പ്രതീകാത്മക ചിത്രം
കൊച്ചി: വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍നിന്നു വരുന്ന ഫോണ്‍കോളുകള്‍ എടുത്താല്‍ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി സൈബര്‍ ക്രൈം പൊലിസ്. ഇന്റര്‍നെറ്റില്‍ തെരയുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ വഴി പണവും വ്യക്തിഗതവിവരങ്ങളും ചോരുന്ന തട്ടിപ്പുകള്‍ സംസ്ഥാനത്തു വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലിസിന്റെ മുന്നറിയിപ്പ്.
ബാങ്കുകള്‍, ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകള് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുകാര്‍ ഇന്റര്‍നെറ്റില്‍ വ്യാജ നമ്പറുകള്‍ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്. സഹായത്തിനായി ഉപഭോക്താക്കള്‍ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ നേരിട്ടു കണക്ടാകില്ല. തുടര്‍ന്ന് കസ്റ്റമര്‍ സപ്പോര്‍ട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാര്‍ തിരികെ വിളിക്കും.
പരാതി പരിഹരിക്കാനെന്ന പേരില്‍ ഫോണില്‍ റിമോട്ട് ആക്സസ് അല്ലെങ്കില്‍ സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് രജിസ്ട്രേഷന് ഫീസെന്നോ വെരിഫിക്കേഷന് ഫീസെന്നോ പറഞ്ഞ് അഞ്ചു രൂപപോലെയുള്ള ചെറിയ തുക അടയ്ക്കാന്‍ നിര്‍ദേശിക്കും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോര്‍ത്തി വന്‍ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ നടത്തുന്നത്.
കരുതിയിരിക്കണം
ഗൂഗിളില്‍ തെരയുമ്പോള്‍ ലഭിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പൂര്‍ണമായി വിശ്വസിക്കരുത്. ഏതൊരു സേവനത്തിനും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക. അജ്ഞാതരുടെ ആവശ്യപ്രകാരം യാതൊരു കാരണവശാലും റിമോട്ട് ആക്സസ് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ രജിസ്ട്രേഷന് ഫീസുകള്‍ നല്‍കുകയോ ചെയ്യരുത്.
ഒടിപി, പിന്, പാസ്വേഡ്, കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ആരുമായും പങ്കുവയ്ക്കരുത്. ഫോണ്‍ സംഭാഷണത്തിനിടെ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ കോള്‍ അവസാനിപ്പിച്ച് ബാങ്കുമായി ബന്ധപ്പെടുകയോ തൊട്ടടുത്ത ബ്രാഞ്ചിൽ നേരിട്ട് സന്ദര്‍ശിക്കുകയോ ചെയ്യണം.
ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറിലോ www. cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കണം.
Tags : Fake CustomerCareNumbers NotAnswer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash