പ്രതീകാത്മക ചിത്രം.
ഭാവിയിൽ 'ഡാറ്റാ സെന്റർ' ബഹിരാകാശത്തായിരിക്കും! അദ്ഭുതപ്പെടാനൊന്നുമില്ല. ഗൂഗിൾ പണി തുടങ്ങിക്കഴിഞ്ഞു. ഡാറ്റാ സെന്ററുകൾ ബഹിരാകാശത്തേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ബഹിരാകാശത്തേക്ക് ഉപഗ്രഹം അയച്ചിരിക്കുകയാണ് ഗൂഗിൾ. 'പ്രൊജക്റ്റ് സൺക്യാച്ചർ' എന്നാണു പദ്ധതിയുടെ പേര്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിർമിതബുദ്ധി ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള ഗൂഗിളിന്റെ അധ്യാധുനിക ഗവേഷണ പദ്ധതിയാണ് 'പ്രോജക്റ്റ് സൺക്യാച്ചർ'.
ഒക്ടോബർ ഒന്നിനാണ് സ്പേസ് എക്സ് റോക്കറ്റിൽ ഗൂഗിൾ തങ്ങളുടെ പരീക്ഷണ സാറ്റലൈറ്റ് 'ലോ എർത്ത് ഓർബിറ്റി'ലേക്ക് അയച്ചത്. പ്ലാനറ്റ് എന്ന കമ്പനിയുമായി സഹകരിച്ചാണ് റെഫ്രിജറേറ്ററിന്റെ വലുപ്പമുള്ള സാറ്റലൈറ്റ് നിർമിച്ചത്. നിർമിതബുദ്ധി മോഡലുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ കൂറ്റൻ കംപ്യൂട്ടിംഗ് ശേഷി ലഭിക്കുന്നതിനും, അതിനായി സൗരോർജം നേരിട്ടു പ്രയോജനപ്പെടുത്തുന്നതിനുമാണ് ഗൂഗിൾ ബഹിരാകാശ ഡാറ്റാ സെന്ററുകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്.
പരീക്ഷണങ്ങൾ എങ്ങനെ
ഗൂഗിളിന്റെ 'ജെമിനി എഐ' പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള നാല് 'ടെൻസർ പ്രൊസസിംഗ് യൂണിറ്റ്' ചിപ്പുകളാണ് സാറ്റലൈറ്റിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ ചിപ്പുകൾ പതിനഞ്ചു മിനിറ്റ് തുടർച്ചയായി പ്രവർത്തിച്ച ശേഷം ചൂടു കുറയ്ക്കുന്നതിനായി സ്വയം പ്രവർത്തനരഹിതമാകും. ഭാവിയിൽ ഇത്തരം നിരവധി സാറ്റലൈറ്റുകൾ അടങ്ങുന്ന ശൃംഖല നിർമിച്ച്, അവ തമ്മിലും ഭൂമിയുമായും ലേസർ സാങ്കേതികവിദ്യ വഴി വിവരങ്ങൾ കൈമാറുന്ന സമ്പൂർണ ബഹിരാകാശ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുകയാണു കമ്പനിയുടെ ലക്ഷ്യം.
എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായി വരുന്ന വൈദ്യുതോർജത്തിന്റെ അളവ് ലോകമെമ്പാടും ക്രമാതീതമായി ഉയരുകയാണ്. ഭൂമിയിലെ പരമ്പരാഗത വൈദ്യുതി ശൃംഖലകൾക്കു വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണു ബഹിരാകാശ സാധ്യതകൾ തേടുന്നത്. ബഹിരാകാശത്ത് സൂര്യപ്രകാശം തടസമില്ലാതെ ലഭ്യമാകുന്നതിനാൽ ഭൂമിയിലേതിനേക്കാൾ എട്ട് മടങ്ങുവരെ കൂടുതൽ സൗരോർജം ഉത്പാദിപ്പിക്കാൻ സാധിക്കും.
ബഹിരാകാശത്തെ വെല്ലുവിളികൾ
ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിനു വലിയ പ്രതിസന്ധികളുമുണ്ട്. ചിപ്പുകൾ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വലിയ ചൂടു നിയന്ത്രിക്കുക എന്നതാണ് ഇതിൽ പ്രധാനം. ഭൂമിയിൽ വെള്ളവും ഫാനുകളും ഉപയോഗിച്ച് തണുപ്പിക്കാമെങ്കിലും ബഹിരാകാശത്ത് അതെല്ലാം അസാധ്യമാണ്. ഇതിനായി പ്രത്യേക കൂളിംഗ് സംവിധാനമാണ് ഗൂഗിൾ പരീക്ഷിക്കുന്നത്. കൂടാതെ, ബഹിരാകാശ വികിരണങ്ങൾ മൂലമുണ്ടാകുന്ന സർക്യൂട്ട് തകരാറുകളെയും ബഹിരാകാശ അവശിഷ്ടങ്ങളെയും അതിജീവിക്കുക എന്നതും വലിയ വെല്ലുവിളിയാണ്.
പ്രാഥമിക പരീക്ഷണത്തിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ പഠനത്തിനുശേഷം, വരും വർഷങ്ങളിൽ കൂടുതൽ സാറ്റലൈറ്റുകൾ അയയ്ക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. അടുത്ത വർഷം രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ പദ്ധതിയിടുന്ന കമ്പനി, ഘട്ടംഘട്ടമായി എൺപതിലേറെ സാറ്റലൈറ്റുകൾ അടങ്ങുന്ന വലിയൊരു ശൃംഖല സ്ഥാപിക്കാനാണു ലക്ഷ്യമിടുന്നത്.
Tags : International ScienceNews Google ProjectSuncatcher SpaceX OrbitalDataCentre