Kerala
കൊച്ചി: എറണാകുളത്ത് ഡ്രൈവിംഗ് ലൈസന്സ് റാക്കറ്റ് പ്രവര്ത്തിക്കുന്നതായി സ്വകാര്യ ബസുടമകളുടെ പരാതി. അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള് ജില്ലാ കളക്ടര്, റൂറല് എസ്പി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര് എന്നിവര്ക്ക് പരാതി നല്കി.
ഇക്കഴിഞ്ഞ മെയ് 27ന് ചെറായി പാടത്ത് നിയന്ത്രണം വിട്ടു പാടത്തേക്ക് ചാടിയ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസന്സ് പരിശോധിച്ചപ്പോള് വ്യാജന് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പരാതി നല്കിയിരിക്കുന്നത്.
അപകടം നടന്ന ദിവസം ഡ്യൂട്ടിയില് ഉണ്ടായിരുന്ന ഡ്രൈവര് പറവൂരില് ഇറങ്ങിയ ശേഷം ബാങ്ക് സംബന്ധമായ ഒരു അത്യാവശ്യ ഇടപാടിനായി പോയ സമയത്ത് താല്ക്കാലികമായി ഓടിക്കാന് ഏല്പ്പിച്ചതാണ് പുതിയ ഡ്രൈവറെ. പല സ്വകാര്യ ബസുകളിലും ഇയാളെ ഡ്രൈവറായി കണ്ടു പരിചയമുള്ളതിനെ തുടര്ന്നാണ് ഇയാളെ താല്ക്കാലിക ചുമതല ഏല്പ്പിക്കാന് കാരണമെന്നാണ് ബസുടമയുടെ വാദം.
എന്നാല് അപകടത്തിന് ശേഷം ലൈസന്സ് പരിശോധിച്ചപ്പോള്, കൊടുങ്ങല്ലൂര് ആനാപ്പുഴ സ്വദേശിയുടെ പേരിലുള്ള നമ്പറിലെ ലൈസന്സ് ഏതോ ആപ്പ് ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മനസിലായി. തുടര്ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില് താന് തൃശൂരില് നിന്നും ലൈസന്സ് എടുത്തതാണെന്നും പിന്നീട് കൊച്ചിയില് നിന്നാണെന്നും ഇയാള് പറഞ്ഞു.
എന്നാല് പോലീസ് ഇതില് കൂടുതല് അന്വേഷണങ്ങള് നടത്തിയില്ലെന്നാണ് ആരോപണം. മാത്രമല്ല ഈ സംഭവത്തിന് ശേഷം ചില ഡ്രൈവര്മാരെ ഡ്യൂട്ടിക്കായി വിളിച്ചിട്ടും ഇവര് ബസില് കയറാന് തയാറാകാതെ വന്നതോടെയാണ് വ്യാജ ലൈസന്സുകാര് വിലസുന്നുണ്ടെന്നുള്ളതായ സംശയം ബലപ്പെട്ടത്. വ്യാജ ലൈസന്സ് ഉണ്ടാക്കി കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവര്ത്തിക്കുന്നുണ്ട് എന്നാണ് ചില ബസുടമകളുടെ ആരോപണം.
International
വാഷിംഗ്ടൺ ഡിസി: ടെഹ്റാനിൽ ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള ഖമനയ്യുടെ വിലാപയാത്രയിൽ പങ്കെടുത്ത ലക്ഷക്കണക്കിനു ജനങ്ങളെ കണ്ടതിൽ തനിക്ക് അദ്ഭുതമുണ്ടെന്നും ഇറാനിലെ ഭൂരിഭാഗം ജനങ്ങളും അന്തരിച്ച പരമോന്നത നേതാവിന് എതിരാണെന്നാണു താൻ വിശ്വസിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വാഷിംഗ്ടണിലെ നാഷണൽ മാളിൽ നടന്ന ‘സല്യൂട്ട് ടു അമേരിക്ക’ചടങ്ങിൽ സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് മാധ്യമമായ ആക്സിയോസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാന്റെ ഒട്ടുമിക്ക ഉന്നത നേതാക്കളും ഒരൊറ്റ സ്ഥലത്ത് ഒത്തുകൂടിയ ഈ ചടങ്ങ് വലിയൊരു ‘സൈനിക അവസര’മായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
“അമേരിക്ക വിചാരിച്ചിരുന്നെങ്കിൽ ഇറാന്റെ ഭരണനേതൃത്വത്തെ അവിടെവച്ച് ലക്ഷ്യമിടാമായിരുന്നു. നയതന്ത്ര ചർച്ചകൾ പരിഗണിച്ചാണ് അതിനു മുതിരാത്തത്.
ഒരൊറ്റ ഷോട്ട്, അവരെയെല്ലാം നമുക്ക് ഒന്നിച്ച് ഇല്ലാതാക്കാമായിരുന്നു. എന്നാൽ നമ്മൾ അതു ചെയ്യില്ല, കാരണം അങ്ങനെ ചെയ്താൽ പിന്നീട് നമുക്ക് ചർച്ചകൾ നടത്താൻ അവിടെ ആരും അവശേഷിക്കില്ല’’- ട്രംപ് പറഞ്ഞു.
Kerala
കോന്നി: സഹപാഠികള് ഉള്പ്പെടെയുള്ളവര് ചേര്ന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പെണ്കുട്ടിക്ക് പീഡനത്തിനു വിധേയായിട്ടില്ലെന്ന വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഇതേത്തുടര്ന്ന് കേസില് കസ്റ്റഡിയിലെടുത്തിരുന്ന ആറുപേരെയും പോലീസ് താത്കാലികമായി വിട്ടയച്ചു. കുട്ടികള് തമ്മിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള തര്ക്കമാണോ ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സ്കൂളില് നടന്ന കൗണ്സലിംഗിനിടെയാണ് പത്തിലധികം പേര് ചേര്ന്ന് തന്നെ പീഡിപ്പിച്ചെന്നും ഇതില് ആറുപേര് സഹപാഠികളാണെന്നും പെണ്കുട്ടി വെളിപ്പെടുത്തിയത്. തുടര്ന്ന് കൂടല് പോലീസ് സംഭവത്തില് രണ്ട് എഫ്ഐആര് രജിസ്റ്റര് ചെയ്യുകയും പ്രായപൂര്ത്തിയാകാത്ത ഒരു പെണ്കുട്ടിയടക്കം ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്കൂളിന് സമീപത്തും കസ്റ്റഡിയിലായ പെണ്കുട്ടിയുടെ വീട്ടിലും പീഡനം നടന്നുവെന്നായിരുന്നു കുട്ടിയുടെ ആദ്യ മൊഴി. എന്നാല്പേലീസ് നടത്തിയ വിശദമായ അന്വേഷണത്തില് കുട്ടി പറഞ്ഞ സമയത്ത് കസ്റ്റഡിയിലായവര് ആരും ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടര്ന്ന് മൊഴികളിലെ പൊരുത്തക്കേടുകള് ശ്രദ്ധയില്പെട്ട പോലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങുകയായിരുന്നു.
വൈദ്യപരിശോധനാ ഫലം ലഭിച്ചതിനു് ശേഷം പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്, സഹപാഠികള് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്കുട്ടി ഒടുവില് സമ്മതിക്കുകയായിരുന്നു.
മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തില് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്പേഴ്സണ് കെ.വി. മനോജ് കുമാര് സംഭവത്തില് സ്വമേധയാ കേസെടുത്തിരുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്, ജില്ലാ പോലീസ് മേധാവി, ചൈല്ഡ് വെല്ഫെയര് കമ്മിറ്റി എന്നിവരോട് കമ്മീഷന് അടിയന്തര റിപ്പോര്ട്ടും തേടിയിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തില് വരും ദിവസങ്ങളില് കൂടുതല് അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
Kerala
തൃശൂര്: വ്യക്തി അധിക്ഷേപത്തിനെതിരെ എഐസിസി സെക്രട്ടറി ടി.എന്. പ്രതാപന് തൃശൂര് റൂറല് എസ്പിക്ക് പരാതി നല്കി. പാര്ട്ടി വിടാനൊരുങ്ങി ടി.എന്.പ്രതാപന് എന്ന തലക്കെട്ടോടെ തന്റെ ഫോട്ടോ ചേര്ത്ത് സോഷ്യല് മീഡിയയില് വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന പരാതിയാണ് പ്രതാപൻ നൽകിയത്.
ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്ത്തുന്ന റെഡ് ആര്മി എന്ന ഫെയ്സ് ബുക്ക് പേജില് അഭിലാഷ് അപ്പു അഭിലാഷ് എന്ന പേരിലുള്ള പ്രൊഫൈലിലാണ് ആദ്യമായി ഇക്കാര്യം പോസ്റ്റ് ചെയ്തതെന്ന് ടി.എന്. പ്രതാപന് പരാതിയില് ചൂണ്ടിക്കാട്ടി. അഭിലാഷ് അപ്പു അഭിലാഷ് എന്നയാളുടെ പോസ്റ്റാണ് പിന്നീട് വ്യാപകമായി ഷെയര് ചെയ്യപ്പെട്ടത്.
വ്യക്തിവിരോധം തീര്ക്കുന്നതിനും രാഷ്ട്രീയമായി ആക്രമിക്കുന്നതിനും പൊതുസമൂഹത്തില് അപകീര്ത്തിപ്പെടുത്തുന്നതിനും തന്റെ പാര്ട്ടി പ്രവര്ത്തകര്ക്കിടയില് തന്നോട് അവമതിപ്പും സ്പർദ്ദയും സൃഷ്ടിക്കുന്നതിനും കരുതികൂട്ടിയാണ് വ്യാജവാര്ത്ത ചമച്ച് കാര്ഡുകള് പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പരാതിയില് പറയുന്നു.
പോസ്റ്ററിന്റെ സ്ക്രീന്ഷോര്ട്ട് സഹിതമാണ് പരാതി നല്കിയിരിക്കുന്നത്. വ്യാജപ്രചരണം നടത്തുന്നവര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്ത് ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില് അഭ്യര്ഥിച്ചു.
Kerala
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്ത്തിപ്പെടുത്തി കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാന് വേണ്ടി ഇട്ടതെന്ന് പോലീസ്.
സാദഖലി തങ്ങള്ക്കെതിരെ 17 കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം തെറ്റാണെന്നും പോലീസ് അന്വേഷണത്തില് തെളിഞ്ഞു.
സാദിഖലി തങ്ങള്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രതി മുഹമ്മദ് റോഷന് നിരവധി ക്രിമിനല് കേസുകളില് പ്രതിയാണ്. ഇയാളെ ഇപ്പോള് കാപ്പ ചുമത്തി വിയ്യൂര് സെന്ട്രല് ജയിലില് അടച്ചിരിക്കുകയാണ്. ബ്ലാക്ക്മെയില് ചെയ്ത് പണം തട്ടുക ലക്ഷ്യമിട്ട് പ്രതി മുഹമ്മദ് റോഷന്, സാദിഖലി തങ്ങളുടെ വ്യാജ ഫോട്ടോ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു.
സാദിഖലി തങ്ങള്ക്കെതിരെ 17 കാരി ലൈംഗീക അതിക്രമ പരാതി നല്കിയെന്നത് പ്രതിയുടെ തിരക്കഥയാണെന്ന് പോലീസ് വ്യക്തമാക്കി. ഇങ്ങനെയൊരു 17കാരിയോ, പരാതിക്കാരിയോ ഇല്ലെന്നും അന്വേഷണത്തില് വ്യക്തമായി. വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു.
സാദിഖലി തങ്ങളുടെ ബന്ധുവിനെ ജനുവരി മാസത്തിൽ പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചുവരുത്തി ചിത്രങ്ങളും സന്ദേശങ്ങളും കാട്ടി വിലപേശുകയായിരുന്നു. സാദിഖലി തങ്ങളുടെ ചിത്രം ഫേസ്ബുക്കിൽ പ്രചരിപ്പിക്കുമെന്നും, അല്ലെങ്കിൽ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം.
മുഹമ്മദ് റോഷന്റെ ഭീഷണിയെ തുടർന്ന് സാദിഖലി തങ്ങൾ പോലീസിനെ സമീപിച്ചു. കേസിൽ കൂടുതൽ പേരുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
Kerala
കൊച്ചി: അവയവദാനത്തിന്റെ മറവില് വ്യാജരേഖകള് ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്. ഒളിവിലായിരുന്ന കാസർഗോഡ് സ്വദേശി നജീബിനെ ഗാസിയാബാദില് നിന്നാണ് എറണാകുളം റൂറല് പോലീസ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ നജീബ് ഡൽഹിയിലേക്ക് കടന്നിരുന്നു. ഇവിടെ നിന്ന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനമെന്നാണ് പോലീസ് സംശയിച്ചിരുന്നത്. പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് നജീബ് ഗാസിയാബാദിലേക്ക് കടന്നത്.
നജീബിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അവയവദാന കച്ചവടത്തിലെ വിദേശ ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷിക്കും. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്ത്തിച്ച മാഫിയയ്ക്ക് വിവിധ ജില്ലകളില് ശൃംഖലകള് ഉണ്ടെന്ന് പോലീസ് പറയുന്നു.
ജനപ്രതിനിധികളുടെയും പോലീസിന്റെയും പേരില് രേഖകള് ചമച്ചായിരുന്നു ഇയാള് അവയക്കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. മെഡിക്കല് ടൂറിസത്തിന്റെ മറവിൽ ഏജന്റുമാര് വഴി അവയവദാനത്തിനുള്ള ആളുകളെ കണ്ടെത്തിയിരുന്നത് നജീബായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആളുകളെ തെരഞ്ഞുപിടിച്ചായിരുന്നു അവയവക്കച്ചവടത്തിനായി എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
കേസിൽ നജീബിന്റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ സണ്ണി വർഗീസ്, സിനി വർഗീസ്, ശ്രീജ, സുധീർ, വിനോദ് എന്നിവർ റിമാൻഡിലാണ്.
Kerala
തൃശൂർ: കേരള സർക്കാർ സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സാംസ്കാരികപ്രവർത്തക ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട് കേരള സംഗീതനാടക അക്കാദമിയുടെ പേര് ദുരുപയോഗപ്പെടുത്തി വ്യാജപരസ്യം പ്രചരിപ്പിച്ച കോട്ടയം മല്ലപ്പള്ളിയിലെ ആർട്ടിസ്റ്റ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷനെതിരേ (എസിഡബ്ല്യുഎ) കർശനനടപടി സ്വീകരിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
പെൻഷനുള്ള അപേക്ഷയ്ക്ക് എന്നപേരിൽ ഒരു സ്വകാര്യവ്യക്തി ഗൂഗിൾപേ വഴി പണം പിരിക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിനാൽ ഇക്കാര്യത്തിൽ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും ഏജൻസിയെയോ സംഘടനയെയോ സാംസ്കാരികപ്രവർത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ അയയ്ക്കുവാൻ സർക്കാരോ അക്കാദമിയോ ചുമതലപ്പെടുത്തിയിട്ടില്ല.
അതിനാൽ കലാകാരന്മാർ ആരുംതന്നെ ഈ വ്യാജപരസ്യത്തിൽ വഞ്ചിതരാകരുതെന്നു സെക്രട്ടറി അറിയിച്ചു. ഇത്തരം വ്യാജപരസ്യങ്ങളോ പണപ്പിരിവോ ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം അക്കാദമിയെ 0487 2332134എന്ന നന്പറിൽ അറിയിയിക്കണമെന്നും സെക്രട്ടറി അഭ്യർഥിച്ചു.
ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷകൾ അക്ഷയ വഴിയോ, നേരിട്ട് ഓണ്ലൈനായോ ആണ് നൽകേണ്ടത്. അപേക്ഷയിൽ ബന്ധപ്പെട്ട സാംസ്കാരികസ്ഥാപനങ്ങളുടെ ശിപാർശയോടെയാണ് അംഗത്വം നൽകുന്നത്.
Kerala
കൊച്ചി: ചൂടുകാല വിപണി ലക്ഷ്യമിട്ട് നഗരങ്ങളിലെ കടകളില് വ്യാജ ശീതളപാനീയങ്ങള് നിറയുന്നു.
പ്രമുഖ ബ്രാന്ഡ് ഉത്പന്നങ്ങളുടെ പേരിനോടു സാമ്യം തോന്നുന്ന ഗുണനിലവാരം തീരെയില്ലാത്ത വ്യാജന്മാരാണ് വേനല്ചൂട് മുതലെടുത്ത് വിപണിയില് സജീവമായിട്ടുള്ളത്. ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകുമെന്നതിനാല് പരിശോധനയ്ക്കും നടപടിക്കും ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.
ശീതളപാനീയം ഉണ്ടാക്കാന് ഉപയോഗിക്കുന്ന വെള്ളം, ഐസ്, പാല്, തൈര് എന്നിവ നിശ്ചിത ഗുണനിലവാരമുള്ളതും സുരക്ഷിതവുമായിരിക്കണമെന്നാണ് നിബന്ധന. എന്നാല് പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്.
10 രൂപ മുതല് 40 രൂപ വരെയുള്ള നിരക്കിലാണ് വ്യാജ ശീതള പാനീയങ്ങളുടെ വില്പന. അനധികൃതമായുള്ള ഉത്പന്നമാണെങ്കിലും ഉയര്ന്ന കമ്മീഷന് ലഭിക്കുന്നതിനാല് പല കടകളും സാമ്പത്തിക ലാഭം കണ്ട് വില്പനയ്ക്ക് തയാറാവുകയാണ്.
അതിനിടെ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില് മഞ്ഞപ്പിത്തം ഉള്പ്പെടെയുള്ള ജലജന്യ രോഗങ്ങള് പടരാന് സാധ്യതയുള്ളതിനാല് ശുദ്ധജലം മാത്രം ഉപയോഗിക്കണമെന്നും അനധികൃതവും അംഗീകാരമില്ലാത്തതുമായ ഇത്തരം വ്യാജ ഉത്പന്നങ്ങള്ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നല്കുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മന്ദഗതിയിലായിരുന്ന പരിശോധനകള് തെരഞ്ഞെടുപ്പ് തിരക്കുകള് പൂര്ത്തിയായതോടെ വേഗത്തിലാക്കാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
Kerala
കോഴിക്കോട്: കര്ണാടക കുടകിലെ തടിയന്ഡമോള് മലയില് ട്രക്കിംഗിന് പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐടി ജീവനക്കാരിയുമായ ശരണ്യക്കെതിരേ കടുത്ത സൈബര് ആക്രമണം നടക്കുന്നതിനിടെ ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്ന പരാതിയുമായി ബിജെപി കുടക് റൂറല് യൂണിറ്റ് കമ്മിറ്റി. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നാപോക് പോലീസ് സ്റ്റേഷനില് പരാതി നല്കി.
ഏപ്രില് രണ്ടിനാണ് 12 അംഗ സംഘത്തോടൊപ്പം ശരണ്യ കുടകിലെ ഏറ്റവും ഉയര്ന്ന കൊടുമുടിയായ തടിയന്ഡമോള് മല കയറാന് പോയത്. മടങ്ങിവരുന്നതിനിടെ സംഘത്തില്നിന്ന് വേര്പെട്ടുപോയ ശരണ്യ കൊടും വനത്തിനുള്ളില് പെട്ടുപോവുകയായിരുന്നു. നാലു ദിവസത്തിനുശേഷം ഏപ്രില് അഞ്ചിനാണ് തെരച്ചിലില് യുവതിയെ ഉള്വനത്തില് കണ്ടെത്തിയത്. വന്യമൃഗങ്ങള് ധാരാളമുള്ള വനത്തില് ഭക്ഷണം പോലുമില്ലാതെ വെള്ളം മാത്രം കുടിച്ചാണ് താന് അതിജീവിച്ചതെന്ന് തിരിച്ചെത്തിയ ശരണ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആഹാരമില്ലാതെ നാലു ദിവസം കാട്ടില് കഴിഞ്ഞിട്ടും ശരണ്യക്ക് കാര്യമായ ശാരീരിക അവശതകള് ഇല്ലായിരുന്നു എന്നും ഇത് സംശയമുണര്ത്തുന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. ശരണ്യക്കായി വന്തോതില് സമയവും പണവും ചെലവഴിച്ചാണ് പോലീസും വനംവകുപ്പും നാട്ടുകാരും ചേര്ന്ന് തെരച്ചില് നടത്തിയത്. തിരോധാനം വ്യാജമാണെങ്കില് സര്ക്കാര് പണവും സമയവും പാഴാക്കിയതിന് ശരണ്യക്കെതിരേ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില് അന്വേഷണം ആരംഭിച്ചതായാണ് പോലീസിന്റെ പ്രതികരണം. ശരണ്യയെ കാണാതായ സംഭവത്തിലും അതിജീവനത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പര്വതാരോഹകന് ഷെയ്ഖ് ഹസന് ഖാന് ഉള്പ്പെടെയുള്ളവര് സമൂഹമാധ്യമങ്ങളിലൂടെ സംശയങ്ങളുന്നയിച്ചതിനു പിന്നാലെയാണ് ബിജെപി പരസ്യമായി രംഗത്തുവന്നത്.
കാടിന്റെ ഭീകരത നേരിട്ടറിഞ്ഞ ഒരാള്ക്കും ശരണ്യയുടെ വെളിപ്പെടുത്തലുകള് വിശ്വസിക്കാന് സാധിക്കില്ലെന്നാണ് ഇന്സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ഷെയ്ഖ് ഹസന് ഖാന് പറയുന്നത്.
Tech
ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്, തങ്ങളുടെ വ്യാജ പതിപ്പിലൂടെ സ്പൈവെയർ ആക്രമണം കണ്ടെത്തിയതിനെതുടർന്ന് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നല്കി. ഇറ്റലിയിൽ നിന്നുള്ള 200 വാട്സ്ആപ് ഉപയോക്താക്കൾ അപകടകരമായ സോഫ്റ്റ്വെയർ അടങ്ങിയ വ്യാജ വാട്സ്ആപ് ഡോൺലോഡ് ചെയ്തതായി മെറ്റ അറിയിച്ചു.
അവരുടെ അക്കൗണ്ടുകള്ളിൽ നിന്നു പുറത്താക്കുകയും വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പുകൾ നല്കുകയും ചെയ്തു. വ്യാജ ആപ് നീക്കം ചെയ്യാനും ഔദ്യോഗിക ആപ് ഡോൺലോഡ് ചെയ്യാനും നിർദേശം നല്കിയതായി മെറ്റ അറിയിച്ചു.
ഇറ്റാലിയൻ സ്പൈവെയർ നിർമാതാക്കളായ സിഐഒ ആണ് വ്യാജ പതിപ്പിനു പിന്നിലെന്ന് മെറ്റ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഔദ്യോഗിക നോട്ടീസ് അയക്കുമെന്നും വാട്സ്ആപ് വ്യക്തമാക്കി.
ഔദ്യോഗിക സൈറ്റുകൾ മാത്രം ഉപയോഗിച്ച് ആപ്പുകൾ ഡോൺലോഡ് ചെയ്യുക, അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക, മോഡിഫൈഡ് പതിപ്പുകൾ ഒഴിവാക്കുക, ഡേവലപ്പറെ പരിശോധിക്കുക, ആപ്പ് പെർമിഷനുകൾ പരിശോധിക്കുക, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്പോൾ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ മെറ്റ പങ്കുവെച്ചു. വ്യാജചതിക്കുഴികളിൽ പെട്ട്പോകാതെയിരിക്കാൻ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മെറ്റ അറിയിച്ചു.
Kerala
പയ്യന്നൂര്: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന് ഒരു കേന്ദ്രത്തില് നിന്ന് വ്യാജ തിരിച്ചറിയല് കാര്ഡുകള് പ്രിന്റ് ചെയ്യാന് തുടങ്ങിയതായി കെ.സി. വേണുഗോപാല്.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും ഇത്തരം പ്രവര്ത്തികള്ക്ക് കൂട്ടുനില്ക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര് ഗാന്ധി പാര്ക്കില് നടന്ന യുഡിഎഫ് പൊതുയോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരാജയ ഭീതിയിലായ സിപിഎം നേതൃത്വം പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന് ആസൂത്രിത നീക്കം നടത്തുകയാണ്. പാര്ട്ടി തെറ്റായ വഴിയിലൂടെ കടന്നുപോകുമ്പോള് അത് ചൂണ്ടി ക്കാട്ടിയതിനാണ് വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മില്നിന്നു പുറത്താക്കിയത്.
കുഞ്ഞികൃഷ്ണന് അധികാരത്തിന്റെ അപ്പക്കഷ്ണം തേടിവന്നതല്ല. തെറ്റായ വഴിയിലൂടെ നയിക്കുന്ന പാര്ട്ടിക്കെതിരേ പ്രതികരിച്ച് പുറത്തു വന്നതാണ്. അതുകൊണ്ടാണ് കുഞ്ഞികൃഷ്ണനെ പോലുള്ളവരെ പിന്തുണയ് ക്കാന് കോണ്ഗ്രസ് തീരുമാനിച്ചതെന്നും വേണുഗോപാല് പറഞ്ഞു.
Kerala
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കാനുള്ള മുതിർന്ന മുൻ സിപിഎം നേതാവ് ജി. സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി. തീരുമാനം ദുഖകരമാണെന്നും പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും എം.എ. ബേബി വ്യക്തമാക്കി. സുധാകരനെ അധിക്ഷേപിച്ചത് വ്യാജ അക്കൗണ്ടുക്കളിൽ നിന്നായിരിക്കാമെന്നും കൂടുതൽ പ്രതികരണത്തിന് ഇപ്പോഴില്ലെന്നും ബേബി വ്യക്തമാക്കി.
Kerala
കോഴിക്കോട്: ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറും ചെയ്സ് നമ്പറും വ്യാജമായി നിര്മിച്ച് ഉപയോഗിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്സിലില് മുഹമ്മദ് ഷഹദി(19)നെയാണ് മാറാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴാം തിയതി പുലര്ച്ചെ അരക്കിണറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സംഘര്ഷമുണ്ടെന്നറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിനെ കണ്ടപാടെ എല്ലാവരും ചിതറിയോടി. സ്ഥലത്ത് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയ ബൈക്ക് പരിശോധിച്ചപ്പോള് നമ്പര് വ്യാജമാണെന്ന് പോലീസിന് ബോധ്യമാവുകയായിരുന്നു.
ചെയ്സ് നമ്പര് മായ്ക്കുകയും ചെയ്തിരുന്നു. തുടര്ന്ന് എന്ജിന് നമ്പര് കണ്ടെത്തി ഉടമയെ ബന്ധപ്പെടുകയും മുഹമ്മദ് ഷഹദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാഹനത്തിന്റെ നമ്പര് മാറ്റിയത് എന്തിനാണെന്നും ഏതെങ്കിലും കുറ്റകൃത്യത്തില് ഏര്പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
മാറാട് എസ്ഐ അശ്വിന് റോയ്, എഎസ്ഐ മനോജന്, സീനിയര് സിവില് പോലീസ് ഓഫീസര് മിഥുന് എന്നിവരുള്പ്പെട്ട സംഘമാണ് ഷഹദിനെ പിടികൂടിയത്.
Kerala
കൊച്ചി: എറണാകുളം ചോറ്റാനിക്കരയില് പതിനാറുകാരി പാറക്കുളത്തില് ജീവനൊടുക്കിയ കേസ് ഇനി പ്രത്യേക സംഘം അന്വേഷിക്കും. പുത്തന്കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തില് സൈബര് പോലീസ് ഉദ്യോഗസ്ഥരെയും ഉള്പ്പെടുത്തിയാണ് എസ്ഐടി രൂപീകരിച്ചത്.
കേസില് പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിക്കാന് ഒരുങ്ങുന്നത്. കൊറിയന് സുഹൃത്തിന്റെ മരണത്തെ തുടര്ന്ന് താന് ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു പെണ്കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്.
ജനുവരി 27ന് ആയിരുന്നു ആദിത്യ എന്ന പതിനാറുകാരിയെ വീടിന് അടുത്തുള്ള കരിങ്കല് ക്വാറിയില് മരിച്ചനിലയില് കണ്ടെത്തിയത്. എന്നാല് സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പെണ്കുട്ടിയുടെ ഫോണ് പോലീസ് പരിശോധിച്ചിരുന്നില്ല. ഇതിനെതിരെ കുട്ടിയുടെ സ്കൂള് അധ്യാപകരടക്കം വിമര്ശനം ഉയര്ത്തിയിരുന്നു.
കൊറിയന് സൗഹൃദമല്ല കുട്ടിയുടെ മരണകാരണമെന്നും അധ്യാപകര് ആരോപിച്ചിരുന്നു. മൊബൈല് ഫോണ് തുറന്നു പരിശോധിച്ചെങ്കിലും കൊറിയന് സുഹൃത്തിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഫോണിലെ ഇന്സ്റ്റഗ്രാം, വാട്ട്സ്ആപ്പ് ചാറ്റുകള് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണ് ഫോറന്സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്.
Kerala
തൊടുപുഴ: ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിയിലും മുല്ലപ്പെരിയാര് ഡാമിനും വ്യാജ ബോംബു ഭീഷണി. ഇന്നു രാവിലെയോടെയാണ് ഇ മെയില് വഴി ബോംബു ഭീഷണിയെത്തിയത്. തുടര്ന്ന് കളക്ട്രേറ്റില് ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് ജില്ലാ ചാര്ജ് ഓഫീസര് പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.
പോലീസിനു പുറമെ ഫയര്ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില് വ്യാജ ബോംബു ഭീഷണിയെത്തിയിരുന്നു.
District News
തൃശൂർ: കോടതി നിർദേശപ്രകാരം റവന്യൂവകുപ്പിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായ സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു.
2003ൽ മരിച്ച കാട്ടൂർ സ്വദേശി റംലത്തിന്റെ എട്ടര പവൻ സ്വർണാഭരണങ്ങളാണ് കോടതിനിർദേശത്തെത്തുടർന്ന് ആർഡിഒ ഓഫീസിൽ സൂക്ഷിച്ചത്. മക്കൾ പ്രായപൂർത്തിയാകുന്നതുവരെ സൂക്ഷിക്കാനാണ് കോടതി ഏൽപ്പിച്ചത്. പ്രായപൂർത്തിയായശേഷം മക്കൾ ആഭരണങ്ങൾ തിരിച്ചെടുക്കാൻ ചെന്നപ്പോൾ സ്വർണത്തിനുപകരം മുക്കുപണ്ടമാണ് ആർഡിഒ ഓഫീസിൽനിന്നു ലഭിച്ചതെന്നാണ് പരാതി.
Kerala
കൊല്ലം: കൊട്ടിയത്ത് വിൽപ്പനയ്ക്ക് എത്തിച്ച വ്യാജ സിഗരറ്റുമായി രണ്ട് പേർ പിടിയിൽ. വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് ഉമയനല്ലൂർ സ്വദേശി സുധീർ, ഇരവിപുരം സ്വദേശി നൗഷാദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്തത്.
വ്യാജ ലേബൽ പതിച്ച പാക്കറ്റുകളിൽ നിറച്ചാണ് സിഗറ്റുകൾ വിപണിയിൽ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഐടിസി കമ്പനിയുടെ വ്യാജ ലേബലിൽ ഉള്ള സിഗരറ്റ് കൊല്ലം ജില്ലയിൽ വിൽപ്പന നടക്കുന്നതായി കമ്പനി അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വ്യാജ സിഗരറ്റും ഇത് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
145 പാക്കറ്റ് വ്യാജ സിഗരറ്റ് ആണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. കംബോഡിയയിൽ നിന്നാണ് വ്യാജ സിഗരറ്റുകൾ എത്തുന്നത്. മലയാളികൾക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളെയും വിൽപനക്കാർ ലക്ഷ്യമിടുന്നു.
Movies
ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകളും നടിയുമായ ഇഷ ഡിയോൾ രംഗത്ത്. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും പിതാവിന്റെ മടങ്ങിവരവിനായി പ്രാർഥിക്കണമെന്നും ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇഷ അഭ്യർഥിച്ചു.പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നടി നന്ദി അറിയിക്കുകയും ചെയ്തു.