പ്രതീകാത്മക ചിത്രം
റിയാദ്: യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർക്കെതിരേ വിപുലമായ ആക്രമണത്തിന് സൗദി പദ്ധതിയിടുന്നതായി റിപ്പോർട്ട്. എണ്ണകയറ്റുമതിക്ക് തടസമുണ്ടാകാതിരിക്കാൻ ചെങ്കടലിലെ ഹൂതി സ്വാധീനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.
വരുന്ന ആഴ്ചകളിൽ സൈനികനീക്കം ആരംഭിച്ചേക്കും. അതേസമയം, ഹൂതികൾക്കെതിരേ സൗദി സേന നേരിട്ട് കരയാക്രമണം നടത്തില്ല. പകരം സൗദി പിന്തുണയോടെ യെമൻ ഭരിക്കുന്ന ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയായിരിക്കും രംഗത്തിറങ്ങുക.
ഒരു ലക്ഷം സൈനികരെയെങ്കിലും വിന്യസിക്കുമെന്നാണ് സൂചന. ഇവർക്കു പിന്തുണയായി സൗദി വ്യോമാക്രമണങ്ങൾ നടത്തും. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഇന്റലിജൻസ് ഏജൻസി സഹായം സൗദിക്കുണ്ടാകും.
ഹൂതികൾ കഴിഞ്ഞ മാസം ചെങ്കടൽ തീരത്ത് മിന്നൽ മുന്നേറ്റത്തിലൂടെ സ്വന്തമാക്കിയ പ്രദേശങ്ങൾ യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ തിരിച്ചെത്തിക്കണമെന്നാണ് സൗദിയുടെ ആഗ്രഹം. ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൻഡെപ് കടലിടുക്ക് ഹൂതികളുടെ നിയന്ത്രണത്തിലാകുന്നത് സൗദി എണ്ണകയറ്റുമതിക്കു തടസമാണ്.
സൗദി നേതൃത്വം നല്കിയ അറബ് സഖ്യസേന 2015ൽ ഹൂതികൾക്കെതിരേ ആരംഭിച്ച യുദ്ധം 2022ലെ വെടിനിർത്തലിലാണ് അവസാനിച്ചത്. യുഎസ്-ഇസ്രേലി ആക്രമണം നേരിട്ട ഇറാനുവേണ്ടി ഹൂതികൾ അടുത്തകാലത്ത് സൗദിയെ ലക്ഷ്യമിടാൻ തുടങ്ങിയപ്പോഴാണ് വെടിനിർത്തൽ തകർന്നത്.
Tags : SaudiArabia Rein Houthis RedSea Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash