ഇന്ത്യ-ബ്രസീൽ പോരാട്ടത്തിൽനിന്ന്
കോൽക്കത്ത: ബ്രസീലിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് നാല് ഗോളുകളുടെ തോൽവി. ഫിഫ റാങ്കിംഗിൽ മുൻപിലുള്ള ബ്രസീലിനെതിരെ ആദ്യ പകുതിയിൽ മികച്ച പ്രതിരോധം തീർക്കാൻ ഇന്ത്യക്കായെങ്കിലും, മുൻനിര താരങ്ങളുടെ ഗോളടി മികവിന് മുന്നിൽ ഇന്ത്യൻ പ്രതിരോധം കീഴടങ്ങുകയായിരുന്നു.
മത്സരത്തിന്‍റെ 28-ാം മിനിറ്റിൽ യുവതാരം എസ്തെവാവോ വില്ലെയ്ൻ ആണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ കീപ്പർ ഗുർപ്രീത് സിംഗിന്‍റെ സന്ധുവിന്‍റെ പിഴവ് മുതലെടുത്ത് പെഡ്രോ ബ്രസീലിന്‍റെ ലീഡ് ഇരട്ടിയാക്കി (2-0). ആദ്യ പകുതിയിൽ ഇന്ത്യയുടെ മുന്നേറ്റങ്ങൾ രണ്ട് ഷോട്ടുകളിൽ ഒതുങ്ങിയപ്പോൾ, ബ്രസീൽ 11 ഷോട്ടുകളാണ് പോസ്റ്റിലേക്ക് പായിച്ചത്.
രണ്ടാം പകുതിയിൽ വിനിസ്യൂസ് ജൂനിയർ ഉൾപ്പെടെയുള്ള പ്രമുഖരെ പിൻവലിച്ച് ബ്രസീൽ പുതിയ താരങ്ങളെ കളത്തിലിറക്കി. പകരക്കാരനായി ഇറങ്ങിയ സാമുവൽ ലിനോ രണ്ടും കൽപ്പിച്ചുള്ള മുന്നേറ്റത്തിലൂടെ 58-ാം മിനിറ്റിലും ഇൻജുറി ടൈമിലുമായി (90+5) രണ്ട് ഗോളുകൾ നേടി ബ്രസീലിന്‍റെ വിജയം പൂർത്തിയാക്കി.
റയാൻ വില്യംസും മൻവീർ സിംഗും ഇന്ത്യൻ നിരയിൽ ചില മികച്ച ഗോൾശ്രമങ്ങൾ നടത്തിയെങ്കിലും ബ്രസീലിയൻ ഗോൾമുഖം വിറപ്പിക്കാൻ അവയ്ക്കായില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബ്രസീൽ വിജയം സ്വന്തമാക്കി.
Tags : Brazil India #Football Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash