റയാൻ മോ എക്സിൽ പങ്കുവച്ച കാലാവസ്ഥാഭൂപടം
മനുഷ്യർ ഏറ്റവും പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിലേക്കാണു നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന 'എൽ നിനോ' അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നു ലോകമെമ്പാടുമുള്ള കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 1950-ന് ശേഷം ഏറ്റവും കഠിനമേറിയ കലാവസ്ഥയായിരിക്കും ഈ വർഷം നേരിടേണ്ടിവരികയെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയതിനു പിന്നാലെയാണു മുന്നറിയിപ്പുകൾ. മനുഷ്യനിർമിതമായ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വർധിപ്പിക്കാൻ 'എൽ നിനോ' കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) അറിയിച്ചു. പസഫിക് സമുദ്രം ഭീമമായ അളവിൽ ചൂടു പുറന്തള്ളുന്നതിനാൽ, വിവിധ രാജ്യങ്ങളുടെ വലിയൊരു മേഖലയിൽ അസാധാരണമായ താപനില അനുഭവപ്പെടുമെന്നു വിദഗ്ധർ വ്യക്തമാക്കി.
ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമായ താപനിലയിലേക്കു മാറുകയാണെന്നു പ്രമുഖ മീറ്റിയറോളജിസ്റ്റ് റയാൻ മോ. എക്സിൽ കാലാവസ്ഥാഭൂപടം പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഭൂഗോളത്തിന്റെ ഏതാണ്ട് എല്ലാ മേഖലയും 'റെഡ് അലർട്ടി'ലാണെന്ന് മോ വ്യക്തമാക്കി. അമേരിക്കൻ ഭൂഖണ്ഡത്തിലെ ചില പ്രദേശങ്ങൾ ഒഴികെ ലോകത്തെല്ലായിടത്തും കടുത്ത ആഗോളതാപനം അനുഭവപ്പെടുകയാണ്. എൽ നിനോ തരംഗം 2027 ഫെബ്രുവരി വരെ കഠിനമായി തുടരുമെന്നു ഡബ്ല്യുഎംഒ വ്യക്തമാക്കുന്നു.
പസഫിക് സമുദ്രത്തിലെ താപനില മുൻവർഷങ്ങളിലെ എല്ലാ റെക്കോർഡുകളും ഭേദിച്ചതായി കാലാവസ്ഥാശാസ്ത്രജ്ഞൻ സിക് ഹൗസ്ഫാദർ പറഞ്ഞു. എൽ നിനോ മുൻപെങ്ങുമില്ലാത്തവിധം ഉയർന്ന താപനിലയിലേക്കു കുതിക്കുന്നതു തുടരുകയാണ്. ഇപ്പോൾ സാധാരണയേക്കാൾ 3.4 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. കാലാവസ്ഥാ വിദഗ്ധനായ ലിയോൺ സൈമൺസ് ഈ കാലാവസ്ഥാ പ്രതിഭാസത്തെ 'സൂപ്പർ-ഡ്യൂപ്പർ എൽ നിനോ' എന്നാണു വിശേഷിപ്പിച്ചത്.
ഈ വർഷം അവസാനമാസങ്ങളിൽ ഭൂരിഭാഗം സമുദ്രമേഖലകളിലും ശരാശരിയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് ഡബ്ല്യുഎംഒ പ്രവചിക്കുന്നു. എൽ നിനോ കേന്ദ്രമായ മധ്യ-കിഴക്കൻ ട്രോപ്പിക്കൽ പസഫിക്കിലെ സമുദ്രോപരിതല താപനില ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സാധാരണയേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതു മുൻപെങ്ങുമില്ലാത്ത സമുദ്ര താപവർധനവിലേക്കു വഴിതുറക്കും.
രണ്ടു മുതൽ ഏഴു വർഷം വരെയുള്ള ഇടവേളകളിൽ രൂപപ്പെടുന്ന സ്വാഭാവിക കാലാവസ്ഥാ വ്യതിയാനം, ലോകമെമ്പാടുമുള്ള മഴയുടെ പാറ്റേണുകളെയും അന്തരീക്ഷ താപനിലയെയും കഠിനമായി ബാധിക്കും. ഇതു ചില പ്രദേശങ്ങളിൽ കടുത്ത വരൾച്ചയ്ക്കും മറ്റു ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകാം. 'എൽ നിനോ' കഠിനമാകുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമായി ഏകദേശം 4,51,000 മരണങ്ങൾ വരെ സംഭവിച്ചേക്കാമെന്ന് ഷിക്കാഗോ സർവകലാശാലയിലെ ക്ലൈമറ്റ് ഇംപാക്ട് ലാബിലെ ഗവേഷകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇന്ത്യയും പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടിവരും.
Tags : International GlobalHeatWarning SuperduperElNino Elnino WMO Enviorment