മുംബൈ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും മുറുകുന്നത് എണ്ണ വിപണിയെ ചൂടുപിടിപ്പിക്കുന്നു. ഇറാനുനേരേയുള്ള ആക്രമണം രണ്ടുദിവസം അമേരിക്ക നിർത്തിവച്ചതിനെത്തുടർന്ന് വീപ്പയ്ക്ക് 86 ഡോളറിലേക്ക് ഇടിഞ്ഞ എണ്ണവില വ്യാഴാഴ്ച വീണ്ടും 90 ഡോളറിനുമുകളിലെത്തി.
അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 92.20 ഡോളർ വരെ കയറി. പിന്നീട് നേരിയ തോതിൽ തിരിച്ചിറങ്ങി വീപ്പയ്ക്ക് 89.86 ഡോളറെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വില വീപ്പയ്ക്ക് 83.49 ഡോളറാണ്.
ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുമ്പോഴും മറ്റു മാർഗങ്ങളിലൂടെ വിപണിയിൽ എണ്ണ എത്തുന്നുണ്ടെന്നതാണ് ഇത്തവണ വലിയ അളവിൽ വില കൂടാത്തതിനുകാരണം. യെമനെയും ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ എന്നിവയെയും ബന്ധിപ്പിക്കുന്ന ബാബ് എൽ മൻഡേബ് കടലിടുക്കുവഴി ചെങ്കടലിലേക്ക് എണ്ണക്കപ്പലുകൾ തടസമില്ലാതെ എത്തുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതി കൂടുതൽ തുടർന്നാൽ ഈ വഴിയുള്ള എണ്ണനീക്കം കൂടാനും ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തിൽ ഇറാനുള്ള സ്വാധീനം കുറയാനും കാരണമായേക്കാമെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു.
Tags : Iran america conflict prices rise Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash