സഞ്ജു സാംസൺ റാഞ്ചിയിൽ വിമാനം ഇറങ്ങിയപ്പോൾ.
റാഞ്ചി: ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ട്വന്റി20 മത്സരത്തിലും ജയം ആവര്‍ത്തിച്ച് പരമ്പര റാഞ്ചാന്‍ ഇന്ത്യ ഇന്നു വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. ഏകദിന പരമ്പര കൈവിട്ട വിന്‍ഡീസ് ട്വന്റി-20യിലും വമ്പന്‍ വീഴ്ച ഒഴിവാക്കാന്‍ ജയം മാത്രം മുന്നില്‍ക്കണ്ടാണ് ഇന്നിറങ്ങുക.
ഇന്ത്യ x വിൻഡീസ് മൂന്നു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്നു രാത്രി 7.00ന് റാഞ്ചിയില്‍ നടക്കും. ആദ്യ മത്സരത്തില്‍ നായകന് ശ്രേയസ് അയ്യറുടെ അപരാജിത സെഞ്ചുറി ബലത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന് വിന്‍ഡീസിനെ വീഴ്ത്തിയിരുന്നു.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ അഭാവത്തിലും ഇന്ത്യക്കു മികച്ച പോരാട്ടം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നുണ്ട്. ബാറ്റിംഗാണ് ഇന്ത്യയുടെ നട്ടെല്ല്.
അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാന് കിഷന്, തിലക് വര്‍മ, ശ്രേയസ് അയ്യര്‍, ശിവം ദുബെ എന്നിവർ അണിനിരക്കുന്ന ഇന്ത്യൻ പടയെ പിടിച്ചുകെട്ടുക ശ്രമകരം. ബൗളര്‍മാരുടെ തീവ്രശ്രമം കൂടിയാകുന്നതോടെ ഇന്ത്യ സേഫ്. അവസാന അഞ്ച് മത്സരങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിട്ടില്ല.
മറുവശത്ത് ജയപരാജയങ്ങള്‍ മാറിമാറി വരുന്ന വിന്‍ഡീസിന് കാര്യങ്ങള്‍ കടുക്കും. മികച്ച ഫോമിലുള്ള ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, കമില്‍ പൂരന്, റോവ്മന്‍ പവല്‍, റൂഥര്‍ഫോഡ് എന്നീ പവര്‍ഹൗസുകള്‍ വിന്‍ഡീസ് നിരയിലുണ്ട്. എന്നാല്‍, ബാറ്റര്‍മാര്‍ ഫോമിലാകുമ്പോള് ബൗളര്‍മാര്‍ കിതയ്ക്കും, ബൗളര്‍മാര്‍ ഫോമിലാകുമ്പോള് ബാറ്റര്‍മാര്‍ കിതയ്ക്കും. ഇതാണ് വിന്‍ഡീസ് പ്രശ്നം.
റാഞ്ചിയിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് പൂര്‍ണമായും അനുകൂലമാണെന്ന് പറയാനാവില്ല. ഇവിടെ നടന്ന 10 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സ്കോര്‍ 200 കടന്നത്. 2023 ജനുവരിക്കു ശേഷം ട്വന്റി-20 മത്സരത്തിന് റാഞ്ചി വേദിയായിട്ടില്ലെന്നതും ശ്രദ്ധേയം.
Tags : India WestIndies T20 Ranchi Sports