ഇന്ത്യക്കെതിരേ ബ്രസീലിന്റെ വിനിസ്യൂസ് ജൂനിയറിന്റെ (7) മുന്നേറ്റം.
സ്കോര്‍ബോര്‍ഡ് സത്യം പറയാറുണ്ട്. പക്ഷേ, എപ്പോഴും അതു സത്യമാവണമെന്നില്ല. പാനമയ്ക്കെതിരേ 1-1. ബ്രസീലിനോട് 4-0. ഉറുഗ്വെയോട് 6-1. 2026 ലോകകപ്പ് ഫുട്ബോള്‍ കളിച്ച മൂന്നു ടീമുകള്‍ കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ഇന്ത്യയുമായി മത്സരിച്ചു. ഫിഫ റാങ്കിംഗിലും അനുഭവത്തിലും ഇന്ത്യയേക്കാള്‍ ഏറെ മുന്നിലുള്ളവര്‍. ഒരു ജയംപോലും ഇന്ത്യക്കു നേടാനായില്ല. രണ്ടു വലിയ തോല്‍വികള്‍, ഒരു സമനില. ഈ മൂന്നു മത്സരങ്ങളെയും ഒരുമിച്ച് വായിക്കുമ്പോള്‍ സ്കോര്‍ബോര്‍ഡിനപ്പുറം മറ്റൊരു ചിത്രം തെളിയുന്നു; ഇന്ത്യ വലിയ ടീമുകളെ കണ്ടുഭയക്കില്ല. അതാണ് ഈ മത്സരപരമ്പര നല്കുന്ന ശുഭസൂചന.
44-ാം റാങ്കിലുള്ള പാനമയ്ക്കെതിരെ 138-ാം റാങ്കിലുള്ള ഇന്ത്യയുടെ കളിയില്‍ 94 സ്ഥാനങ്ങളുടെ അന്തരം കാണാനുണ്ടായിരുന്നില്ല. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ പലപ്പോഴും ഇന്ത്യ എതിരാളികളെ നിഷ്പ്രഭമാക്കി. ബ്രസീലിനെതിരായ തോല്‍വിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം അവരെ ഭയന്ന് കളിച്ചില്ല എന്നതാണ്. 55-ാം മിനിറ്റില്‍ മാര്‍ക്കിഞ്ഞോസിനെ വേഗത്തില്‍ മറികടന്ന് മന്‍വീര്‍ സിംഗ് തൊടുത്ത ഷോട്ടും 66-ാം മിനിറ്റില്‍ ബ്രസീലിയന്‍ പ്രതിരോധത്തെ വിറപ്പിച്ച റയാന് വില്യംസിന്റെ ശ്രമവുമെല്ലാം അതിന്റെ തെളിവായിരുന്നു.
പന്ത് കിട്ടുമ്പോള്‍ വേഗത്തിലുള്ള ട്രാന്സിഷനുകളിലൂടെയും നേരിട്ടുള്ള മുന്നേറ്റങ്ങളിലൂടെയും ഇന്ത്യ ആക്രമണം സൃഷ്ടിച്ചു. അഞ്ച് കോര്‍ണറുകള്‍, പോസ്റ്റിലേക്ക് അര ഡസനോളം ഷോട്ടുകള്‍. ബ്രസീലിന് എതിരേ വലിയ നേട്ടമാണത്. ലോകോത്തര ടീമുകള്‍ക്കെതിരേ ചെറിയ പിഴവുകള്‍ പോലും വലിയ ശിക്ഷയാകും. ഗുര്‍പ്രീതിന്റെ കൈകളില്‍ തട്ടി വലയില്‍ കയറിയ ആദ്യ രണ്ടു ഗോളും ഒഴിവാക്കാമായിരുന്നു. ഇന്ത്യയുടെ പിഴവുകളെ ബ്രസീല്‍ ഗോളുകളാക്കി മാറ്റിയതാണ് അവരുടെ വിജയത്തിന്റെ കാരണം.
ഇന്ത്യയുടെ പുതിയ മുഖം
ഉറുഗ്വെയ്ക്കെതിരായ ആദ്യ 45 മിനിറ്റ് സമീപകാല ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും ധൈര്യമുള്ള കാഴ്ചകളിലൊന്നായിരുന്നു. പന്ത് നഷ്ടപ്പെട്ടാല്‍ ഉടന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം. വിംഗുകളിലൂടെ വേഗത്തിലുള്ള മുന്നേറ്റം. പന്ത് കിട്ടുമ്പോള്‍ പിന്നിലേക്കു സുരക്ഷിതമായി കളിക്കുന്നതിനു പകരം മുന്നോട്ട് പോകാന്‍ കാണിച്ച ധൈര്യം. ഇന്ത്യയുടെ വേഗം പലപ്പോഴും ഉറുഗ്വേയെ അസ്വസ്ഥമാക്കി.
പക്ഷേ, രണ്ടാം പകുതിയില്‍ കഥ മാറി, നാലു ഗോളുകള്‍ വഴങ്ങി. മികച്ച രീതിയില്‍ കളിക്കുമ്പോള്‍ വരുത്തുന്ന ടാക്റ്റിക്കല്‍ മാറ്റങ്ങള്‍ എത്ര അപകടകരമാണെന്ന് ഉറുഗ്വെ ഇന്ത്യയെ പഠിപ്പിച്ചു. പാനമയ്ക്കെതിരേ ഇന്ത്യക്കു കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. ബ്രസീലിനെതിരേ ധൈര്യം കാണിച്ചു. ഉറുഗ്വെയ്ക്കെതിരെ പോരാട്ടവീര്യവും.
ഖാലിദിന്റെ സ്വപ്നം
ഈ മൂന്നു മത്സരങ്ങളെ കോച്ച് ഖാലിദ് ജമീലിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ മറ്റൊരു ചിത്രം കൂടി കാണാം. അദ്ദേഹം ഉടനെ ലഭിക്കുന്ന ഫലം മോഹിച്ചല്ല ടീമിനെ ഒരുക്കിയത്. പുതിയ താരങ്ങള്‍ക്ക് അവസരം നല്കുന്നു. യുവതാരങ്ങളെ കൊണ്ടുവരുന്നു. പരിചിത പേരുകള്‍ക്കപ്പുറം ടീമിന്റെ കരുത്ത് പരിശോധിക്കുന്നു.
ഉറുഗ്വെയ്ക്കെതിരേ പത്തൊമ്പതുകാരന് പ്രംവീര്‍ സിംഗ് കാഴ്ചവച്ച പ്രകടനം അതിന്റെ ഉദാഹരണമാണ്. ശരീരഭാഷയിലും പൊസിഷനിംഗിലും അവന് കാണിച്ച ശാന്തത ശ്രദ്ധേയമായിരുന്നു. റയാന് വില്യംസ് ഇന്ത്യയുടെ വലിയ കണ്ടെത്തലുകളിലൊന്നായി മാറുകയാണ്. മൂന്ന് മത്സരങ്ങളിലും സ്ഥിരസാന്നിധ്യമായി മാറിയ അദ്ദേഹം, വേഗം, നേരിട്ടുള്ള മുന്നേറ്റങ്ങള്‍ എന്നിവയിലൂടെ ഇന്ത്യന്‍ ആക്രമണത്തിന് പുതിയ മാനം നല്കി. വിംഗില്‍നിന്ന് അകത്തേക്കു കയറി അവസരങ്ങള്‍ സൃഷ്ടിക്കാനും ട്രാന്സിഷന് ഘട്ടങ്ങളില്‍ വേഗത്തില്‍ മുന്നേറാനും റയാനു കഴിഞ്ഞു.
മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്, ബിജോയ് വര്‍ഗീസ്, മുഹമ്മദ് സനാന് എന്നിവര്‍ ലഭിച്ച അവസരങ്ങളില്‍ സാന്നിധ്യമറിയിച്ചു. പന്ത് കൈവശമുള്ള ഘട്ടത്തിലെ ശാന്തത മുതല്‍ പ്രെസിംഗിലും ട്രാന്സിഷനിലും കാണിച്ച കൃത്യതവരെ, ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് സ്ട്രെംഗ്ത് വ്യക്തമാക്കുന്നതായി.
പ്ലസ് & മൈനസ്
ഇന്ത്യക്ക് ഒരു വലിയ ടീമിനെ അട്ടിമറിക്കാനാകുമോ എന്നതല്ല യഥാര്‍ഥ ചോദ്യം. അത്തരം ടീമുകള്‍ക്കെതിരേ 90 മിനിറ്റും ഒരേ തീവ്രതയും അച്ചടക്കവും നിലനിര്‍ത്താനാകുമോ എന്നതാണ്. ആദ്യപകുതിയിലെ മികവ് രണ്ടാം പകുതിയിലും ഉണ്ടാവണം. ട്രാന്സിഷന് അവസരങ്ങളാക്കി മാറ്റണം. അവസരങ്ങള്‍ ഗോളാവണം. ഈ മൂന്നു മത്സരങ്ങള്‍ ഇന്ത്യയുടെ കുറവുകളും സാധ്യതകളും ഒരുപോലെ തുറന്നുകാട്ടിയിട്ടുണ്ട്.
ഇന്ത്യക്ക് ഇപ്പോള്‍ വേണ്ടത് അദ്ഭുത റിസള്ട്ടുകളല്ല, ഒരു രീതിയാണ്. വലിയ ടീമുകള്‍ക്കെതിരേ പന്ത് കിട്ടുമ്പോള്‍ എന്തു ചെയ്യണം, നഷ്ടപ്പെട്ടാല്‍ എങ്ങനെ തിരിച്ചുപിടിക്കണം, ഗോള്‍ വഴങ്ങിയാല്‍ എങ്ങനെ തിരിച്ചടിക്കണം എന്നറിയുന്ന രീതി.
സ്കോര്‍ബോര്‍ഡില്‍ തോല്‍വികള്‍ വന്നേക്കാം. പക്ഷേ, ഒരു ടീമിന്റെ ഭാവി പലപ്പോഴും ആ തോല്വികള്ക്കിടയിലാണ് പിറക്കുന്നത്. ഈ മൂന്നു മത്സരങ്ങള്‍ ഇന്ത്യക്കു നല്കിയ ഏറ്റവും വലിയ പാഠം നമുക്കും ഗംഭീരമായി കളിക്കാനാകും എന്ന വിശ്വാസമാണ്. അതിനു തുടര്‍ച്ച വേണം. എങ്കില്‍ സമീപഭാവിയില്‍ ഇന്ത്യയും ലോകഫുട്ബോളില് തലയുയര്‍ത്തും.
Tags : IndianFootballTeam Rising shadow Defeats Sports