പരിക്കേറ്റയാളെ കലൈഞ്ജർ സെന്റിനറി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെയും ആവശ്യമായ ചികിത്സ നൽകിയ ശേഷം പിന്നീട് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
അപകടത്തിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങളും അടയാർ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിംഗ് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്താൻ പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
District News
തുറവൂർ: പള്ളിവികാരിയെ മയക്കുമരുന്ന് സംഘം ആക്രമിച്ചതായി പരാതി. അന്ധകാരനഴി പാട്ടം സെന്റ് മേരീസ് പള്ളി വികാരി ഫാ. ഫെർണാണ്ടസിനിനെയാണ് കഴിഞ്ഞദിവസം ഒരുസംഘം പള്ളിമേടയിൽ കയറി ആക്രമിച്ചത്.
കുറച്ചുനാളുകളായി പള്ളിയുടെയും മേടയുടെയും പരിസരങ്ങളിലിരുന്ന് ഒരു സംഘം മയക്കുമരുന്ന് ഉപയോഗിക്കുന്നത് പതിവാണ്. കഴിഞ്ഞദിവസം മേടയുടെ മുൻവശത്തിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതതു കണ്ട്, നാട്ടുകാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് വികാരി 112 ലേക്ക് വിളിക്കുകയും പോലീസെത്തി ഇവരെ തുരത്തുകയും ചെയ്തിരുന്നു. പോലീസ് സ്ഥലത്തുനിന്ന് പോയ ശേഷം ഇവർ സംഘംചേർന്ന് പള്ളിമേടയിൽ വരികയും അടച്ചിട്ട പള്ളിമേടയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി ഫാ. ഫെർണാണ്ടസിനെ ആക്രമിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വികാരിയെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിവികാരിയുടെ മൊഴിയിൽ കുത്തിയതോട് പോലീസ് കേസെടുത്തതിനെത്തുടർന്ന് വെള്ളിയാഴ്ച പള്ളി കൈക്കാരനായ വർഗീസിന്റെ വീടുകയറി ഏഴംഗസംഘം ആക്രമിച്ചു. വർഗീസിനെയും ഭാര്യയെയും അമ്മയെയും അച്ഛനെയും കുട്ടികളെയും അതിക്രൂരമായി മർദിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പോലീസ് കെഎസ്ഇബി ജീവനക്കാരനായ മാർട്ടിനെ ഇന്നലെ അറസ്റ്റ് ചെയ്തു .
കുറച്ചു നാളുകളായി പള്ളിവികാരിക്കു നേരേ മയക്കുമരുന്ന് സംഘത്തിന്റെ ഭീഷണി നിലനിൽക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. പ്രദേശം സന്ധ്യകഴിഞ്ഞാൽ മയക്കുമരുന്ന് സംഘത്തിന്റെ പിടിയിലാണ്. മുമ്പ് പല തവണ ഈ സംഘം വികാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു. അക്രമികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് സമാധാന ജീവിതം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
കോതമംഗലം: അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച കാർ താഴ്ചയിലേക്കു മറിഞ്ഞ് കാർ ഓടിച്ചിരുന്ന വൈദികന് പരിക്കേറ്റു.
അടിമാലി പത്താംമൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിന്റെ മാരുതി വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്.
പാലമറ്റം-നേര്യമംഗലം റോഡിൽ ചീക്കോട് ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. പത്ത് അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്.
District News
വിഴിഞ്ഞം : ക്രിമിനൽ കേസിലെ പ്രതികളെ പടിക്കാൻ പോയ പൊലീസിനു നേരെ സഹോദരങ്ങളുടെ ആക്രമണം രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തി. കൈ വിലങ്ങുകൊണ്ടുള്ള അടിയിൽ വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസുകാരായ രാകേഷ്, വിനയകുമാർ എന്നീവർക്കാണ് പരിക്കേറ്റത്. രാകേഷിന്റെ മൂക്കിന്റെ പാലം തകർന്നു. വിനയകുമാറിന്റെ കഴുത്തിൽ മുറിവേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പ്രതികളായ തിരുവല്ലം സ്വദേശി അനന്തു കൃഷ്ണനെയും സഹോദരൻ യദുകൃഷ്ണനെയും അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ നാലിനു ബൈക്കുകൾ തമ്മിൽ സൈഡ് കൊടുക്കാത്തതിനെ ചൊല്ലി അനന്തുവും വിഴിഞ്ഞം മുക്കോല മണലി സ്വദേശിയും തമ്മിൽ വെങ്ങാനൂരിൽ വാക്കുതർക്കമുണ്ടായിരു ന്നു. അന്നു വൈകുന്നേരം വെങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിൻ ഇരുകൂട്ടരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ അനന്തു, വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അവിടെനിന്നു മുക്കോലയിൽ എത്തിയ വിഷ്ണുവിനെ ബൈക്ക് ഇടിച്ച് തള്ളിയിട്ടശേഷം അനന്തു വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചു.
സംഭവത്തിൽ വിഴിഞ്ഞം പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അനന്തുവും വീട്ടുകാരും കാറിൽ തൃശൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചുത്. തിരുവല്ലം പൂങ്കുളം ഭാഗത്തെത്തിയ പൊലീസ് സംഘം കാർ തടഞ്ഞുനിർത്തി അനന്തുവിനെ പിടികൂടി വിലങ്ങു വയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരങ്ങളുടെയും മാതാവിന്റെയും ആക്രമണമുണ്ടായത്. തിരുവല്ലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് അനന്തു, അടിപിടി ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് യദുകൃഷ്ണൻ. പൊലീസിനെ മർദിച്ചതുമായി ബന്ധപ്പെട്ട് ഇവരുടെ മാതാവിനെതിരെയും തിരുവല്ലം പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
കോഴിക്കോട്: വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയല്‍ കൊണാറമ്പ് സ്വദേശി സുഹൈല്‍ (38) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെയാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് സമീപത്തെ ചെറുപുഴ കരകവിഞ്ഞ് സുഹൈലിന്റെ വീടിനോട് ചേര്‍ന്നുള്ള വയലില്‍ വെള്ളം കയറിയിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ സുഹൈല്‍ അബദ്ധത്തില്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇരുട്ടും ചെളിയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചുവെങ്കിലും ഏറെ ശ്രമകരമായി നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് സുഹൈലിനെ പുറത്തെടുത്തു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും ആന്തരിക അവയവങ്ങള്‍ക്കും സംഭവിച്ച ഗുരുതര പരിക്കാണ് മരണകാരണം.
District News
വിളപ്പിൽശാല: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരിക്കു പരിക്കേറ്റു. വിളപ്പിൽശാല അണമുഖത്തു മേലെവീട്ടിൽ തങ്കമണിക്ക് (50) ആണ് ഇടത് കൈയ്ക്കു പരിക്കേറ്റത്.
വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സമീപത്തുനിന്നും പാഞ്ഞെത്തിയ പന്നി തങ്കമണിയെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു കൈയ്ക്കു പരിക്കേറ്റത്.
തങ്കമണി ആശുപത്രിയിൽ ചികിത്സതേടി.
വിളപ്പിൽ പഞ്ചായത്തിലെ നെടുങ്കുഴി, ശാസ്താംപാറ, കരുവിലാഞ്ചി, മുക്കംപാലമൂട്, ചൊവ്വള്ളൂർ, അണമുഖം പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യമുണ്ടെന്നു പരാതിയുണ്ട്. നെടുങ്കുഴി പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന ചവർ സംസ്കരണ ഫാക്ടറി വളപ്പ് നേരത്തെ പന്നികളുടെ താവളമായിരുന്നു. രാത്രിയിൽ ഇവ കൂട്ടമായിറങ്ങി കൃഷിയിടങ്ങളിലെത്തി വാഴയും മരച്ചീനിയും റബറും കുത്തിമറിച്ച് നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. വിളവിറക്കാനാവാത്ത സ്ഥിതിയാണെന്നും കർഷകർ പരാതിപ്പെടുന്നു.
National
ന്യൂഡൽഹി: വിദ്യാർഥികൾ പാർലമെന്റിലേക്കു നടത്തിയ മാർച്ചിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ (ആർഎഎഫ്) പെല്ലറ്റ് വെടിവയ്പിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നു ഡൽഹി സർക്കാരിനോട് സുപ്രീംകോടതി.
പ്രതിഷേധക്കാർക്കു നേരേ ഡൽഹി പോലീസിന് പെല്ലറ്റ് തോക്കുകൾ പ്രയോഗിക്കാൻ അനുമതി നൽകുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോടു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
വിദ്യാർഥികൾക്കുനേരേ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതു ചൂണ്ടിക്കാട്ടി അതു നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീംകോടതി നടപടി.
എന്നാൽ പെല്ലറ്റ് തോക്കുകൾ നിരോധിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സംഭവദിവസം ഉപയോഗിച്ച വെടിയുണ്ടകളുടെ ലോഗ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വിദ്യാർഥിസമരത്തിനു നേരേ സിആർപിഎഫിനു കീഴിലുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ പാർലമെന്റിലടക്കം പ്രതിഷേധം നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെ പിന്തുണച്ച് സിആർപിഎഫ് മേധാവി രംഗത്തെത്തി.
ഭയരഹിതമായി പ്രവർത്തിക്കണമെന്നും ജോലിക്കിടെയുണ്ടാകുന്ന നടപടികളുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുമെന്നും സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിംഗ് വ്യക്തമാക്കി.
ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായി എടുക്കുന്ന ഏതു തീരുമാനത്തിന്റെയും ചെയ്യുന്ന ഏതു പ്രവൃത്തിയുടെയും ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും ഉത്തരവാദിത്വമോ മറുപടിപറയലോ ആവശ്യമായി വരുന്നിടത്തെല്ലാം ഡയറക്ടർ ജനറൽ എന്ന നിലയിൽ താൻ അത് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
ഇംഫാൽ: മണിപ്പുരിലെ മലയോര ജില്ലയായ നോനിയിൽ വെടിവയ്പിൽ ഗ്രാമത്തിന്റെ കാവലിനു നിയോഗിച്ചിരുന്നയാൾ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ എട്ടുമണിയോടെയുണ്ടായ സംഭവത്തിൽ മറ്റൊരു കാവൽക്കാരനും രണ്ടു സിആർപിഎഫ് ജവാന്മാർക്കും പരിക്കേറ്റു.
നോനിയിലെ നാഗ ഭൂരിപക്ഷമേഖലയായ ബിറ്റിയാംഗിൽ പരിശോധനയ്ക്കിടെ സിആർപിഎഫ് സംഘത്തിനു നേരേ ഗോത്രവിഭാഗങ്ങൾ വെടിയുതിർത്തതാണ് സംഘർഷത്തിന്റെ തുടക്കം. തുടർന്നുള്ള വെടിവയ്പിലാണ് വില്ലേജ് ഗാർഡ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് സിആർപിഎഫിന്റെ പരിശോധനയെ ഗ്രാമവാസികൾ എതിർത്തിരുന്നു. സുരക്ഷാസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗോത്രസംഘടനകളുടെ കൂട്ടായ്മ പ്രതിഷേധത്തിലാണ്. ദേശീയപാതയും റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധക്കാർ പൂർണമായും അടച്ചു.
2023 ൽ വംശീയസംഘർഷം ഉടലെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ പല ഗ്രാമങ്ങളിലും വിവിധ ഗോത്രവിഭാഗക്കാർ സുരക്ഷയ്ക്കായി വില്ലേജ് ഗാർഡുകളെ നിയോഗിച്ചിരുന്നു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഉറിയിൽ നിയന്ത്രണരേഖയ്ക്കു സമീപം കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് സൈനികർക്കു പരിക്കേറ്റു.
കമാൽകോട്ടിലാണ് സ്ഫോടനം. പരിക്കേറ്റ സൈനികരെ ആകാശമാർഗം ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി.
National
ശ്രീനഗർ: ജമ്മു കഷ്മീരിലെ ഗന്തർബാൽ ജില്ലയിൽ തീർഥടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 39 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.
അമർനാഥ് ഗുഹാക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന തീർഥാടകരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ ബസ് റോഡിലെ വളവിൽ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീടിനു മുകളിലേക്ക് മറിഞ്ഞു. അപകടസമയത്ത് വീടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല.
നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
Kerala
കല്‍പ്പറ്റ: വയനാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പനമരം കൈതക്കലിലാണ് അപകടമുണ്ടായത്.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
ഓഫീസ്, സ്കൂള്‍ സമയമായതിനാല്‍ രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ഒരു ബസിന്റെ പിന്‍ഭാഗത്തെ ചക്രത്തിനുണ്ടായ തകരാറ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
District News
നാദാപുരം:തെരുവു പട്ടിയുടെ കടിയേറ്റ് ആറു വയസുകാരന് ഗുരുതര പരിക്ക്. പുറമേരി വിലാതപുരത്തെ കടയംങ്കോട്ട് താഴക്കുനി ബിനിഷിന്റെ മകൻ ദാൻദേവ് (6) നാണ് ഗുരുതര പരിക്കേറ്റത്. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.വിലാതപുരം റേഷൻ ഷോപ്പിനു സമീപത്തെ വീടിന്റെ മുറ്റത്ത് തെരുവുനായ ആക്രമിച്ചത്.
കാലിന്റെ തുടയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്.വീട്ടുകാരുടെ മുന്നിൽ വച്ചാണ് പൊടുന്നനെ തെരുവുനായ കുട്ടിയെ ആക്രമിച്ചത്.പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും പഞ്ചായത്ത്അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പൂവച്ചൽ; അമിതവേഗവും അലക്ഷ്യമായ ഡ്രൈവിംഗുംമൂലം പൂവച്ചൽ നക്രാം ചിറയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം .പൂവച്ചൽ നക്രാം ചിറ ചാമ വിള റോഡിലാണ് സംഭവം. രണ്ടു പേർക്കാണ് പരിക്ക്. ഇവർ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പൂവച്ചൽ ഭാഗത്ത് നിന്ന് ചാമ വിള പോകുന്ന ബൈക്ക് എതിരെ വന്ന പിക്കപ്പ് വാനിൽ ഇടിച്ച് മറിയുകയായിരുന്നു. ബൈക്ക് ഭാഗികമായി നശിച്ചു കാട്ടാക്കട പോലീസ് കേസ്സെടുത്തു. അമിത വേഗത്തിൽ ഇത്തരം ബൈക്കുകൾ ഓടുന്നതായി നാട്ടുകാർ പറയുന്നു. സ്കൂൾ സമയത്താണ് ഇത്തരം റേസിംഗ് നടക്കുക.
District News
അടിമാലി: ഹോട്ടൽ ജീവനക്കാർക്കുനേരേ വിനോദസഞ്ചാരികളുടെ ആക്രമണം. പാലക്കാടുനിന്നെത്തിയ വിനോദസഞ്ചാരികളാണ് അടിമാലി ജന്നാ റെസിഡൻസിയിലെ ജീവനക്കാരെ ആക്രമിച്ചത്. സംഭവത്തിൽ മൂന്നുപേരെ അടിമാലി പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. മൂന്നാർ സന്ദർശനത്തിന് എത്തിയ 25 അംഗ സംഘം അടിമാലി ജന്നാ റെസിഡൻസിയിൽ ഭക്ഷണം കഴിക്കുന്നതിനായി എത്തി. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനുശേഷം പുറത്തിറങ്ങിയ സംഘം ടൂർ പാക്കേജ് എടുത്ത പാക്കേജറുമായി വാക്കു തർക്കത്തിലായി. ഇവർ തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ ജന്ന റെസിഡൻസി മാനേജർ നിഷാദിനെ സഞ്ചാരികൾ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ആക്രമണത്തിൽ നിഷാദിന്റെ തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേറ്റു. ഹോട്ടലിലെ ജീവനക്കാരായ അനന്തു, മുർഷിദിൽ ഇസ്ലാം എന്നിവരെയും സംഘം ആക്രമിച്ചു. ഇവർക്കും തലയ്ക്ക് പരിക്കേറ്റു. നിഷാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്ന് സഞ്ചാരികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പാലപ്പുറം സ്വദേശികളായ അരുൺ സോമൻ, മുഹമ്മദ് റിയാസ്, ലക്കിടി സ്വദേശി അലി അക്ബർ എന്നിവരെയാണ് അടിമാലി പോലീസ് പിടികൂടിയത്.
National
ബംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ തെരുവുനായുടെ ആക്രമണത്തിൽ നാലു വയസുകാരന് ഗുരുതര പരിക്ക്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോപാൽ എന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്.
കുട്ടിക്കുനേരെ പാഞ്ഞടുത്ത നായ, ഗോപാലിനെ നിലത്തു കൂടെ വലിച്ചിഴയ്ക്കുകയും തലയിൽ കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയോട്ടിയിലെ തൊലി ഭൂരിഭാഗവും വേർപെട്ട നിലയിലാണ്. തലയുടെ പിൻഭാഗത്തുള്ള ചെറിയൊരു ഭാഗം മാത്രമാണ് അവശേഷിക്കുന്നത്. മുഖത്തും തലയിലും രക്തം വാർന്ന കുട്ടി നായയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു.
തുടര്‍ന്ന് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാർഥി മരിച്ചു. യുവക്ഷേത്ര കോളജിലെ വിദ്യാർഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. മുണ്ടൂർ സ്വകാര്യ കോളജിലെ വിദ്യാർഥികളായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പാലക്കാട് മുണ്ടൂർ ഒമ്പതാം മൈയിലിൽവച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
കുഴൽമന്ദം: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കെട്ടിട നിർമാണ തൊഴിലാളിയായ കമ്മൻകുളന്പ് വീട്ടിൽ രാഹുലി (25) നാണ് പരിക്കേറ്റത്. വലതുകാലിൽ സാരമായി പരിക്കേറ്റ ഇയാളെ ആലത്തൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വലിയച്ഛന്റെ പറന്പിൽ സൂക്ഷിച്ചിരുന്ന നിർമാണ സാമഗ്രികൾ എടുക്കാൻ പോയതായിരുന്നു രാഹുൽ.
പറന്പിനുള്ളിലേക്ക് കയറിയ ഉടനെ കാട്ടുപന്നി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാഹുലിന്റെ വലതുകാലിൽ സാരമായ പരിക്കേറ്റു. കാലിൽ പത്തു തുന്നലുകളുണ്ട്. കൂടാതെ മുഖത്തും ചെറിയ മുറിവുകളേറ്റിട്ടുണ്ട്. നിലവിൽ രാഹുൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Kerala
ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിംഗിന് പോയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Kerala
പാലക്കാട്: കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസില്‍ ഏകദേശം 130 അധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില്‍ നിന്നും ഇരുപത് അടിമാറിയാണ് മുഹമ്മദ് വീണത്. പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുമുന്പിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പില്‍ നിന്നും കണ്ടക്ടര്‍ മുന്‍വശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് കയറി ഡോര്‍ അടച്ചതാണെന്ന് യാത്രക്കാർ പറയുന്നു. തിരക്ക് മൂലം ഡോര്‍ അറിയാതെ തുറന്നതാവാം കണ്ടക്ടര്‍ താഴെ വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
District News
കൊയിലാണ്ടി: ദേശീയപാതയിൽ നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ദേവനന്ദ ബസും കോഴിക്കോട് നിന്ന് കൊട്ടിയൂർ അമ്പലത്തിലേക്ക് പോവുകയായിരുന്ന സീയ മോൾ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ അഘാതത്തിൽ ഡ്രൈവറടക്കം പത്തോളം പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കൊയിലാണ്ടി ഗവ. ഹോസ്പിറ്റലിലും, സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
District News
പുന്നയൂർക്കുളം: കഴിഞ്ഞദിവസം പാലപ്പെട്ടിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിയങ്കോട് പത്തുമുറിക്കു സമീപം മുക്ക്രിയകത്ത് അബുവിന്റെ മകൻ മഷൂദ്(18) ആണ് മരിച്ചത്.
കബറടക്കം നടത്തി. മാതാവ്: ആയിഷ. സഹോദരങ്ങൾ: റിസ്ന, ജെസ്ന. പ്ലസ്ടു കഴിഞ്ഞ മഷൂദ് ഡിഗ്രിക്ക് ചേരുവാൻ ശ്രമിക്കുകയായിരുന്നു. അപകടത്തിൽ മഷൂദിന്റെ കൂട്ടുകാരായ അൻഷീഫ്, ഫാറൂഖ് എന്നിവർക്കും പരിക്കേറ്റിരുന്നു.
Kerala
കാഞ്ഞങ്ങാട്: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വെള്ളിക്കോത്ത് ആലിങ്കാലിലെ അനീഷ് (37) ആണ് മരിച്ചത്. പുതിയകോട്ടയിലെ പച്ചക്കറിക്കടയിൽ ജോലിചെയ്തുവരികയായിരുന്നു. അഞ്ചുദിവസം മുമ്പ് കാഞ്ഞങ്ങാട് കുശാൽ നഗറിലെ റെയിൽപാളത്തിലാണ് അനീഷിനെ പരിക്കേറ്റ നിലയിൽ കണ്ടത്.
ജില്ലാ ആശുപത്രിയിലും തുടർന്ന് കാസർഗോട്ടെയും കാഞ്ഞങ്ങാട്ടെയും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിൽ കഴിയുകയായിരുന്നു.
പരേതനായ പി. കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: സിന്ധു. മകൾ: ശ്രാവണിക. സഹോദരങ്ങൾ: മിനി (പ്ലാച്ചിക്കര) സുനിൽ.
Kerala
പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
മണ്ണാർക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. മലമ്പുഴ ഭാഗത്തുനിന്നുവന്ന കാർ പോലീസ് തടയുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കാറിനുള്ളിൽ ഉണ്ടായിരുന്നവർ പോലീസിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
ഇവർ മദ്യപിച്ചിരുന്നതായും കാറിൽ മദ്യകുപ്പി ഉണ്ടായിരുന്നതായും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കാറിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കൊല്ലം: ഹെഡ്ഫോൺ ഉപയോഗിച്ച് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ജോൺ എന്ന യുവാവാണ് ഗുരുതരമായി പരിക്കേറ്റത്.
മധുരൈ - ഗുരുവായൂർ എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ തട്ടിയത്. ജോൺ ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ ലോകോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു.
തുടർന്ന് റെയിൽവേ ജീവനക്കാർ യുവാവിനെ പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റെയിൽവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
National
ഹാവേരി: കർണാടകയിലെ ഹാവേരി ജില്ലയിൽ പരമ്പരാഗത കാർഷികോത്സവമായ കാളയോട്ട ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ എട്ടുപേർക്കു പരിക്ക്. പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി രണ്ടു വ്യക്തികൾ തമ്മിലുണ്ടായ തർക്കമാണ് പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച ഹംഗൽ താലൂക്കിലെ നരേഗൽ ഗ്രാമത്തിലാണ് സംഭവം. ഘോഷയാത്ര ഒരുആരാധനാലയത്തിന്റെ മുന്നിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിനിടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ എട്ടു പേരെയും ഉടൻതന്നെ ഹംഗലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിനുപിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനസർക്കാരിന്റെ പ്രീണനരാഷ്ട്രീയം കൊണ്ടാണ് ഹൈന്ദവാചാരങ്ങൾക്കെതിരേ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷനേതാവ് ആർ.അശോക് ആരോപിച്ചു.
Kerala
തിരുവനന്തപുരം: വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക്.വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിലെ യുകെജി വിദ്യാർഥി വൈനവിനാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംസി റോഡ് വെമ്പായം മഞ്ചാടിമൂട് ഹാപ്പി ലാൻഡിനു സമീപത്തായിരുന്നു അപകടം. മഞ്ചാടിമൂട്ടിൽവച്ച് മുത്തശിക്കൊപ്പം സ്കൂൾ ബസിൽ കയറാൻ എത്തിയതായിരുന്നു കുട്ടി. കാട്ടാക്കടനിന്ന് കൊല്ലം ഭാഗത്തേക്ക് ജോലിക്കായി പോയ ബൈക്കാണ് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്.
അമ്മൂമ്മയുടെ കൈപിടിച്ച് എത്തിയ കുട്ടിറോഡ് മുറിച്ച് കടക്കവെ കൈ വിടുവിച്ച് റോഡിലേക്ക് ഓടുകയായിരുന്നു. ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതര പരിക്കേറ്റു. ഇവരെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.
District News
പാലാ: വിവിധ അപകടങ്ങളില്‍ പരിക്കേറ്റ ആറു പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പാലാ - കൊടുങ്ങൂര്‍ റൂട്ടില്‍ പൂവത്തിളപ്പില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശികളായ ആഷ പി. നായര്‍ (42), അര്ജുന് സൂരജ് (13) എന്നിവര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം.
പൂവത്തിളപ്പില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടര്‍ യാത്രക്കാരായ മുത്തോലി സ്വദേശികളായ രഞ്ജു (37), ഗോപിക (25) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാ
ലോടെയായിരുന്നു അപകടം.
റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു വഴിയാത്രക്കാരി തൃശൂര്‍ സ്വദേശി ദില്‍ഷ ദിനീഷിന് (25) പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചോടെ പാലാ ടൗണിലായിരുന്നു അപകടം. ഇന്നലെ വെളുപ്പിനെ രാമപുരം ചിറകണ്ടത്ത് കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് രാമപുരം സ്വദേശി ആഷിക് മോഹന്‍ (33) പരിക്കേറ്റു.
Kerala
പാലക്കാട്: നാഗലശേരി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴെവീണ് യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദിനാണ് (29) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ശ്യാം പ്രസാദ് അതീവ ഗുരുതരാവസ്ഥയിൽ യുവാവ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സോളാർപാനൽ ഫിറ്റിംഗ് ജോലികൾക്കായി കൂറ്റനാടെത്തിയ ശ്യാം നാഗലശേരി പഞ്ചായത്തിന് തൊട്ടരികിലെ ഇരുനില കെട്ടിടത്തിലായിരുന്നു താമസം.
താമസിക്കുന്ന മുറിയിൽ നിന്നും ശ്യാം ഫോൺ ചെയ്യുന്നതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോവുകയായിരുന്നു. ടെറസിന്റെ സൈഡ് ഭിത്തിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് നിഗമനം.
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ്- ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടി. എൽഡിഎഫ് അംഗങ്ങൾ ഓഫീസിൽ നടത്തിവന്ന ഉപരോധത്തിനിടയിലേക്ക് മേയറെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
മേയറെ സിപിഎം പ്രവർത്തകർ തടഞ്ഞതോടെ ബിജെപി കൗൺസിലർമാർ പ്രതിരോധവുമായി രംഗത്തിറങ്ങുകയായിരുന്നു. തുടർന്നുണ്ടായ ഉന്തിലും തള്ളിലും സിപിഎം വനിതാ കൗൺസിലർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഓഫീസർ അനിലയ്ക്കും പരിക്കേറ്റു. മേയറാണ് ആദ്യം ആക്രമിച്ചതെന്ന് എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക് ആരോപിച്ചു.
എൽഡിഎഫ് കൗൺസിലർമാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി അംഗങ്ങളും പറഞ്ഞു. കോര്പറേഷൻ ഓഫീസ് പരിസരത്ത് രാവിലെ മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കൗൺസിലർമാരുമായി മേയർ വി.വി.രാജേഷ് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഉപരോധം നടത്തുന്ന എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു.
കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സമരം നടത്തുന്നതിനിടെയാണ് 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
International
കാരക്കസ്: വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 32 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.
കാരക്കാസിലെ ചക്കാവോയിൽ മാത്രം നാലു കെട്ടിടങ്ങൾ പൂർണമായും തകർന്നു. ലാ ഗുവായറ നഗരത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. മിറാൻഡ, അരാഗ്വ, കാരബോബോ, ഫാൽക്കൺ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം കനത്ത നാശം വിതച്ചു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കബെല്ലോ അറിയിച്ചു.
അമേരിക്ക, ബ്രസീൽ, ബൊളീവിയ, അർജന്റീന, ഉറുഗ്വേ, പനാമ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിമായി പ്രത്യേക സംഘങ്ങളെയും മെഡിക്കൽ സാമഗ്രികളും അയക്കാൻ യുഎസ് തയാറെടുക്കുന്നതായി വിദേശകാര്യ വകുപ്പ് അറിയിച്ചു.
District News
കഴക്കൂട്ടം: കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു. കണിയാപുരം സ്വദേശിയായ അബ്ദുൽ റബ്ബാണ് (82) അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഒന്‍പതോടെ കണിയാപുരം ആലുംമൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം.
കഴക്കൂട്ടം ഭാഗത്തുനിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ബസിൽ കണിയാപുരത്തു നിന്നാണ് ഇദ്ദേഹം കയറിയത്. ശ്രീധരമംഗലം മഹാവിഷ്ണു ക്ഷേത്രത്തിനു മുൻവശത്തുള്ള വളവിലായിരുന്നു അപകടം നടന്നത്. ബസ് വളവ് തിരിയുമ്പോൾ കണ്ടക്ടർ ടിക്കറ്റ് നൽകുന്നതിനിടെ ഇദ്ദേഹം ബസിലെ കൈപ്പിടിയിൽനിന്നും പിടിവിട്ട സമയത്ത് ബാലൻസ് തെറ്റുകയായിരുന്നു.
ബസിന്റെ വാതിലിലേക്കു മറിഞ്ഞ ഇദ്ദേഹം പിന്നീട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു അപകടത്തിൽ അബ്ദുൽ റബ്ബിന്റെ തോളെല്ലിനു ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60 ലേറെ പേർക്ക് പരിക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽനിന്ന് 90 കിലോ മീറ്റർ അകലെ ബെഡ്ഫോഡിലാണ് അപകടം ഉണ്ടായത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ മരിച്ചയാൾ ലോകോ പൈലറ്റ് ആണെന്നും റിപ്പോർട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 5.15ഓടു കൂടിയാണ് അപകടം ഉണ്ടായത്. ബെഡ്ഫോഡിന് സമീപത്തുവച്ച് ഒരു ട്രെയിനിന്റെ പിറകിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. സിഗ്നൽ സംവിധാനത്തിൽ തകരാർ സംഭവിച്ചതിനെതുടർന്ന് ലോകോ പൈലറ്റ് ട്രെയിൻ നിർത്തി പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവരാനുണ്ട്. നിലവിൽ ട്രെയിൻ ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്.
Kerala
കണ്ണൂർ: പിലാത്തറയിൽ ലഹരിക്ക് അടിമയായ യുവാവിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഏഴിലോട് ഫാറൂക് ജുമാ മസ്ജിദിലെ മുഅദ്ദിനെയും കമ്മിറ്റി ഭാരവാഹികളെയുമാണ് യുവാവ് ആക്രമിച്ചത്. കാസർഗോഡ് ബേഡകം സ്വദേശി സിയാദ് അബ്ദുള്ളയാണ് ഇവരെ ആക്രമിച്ചത്.
കുത്തേറ്റ മുഅദ്ദീൻ, മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), പള്ളി കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ.എം. സമീർ (37) എന്നിവരെ പയ്യന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിയാദ് അബ്ദുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് സിയാദെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി 10.45 നാണ് അക്രമം നടന്നത്. സിയാദ് ഏഴിലോട് ക്വാർട്ടേഴ്സിൽ കുടുംബസമേതമാണ് താമസിക്കുന്നത്. ലഹരിക്ക് അടിമയായ സിയാദ് ആദ്യം ക്വാർട്ടേഴ്സിലെത്തി ഭാര്യയെയും അയൽവാസികളെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും സിസിടിവി കാമറകൾ തല്ലിത്തകർക്കുകയുമായിരുന്നു.
തുടർന്ന് കൈയിൽ കത്തിയുമായി തൊട്ടടുത്തുള്ള ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലേക്ക് അതിക്രമിച്ചു കയറി. പള്ളിയുടെ ജനൽ ചില്ലുകളും മദ്രസയിലെ കസേരകളും അടിച്ചുതകർത്തു. ജനൽച്ചില്ലുകൾ തകരുന്ന ശബ്ദം കേട്ട് പള്ളിയിലുണ്ടായിരുന്ന മുഹമ്മദ് ആഷിക് ഉടൻ കമ്മിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്.
പിന്നീട് നാട്ടുകാർ എത്തി അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ പരിയാരം പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Kerala
ഹരിപ്പാട്: തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്. കുമാരപുരത്ത് ശനിയാഴ്ചയുണ്ടായ സംഭവത്തിൽ താമല്ലാക്കൽ ചാപ്രായിൻ ഗോപാലകൃഷ്ണൻ (55) ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇദ്ദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞദിവസം അഞ്ചുവയസുകാരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച അതേ നായ തന്നെ തൊട്ടടുത്ത ദിവസം അയൽവാസിയായ ഭിന്നശേഷിക്കാരനെയും ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയ തെരുവുനായയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് താമല്ലാക്കൽ പുത്തൻ പറമ്പിൽ അഖിൽ വിശ്വത്തിന്റെയും ദിവ്യയുടെയും മകനായ അദ്വിക് (അഞ്ച്) എന്ന ബാലന് വീട്ടുമുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിൽ ഈ നായയുടെ കടിയേറ്റത്.
മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റ അദ്വിക് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ക്രൂരമായ ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടും മുൻപാണ് അയൽവാസിയായ ഭിന്നശേഷിക്കാരനും കടിയേറ്റത്.
തുടർച്ചയായ ആക്രമണങ്ങൾക്ക് ശേഷം ചത്ത നായയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷമേ നായ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കന്യാകുമാരി കീരിപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട്ടെ സ്വദേശി രവി(47)യ്ക്കാണ് പരിക്കേറ്റത്.
കീരിപ്പാറ എസ്റ്റേറ്റില്‍ ഗ്രാമ്പു പറിക്കാന്‍ എത്തിയതായിരുന്നു രവി. ഷെഡ്ഡില്‍ വിശ്രമിക്കുന്നതിനിടെ ഒറ്റയാന് ആക്രമിക്കുകയായിരുന്നു. വയറ്റില്‍ ആനയുടെ കുത്തേറ്റ രവിയെ ആശാരിപ്പളളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കേരളാ-തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് ഇക്കഴിഞ്ഞ മൂന്നാം തീയതിയും കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ആനയുടെ ആക്രമണത്തില്‍ കാഞ്ഞിരംപാറ സ്വദേശി രാജേഷ് കൊല്ലപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കര വെളളറടയ്ക്ക് സമീപം പേണുവിലാണ് കാട്ടാന ആക്രമണമുണ്ടായത്.
Kerala
കോഴിക്കോട്: വടകര ഓർക്കേട്ടേരിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെയാണ് അപകടമുണ്ടായത്.
മസാഫി, കൈലാസ് ബസുകളാണ് കൂട്ടിയിടിച്ചത്. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.
അപകടത്തിൽ ബസുകളുടെ മുൻഭാഗം തകർന്നു. ഈ സമയം റോഡിലുണ്ടായിരുന്ന ഒരു കാറും അപകടത്തിൽപ്പെട്ടു. കാർ ബസിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Kerala
നെടുമങ്ങാട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്. പഴകുറ്റി സ്വകാര്യ സ്കൂളിലെ അധ്യാപിക ശാലിനിയ്ക്ക് ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ മേലാംകോട് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനിടെ ഓടയിൽ വീണ ശാലിനിയുടെ കണ്ണിൽ സ്കൂട്ടറിന്റെ കിക്കർ തുളച്ചു കയറി.
ഫയർഫോഴ്സ് എത്തി കിക്കർ മാറ്റി ശാലിനിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
Kerala
മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിലെ രാജു (65) വിനാണ് പരിക്കറ്റത്. ഇന്നു രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപം ജോലിയിലായിരുന്ന രാജുവിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കാണ് കാര്യമായ പരിക്ക്. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനവാസകേന്ദ്രത്തില്‍നിന്നു വനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് ആന രാജുവിന്റെ വീടിനടുത്തുകൂടി കടന്നുപോയത്.
District News
ചവറ : ചവറയില്‍ കാട്ടു പന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴിന് ചവറ ഭരണിക്കാവിന് സമീപത്തെ ബിസി ലൈബ്രറിക്ക് സമീപമായിരുന്നു ആദ്യം പന്നിയെ നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം വാര്‍ഡംഗത്തെ അറിയിക്കുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് രാത്രി 9.50ഓടെ പുതുക്കാട് നാഗരുനട ഭാഗത്ത് കാട്ടു പന്നിയെ നാട്ടുകാര്‍ കണ്ടു. ഇതിനിടയില്‍ വീടിന് പുറത്ത് നിന്ന സ്ത്രീയെ പന്നി ഇടിച്ചിട്ടു.
ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി.കാട്ടു പന്നിയിറങ്ങിയത് കാരണം ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.വലിയ കാട്ടു പന്നിയെയാണ് കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു മാസം മുമ്പ് പന്മന കളരി ഭാഗത്തും പന്നിയെ കണ്ടെന്നും വിവരമുണ്ട്.
Kerala
മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണം. അഞ്ച് പേർക്ക് കടിയേറ്റു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്എൻ യുപി സ്കൂൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു നാലു പേരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിയേറ്റവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.
Sports
ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരേയുള്ള ഏകദിന പരന്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് വൻ തിരിച്ചടി.
റണ്‍മെഷീൻ വിരാട് കോഹ്ലിയെ ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടർന്ന് പരന്പരയിൽനിന്ന് ഒഴിവാക്കി.
ജൂണ്‍ 13 മുതൽ 20 വരെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരന്പര.
National
സുക്മ: ഛത്തീസ്ഗഡിൽ ക്രൈ സ്തവ പ്രാർഥനക്കൂട്ടായ്മയ് ക്കു നേരേ ആക്രമണം. പാസ്റ്റർക്കും ഇയാളുടെ ഗർഭിണിയായ ഭാര്യക്കുമുൾപ്പെടെ 25ഓളം പേർക്ക് പരിക്കേറ്റു. സുക്മ ജില്ലയിലെ പാലെം ഗ്രാമപഞ്ചായത്തിനു കീഴിലുള്ള സദ്രപാൽ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പ്രദേശത്തെ പാസ്റ്ററായ ഹംഗാ മാണ്ഡവിയുടെ വീട്ടിൽ നടന്ന പ്രാർഥനക്കൂട്ടായ്മയിലാണ് ആക്രമണമുണ്ടായത്. എഴുപതോളം വിശ്വാസികള്‍ പ്രാർഥനയിൽ പങ്കെടുക്കവേ ഒരു സംഘം ആളുകള്‍ അതിക്രമിച്ചുകയറി വിശ്വാസികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരെ സുക്മയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ടോംഗ്പാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
ആക്രമണത്തിന് സ്വത്തുതർക്കവുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണം നടത്താന്‍ അക്രമികള്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികള്‍ ഇതു നിഷേധിച്ചു. നീതിയുക്തവും സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങൾ അധികാരികളോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏറെ കർക്കശമായ വ്യവസ്ഥകളോടെ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിലായതിനുശേഷം ക്രൈസ്തവർക്കു നേരേ ആക്രമണം വർധിക്കുന്നതായി പ്രോഗ്രസീവ് ക്രിസ്ത്യൻ അസോസിയേഷൻ കോ-ഓർഡിനേറ്റർ പാസ്റ്റർ സൈമൺ ഡിഗ്ബാൽ ടാൻഡി ആരോപിച്ചു. സാമുദായികസൗഹാർദം തകർക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ദിനംപ്രതിയെന്നോണം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.