പ്രതീകാത്മക ചിത്രം
ബ്രസീലിയ: ഇന്നു പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ബ്രസീലിലെ കോൺസുലാർ സേവനങ്ങൾ അമേരിക്ക നിർത്തിവച്ചു. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് പറഞ്ഞു.
അമേരിക്കൻ നടപടിയുടെ പശ്ചാത്തലത്തിൽ ബ്രസീലിയായിലെ ഓസ്ട്രേലിയൻ എംബസിയും പൂട്ടി.
ബ്രസീലിലെ ലുലാ ഡാ സിൽവ ഭരണകൂടവും അമേരിക്കയിലെ ട്രംപ് ഭരണകൂടവും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാക്കുന്ന നടപടിയാണിതെന്നു പറയുന്നു.
സുരക്ഷാഭീഷണിയെക്കുറിച്ച് കൂടുതൽ വിശദീകരണം നല്കാൻ അമേരിക്കൻ വൃത്തങ്ങൾ തയാറായില്ല. വെള്ളിയാഴ്ചാണ് കോൺസുലാർ സേവനങ്ങൾ നിർത്തിവച്ചുവെന്ന അറിയിപ്പുണ്ടായത്. അമേരിക്കൻ പൗരന്മാർ സേവനങ്ങൾക്കായി എംബസിയിലേക്കോ കോൺസുലേറ്റുകളിലേക്കോ വരരുതെന്നാണ് നിർദേശം.
മുൻകരുതലെന്ന നിലയിൽ ബ്രസീലിയയിലും സാവോ പോളോയിലും പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് ബ്രസീലിലെ ഫെഡറൽ പൊലിസ് അറിയിച്ചു.
ബ്രസീലിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ്, ഗവർണർ, നിയമസഭകൾ എന്നിവിടങ്ങളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ്. ഇടതുപക്ഷ പ്രസിഡന്റ് ലുലായും ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയുടെ മകൻ ഫ്ലാവിയോ ബോൾസൊനാരോയും തമ്മിലാണ് പ്രധാന മത്സരം.
മുൻ തെരഞ്ഞെടുപ്പിലെ പരാജയം അട്ടിമറിക്കാൻ കലാപം നടത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന ജയിർ ബൊൾസൊനാരോ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉറ്റമിത്രമാണ്. ജയിർ ബോൾസൊനാരോയ്ക്കു വേണ്ടിയുള്ള ട്രംപിന്റെ നിലപാടുകളാണ് ബ്രസീൽ-അമേരിക്ക ബന്ധം വഷളാക്കിയത്.
തെരഞ്ഞെടുപ്പിൽ അമേരിക്കയും റഷ്യയും ഇടപെടാൻ ശ്രമിക്കുന്നതായി ലുലാ ഭരണകൂടം ആരോപിച്ചിട്ടുണ്ട്. അമേരിക്ക കോൺസുലാർ സേവനങ്ങൾ നിർത്തിവച്ചതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്ന് ലുലായുടെ പാർട്ടി ആരോപിച്ചു.
കുറ്റകൃത്യനിരക്കിലെ വർധനയാണ് ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പുവിഷയം. കുറ്റവാളികളെ അമർച്ച ചെയ്യാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാനാർഥികൾ വാഗ്ദാനം ചെയ്യുന്നു.
Tags : Elections Brazil USConsularServices Suspended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash