പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന എസ്എഫ്ഐ പ്രവർത്തകരെ ലക്ഷ്യമിട്ട് ഡൽഹിയിലെ സിപിഎം പഠനകേന്ദ്രമായ ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ ഡൽഹി പൊലിസ് എത്തിയത് വിവാദമാകുന്നു. രാത്രി ഒമ്പതരയോടെ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ കട്ടിയേറിയ വടികളും പൈപ്പുകളുമായി പത്തോളം വരുന്ന പൊലിസുകാരാണ് സുർജിത് ഭവനിലേക്ക് എത്തിയത്.
സംഭവം നടക്കുമ്പോൾ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ തുടങ്ങിയ നേതാക്കൾ ഓഫീസിലുണ്ടായിരുന്നു. വരാനിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ പ്രചാരണ പ്രവർത്തനങ്ങൾ നേതാക്കൾ വിലയിരുത്തിക്കൊണ്ടിരിക്കുമ്പോഴാണ് പൊലീസിന്റെ അപ്രതീക്ഷിത സന്ദർശനം ഉണ്ടായത്.
സുർജിത് ഭവനിൽ എസ്എഫ്ഐ പ്രവർത്തകർ കൂട്ടമായി കേന്ദ്രീകരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതുകൊണ്ടാണ് എത്തിയതെന്നാണ് പൊലിസിന്റെ വിശദീകരണം. ഓഫീസിനുള്ളിൽ ഏകദേശം ഇരുപത് മിനിറ്റോളം ചെലവഴിച്ച ശേഷമാണ് പൊലിസ് സംഘം അവിടെനിന്നും മടങ്ങിയത്. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ഡൽഹി പൊലിസിന്റെ ഇത്തരം നടപടികളെന്ന് ഇതിനോടകം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
Tags : DelhiPolice CPMstudycenter SurjeetBhawan LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash