ആനി കാർസൺ
സ്റ്റോക്ക്ഹോം: 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിന് കാനഡയിൽ നിന്നുള്ള പ്രശസ്ത കവിയും ഉപന്യാസകാരിയുമായ ആനി കാർസൺ അർഹയായി. ക്ലാസിക്കൽ പാരമ്പര്യങ്ങളോട് അനുരൂപപ്പെട്ട് പുതിയ സാഹിത്യ രൂപങ്ങൾ സൃഷ്ടിച്ച അവരുടെ ധീരവും സർഗാത്മകവുമായ സൃഷ്ടികൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. 12 ദശലക്ഷം സ്വീഡിഷ് ക്രൗൺ (ഏകദേശം 11.63 കോടി രൂപ) അടങ്ങുന്നതാണ് പുരസ്കാരം.
കവിത, ഗദ്യം, നാടകീയ സംഭാഷണങ്ങൾ, പരിഭാഷ എന്നിവ സമന്വയിപ്പിച്ചുള്ള തികച്ചും വ്യത്യസ്തമായ രചനാരീതിയാണ് ആനി കാർസന്റേത്. ഗ്രീക്ക് ക്ലാസിക്കൽ സാഹിത്യ തർജമകളിലൂടെ ആഗോള ശ്രദ്ധ നേടിയ അവരുടെ 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' (1998), 'നോർമ ജീൻ ബേക്കർ ഓഫ് ട്രോയ്' (2019) തുടങ്ങിയ കൃതികൾ ഏറെ പ്രശസ്തമാണ്. ഹെലൻ ഓഫ് ട്രോയിയുടെയും മെർലിൻ മൺറോയുടെയും ജീവിതങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രകടന കാവ്യമാണ് 'നോർമ ജീൻ ബേക്കർ ഓഫ് ട്രോയ്'.
ആലീസ് മുൻറോയ്ക്ക് ശേഷം സാഹിത്യ നൊബേൽ നേടുന്ന പ്രധാന കനേഡിയൻ എഴുത്തുകാരിൽ ഒരാളാണ് ആനി കാർസൺ. അലക്സാണ്ടർ സോൾഷെനിറ്റ്സിൻ, ഏണസ്റ്റ് ഹെമിംഗ്വേ തുടങ്ങിയ പ്രഗത്ഭരുടെ നിരയിലേക്കാണ് ഈ പുരസ്കാരത്തിലൂടെ അവർ ഉയർത്തപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർകായ്ക്കായിരുന്നു സാഹിത്യ നൊബേൽ ലഭിച്ചിരുന്നത്.
Tags : AnneCarson Canadianpoet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash