National
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയവുമായി എബിവിപി.
യൂണിയനിലെ നാല് സെൻട്രൽ പാനൽ സീറ്റുകളിൽ മൂന്നിലും എബിവിപി വിജയിച്ചപ്പോൾ ശേഷിക്കുന്ന ഒരു സീറ്റ് സ്വതന്ത്രസ്ഥാനാർഥി നേടി.
കോൺഗ്രസിന്റെ വിദ്യാർഥിസംഘടനയായ എൻഎസ്യുഐക്കും ഇടത് വിദ്യാർഥി സംഘടനകളുടെ സഖ്യത്തിനും സീറ്റുകളൊന്നും നേടാനായില്ല.
DCL (Deepika Children’s League)
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയിലെ കലയന്താനി മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ആഗസ്റ്റ് ഒന്നാംതീയതി ശനിയാഴ്ച രാവിലെ 10 മുതൽ ഇളംദേശം സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ നടക്കും. ഹെഡ്മിസ്ട്രസ് ബിസ്മി ജോർജ് ഉദ്ഘാടനം ചെയ്യും.
കരിമണ്ണൂർ മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അന്ന് ഉച്ചകഴിഞ്ഞ് 1.45 മുതൽ കരിമണ്ണൂർ ഹോളി ഫാമിലി എൽ പി എസിലും ഉണ്ടായിരിക്കുമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് , മേഖലാ ഓർഗനൈസർമാരായ റോയി വി ജോർജ് , ബിനോജ് ആൻറണി എന്നിവർ അറിയിച്ചു.
International
മനാഗ്വ: രാജ്യത്ത് ഇനി പ്രതിപക്ഷത്തിന് അധികാരം പിടിച്ചെടുക്കാൻ അവസരം നൽകുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്ന് നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ. 1979ലെ സാന്ദിനിസ്റ്റ വിപ്ലവത്തിന്റെ 47-ാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനമായ മനാഗ്വയിൽ നടന്ന പൊതുപരിപാടിയിലാണ് 80കാരനായ ഒർട്ടേഗയുടെ പ്രഖ്യാപനം.
തന്റെ നിയന്ത്രണത്തിലുള്ള ദേശീയ അസംബ്ലി വഴി പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നും പ്രതിപക്ഷ പാർട്ടികൾക്കു ഭരണം പിടിച്ചെടുക്കാൻ സാധിക്കാത്ത വിധം ശക്തമായ ‘മതിലുകൾ’തീർക്കുമെന്നും ഒർട്ടേഗ വ്യക്തമാക്കി. അടുത്ത വർഷം നടക്കേണ്ട തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
2007 മുതൽ തുടർച്ചയായി ഭരണത്തിലുള്ള ഒർട്ടേഗ, കഴിഞ്ഞ വർഷം ഭരണഘടനയിൽ മാറ്റം വരുത്തി തന്റെ ഭാര്യ റൊസാരിയോ മുറില്ലോയെ ‘കോ-പ്രസിഡന്റ്’ആയി ഉയർത്തുകയും ഭരണകാലാവധി ആറു വർഷമായി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ നേതാക്കളെയും വ്യവസായികളെയും ജയിലിലടച്ചശേഷമാണ് ഒർട്ടേഗ അധികാരം നിലനിർത്തിയത്. നിലവിൽ നൂറുകണക്കിനു രാഷ്ട്രീയ തടവുകാർ നിക്കരാഗ്വയിലെ ജയിലുകളിലുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കത്തോലിക്കാസഭയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുനിരത്തുകളിലെ പ്രാർഥനായാത്രകളും മതപരമായ പരിപാടികളും നിരോധിച്ചു.
നിരവധി വൈദികരെയും ബിഷപ്പുമാരെയും ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. 2018നുശേഷം എൻജിഒകൾ, മാധ്യമങ്ങൾ, മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ 5,000ത്തിലധികം സംഘടനകൾ ഭരണകൂടം ബലംപ്രയോഗിച്ച് അടപ്പിച്ചു. പതിനായിരക്കണക്കിന് ആളുകളെ രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
DCL (Deepika Children’s League)
തൊടുപുഴ: ഡി സി എൽ തൊടുപുഴ പ്രവിശ്യയിലെ മൂലമറ്റം മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 11 ശനിയാഴ്ച രാവിലെ 9.45 മുതൽ അറക്കുളം സെന്റ് തോമസ് യു .പി സ്കൂളിൽ നടക്കും .
കരിങ്കുന്നം മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അന്ന് ഉച്ചകഴിഞ്ഞ് 1.45 മുതൽ ചുങ്കം സെന്റ് ജോസഫ്സ് യു.പി സ്കൂളിലും ഉണ്ടായിരിക്കും .
ഡയറക്ടേഴ്സ് മീറ്റ്
പാലാ : കോട്ടയം പ്രവിശ്യയിലെ പാലാ, അരുവിത്തുറ, ചേർപ്പുങ്കൽ,രാമപുരം, കുറവിലങ്ങാട് മേഖലകളിലെ ഡയറക്ടർമാരുടെ നേതൃസംഗമം പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ നടത്തി. പ്രവിശ്യ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി എഫ്സിസി ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ, മേഖല ഓർഗനൈസർമാരായവി. ടി ജോസഫ്, ജയ്സൺ ജോസഫ്, പാലാ മേഖല പ്രസിഡണ്ട് മാനുവൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.
പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന്, തങ്ങളെന്തിനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ രാജ്യത്ത് സ്വന്തം അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ എല്ലാവരും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നാൽ കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകുമെന്നും ദിപ്കെ ചോദിച്ചു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഡൽഹിയിൽ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിക്കു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.
ലോകത്ത് എന്തുസംഭവിച്ചാലും ഉടൻ ട്വീറ്റ് ചെയ്യുന്ന മോദി, സ്വന്തം രാജ്യത്ത് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുമ്പോൾ അവർക്കായി ഒരു അനുശോചന സന്ദേശം പോലും ട്വീറ്റ് ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എത്രനാൾ പ്രധാനമന്ത്രി മൻ കീ ബാത്തും പരീക്ഷ പേ ചർച്ചയും മാത്രം പറഞ്ഞുകൊണ്ടിരിക്കും. രാജ്യത്തെ വിദ്യാർഥികളുടെ മൻ കീ ബാത്ത്കൂടി കേൾക്കാൻ നരേന്ദ്ര മോദി തയാറാകണമെന്നും അഭിജീത് ദിപ്കെ പറഞ്ഞു.
തനിക്കെതിരേ ജയ്പുരിൽവച്ചുണ്ടായ ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നും അഭിജീത് ദിപ്കെ ആരോപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിപ്കെക്കു നേരേ ആക്രമണമുണ്ടായത്.
വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താനും യഥാർത്ഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുമുള്ള ശ്രമമാണിതെന്ന് നാഗ്പുർ വിമാനത്താവളത്തിൽ വച്ചു അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും സംസ്ഥാനം തൂക്കുസഭയിലേക്ക് നീങ്ങുമെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ ഭരണമുറപ്പിക്കാൻ ബിജെപിയുടെ പിന്തുണ അനിവാര്യമായി വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം കേരളത്തിലുണ്ടാകും. നിർണായകമായ സീറ്റുകൾ നേടി ബിജെപി നിയമസഭയിൽ കരുത്തുറ്റ സാന്നിധ്യമാകും. സർക്കാരുണ്ടാക്കാൻ ബിജെപിയുടെ നിലപാട് പ്രധാനമാകുന്ന സ്ഥിതിവിശേഷം വരുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും പേരിൽ ജനങ്ങൾ ബിജെപിയെ നെഞ്ചേറ്റിക്കഴിഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ എന്തുതന്നെയായാലും യഥാർത്ഥ വിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറന്മുള മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കുമ്മനം രാജശേഖരൻ അവിടെ വലിയ വിജയപ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് അപ്രതീക്ഷിത തിരിച്ചടി നൽകിക്കൊണ്ട് എൻഡിഎ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും കൂടുതൽ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടുമെന്നുമാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടൽ.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫിന്റെ വൻ വിജയമുണ്ടാകുമെന്ന് പ്രവചിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നാളെ വോട്ടെണ്ണൽ കഴിയുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്ക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുകയെന്നും 1977-ലെ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് 111 സീറ്റുകൾ വരെ നേടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. ഒരു സർവേയ്ക്കും കണ്ടെത്താൻ കഴിയാത്ത നിശബ്ദ തരംഗം കേരളത്തിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ പോലും ഇത്തവണ യുഡിഎഫിലേക്ക് മറിഞ്ഞിട്ടുണ്ട്.
ഇടതുമുന്നണിയുടെ തുടർഭരണ മോഹങ്ങൾ നാളെ തകർന്നടിയും. ബിജെപിയുടെ പ്രകടനം ഒരു സീറ്റിൽ ഒതുങ്ങുമെന്നും അതിനപ്പുറം ഒരു ചലനവും അവർക്കുണ്ടാക്കാൻ കഴിയില്ലെന്നും ഉണ്ണിത്താൻ പരിഹസിച്ചു. വിജയിച്ചു കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന എതിരാളികളുടെ പ്രതീക്ഷ വെറുതെയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമാണ് പാർട്ടിയിൽ നടപ്പിലാകുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിറ്റ് പോളുകൾ അനുകൂലമായതിന്റെ ആവേശത്തിൽ നിൽക്കുന്ന യുഡിഎഫ് ക്യാമ്പുകൾക്ക് രാജ്മോഹൻ ഉണ്ണിത്താന്റെ ഈ പ്രവചനം കൂടുതൽ കരുത്ത് പകർന്നിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിലും താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ്. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെ, വിജയവാർത്തകൾ ആഘോഷമാക്കാൻ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെപിസിസി ആസ്ഥാനത്ത് വലിയ പന്തൽ ഒരുങ്ങിക്കഴിഞ്ഞു.
എൺപതിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഫലം പുറത്തുവരുമ്പോൾ പ്രവർത്തകർ കൂട്ടമായി എത്താൻ സാധ്യതയുള്ളതിനാൽ ഇന്ദിരാ ഭവനിലും പരിസരത്തും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ പ്രമുഖ യുഡിഎഫ് നേതാക്കൾ കെപിസിസി ആസ്ഥാനത്ത് എത്തിച്ചേരും.
സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം പകർന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗിക ഫലം വരുന്നത് വരെ ജാഗ്രത പാലിക്കണമെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൃത്യമായ നിരീക്ഷണം വേണമെന്നും നേതൃത്വം നിർദേശിച്ചിട്ടുണ്ട്. രാവിലെ എട്ടോടെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരും.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, തമിഴ് നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം തങ്ങളുടെ സ്ഥാനാർത്ഥികളെ സംരക്ഷിക്കാൻ റിസോർട്ട് ബുക്ക് ചെയ്തു. തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ കുതിരക്കച്ചവടം ഒഴിവാക്കാനാണ് വിജയുടെ നീക്കം.
മഹാബലിപുരത്തിന് സമീപമുള്ള പൂഞ്ചേരിയിലെ ഒരു സ്വകാര്യ റിസോർട്ടാണ് വിജയുടെ നിർദേശശപ്രകാരം ബുക്ക് ചെയ്തിരിക്കുന്നത്. നൂറിലധികം പേരെ താമസിപ്പിക്കാൻ ഇവിടെ സൗകര്യമുണ്ട്. ഫലം വന്നാലുടൻ വിജയിക്കുന്ന സ്ഥാനാർത്ഥികൾ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്ന് വിജയ് നേരത്തെ അറിയിച്ചിരുന്നു.
സ്ഥാനാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, "ജയിച്ചു കഴിഞ്ഞാൽ വേറെ എങ്ങോട്ടും പോകരുത്" എന്ന് വിജയ് പരിഹാസരൂപേണ ഓർമിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
വിവിധ എക്സിറ്റ് പോളുകൾ ടിവികെ 100 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. അതേസമയം ഭരണത്തുടർച്ച ഉറപ്പാണെന്നാണ് ഡിഎംകെയുടെ അവകാശവാദം.
വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. തമിഴകം ആര് ഭരിക്കുമെന്ന് നാളെ ഉച്ചയോടെ വ്യക്തമാകും.
Kerala
തിരുവനന്തപുരം: മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്കും വാശിയേറിയ പോരാട്ടങ്ങൾക്കും ശേഷം സംസ്ഥാനത്തിന്റെ ഭരണചക്രം ആര് തിരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്.വോട്ടെണ്ണൽ നടപടികൾക്കായി 15,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി.
കേരളത്തിൽ യുഡിഎഫ് 80 മുതൽ 100 സീറ്റുകൾ വരെയാണ് പ്രതീക്ഷിക്കുന്നത്. എക്സിറ്റ് പോളുകളും യുഡിഎഫിന് 90ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. അതേസയം എൽഡിഎഫ് 70-75 സീറ്റുകളും എൻഡിഎ രണ്ട് സീറ്റുകൾ വരെയുമാണ് ലക്ഷ്യമിടുന്നത്. ഭരണവിരുദ്ധ തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ നേടി അധികാരം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ ജനങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നും തുടർഭരണം ഉറപ്പാണെന്നുമാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സീറ്റിലെങ്കിലും വിജയിക്കുകയെന്നത് അഭിമാനപ്രശ്നമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമായത് പ്രതിപക്ഷ നിരയിൽ വലിയ ആവേശം പകർന്നിട്ടുണ്ട്. നാളെ രാവിലെ എട്ട് മണിക്ക് ആദ്യ സൂചനകൾ പുറത്തുവരുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.
Kerala
കൊച്ചി: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കേരള അതിര്ത്തിയില് ഏര്പ്പെടുത്തിയ മദ്യ നിയന്ത്രണത്തിനു സ്റ്റേ.
സംസ്ഥാന സര്ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മദ്യനിയന്ത്രണം ഏര്പ്പെടുത്താന് അബ്കാരി നിയമത്തില് വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ജനപ്രാതിനിധ്യ നിയമത്തിലെ 135 വകുപ്പനുസരിച്ച് വോട്ടെടുപ്പുപ്രദേശത്ത് മാത്രമാണു നിയന്ത്രണം.
National
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആസൂത്രണം, വ്യാപ്തി , വോട്ടർ പങ്കാളിത്തം എന്നിവയെ 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രശംസിച്ചതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ, ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്സ് 2026ന്റെ ഭാഗമായി, 22 രാജ്യങ്ങളിൽ നിന്നുള്ള 38 അന്താരാഷ്ട്ര പ്രതിനിധികളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വൈപുല്യം, കൃത്യത, ഊർജസ്വലത എന്നിവ നേരിട്ട് വീക്ഷിക്കുന്നത്. ഇതുവരെ നടന്ന ഇലക്ഷൻ പരിപാടികൾ ഇവരെ ഏറെ ആകർഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
“ജനാധിപത്യത്തിന്റെ യഥാർഥ ഉത്സവം” എന്ന് അനുഭവത്തെ വിശേഷിപ്പിച്ച പ്രതിനിധികൾ, റിക്കാർഡ് വോട്ടർ പങ്കാളിത്തം, സൂക്ഷ്മമായ ആസൂത്രണം, വോട്ടെടുപ്പ് തടസരഹിതമായി നടത്തിയ ഇലക്ഷൻ കമ്മീഷന്റെ രീതി എന്നിവയെയും അഭിനന്ദിച്ചു . “ഇന്ത്യൻ തെരഞ്ഞെടുപ്പ്, ഇത് ലോകത്തിനാകെ ജനാധിപത്യത്തിന്റെ യഥാർഥ ഉത്സവമാണ്. എനിക്ക് ഏറ്റവും താല്പര്യം തോന്നിയത് വോട്ട് ചെയ്യാനുള്ള ആളുകളുടെ ആവേശമാണ്. ഈ പ്രക്രിയയിൽനിന്ന് നമുക്ക് പഠിക്കാൻ കഴിയും, ഇത് ഒരു വലിയ പ്രക്രിയയാണ്, മികച്ച രീതിയിൽ ചെയ്തു”. സംഘാംഗമായ ക്രൊയേഷ്യയിൽ നിന്നുള്ള ബ്രാനിമിർ ഫർക്കസ് പറഞ്ഞു.
സംഭരണ, വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചുകൊണ്ടാണ്,അന്താരാഷ്ട്ര പ്രതിനിധികൾ ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനം ആരംഭിച്ചത്. മികച്ച രീതിയിൽ ആസൂത്രണം ചെയ്ത ലോജിസ്റ്റിക്സ്, വ്യവസ്ഥാപിതമായ എസ്ഒപി എന്നിവ വഴി തെരഞ്ഞെടുപ്പ് സാമഗ്രികൾ പോളിംഗ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നത് അവർ നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പുകളുടെ മൊത്തത്തിലുള്ള നടത്തിപ്പിനെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അതത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാരുമായും സംസ്ഥാന പോലീസ് നോഡൽ ഓഫീസർമാരുമായും പ്രതിനിധികൾ സംവദിച്ചു. പോളിംഗ് സ്റ്റേഷനുകളുടെ 100 ശതമാനം വെബ്കാസ്റ്റിംഗ് നിരീക്ഷിക്കുന്നതിനായി സിഇഒ ഓഫീസുകളിൽ സജ്ജീകരിച്ച സിസിടിവി കൺട്രോൾ റൂമുകളും സംഘം സന്ദർശിച്ചു. അവയെ “സുതാര്യതയുടെ ശക്തമായ സ്തംഭം” എന്ന് വിശേഷിപ്പിച്ചു. “ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ തീർച്ചയായും പഠിക്കേണ്ട ഒരു രീതിയാണ് “ മെക്സിക്കോയിൽ നിന്നുള്ള യുക്-കിബ് എസ്പാഡാസ് അങ്കോണ പറഞ്ഞു.
വോട്ടെടുപ്പ് ദിവസം രാവിലെ പ്രതിനിധികൾ മോക്ക് പോളിംഗ് നിരീക്ഷിച്ചു. തുടർന്ന്, 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംഘങ്ങളായി ആസമിലെ (കാംരൂപ് മെട്രോ, കാംരൂപ് റൂറൽ), കേരളത്തിലെ (കൊച്ചി, തിരുവനന്തപുരം), പുതുച്ചേരി എന്നിവിടങ്ങളിലെ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിച്ച് യഥാർഥ പോളിംഗ് പ്രക്രിയ വീക്ഷിച്ചു.
റാമ്പുകൾ, വീൽചെയറുകൾ, വൊളണ്ടിയർമാർ, ക്രെഷ് സൗകര്യങ്ങൾ, സ്ത്രീകളും ഭിന്നശേഷി വിഭാഗങ്ങളും (പിഡബ്ല്യുഡി) കൈകാര്യം ചെയ്യുന്ന പ്രത്യേക പോളിംഗ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ പോളിംഗ് സ്റ്റേഷനുകളിലെ സമഗ്രവും പങ്കാളിത്തപരവും പ്രവേശനക്ഷമവുമായ സവിശേഷതകളെ അവർ അഭിനന്ദിച്ചു.
“ഉയർന്ന നിലവാരത്തിലുള്ള ഉൾപ്പെടുത്തൽ” എന്നാണ് കെനിയയിൽ നിന്നുള്ള ഫാഹിമ അറഫത്ത് അബ്ദുള്ള പ്രതികരിച്ചത്. “പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്ന വിധം, മികച്ച രീതിയിൽ തയാറാക്കിയിരിക്കുന്ന സൗകര്യങ്ങൾ, വീൽചെയർ, ക്രെഷ് സൗകര്യങ്ങൾ എന്നിവയിൽ ഞങ്ങൾക്ക് വളരെ മതിപ്പുണ്ട്”- നമീബിയയിൽ നിന്നുള്ള പൗലസ് ഷിഗ്വേദ അഭിപ്രായപ്പെട്ടു.
പ്രതിനിധികൾ ജില്ലാതല മാധ്യമ നിരീക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കുകയും വെബ്കാസ്റ്റിംഗിലൂടെ വോട്ടെടുപ്പിന്റെ നിരന്തരമുള്ള മേൽനോട്ടത്തെ പ്രശംസിക്കുകയും ചെയ്തു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ തെരഞ്ഞെടുപ്പ് രീതികൾ പ്രതിഫലിപ്പിച്ചുകൊണ്ട് പോളിംഗ് സ്റ്റേഷനുകളിൽ നടന്ന ചെടിനടൽ യജ്ഞത്തിലും അവർ പങ്കെടുത്തു.
“ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് ഇവിഎമ്മുകളുടെ ഉപയോഗമാണ്... നാം മനസിലാക്കിയ ചില കാര്യങ്ങൾ നമുക്ക് നമ്മുടെ രാജ്യത്തിലേക്ക് സ്വീകരിക്കാനും അത് എങ്ങനെ നടപ്പിലാക്കാമെന്ന് ആലോചിക്കാനും കഴിയും. ഇതൊരു ഉത്സവം പോലെയാണ്, ഇതായിരിക്കണം ആവേശം’’- സിയറ ലിയോണിൽ നിന്നുള്ള അബൂബക്കർ മഹ്മൂദ് കൊറോമ പറഞ്ഞു.
പുതുച്ചേരിയിൽ, ഫ്ലൈയിംഗ് സ്ക്വാഡുകൾ, ഡ്രോൺ അധിഷ്ഠിത നിരീക്ഷണം തുടങ്ങിയ ജാഗ്രതാ നടപടികളും വോട്ടർമാരെ സ്വാഗതം ചെയ്യുന്ന റോബോട്ട് -നിള പോലുള്ള നൂതന സംരംഭങ്ങളും പ്രതിനിധികളെ ആകർഷിച്ചു. കേരളത്തിൽ, അവർ ജെൻ സീ പ്രമേയത്തിൽ ഒരുക്കിയ പോളിംഗ് ബൂത്ത് സന്ദർശിക്കുകയും കന്നി വോട്ടർമാരുടെ ആവേശത്തെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം ആസാമിലെ കാംരൂപിൽ (റൂറൽ) പോളിംഗ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയ ആരോഗ്യ പരിശോധനാ സൗകര്യങ്ങളെ പ്രതിനിധികൾ പ്രശംസിക്കുകയും സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തു.
പോളിംഗിന്റെ സുഗമമായ നടത്തിപ്പും ഉയർന്ന വോട്ടർ പങ്കാളിത്തവും സന്ദർശകരിൽ ശക്തമായ മതിപ്പ് സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് പരിപാലനത്തിന്റെ വ്യാപ്തിയും മഹത്വവും കാണാൻ അവസരം നൽകിയതിന് അവർ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി രേഖപ്പെടുത്തി. സുതാര്യത, ഉൾക്കൊള്ളൽ, മികവ് എന്നിവയോടുള്ള കമ്മീഷന്റെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് നിർവഹണ സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണവും ഇടപെടലും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പ്രധാന സംരംഭമാണ് ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാം. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചട്ടക്കൂട്, സ്ഥാപന സംവിധാനങ്ങൾ, പ്രവർത്തന ഘടന എന്നിവയുടെ സമഗ്രമായ അവലോകനം ഈ പരിപാടിയിലൂടെ നൽകുന്നു. അതോടൊപ്പം തെരഞ്ഞെടുപ്പ് പരിപാലനത്തിലെ മികച്ച രീതികളും നൂതനാശയങ്ങളും പ്രതിനിധികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
International
ബുഡാപെസ്റ്റ്: ഞായറാഴ്ചത്തെ ഹംഗേറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വിക്തർ ഓർബാന്റെ 16 വർഷം നീണ്ട ഭരണം അവസാനിക്കുമെന്നു സൂചന. വോട്ടെടുപ്പിനു ദിവസങ്ങൾ ശേഷിക്കേ അഭിപ്രായ സർവേകൾ നല്കുന്ന സൂചന ഇതാണ്.
യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ പ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയ ഓർബൻ 2010ലാണ് അധികാരത്തിലേറിയത്. ഓർബൻ സർക്കാർ ജനാധിപത്യത്തിനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും കൂച്ചുവിലങ്ങിട്ടതായി ആരോപണമുണ്ട്. എന്നിരുന്നാലും ജനപ്രീതിയിൽ അദ്ദേഹം ജയിച്ചുപോരുകയായിരുന്നു.
ദീർഘകാലമായി ഹംഗറി നേരിടുന്ന സാന്പത്തികമാന്ദ്യവും അവശ്യസാധനങ്ങളുടെ വിലവർധനയും ഇക്കുറി വോട്ടർമാരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും. സർക്കാർ ബന്ധമുള്ള സന്പന്നർ അതിസന്പരായി തീർന്നതും ജനങ്ങളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.
അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിനും റഷ്യയിലെ പുടിൻ ഭരണകൂടത്തിനും ഒരുപോലെ പ്രിയങ്കരനായ നേതാവെന്ന സവിശേഷത ഓർബാനുണ്ട്. യുക്രെയ്ൻ അധിനിവേശ വിഷയത്തിൽ ഓർബാന്റെ റഷ്യാ അനുകൂല നിലപാടുകൾ യൂറോപ്യൻ യൂണിയനു വലിയ തലവേദന സൃഷ്ടിച്ചിരുന്നു. എണ്ണയ്ക്കും പ്രകൃതിവാതകത്തിനും റഷ്യയെ ആശ്രയിക്കുന്ന ഓർബാൻ റഷ്യക്കെതിരായ ഉപരോധങ്ങളെ അതിശക്തമായി എതിർക്കുന്നു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ ദിവസങ്ങളിൽ ഹംഗറിയിൽ പ്രചാരണത്തിനെത്തിയത് ട്രംപ് ഭരണകൂടത്തിന് ഓർബാനോടുള്ള മമതയ്ക്കു തെളിവാണ്. ഹംഗേറിയൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് വാൻസ് ഉന്നയിച്ചത്. ഓർബാൻ ജയിക്കുന്നതിനോട് യൂറോപ്യൻ യൂണിയന് താത്പര്യമില്ലെന്ന് റഷ്യൻ ഭരണകൂട വക്താവ് ദിമിത്രി പെസ്കോവും ആരോപിച്ചിട്ടുണ്ട്.
Kerala
ചങ്ങനാശേരി: തെരഞ്ഞെടുപ്പ് പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് ചങ്ങനാശേരി ആര്ച്ച് ബിഷപ്പ് മാര് തോമസ് തറയില്.
മികച്ച ആളുകള് ജനപ്രതിനിധികളാകണമെന്നും അതിലുടെ മികച്ച ഭരണം ഉണ്ടാകണമെന്നുമുള്ള വലിയ പ്രതീക്ഷ ജനങ്ങള്ക്കുണ്ട്. അസംപ്ഷന് കോളജ് ഓഡിറ്റോറിയത്തില് വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാര് തോമസ് തറയില്.
National
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിന് ഇന്ന് തുടക്കമായി. കേരളത്തിന് പുറമേ ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടർമാരും ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. മൂന്ന് സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
അസമിലെ 126 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡല പുനർനിർണയത്തിന് ശേഷം അസമിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. തുടർച്ചയായ മൂന്നാം വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്.
പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം വരെ നീണ്ടുനിൽക്കും. മേയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.
District News
കോതമംഗലം: വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പിണറായി സര്ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്ഥി ഷിബു തെക്കുംപുറത്തിന്റെ വിജയത്തിനായി യുഡിഎഫ് കേന്ദ്ര ഓഫീസില് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നാല് കോടി ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട ഭരണമായിരുന്നു കഴിഞ്ഞ 10 വര്ഷം. ഇത് തിരിച്ചറിഞ്ഞ പൊതുസമൂഹം ഒറ്റ തീരുമാനത്തിലാണ്. പിണറായി സര്ക്കാരിന്റെ അന്ത്യവും, ജനപക്ഷ യുഡിഎഫ് സര്ക്കാരുമാണ് ജനങ്ങളാകെ ആഗ്രഹിക്കുന്നത്.
കേരളമാകെ അലയടിക്കുന്ന യുഡിഎഫ് തരംഗത്തിലൂടെ നൂറിലധികം സീറ്റ് പിടിച്ചു 14 ജില്ലകളിലും യുഡിഎഫ് ആധിപത്യം ഉറപ്പിക്കുമെന്നും സതീശന് പറഞ്ഞു.
നിയോജകമണ്ഡലം ഇലക്ഷന് കമ്മിറ്റി ചെയര്മാന് ഷമീര് പനക്കന് അധ്യക്ഷത വഹിച്ചു. ഡീന് കുര്യാക്കോസ് എംപി, ഷിബു തെക്കുപുറം തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ സംസ്ഥാനത്തെ പരസ്യ പ്രചാരണം അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. വോട്ടെടുപ്പിന് മുന്നോടിയായുള്ള 48 മണിക്കൂർ 'നിശബ്ദ പ്രചരണം' ഇതോടെ ആരംഭിക്കും.
മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ ഇന്ന് വൈകിട്ട് ആറ് മണിയോടെ മണ്ഡലം വിട്ടു പോകണം. ഇത് ഉറപ്പാക്കാൻ പോലീസ് കർശന പരിശോധന നടത്തും. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവ വഴി വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ പാടില്ല. ബൾക്ക് എസ്എംഎസുകൾക്കും നിയന്ത്രണമുണ്ട്.
പരസ്യമായ പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്താൻ പാടില്ല. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണത്തിന് തടസമില്ല. എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുന്നത് നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡുകൾ രംഗത്തുണ്ടാകും.
ഏപ്രിൽ ഒൻപത് വ്യാഴാഴ്ചയാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുന്നണികളെല്ലാം വലിയ വിജയപ്രതീക്ഷയിലാണ്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വോട്ടർമാരെ നേരിൽ കണ്ട് പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. സുഗമമായ വോട്ടെടുപ്പിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Kerala
തിരുവല്ല: നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ 33 ശതമാനം സംവരണം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ സീറ്റുകളുടെ എണ്ണം കുറയില്ല. 2029ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 16, 17, 18 തീയതികളിൽ ഇതുമായി ബന്ധപ്പെട്ടു ചർച്ച നടക്കുന്നുണ്ട്.
ജനസംഖ്യ അടിസ്ഥാനത്തിൽ സീറ്റ് കുറയ്ക്കുമെന്നത് വ്യാജപ്രചാരണമാണ്. ഒരു സംസ്ഥാനത്തെയും സീറ്റ് കുറയ്ക്കില്ല. എല്ലാവരെയും ചർച്ചയ്ക്കു വിളിച്ചിട്ടണ്ട്. ഏകകണ്ഠമായി നിയമം പാസാക്കാൻ രാജ്യത്തെ എല്ലാ കക്ഷികളോടും അഭ്യർഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ യുവാക്കൾ നാടുവിടുകയാണ്. ഇവിടെ തൊഴിൽ സംരംഭങ്ങൾ ഇല്ലെന്നതാണ് പ്രധാന കാരണം. സേവന മേഖലകളും വ്യവസായ മേഖലകളും പുതുതായി കേരളത്തിലേക്കു വരുന്നില്ല.
അഴിമതിയുടെയും വർഗീയതയുടെയും മതിലുകൾ തകർക്കാതെ കേരളത്തിന്റെ വികസനം സാധ്യമാകില്ലെന്ന് പ്രധാനമന്ത്രിപറഞ്ഞു. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ ആദ്യമായി ദേശീയ ജനാധിപത്യ സഖ്യം വിജയിക്കും.
Kerala
സജീവ രാഷ്ട്രീയത്തിൽ തുടരുന്നവരിൽ ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർഥിയെന്ന റിക്കാർഡ് എൺപത്തിയൊന്നുകാരനായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. കടന്നപ്പള്ളിയുടെ പതിനൊന്നാമത് തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.
തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിന്റെ അന്പത്തിയഞ്ചാം വാർഷികത്തിലും കച്ചയഴിക്കാതെ തുടരുകയാണ് കടന്നപ്പള്ളി. 26-ാം വയസിലായിരുന്നു ആദ്യ മത്സരവും ജയവും. ഇതുവരെ മത്സരിച്ചതിൽ ആറു തവണ വിജയിക്കുകയം നാലുതവണ പരാജയപ്പെടുകയും ചെയ്തു. നിയമസഭയിലേക്കുള്ള ഏഴാമങ്കത്തിലാണ് കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ കടന്നപ്പള്ളി.
1971ൽ കെഎസ്യു സംസ്ഥാന പ്രസിഡന്റായിരിക്കേ കോൺഗ്രസ് സ്ഥാനാർഥിയായി കാസർഗോഡുനിന്ന് ലോക്സഭയിലേക്കായിരുന്നു കന്നിയങ്കം. തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമ വിദ്യാർഥിയായിരുന്ന കടന്നപ്പള്ളിയെ സ്ഥാനാർഥിയാക്കാൻ ഇന്ദിരാഗാന്ധിയായിരുന്നു സംസ്ഥാന കമ്മിറ്റിയോടു നിർദേശിച്ചത്.
സിപിഎമ്മിലെ കരുത്തനായ ഇ.കെ. നായനാരെയായിരുന്നു അന്ന് കടന്നപ്പള്ളി രാമചന്ദ്രനെന്ന യുവതുർക്കി തെരഞ്ഞെടുപ്പിൽ മലർത്തിയിടിച്ചത്. ആ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും കടന്നപ്പള്ളിയായിരുന്നു.
1977ലും കാസർഗോഡ് വിജയമാവർത്തിച്ചു. സിപിഎമ്മിലെ രാമണ്ണ റേയെയായിരുന്നു രണ്ടാമൂഴത്തിൽ പരാജയപ്പെടുത്തിയത്.
കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന് 1980ലാണ് കടന്നപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വരുന്നത്. ഇരിക്കൂറിൽ ഡോ. കെ.സി. ജോസഫിനെ അന്ന് പരാജയപ്പെടുത്തി. 1987ലും 1991 ലും പേരാവൂര് മണ്ഡലത്തില് മത്സരിച്ചെങ്കിലും കോണ്ഗ്രസിലെ കെ.പി. നൂറുദ്ദീനു മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. 1996ല് ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. 2006ൽ എടക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭാ സമാജികനായി.
2011ൽ കണ്ണൂരിൽ പോരിനിറങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല. പിന്നീടുണ്ടായ രണ്ടു തെരഞ്ഞെടുപ്പുകളിലും പരാജയമായിരുന്നു ഫലം. 2016 ലും 2021 ലും കണ്ണൂരില്നിന്നു ജനവിധി തേടിയ കടന്നപ്പള്ളി രണ്ടു തവണയും വിജയിച്ചു. കണ്ണൂര് മണ്ഡലത്തിൽ ഇപ്പോൾ നാലാമൂഴത്തിനിറങ്ങിയ കടന്നപ്പള്ളി ട്രിപ്പിൾ വിജയമാണ് പ്രതീക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: ഏപ്രിൽ ഒൻപതിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വേറിട്ട ഓഫറുമായി സപ്ലൈകോ വന്നിരിക്കുന്നത്.
വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. സപ്ലൈകോയിൽനിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ), സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനോടെയുള്ള കാമ്പയിൻ അവതരിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
Kerala
ഗുരുവായൂർ: മണ്ഡലത്തിൽ വിവാദ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ. 1977 മുതൽ മണ്ഡലത്തിൽ വിജയിച്ച എംഎൽഎമാരുടെ പേരുകൾ മാത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് ചാവക്കാട് ഭാഗത്ത് ബിജെപി സ്ഥാനാർഥി ഈ ബോർഡുകൾ ഉയർത്തിയത്.
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഇതുവരെ വിജയിച്ചത് മുസ്ലിം നാമധാരികളായ ജനപ്രതിനിധികളാണെന്ന വാദവുമായാണ് ബി. ഗോപാലകൃഷ്ണന്റെ ഫ്ലക്സ്. ഇത് മനഃപൂർവം വോട്ട് ധ്രുവീകരണത്തിന് വേണ്ടിയുള്ള ശ്രമമാണെന്നുള്ള ആരോപണം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയുടെ ഈ നടപടിക്കെതിരെ യുഡിഎഫും എൽഡിഎഫും നിയമനടപടികൾക്ക് ഒരുങ്ങുകയാണ്.
ഗുരുവായൂരിന് ഇനിയൊരു 'ഹിന്ദു എംഎൽഎ' വേണമെന്ന പരാമർശത്തിന്റെ പേരിൽ ബി. ഗോപാലകൃഷ്ണനെതിരെ ചാവക്കാട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ നടപടിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുന്നതിനിടയിലാണ് വീണ്ടും സമാനമായ വിവാദം.
Kerala
കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. 'മോദി ഗ്യാരണ്ടി' എന്ന മുദ്രാവാക്യം മുൻനിർത്തി വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകുന്ന വാഗ്ദാനങ്ങളാണ് ബിജെപി നയിക്കുന്ന മുന്നണി മുന്നോട്ടുവെച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പത്രിക പ്രകാശനം ചെയ്തത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാത്ത സാഹചര്യം ഉറപ്പാക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകളുടെ വിപുലീകരണം, കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയായ ലഹരി മാഫിയയെ അടിച്ചമർത്താൻ പ്രത്യേക 'ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ്, വിദ്യാലയങ്ങളും തൊഴിലിടങ്ങളും കേന്ദ്രീകരിച്ച് കർശന നിരീക്ഷണം,
നിലവിലുള്ള ക്ഷേമ പെൻഷനുകളുടെ വർധനവ്, ക്ഷേമ പെൻഷനുകളുടെ കൃത്യമായ വിതരണം, റബ്ബർ കർഷകർക്കും നെൽകർഷകർക്കും താങ്ങുവില വർധിപ്പിക്കൽ, വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം തുടങ്ങിയവയൊക്കെയാണ് എൻഎഡിഎ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സഹായത്തോടെ വൻ പദ്ധതികൾ നടപ്പിലാക്കും. തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കും. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമനിർമാണം നടത്തും തുടങ്ങിയ വാഗ്ദാനങ്ങളും എൻഡിഎ പ്രകടന പത്രികയലുണ്ട്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമാക്കാനുള്ള സുരക്ഷാക്രമീകരണങ്ങള്ക്കും ഉദ്യോഗസ്ഥര്ക്ക് പ്രത്യേക അലവന്സ് നല്കുന്നതിനുമായി പോലീസിന് 42.89 കോടി രൂപ. സംസ്ഥാന പോലീസ് 85.61 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും 42.89 കോടി രൂപയ്ക്കാണ് സര്ക്കാര് ഭരണാനുമതി നല്കിയത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങള്, വോട്ടെടുപ്പ് ദിനത്തിലെ ബന്ദോബസ്ത് (തെരഞ്ഞെടുപ്പ് കാലയളവില് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി പോലീസ് നടത്തുന്ന വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്), വോട്ടെണ്ണല് കേന്ദ്രങ്ങളിലെ സുരക്ഷ, വിവിഐപി സുരക്ഷ തുടങ്ങിയ ആവശ്യങ്ങള്ക്കായാണ് ഈ തുക വിനിയോഗിക്കുക.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പോലീസുകാര്ക്കും മറ്റു വകുപ്പുകളിലെ ജീവനക്കാര്ക്കും നിശ്ചിത ദിനബത്തയുടെ ഒന്നര ഇരട്ടി പ്രത്യേക അലവന്സായി നല്കും. ഇത് പരമാവധി ഏഴു ദിവസത്തേക്ക് മാത്രമായിരിക്കും (വോട്ടെടുപ്പിന് നാലു ദിവസവും വോട്ടെണ്ണലിന് മൂന്നു ദിവസവും). ഇതിനായി 12 കോടി രൂപ ചെലവഴിക്കും. പോലീസ് നീക്കത്തിനായി വാഹനങ്ങള് വാടകയ്ക്കെടുക്കാന് മൂന്നു കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്.
ഭക്ഷണ അലവന്സ്
പോലീസുകാര്, കേന്ദ്രസേനകള്, മറ്റു സംസ്ഥാനങ്ങളില്നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര് എന്നിവര്ക്ക് വോട്ടെടുപ്പ്, വോട്ടെണ്ണല് ദിവസങ്ങളില് 250 രൂപ വീതം ഭക്ഷണ അലവന്സ് നല്കും. ഇതിനായി രണ്ടു കോടി രൂപയാണ് ചെലവഴിക്കുക.
ഇന്ധന ഇനത്തില് ഏഴു കോടി രൂപയും ഓഫീസ് ആവശ്യങ്ങള്ക്കായും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്ക്കായും മൂന്നു കോടി രൂപ വീതവും മാറ്റിവച്ചിട്ടുണ്ട്. ടെലിഫോണ് നിരക്കുകള്ക്കായി 50 ലക്ഷം രൂപയും രഹസ്യാന്വേഷണ പ്രവര്ത്തനങ്ങള്ക്കായി സീക്രട്ട് സര്വീസ് ഫണ്ട് എന്ന പേരില് ഒരു കോടി രൂപയും അനുവദിച്ചു.
25,000 സ്പെഷല് പോലീസ് ഓഫീസര്മാര്
വോട്ടെടുപ്പ് ദിവസവും തലേദിവസവുമായി 25,000 സ്പെഷല് പോലീസ് ഓഫീസര്മാരെ നിയോഗിക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കിയിട്ടുണ്ട്. ഇവര്ക്ക് പ്രതിദിനം 1400 രൂപ പ്രതിഫലവും വോട്ടെടുപ്പ് ദിവസം 250 രൂപ ഭക്ഷണ അലവന്സും ലഭിക്കും. 2,000 ഹോം ഗാര്ഡുകളെ പരമാവധി രണ്ടുദിവസത്തേക്ക് നിയമിക്കും. ഇവര്ക്ക് സാധാരണ വേതനത്തിന് പുറമെ രണ്ട് ദിവസത്തേക്ക് 500 രൂപ പ്രതിഫലവും വോട്ടെടുപ്പ് ദിവസം 250 രൂപ ഭക്ഷണത്തുകയും നല്കും.
തെരഞ്ഞെടുപ്പ് ആവശ്യങ്ങള്ക്കായി 8,400 വാഹനങ്ങള് വാടകയ്ക്കെടുക്കാന് പോലീസിന് അനുമതിയുണ്ട്. ഓരോ മണ്ഡലത്തിലും 20 വാഹനങ്ങള് വീതം മൂന്ന് ദിവസത്തേക്ക് പ്രതിദിനം 3,000 രൂപ നിരക്കില് വാടകയ്ക്കെടുക്കും.
National
ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഭൂരിപക്ഷം എംപിമാരും ഡൽഹി വിട്ടതോടെ പാർലമെന്റിന്റെ ഇരുസഭകളും ഏതാണ്ടു ശൂന്യം.
ഇന്നലെ ഉച്ചകഴിഞ്ഞതോടെ ലോക്സഭയിലും രാജ്യസഭയിലും ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ 50ൽ താഴെ എംപിമാരാണ് ഉണ്ടായിരുന്നത്.
ലോക്സഭയും രാജ്യസഭയും കഴിഞ്ഞയാഴ്ച നിശ്ചയിച്ചതുപോലെ അടുത്ത ശനിയും ഞായറും പ്രവർത്തിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു പാർലമെന്റിൽ അറിയിച്ചു.
സാങ്കേതികമായി വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ചേരുമെങ്കിലും ഫലത്തിൽ ഇന്നലെ പിരിഞ്ഞ പാർലമെന്റ് അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിൽ ചേർന്ന് അനിശ്ചിതകാലത്തേക്കു പിരിയും.
ലോക്സഭ പാസാക്കിയ ധനകാര്യ ബില്ല് പാസാക്കേണ്ടതിനാലാണു വെള്ളിയാഴ്ച രാജ്യസഭ ചേരുന്നത്. രാമനവമി പ്രമാണിച്ച് പാർലമെന്റിന് ഇന്ന് അവധിയാണ്. അടുത്ത ചൊവ്വാഴ്ച മഹാവീർ ജയന്തിയായതിനാൽ അവധി വേണമെന്ന് എംപിമാർ ആവശ്യപ്പെടുന്നുണ്ട്.
ശനിയും ഞായറും ചേരാൻ തീരുമാനിച്ചിരുന്നത് റദ്ദാക്കിയതോടെ വെള്ളി, തിങ്കൾ ദിവസങ്ങളിലും ഭൂരിപക്ഷം എംപിമാരും ഉണ്ടാകാനിടയില്ല. ഉത്സവങ്ങൾ കാരണം കഴിഞ്ഞ ബുധനാഴ്ച പിരിഞ്ഞശേഷം തിങ്കളാഴ്ചയാണു വീണ്ടും സമ്മേളിച്ചത്.
കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലെ അവധിക്കു പകരമായി ഈയാഴ്ച അവസാനത്തെ ശനിയും ഞായറും ചേരുമെന്നായിരുന്നു പ്രഖ്യാപനം. കാര്യോപദേശക സമിതികൂടി അത് ഒഴിവാക്കിയതോടെ എംപിമാർക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനു സമയം ലഭിക്കും. ഫലത്തിൽ പാർലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളുടെ എണ്ണം വർഷംതോറും കുറയുകയാണ്.
തെരഞ്ഞെടുപ്പു പ്രമാണിച്ച് പ്രിയങ്ക ഗാന്ധി ഒഴികെയുള്ള ലോക്സഭയിലെ എല്ലാ കേരള എംപിമാരും നാട്ടിലാണ്. സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് ഡൽഹിയിൽ തങ്ങുന്ന പ്രിയങ്ക മാത്രമാണു കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചു ലോക്സഭയിലെത്തിയത്.
കേരളത്തോടൊപ്പം ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ആസാമിൽനിന്നുള്ള ഭരണ- പ്രതിപക്ഷ എംപിമാരും അവരുടെ നാട്ടിൽ പ്രചാരണത്തിലാണ്.
മിനിറ്റിന് രണ്ടര ലക്ഷം ചെലവ്
പാർലമെന്റ് സമ്മേളന നടത്തിപ്പിന് പ്രതിദിനം നികുതിദായകരുടെ ഒന്പതു കോടിയിലേറെ രൂപയാണു ചെലവ്. ഒരു മിനിറ്റിന് രണ്ടര ലക്ഷം രൂപയും മണിക്കൂറിന് ഒന്നരക്കോടി രൂപയും ചെലവ് വരുന്നുവെന്നാണു പഴയ കണക്ക്.
പുതിയ ചെലവുകൾ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. മന്ത്രിമാരുടെയും എംപിമാരുടെയും ശന്പളം, അലവൻസ് തുടങ്ങിയവ കൂടാതെയാണിത്. പ്രതിഷേധങ്ങളെത്തുടർന്നു പാർലമെന്റ് സ്തംഭിച്ചാലും ചെലവിന് കുറവില്ല.
Kerala
തിരുവനന്തപുരം: കേരളാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം പോളിംഗ് നടന്നത് 1960 ലാണ്. ആ തെരഞ്ഞെടുപ്പിൽ 85.72 ശതമാനം ആളുകളാണ് വോട്ടവകാശം രേഖപ്പെടുത്തിയത്.
126 നിയമസഭാ സീറ്റുകളിലേക്ക് 312 പേരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 96,04,331 വോട്ടർമാർക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ 82,32572 പേർ വോട്ട് രേഖപ്പെടുത്തി.
80 ശതമാനത്തിൽ കൂടുതൽ വോട്ട് നിയമസഭയിൽ രേഖപ്പെടുത്തിയത് പിന്നീട് ഒരുവട്ടം കൂടി മാത്രമാണ്. 1987-ൽ 80.54 ശതമാനമായിരുന്നു പോളിംഗ്. 140 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെ മത്സരിക്കാനായി രംഗത്തുണ്ടായിരുന്നത് 1254 സ്ഥാനാർഥികളായിരുന്നു. സംസ്ഥാനത്ത് ആ വർഷം 1,59,50,019 പേർക്കായിരുന്നു വോട്ടിംഗിന് അർഹതയുണ്ടായിരുന്നത്. ഇവരിൽ 1,28,46,689 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള സ്ഥാനാർഥികളുടെ കണക്ക് പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ പേർ മത്സര രംഗത്തുണ്ടായതും 1987 ലെ തെരഞ്ഞെടുപ്പിലായിരുന്നു. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് 1957 ലെ തെരഞ്ഞെടുപ്പിലാണ് 126 മണ്ഡലങ്ങളിലേക്ക് ആയിരുന്നു ആ തവണ തെരഞ്ഞെടുപ്പ് നടന്നത്.
89,13,247 പേർക്ക് വോട്ടവകാശമുണ്ടായിരുന്ന 57 ലെ തെരഞ്ഞെടുപ്പിൽ 58,37,577 പേരാണ് വോട്ട് ചെയ്തത്. 65.49 ശതമാനമായിരുന്നു പോളിംഗ്.
സംസ്ഥാനത്തെ 1957 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുന്പോൾ ഒരു വട്ടം മാത്രമാണ് 70 ശതമാനത്തിൽ താഴെ പോളിംഗ് നടന്നത്. 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് കൂടുതൽ തവണയും പോളിംഗ് ശതമാനം. 80 ശതമാനമോ അതിൽ കൂടുതലോ പോളിംഗ് നടന്നത് രണ്ടു തവണയും.
ഏറ്റവും ഒടുവിൽ 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 76 ശതമാനമായിരുന്നു പോളിംഗ്. 2,75,03,768 വോട്ടർമാരിൽ 2,09,03,230 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ആകെ സ്ഥാനാർഥികൽ 957 പേരായിരുന്നു. ഇത്തവണ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ നാളെ പത്രിക പിൻവലിക്കുന്നതോടെ സ്ഥാനാർഥികളുടെ എണ്ണം സംബന്ധിച്ച് അന്തിമ ചിത്രം തെളിയും.
Leader Page
ജനാധിപത്യത്തിന്റെ ഹൃദയം തെരഞ്ഞെടുപ്പാണ്. ഇന്ന് തിരഞ്ഞെടുപ്പുകൾ വോട്ടിംഗ് ബൂത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നടക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയവ ഇന്ന് രാഷ്ട്രീയ സംവാദങ്ങളുടെ പ്രധാന വേദികളായി മാറിയിരിക്കുന്നു.
അവിടെ ജനാധിപത്യത്തിന്റെ അന്തസും ഡിജിറ്റൽ മര്യാദകളും എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നത് ഗൗരവതരമായ ചർച്ചയർഹിക്കുന്നു. ജനാധിപത്യത്തിന്റെ വിജയം സംവാദങ്ങളുടെ ഗുണനിലവാരംകൂടിയാണ്.
ആവർത്തനത്തിന്റെ മായാജാലം
മനഃശാസ്ത്രപരമായ ചില തന്ത്രങ്ങളിലൂടെ വോട്ടർമാരുടെ ബോധത്തെ കീഴടക്കാൻ ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ‘ഇല്യൂസറി ട്രൂത്ത് ഇഫക്റ്റ്’. ഒരു നുണ ആദ്യമായി കേൾക്കുമ്പോൾ തോന്നുന്ന സംശയം, അത് വിവിധ ഗ്രൂപ്പുകളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും ആവർത്തിച്ചു കേൾക്കുമ്പോൾ സത്യമാണെന്ന തോന്നലിലേക്ക് വഴിമാറുന്നു.
സൗജന്യം എന്ന മിഥ്യ
“നിങ്ങൾ ഒരു സേവനത്തിന് പണം നൽകുന്നില്ലെങ്കിൽ, നിങ്ങൾ അവിടെ കേവലം ഒരു ഉപഭോക്താവല്ല; മറിച്ച്, അവിടെ വിൽക്കപ്പെടുന്ന ഉത്പന്നമാണ്” എന്ന ആൻഡ്രൂ ലൂയിസിന്റെ വാക്കുകൾ ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രസക്തമാണ്.
കേരളത്തിലെ വോട്ടർമാർ ഇന്ന് വെറുമൊരു വോട്ട് ബാങ്ക് മാത്രമല്ല, വൻകിട ടെക് കമ്പനികളുടെ ഡാറ്റാബാങ്ക് കൂടിയാണ്.
ഡിജിറ്റൽ രാഷ്ട്രീയത്തിലെ പത്തു കല്പനകൾ
കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ലോകപ്രശസ്തമാണ്. ആ പ്രബുദ്ധത നമ്മുടെ ഡിജിറ്റൽ ഇടപെടലുകളിലും പ്രതിഫലിക്കണം.
(അവസാനിച്ചു)
Kerala
തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങിയത് എ.കെ. ആന്റണിയുടെ ഇടപെടലിലെന്ന് സൂചന. സീറ്റില്ലെന്ന ഹൈക്കമാൻഡ് നിലപാടിന് പിന്നാലെ പാർട്ടി വിടുമെന്ന് സൂചന നൽകിയ കെ. സുധാകരൻ സംസ്ഥാന നേതൃത്വത്തെ ആശങ്കപ്പെടുത്തിയിരുന്നു.
കെ. സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ ഇടപെട്ടിരുന്നു. പിന്നാലെയാണ് മുതിർന്ന നേതാവായ എ.കെ. ആന്റണിയുടെ ഇടപെടൽ. എ.കെ. ആന്റണിയുടെ സമ്മർദത്തിന് വഴങ്ങിയാണ് കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകാമെന്ന തീരുമാനം ഹൈക്കമാൻഡ് സ്വീകരിച്ചത്.
സിപിഎമ്മുമായി പോരടിച്ചു വളര്ന്ന നേതാവ് സിപിഎമ്മിനു മൂന്നാം ഭരണം ഉണ്ടാക്കാന് വഴിയൊരുക്കരുത് എന്ന് സുധാകരനോട് അഭ്യര്ഥിച്ചതായും എ.കെ. ആന്റണി പറഞ്ഞു.
നിലവിൽ കെ. സുധാകരന് മാത്രം ഇളവ് നൽകിയാൽ മതിയെന്നാണ് ഹൈക്കമാൻഡ് തീരുമാനം. എന്നാൽ ഒരാൾക്ക് മാത്രം പ്രത്യേക ആനുകൂല്യം നൽകുന്നത് മത്സരിക്കാൻ താത്പര്യപ്പെട്ട മറ്റ് എംപിമാർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ പാർട്ടി നേതൃനിരയിൽ ആശങ്കയുളവാക്കുന്നുണ്ട്.
കോന്നിയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ച അടൂർ പ്രകാശ് വിമത ശബ്ദമുയർത്തിയാൽ പാർട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
District News
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്ണമായും പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയില് ഹരിതചട്ടം കര്ശനമായി നടപ്പിലാക്കാന് തെരഞ്ഞെടുപ്പ് കമ്മീഷനും ശുചിത്വ മിഷനും നിര്ദ്ദേശം നല്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയകരമായ മാതൃക പിന്തുടര്ന്ന്, പ്ലാസ്റ്റിക, പിവിസി വിമുക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
പ്രചാരണ ബോര്ഡുകൾ, ബാനറുകള്, ഹോര്ഡിംഗുകള് എന്നിവയ്ക്കായി പിവിസി ഫളെക്സ്, പോളിസ്റ്റർ, നൈലോണ്, കൊറിയന് ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗുള്ള തുണി എന്നിവ ഉപയോഗിക്കാന് പാടില്ല. മലിനീകരണ നിയന്ത്രണ ബോര്ഡ് അംഗീകരിച്ച പുനഃചംക്രമണം ചെയ്യാവുന്ന പുനരുപയോഗ സാധ്യതയുള്ള പോളിഎത്തലീന്, 100 ശതമാനം കോട്ടണ് തുണി എന്നിവ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ. കൊടിതോരണങ്ങള് പൂര്ണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കണം.
റോഡ് ഷോകൾ, കണ്വന്ഷനുകള്, പൊതുയോഗങ്ങള് എന്നിവയില് പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകള് തുടങ്ങിയവ കര്ശനമായി ഒഴിവാക്കണം.പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണല് കേന്ദ്രങ്ങള് എന്നിവിടങ്ങളില് രൂപപ്പെടുന്ന മാലിന്യങ്ങള് തരംതിരിച്ച് ശേഖരിക്കാന് തദ്ദേശ സ്ഥാപനങ്ങള് വഴി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഹരിതചട്ടം ലംഘിച്ച് സ്ഥാപിക്കുന്ന കമാനങ്ങളും ബോര്ഡുകളും നീക്കം ചെയ്യാന് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇവ നീക്കം ചെയ്യാനുണ്ടാകുന്ന ചെലവ് ബന്ധപ്പെട്ടവരില് നിന്ന് ഈടാക്കുന്നതിനൊപ്പം, കേരള മുനിസിപ്പാലിറ്റി, കേരള പഞ്ചായത്ത് രാജ് ആക്ടുകള് പ്രകാരം കടുത്ത പിഴയും ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും ശുചിത്വ മിഷന് അറിയിച്ചു. മനുഷ്യനും പരിസ്ഥിതിക്കും ഭീഷണിയായ പ്ലാസ്റ്റിക് മാലിന്യങ്ങള് ഒഴിവാക്കി, മാതൃകാപരമായ രീതിയില് തെരഞ്ഞെടുപ്പ് ക്രമീകരിക്കാന് എല്ലാ രാഷ്ട്രീയ പാര്ട്ടികളും സ്ഥാനാര്ഥികളും സഹകരിക്കണമെന്നും ജില്ലാ കളക്ടര് അറിയിച്ചു.
മണ്ഡലംതല ചാര്ജ് ഓഫീസര്മാരെ നിയോഗിച്ചു
പത്തനംതിട്ട: പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന് നിയോജക മണ്ഡലംതലത്തില് ചുമതലയുള്ള ഉദ്യോഗസ്ഥരെ നിയമിച്ചു.
തിരുവല്ല- ബിന്നി ജോര്ജ്, ആനിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, 9947057180
റാന്നി- പി അബ്ദു് കരീം, അസിസ്റ്റന്റ് ഡയറക്ടര്, റാന്നി കോ -ഓപ്പറേറ്റീവ് അസിസ്റ്റന്റ് ഡയറക്ടര് ഓഫീസ്, 9496324956
ആറന്മുള - ഷൈജു കെ. മാത്യു, എഇ, പൊതുമരാമത്ത് കെട്ടിട വിഭാഗം പത്തനംതിട്ട, 9447108334
കോന്നി - പി. ആർ. അഭിലാഷ്, അസിസ്റ്റന്റ് ഡയറക്ടര്, കോ-ഓപ്പറേറ്റീവ് ഓഡിറ്റ് ജോയിന്റ് ഡയറക്ടര് ഓഫീസ് പത്തനംതിട്ട, 9446355135
അടൂര് - റ്റി. എസ്. സജീഷ്, അയിരൂര് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, 9447594229
District News
പേരൂര്ക്കട: നിയമസഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം ജില്ല സജ്ജമാണെന്നു ജില്ലാ കളക്ടര് അനു കുമാരി. ജില്ലയിലെ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന് എല്ലാ പൗരന്മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് ഏറ്റവും സുതാര്യമായും സ്വതന്ത്രമായും നടത്തുമെന്നും കുടപ്പനക്കുന്ന് കളക്ടറ്റേറ്റ് കോണ്ഫറന്സ് ഹാളില് വിളിച്ചുചേര്ത്ത വാര്ത്താ സമ്മേളനത്തില് കളക്ടര് അറിയിച്ചു.
ജില്ലയില് 440 പുതിയ ബൂത്തുകള് ഉള്പ്പെടെ ആകെ 3173 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. 124 മാതൃകാ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ബൂത്തുകളില് വോട്ടര്മാര്ക്ക് ആവശ്യമായ കൂടുതല് സൗകര്യങ്ങള് ഏര്പ്പെടുത്തും. 85 വയസിന് മുകളിലുള്ള മുതിര്ന്ന പൗരന്മാര്ക്കും കിടപ്പ് രോഗികള്ക്കും ഹോം വോട്ടിംഗ് സംവിധാനം ഏര്പ്പെടുത്തും.
മൊബൈല് പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് സാധ്യമാക്കുന്നത്. കിടപ്പുരോഗികളായ 24,000 പേരാണ് വോട്ടേഴ്സ് ലിസ്റ്റിലുള്ളത്. അഞ്ച് സംയോജിത ബോര്ഡര് ചെക്ക് പോസ്റ്റുകള് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഇതില് സിസിടിവി ഉള്പ്പെടെയുള്ള സൗകര്യങ്ങള് ഏര്പ്പെടുത്തി. എക്സൈസ്, കേരള പോലീസ്, തമിഴ്നാട് പോലീസ്, ആര്ടിഒ ഉള്പ്പെടെയുള്ളവരുടെ സേവനം ചെക്ക്പോസ്റ്റില് ഉണ്ടാകും. എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്ന് ഫ്ളയിംഗ് സ്ക്വാഡിനെ സജ്ജീകരിച്ചിട്ടുണ്ട്. വീഡിയോ ഗ്രാഫേഴ്സ്, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങള് തുടങ്ങിയവയും സ്ക്വാഡിലുണ്ടാകും. മൂന്ന് സ്റ്റാറ്റിക് സര്വെയലന്സ് ടീമുകളും എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവര്ത്തിക്കും.
നിയോജക മണ്ഡലങ്ങളില് അഡീഷണല് എക്സ്പെന്റിച്ചര് ഒബ്സര്വറെ നിയമിക്കുമെന്നും കളക്ടര് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള് ശ്രദ്ധയില്പ്പെട്ടാല് പൊതുജനങ്ങള്ക്ക് സി-വിജില് ആപ്പ് വഴി ഫോട്ടോ ഉള്പ്പെടെ പരാതി നല്കുന്നതിനുള്ള സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയ പാര്ട്ടികള്ക്ക് സുവിധ പോര്ട്ടലിലെ സിംഗിള് വിന്ഡോ വഴി തെരഞ്ഞെടുപ്പ് റാലികള്ക്കും പൊതു മീറ്റിങ്ങുകള്ക്കും ഉച്ചഭാഷിണികള്, വാഹനങ്ങള് എന്നിവ ഉപയോഗിക്കുന്നതിന് അനുമതി വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ഥാനാര്ത്ഥികള്ക്ക് 23 വരെ നോമിനേഷന് നല്കാം. രാവിലെ 11 മുതല് 3 മണി വരെയാണ് നോമിനേഷന് നല്കുന്നതിനുള്ള സമയം. സ്ഥാനാര്ഥികളുടെ ബാങ്ക് ഇടപാടുകളുടെ വിവരം ോണിറ്റര് ചെയ്യുന്നതിന് വിവിധ ബാങ്ക് ഓഫീസേഴ്സിന്റെ യോഗത്തില് ജില്ലാ കളക്ടര് നിര്ദ്ദേശം നല്കി.
മലങ്കര കാത്തലിക് അസോ.
National
ന്യൂഡല്ഹി: ഒഡീഷയില് ബിജെപി പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്കു മത്സരിച്ച മുന് കേന്ദ്രമന്ത്രി ദിലീപ് റേ വിജയിച്ചു. ബിജു ജനതാദള് (ബിജെഡി), കോണ്ഗ്രസ്, സിപിഎം പിന്തുണയോടെ മത്സരിച്ച ദത്തേശ്വര് ഹോതയെ ആണ് ദിലീപ് റേ പരാജയപ്പെടുത്തിയത്. പ്രതിപക്ഷ വോട്ടുകൾ ഔദ്യോഗിക സ്ഥാനാര്ഥിക്കു ലഭിച്ചില്ലെന്നാണു പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
ബിജെഡിയുടെ ദേബി രഞ്ജന് ത്രിപാഠി, സൗവിക് ബിസ്വാള്, ചക്രമണി കന്ഹാര്, സുബാസിനി ജെന, നബ കിഷോര് മല്ലിക്, രമാകാന്ത് ഭോയ് എന്നിവര്ക്കുപുറമേ സസ്പെന്ഡ് ചെയ്യപ്പെട്ട എംഎല്എമാരായ അരബിന്ദ മൊഹപത്ര, സനാതന് മഹാകുദ് എന്നിവരും കോണ്ഗ്രസ് എംഎല്എമാരായ സോഫിയ ഫിര്ദൗസ്, ദശരഥി ഗമാംഗ്, രമേഷ് ചന്ദ്ര ജെന എന്നിവരും ക്രോസ് വോട്ട് ചെയ്തതായി അഭ്യൂഹങ്ങളുണ്ട്.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഏതാനും കോണ്ഗ്രസ് എംഎല്എമാരെ ബംഗളുരുവില് താമസിപ്പിച്ചിരുന്നു. ഇവര്ക്കു കോഴപ്പണം കൈമാറാന് ശ്രമിച്ച രണ്ടുപേരെ കോണ്ഗ്രസ് പ്രവര്ത്തകര് പിടികൂടി പോലീസില് ഏല്പ്പിക്കുകയും ചെയ്തു. എന്നിട്ടും ബിജെപി വിജയം സ്വന്തമാക്കുകയായിരുന്നു.
National
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്. 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ ഒന്പത് മുതൽ വൈകുന്നേരം നാലുവരെ ആണ് വെട്ടെടുപ്പ് നടക്കുക. വൈകുന്നേരം അഞ്ചോടെ വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.
എന്സിപി അധ്യക്ഷൻ ശരദ് പവാര് ഉൾപ്പെടെ 26 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതോടെ 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
ബിഹാറിലെ നാല് സീറ്റുകളിൽ എൻഡിഎ വിജയം ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്, ബിജെപി ദേശീയ അധ്യക്ഷന് നിതിന് നവീന് എന്നിവര് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും.
എന്നാൽ ഒരു സീറ്റില് ഇന്ത്യ മുന്നണിയും എന്ഡിഎയും തമ്മില് കനത്ത മത്സരമുണ്ടാകും.
ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മത്സരം നടക്കും. ഹരിയാനയിലെ നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ.
District News
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയിൽ നോഡല് ഓഫീസര്മാരുടെ യോഗം ചേര്ന്നു.
എസ്ഐആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര് പട്ടികയില് ജില്ലയില് ആകെ 5,40,698 പുരുഷ വോട്ടര്മാരും 5,55,530 സ്ത്രീ വോട്ടര്മാരും 13 ട്രാന്സ് ജെൻഡര് വോട്ടര്മാരുമായി ആകെ 10,96,241 വോട്ടര്മാരാണുള്ളത്. മഞ്ചേശ്വരം (2,27, 403), കാസര്ഗോഡ് (2,09,732), ഉദുമ (2,27,200), കാഞ്ഞങ്ങാട് (2,22,825), തൃക്കരിപ്പൂര് (2,09,081) എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. പുതിയതായി പേര് ചേര്ക്കുന്നതിനും നീക്കം ചെയ്യുന്നതിനും തെറ്റുകള് തിരുത്തുന്നതിനുമുള്ള അപേക്ഷകള് സ്വീകരിച്ചു വരുന്നുണ്ട്.
മഞ്ചേശ്വരം, കാസര്ഗോഡ്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാസര്ഗോഡ് ഗവണ്മെന്റ് കോളജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാഞ്ഞങ്ങാട് ദുര്ഗ ഹയര് സെക്കൻഡറി സ്കൂളിലും നടക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസർമാർ ഇവരാണ്: എഡിഎം കെ.വി. ശ്രുതി (മാന്പവര് മാനേജ്മെന്റ്, ക്രമസമാധാനം, മാതൃകാ പെരുമാറ്റച്ചട്ടം), ആര്ആര് തഹസില്ദാര് കെ.ബി. രാമു (പരിശീലന വിഭാഗം), എല്എസ്ജിഡി ജോയിന്റ് ഡയറക്ടര് ജെയ്സണ് മാത്യു (ഇവിഎം മാനേജ്മെന്റ്), സീനിയര് സൂപ്രണ്ട് കെ. രമേശൻ (മെറ്റീരിയല് മാനേജ്മെന്റ്), ആര്ടിഒ ഇന്ചാര്ജ് ജെ. ജെറാർഡ് (ട്രാന്സ്പോര്ട് മാനേജ്മെന്റ്), ഇന്ഫോര്മാറ്റിക്സ് ഓഫീസര് കെ. ലീന (കംപ്യൂട്ടറൈസേഷന്), കുടുംബശ്രീ ജില്ലാ കോ-ഓര്ഡിനേറ്റര് കെ. രതീഷ്കുമാർ (സ്വീപ്), കാസര്ഗോഡ് വികസന പാക്കേജ് സ്പെഷല് ഓഫീസര് വി. ചന്ദ്രൻ (എക്സ്പെന്ഡിച്ചര്), ജില്ലാ വിദ്യാഭ്യാസ ഓഫീസര് ആര്. രോഹന് രാജ് (ബാലറ്റ് പേപ്പര്), എല്എസ്ജിഡി വിജിലന്സ് ഓഫീസര് ടി.ടി. സുരേന്ദ്രൻ (പോസ്റ്റല് ബാലറ്റ് പേപ്പര്, സര്വീസ് വോട്ടര് ആന്ഡ് ഇഡിസി), ജില്ലാ ഇന്ഫര്മേഷന് ഓഫീസര് എം. മധുസൂദനൻ (മീഡിയ, സോഷ്യല് മീഡിയ), സീനിയര് സൂപ്രണ്ട് വി. ശ്രീകുമാർ (എസ്എംഎസ് മോണിറ്ററിംഗ് ആൻഡ് കമ്മ്യൂണിക്കേഷന് പ്ലാന്, വോട്ടര് ഹെല്പ്പ് ലൈന്), ടിടിപിസി സെക്രട്ടറി കെ. ജിജേഷ് (ഒബ്സര്വര്), സോഷ്യല് ജസ്റ്റിസ് ഓഫീസര് ഇന്ചാര്ജ് എം.അബ്ദുള്ള (പേഴ്സണ് വിത്ത് ഡിസെബിലിറ്റി), ശുചിത്വ മിഷന് കോ-ഓര്ഡിനേറ്റര് പി. ജയൻ (ഗ്രീന് പ്രോട്ടോക്കോള്).
ജില്ലയിലെ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന് അറിയിച്ചു. കളക്ടറുടെ ചേംബറില് നടന്ന വിവിധ രാഷ്ട്രീയ പാര്ട്ടികളുടെ അവലോകനയോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാ പ്രശ്നമുള്ള ഇടങ്ങളില് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്ക്കാരിന്റെ അറിയിപ്പുകളും ഉത്തരവുകളും കന്നഡയില് കൂടി നല്കണമെന്ന് യോഗത്തില് ആവശ്യമുയര്ന്നു, വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് കളക്ടര് അറിയിച്ചു.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര് എ.എന് ഗോപകുമാര്, സൂപ്രണ്ട് എ. രാജീവന്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്, സി.എം. മുസ്തഫ, ഹരീഷ് ബി. നമ്പ്യാര്, ഹാരിസ് ചൂരി, പി. രമേശ്, കെ.എ. മുഹമ്മദ് ഹനീഫ്, വി. രാജന്, കെ.വി. രവീന്ദ്രന്, ഉമ്മര് പാടലടുക്ക എന്നിവര് യോഗത്തില് പങ്കെടുത്തു.
District News
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനുമായി ജില്ലയിൽ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ചു.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലയിലെ 12 നിയസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ക്വാഡുകൾക്ക് പുറമെ ജില്ലാതല സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസറായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, ചെലവ് നീരീക്ഷണ നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ എന്നിവരുടെ കീഴിലും അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമായിരിക്കും ഈ സ്ക്വാഡുകളുടെ പ്രവർത്തനം.
സ്ഥാനാർഥികളുടെ ചെലവുകണക്കുകൾ കൃത്യമായി നിരീക്ഷിക്കാൻ ജില്ലയിൽ അക്കൗണ്ടിംഗ് ടീമുകൾ രൂപീകരിച്ചും ഉത്തരവായി. ജില്ലാകളക്ടറാണ് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കിയത്.
തെരഞ്ഞെടുപ്പ് കാലത്തെ പണമിടപാടുകൾ സുതാര്യമാക്കുന്നതിനും അനാവശ്യ ചെലവുകൾ തടയുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ജില്ലയിലെ അതിർത്തികളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കാൻ സ്റ്റാറ്റിക് സർവെയലൻസ് ടീമുകളും രൂപീകരിച്ചു. പണം, മദ്യം, മറ്റ് പാരിതോഷികങ്ങൾ എന്നിവയുടെ അനധികൃത കടത്ത് തടയുന്നതിനായാണ് സ്ക്വാഡുകൾ രൂപീകരിച്ചിട്ടുള്ളത്.
ജില്ലയിലെ വിവിധ അതിർത്തി പ്രദേശങ്ങളിലായി ആകെ 45 സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് പദവി നൽകിയിട്ടുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും ഓരോ സ്ക്വാഡിന്റെയും പ്രവർത്തനം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും തെരഞ്ഞെടുപ്പ് ചെലവുകളും കണ്ടെത്താൻ ജില്ലയിൽ വീഡിയോ സർവെയലൻസ് ടീമുകളും രൂപീകരിച്ചു. സംഘങ്ങൾ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പൊതുയോഗങ്ങൾ, ജാഥകൾ, മറ്റു പ്രചാരണ പരിപാടികൾ പൂർണമായും വീഡിയോയിൽ പകർത്തും.
District News
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ സ്വീകരണ,വിതരണ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, എഡിഡിഎൽഎസ് പി. ബിജുരാജ് എന്നിവരും കളക്ടറെ അനുഗമിച്ചു.
വേങ്ങര നിയോജക മണ്ഡലത്തിലെ സ്വീകരണ, വിതരണ, വോട്ടെണ്ണൽ കേന്ദ്രമായ തിരൂരങ്ങാടിയിലെ കെഎംഎം മെമ്മോറിയൽ ഓർഫനേജ് കോളജ്, തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ സ്വീകരണ, വിതരണ, വോട്ടെണ്ണൽ കേന്ദ്രമായ തിരൂരങ്ങാടിയിലെ ഒയുപി സ്കൂൾ എന്നിവ കളക്ടർ സന്ദർശിച്ചു.
വള്ളിക്കുന്ന് മണ്ഡലം തിരൂരങ്ങാടിയിലെ ഗവണ്മെന്റ് എച്ച്എസ്എസ്, താനൂർ മണ്ഡലത്തിന്റെ കോരങ്ങാത്ത് എഎംഎൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷൻ, കോട്ടക്കൽ, തിരൂർ, താനൂർ നിയോജക മണ്ഡലങ്ങളിലും ജില്ലാ കളക്ടർ സന്ദർശനം നടത്തി.
എസ്എസ്എം പോളിടെക്നിക് കോളജ്, തവനൂർ മണ്ഡലത്തിലെ കേളപ്പജി അഗ്രികൾച്ചർ എൻജിനിയറിംഗ് കോളജ്, പൊന്നാനി മണ്ഡലത്തിലെ സ്വീകരണ, വിതരണ, വോട്ടെണ്ണൽ കേന്ദ്രം, പൊന്നാനിയിലെ എവിഎച്ച്എസ്എസ് എന്നിവയും കളക്ടറും സംഘവും സന്ദർശിച്ചു. വെളിയങ്കോട് ഫിഷറീസ് എൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷനും കളക്ടർ സന്ദർശിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത തിരിച്ചടി. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പരാജയപ്പെടുത്തി ജെൻസി പ്രക്ഷോഭ നായകരിലൊരാളും മുൻ റാപ്പറുമായ ബലേന്ദ്ര ഷാ.
50000 വോട്ടുകൾക്കാണ് ബലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിയത്. നേപ്പാളിലെ ജാപ്പ-5 മണ്ഡലത്തിലാണ് ബലേന്ദ്ര ഷായുടെ മിന്നുന്ന ജയം. രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടിയുടെ യുവനേതാവ് കൂടിയായ ബലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായ കെ.പി. ശർമ ഒലിക്ക് 18734 വോട്ടുകൾ മാത്രമാണ് നേടാനായത്.
49614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബലേന്ദ്ര ഷായുടെ ജയം. വോട്ടെണ്ണലിന്റെ ആദ്യഫലങ്ങളിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ തിരിച്ചടിയെന്ന സൂചന വന്നിരുന്നു. 275 അംഗങ്ങളാണ് നേപ്പാളിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലുള്ളത്. മാർച്ച് അഞ്ചിനായിരുന്നു നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.
കെ.പി. ശർമ ഒലിയെ അധികാരത്തിൽ നിന്ന് നീക്കിയ ജെൻസി പ്രക്ഷോഭത്തിന് കൃത്യം ആറ് മാസത്തിന് ശേഷമായിരുന്നു ഇത്. അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും ഉയർത്തി ജെൻസി യുവാക്കൾ നടത്തിയ പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ചാണ് കെ.പി. ശർമ ഒലിയുടെ ഭരണകൂടം നേരിട്ടത്. ജെൻസി പ്രക്ഷോഭത്തിൽ 77 പേരാണ് കൊല്ലപ്പെട്ടത്.
National
ന്യൂഡൽഹി: മദ്യനയക്കേസിൽ കുറ്റവിമുക്തനായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ട കേജരിവാൾ ബിജെപി 10 സീറ്റിൽ കൂടുതൽ നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
"ഡൽഹി പൂർണമായും നശിച്ചു. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും അധികാരത്തോടുള്ള ആർത്തിയുടെ ഏറ്റവും വലിയ പ്രത്യാഘാതം ഡൽഹിയിലെ മൂന്ന് കോടി ജനങ്ങളാണ് ഏറ്റുവാങ്ങിയത്'.
"പോയി ഡൽഹിയിലെ ജനങ്ങളോട് ചോദിക്കൂ. ഇന്ന് ഞാൻ മോദിജിയെ വെല്ലുവിളിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ. നിങ്ങൾക്ക് പത്ത് സീറ്റിൽ കൂടുതൽ ലഭിച്ചാൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും. ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളെ മടുത്തു. ഈ കേസ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ്, ബിജെപി ആം ആദ്മി പാർട്ടിയെ ഡൽഹിയിൽ നിന്ന് പുറത്താക്കാൻ നടത്തിയ ഗൂഢാലോചനയാണ്'.- കേജ്രിവാൾ പറഞ്ഞു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യത്തോട് മാപ്പ് പറയണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. നീതി ലഭിച്ചെന്നും സത്യം അസത്യത്തെ അതിജീവിച്ചെന്നും പറഞ്ഞുകൊണ്ട് കേജരിവാൾ കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്തു.
National
ന്യൂഡൽഹി: കേരളത്തിലെ ബാർ കൗണ്സിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന അപേക്ഷ പരിഗണിക്കാൻ റിട്ട. ജസ്റ്റീസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ഉന്നതാധികാര സമിതിയോടു സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഏപ്രിൽ പത്തുമുതൽ ഹൈക്കോടതി വേനൽ അവധിക്കു പിരിയുന്നതിനാലും നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ വിജ്ഞാപനം ചെയ്യാൻ സാധ്യതയുള്ളതിനാലുമാണ് തീയതി മാറ്റണമെന്ന അപേക്ഷ സുപ്രീംകോടതിയിലെത്തിയത്. കേരള ബാർ കൗണ്സിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന് മുന്പ് പൂർത്തിയാക്കാനായിരുന്നു മുൻ നിർദേശം.
Kerala
തൃശൂർ: വിവാദമായ ബാങ്ക് തട്ടിപ്പിന് ശേഷം തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ്. മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ രാവിലെ ഒൻപതു മുതലാണ് അംഗങ്ങളുടെ വോട്ടിംഗ് ആരംഭിച്ചത്. വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ്. ഫലം വൈകുന്നേരത്തോടെ അറിയും.
13 അംഗ ഭരണസമിതിയിൽ 11 സീറ്റുകളിലാണ് മത്സരം. രണ്ടു സീറ്റിൽ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണുള്ളത്.
തട്ടിപ്പിന് പിന്നാലെ കരുവന്നൂരിൽ ഇതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബാങ്കിലെ പുതിയ ഭരണസമിതിയെ കണ്ടെത്തി വിഷയം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പത്തുവർഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.
മൊത്തമുള്ള 15,000 അംഗങ്ങളിൽ ഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്. 2016ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്തത്.
Kerala
കൊച്ചി: കേരള ബാര് കൗണ്സില് തെരഞ്ഞെടുപ്പ് ഏപ്രില് 17ന് നടത്താന് ബാര് കൗണ്സില് ഓഫ് ഇന്ത്യ വിജ്ഞാപനമിറക്കി.
25 അംഗ കമ്മിറ്റിയിലേക്കാണു തെരഞ്ഞെടുപ്പ്. 23 സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. ബാര് കൗണ്സില് അംഗങ്ങളായി ഏഴു വനിതകള് വേണമെന്നാണു നിര്ദേശം.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം എംപിമാർ മത്സരിക്കണമോ എന്നതിൽ തീരുമാനമായിട്ടില്ലെന്നും ഡൽഹിയിൽ അറിയിച്ചു.
കോൺഗ്രസ് എംപിമാരുടെ അഭിപ്രായം നേരത്തെയും തേടിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഇത്തവണയും എംപിമാരുമായുള്ള കൂടിക്കാഴ്ച നടത്തിയതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തനിക്ക് പാർലിമെന്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ നേരത്തെ കൂടിക്കാഴ്ച നടന്നില്ല. ഇന്ന് മധുസൂദൻ മിസ്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും എംപി പറഞ്ഞു.
National
ന്യൂഡല്ഹി: മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്, ബിഹാര് അടക്കം 10 സംസ്ഥാനങ്ങളില് ഒഴിവു വരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്ച്ച് 16ന് നടക്കും.
മുതിര്ന്ന എന്സിപി നേതാവ് ശരദ് പവാര് ഉള്പ്പെടെ ഏപ്രിലില് കാലാവധി അവസാനിക്കുന്നവരുടെ ഒഴിവുകളാണ് നികത്തുന്നത്. പി.വി. അബ്ദുള് വഹാബ്, ഡോ. ജോണ് ബ്രിട്ടാസ്, ഡോ. വി. ശിവദാസ് എന്നിവരുടെ 2027 ഏപ്രില് 23 വരെയുള്ള കാലാവധി അവസാനിക്കുമ്പോഴാകും കേരളത്തില്നിന്ന് രാജ്യസഭയിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്ര (ഏഴ്), തമിഴ്നാട് (ആറ്), പശ്ചിമബംഗാള്, ബിഹാര് (അഞ്ചു വീതം), ഒഡീഷ (നാല്), ആസാം (മൂന്ന്), തെലുങ്കാന, ഛത്തീസ്ഗഡ്, ഹരിയാന (രണ്ടു വീതം), ഹിമാചല് പ്രദേശ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്. മഹാരാഷ്ട്രയിലെ ഏഴില് ആറു സീറ്റും ഭരണകക്ഷിയായ ബിജെപി, ശിവസേന, എന്സിപി മഹായുതി സഖ്യത്തിനു ലഭിക്കും.
പ്രതിപക്ഷത്തിനു കിട്ടുന്ന ഏക സീറ്റില് പ്രായവും രോഗവും അവഗണിച്ച് ശരദ് പവാര് വീണ്ടും മത്സരിക്കാന് താത്പര്യപ്പെടുന്നതായി റിപ്പോര്ട്ടുണ്ട്.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ് നാരായണ് സിംഗ്, ശരദ് പവാര്, കേന്ദ്രമന്ത്രി രാംദാസ് അത്താവലെ, കോണ്ഗ്രസിന്റെ അഭിഷേക് മനു സിംഘ്വി, ഡിഎംകെയുടെ തിരുച്ചി ശിവ, ശിവസേനയുടെ (യുബിടി) പ്രിയങ്ക ചതുര്വേദി, ബിഹാറിലെ ലോക്സമത പാര്ട്ടിയുടെ ഉപേന്ദ്ര കുഷ്വാഹ, തൃണമൂല് കോണ്ഗ്രസിന്റെ സാകേത് ഗോഖലെ തുടങ്ങിയവര് വിരമിക്കുന്ന പ്രമുഖരില് ഉള്പ്പെടുന്നു.
അടുത്ത മാസം 16ന് രാവിലെ ഒമ്പതു മുതല് വൈകുന്നേരം നാലു വരെയാണു വോട്ടെടുപ്പ്. അതേ ദിവസം വൈകുന്നേരം അഞ്ചിനു വോട്ടെണ്ണല് നടത്തി ഫലം പ്രഖ്യാപിക്കും. പുതിയ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഇന്നലെ പുറത്തിറക്കി. പത്രിക സമര്പ്പിക്കാനുള്ള അവസാന തീയതി മാര്ച്ച് അഞ്ചിനാണ്.
National
മുംബൈ: ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് ശരദ് പവാർ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തന്റെ 85-ാം വയസിൽ പ്രായം കണക്കിലെടുത്ത് ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പവാർ നേരത്തെ പറഞ്ഞെങ്കിലും സഞ്ജയ് റാവത്തിന്റെ പ്രസ്താവന എൻസിപി ശരദ് പവാർ വിഭാഗം നിഷേധിച്ചില്ല.
50 വർഷത്തിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 14 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ശരദ് പവാർ ഒന്നിൽ പോലും തോറ്റിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ശരദ് പവാർ രാജ്യസഭയിലേക്ക് തിരിച്ചുവരുന്നത് വലിയ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്. എൻസിപിയുടെ രണ്ടു വിഭാഗങ്ങളും ഒന്നിക്കുന്നില്ലെങ്കിൽ പവാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കരുതെന്നാണ് പവാർ പക്ഷത്തെ മിക്കവരുടെയും അഭിപ്രായം.
പത്തോളം എംഎൽഎമാരാണ് പവാറിന്റെ പാർട്ടിക്കുള്ളത്. മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്ക്കായി കോണ്ഗ്രസിന്റെ പ്രധാന യോഗങ്ങള് ഇന്ന് ചേരും. പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യയോഗമാണ് ചേരുന്നത്. കെ.സി. വേണുഗോപാൽ ഉള്പ്പെടെയുള്ള നേതാക്കള് പങ്കെടുക്കും.
എഐസിസി നിയോഗിച്ച സച്ചിൻ പൈലറ്റ് ഉള്പ്പെടെയുള്ള നിരീക്ഷകര് കൂടി പങ്കെടുക്കുന്ന നേതൃയോഗവും ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള് വിലയിരുത്തും.
പ്രതിപക്ഷ നേതാവ് പുതുയുഗ യാത്രയിലായതിനാൽ ഓണ്ലൈനായി ആകും യോഗത്തിൽ പങ്കെടുക്കുക. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേര്ന്ന നേതാക്കളുടെ യോഗം ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൻ ഇറങ്ങാനാണ് കോൺഗ്രസ് നീക്കം.
സിറ്റിംഗ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർഥികളെയും ആദ്യം പ്രഖ്യാപിക്കും. പാലക്കാട് ഷാഫി പറമ്പിലിന്റെ നിലപാട് കൂടി പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്നലെ കൊച്ചിയിൽ അനൗദ്യോഗിക യോഗം ചേർന്നിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില് യുഡിഎഫിനോട് രണ്ട് സീറ്റുകള് ആവശ്യപ്പെട്ട് സിഎംപി. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പാര്ട്ടി തെരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞതായി സിഎംപി ജനറല് സെക്രട്ടറി സി.പി. ജോണ് പറഞ്ഞു. രണ്ട് സീറ്റ് നല്കുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. എന്നാല് ചോദിച്ച സീറ്റുകള് തന്നെ ലഭിക്കുമോ എന്ന് പറയാനാകില്ല.
രണ്ട് സീറ്റും കിട്ടുമെന്നാണ് പ്രതീക്ഷ. ഈ മാസം 22 ന് മുമ്പായി സീറ്റ് വിഭജനം പൂര്ത്തിയാകുമെന്നും ജോണ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കവുമായി കോണ്ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്ഡ് നീക്കം.
പ്രചാരണ സമിതിയും പ്രകടനപത്രിക സമിതിയും കോൺഗ്രസ് ഇതിനൊടകം പ്രഖ്യാപിച്ചിരുന്നു. 16ന് കൊച്ചിയില് ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനിംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള് ചേര്ന്ന് സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നല്കും.
25ന് മുന്പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക. അങ്ങനെയെങ്കില് കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ് പേരാവൂരില് നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന് പകരം പദവിയില് ആരെന്നതിലും തീരുമാനം വരും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ശശി തരൂർ ആണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ.ഷാഫി പറമ്പിൽ പ്രചാരണ സമിതി കൺവീനർ. ബെന്നി ബഹ്നാൻ പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് സഹഅധ്യക്ഷൻ.
രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫി പറമ്പിലിനെ കൺവീനർ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നിരീക്ഷകർക്കായുള്ള പരിശീലനം ഡൽഹിയിൽ ആരംഭിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. ആകെ 1444 ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയോഗിച്ചത്.
714 പൊതു നിരീക്ഷകരെയും 233 പോലീസ് നിരീക്ഷകരെയും 497 തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും സംസ്ഥാനങ്ങളിലേക്ക് പോകും. എസ്ഐആർ അടക്കമുള്ള വിഷയങ്ങൾ നിരീക്ഷകരോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനെ പരിഗണിക്കുന്നതിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ. 'യൂത്ത് കോൺഗ്രസ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഷാനിമോൾ ഉസ്മാനെ 'ദേശാടനപക്ഷി' എന്ന് വിശേഷിപ്പിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
അരൂരിൽ വിയർപ്പൊഴുക്കി പാർട്ടി വളർത്തിയ പ്രാദേശിക നേതാക്കളെ അവഗണിച്ച് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം മണ്ഡലത്തിലേക്ക് എത്തുന്നവരെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. "പാര്ട്ടി വളര്ത്താന് അരൂര്കാരും, ലാഭം കൊയ്യാൻ പറന്നിറങ്ങുന്ന ദേശാടനപക്ഷികളും" എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന പാരമ്പര്യമുള്ള കോൺഗ്രസ് പ്രവർത്തകർക്കും യുവാക്കൾക്കും അവസരം നൽകണമെന്ന വാദമാണ് പ്രാദേശിക നേതൃത്വം ഉയർത്തുന്നത്.
കുറച്ചു കാലമായി ഷാനിമോൾ ഉസ്മാനും അരൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. മണ്ഡലത്തിലെ ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഷാനിമോളുടെ സാന്നിധ്യമില്ലെന്ന പരാതി ഒരു വിഭാഗം പ്രവർത്തകർ നേരത്തെയും ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പരസ്യമായ പോസ്റ്റർ പ്രചാരണം. കഴിവുള്ള പ്രാദേശിക നേതാക്കളെ തഴഞ്ഞ് ഒന്നിലധികം തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
National
ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീംകോടതി. 2016ലെ അഴിക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷാജിക്ക് ഹൈക്കോടതി അയോഗ്യത വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ജസ്റ്റീസ് ബി.ബി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഷാജിയുടെ അയോഗ്യത പ്രാബല്യത്തില് വരുത്തണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായിരുന്ന നികേഷ് കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്..
കേസിൽ ആറ് വര്ഷത്തെ അയോഗ്യതയാണ് ഷാജിക്ക് കേരള ഹൈക്കോടതി വിധിച്ചത്. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില് വര്ഗീയകാര്ഡ് പ്രചരിപ്പിച്ചുവെന്നടക്കമുള്ള നികേഷ് കുമാര് ഉയര്ത്തിയ ആരോപണങ്ങള് ഹൈക്കോടതി ശരിവക്കുകയുമായിരുന്നു.
ഇതോടെ ഷാജി സുപ്രീംകോടതിയെ സമീപിക്കുകയും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തെ താൻ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ഭവന സന്ദർശനം പ്രതിസന്ധികൾ മാറ്റും. തുടർഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും വ്യക്തമാക്കിയിരുന്നു. ടീമിന്റെ നായകനും മുഖ്യമന്ത്രിയായിരിക്കും. ഭരണത്തുടർച്ചയുണ്ടായാൽ ഭരണകർത്താക്കളെ സംബന്ധിച്ച് അപ്പോൾ തീരുമാനിക്കുമെന്നും ബേബി വ്യക്തമാക്കിയിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയടക്കം 29 കോർപറേഷനുകളിലേക്ക് ഇന്നു തെരഞ്ഞെടുപ്പ്.
മുംബൈയിലെ പോരാട്ടമാണ് ഏറ്റവും ശ്രദ്ധേയം. ബിജെപി നേതൃത്വം നല്കുന്ന മഹായുതിക്കെതിരേ ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ എംഎൻഎസും സഖ്യത്തിലാണു മത്സരിക്കുന്നത്.
25 വർഷമായി അവിഭക്ത ശിവസേനയാണു മുംബൈയിൽ ഭരണം നടത്തിവരുന്നത്.പൂന, നാഗ്പുർ തുടങ്ങിയ നഗരസഭകളിലും ഇന്നു വിധിയെഴുത്തു നടക്കും.
District News
നെടുങ്കണ്ടം: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം മാറിയപ്പോൾ ഉടുമ്പൻചോലയിൽ ഇത്തവണ കോൺഗ്രസ് ക്യാമ്പിൽ ചർച്ചകൾ സജീവമാകുന്നു.
മുമ്പെന്നത്തേക്കാളും മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി തുടർച്ചയായി സിപിഎം ഉരുക്കുകോട്ടയായി നിലനിർത്തുന്ന ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ഇത്തവണ കോട്ട തകർത്ത് മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തും ഇടത് മുന്നണി ഭരണം നേടിയപ്പോൾ അന്ന് സ്ഥാനാർഥി മോഹികളായിട്ടുള്ളവർ പിന്നോട്ട് വലിഞ്ഞിരുന്നു. എന്നാൽ, ഇത്തവണ മണ്ഡലത്തിലെ സ്ഥിതിയാകെ മാറിയതോടെ സ്ഥാനാർഥിത്വത്തിനായി അര ഡസനിലധികം പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പത്തിൽ അഞ്ച് പഞ്ചായത്ത് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. രാജകുമാരിയിൽ ഒപ്പത്തിനൊപ്പംനിന്നതും 27 വർഷത്തിനു ശേഷം രാജക്കാട് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതുമാണ് കോൺഗ്രസ് ക്യാമ്പ് ഉണരാൻ കാരണം.
മണ്ഡലത്തിലാകെ യുഡിഎഫ് തരംഗമാണന്നാണ് നേതാക്കൾ പറയുന്നത്. ഇതോടെ സ്ഥാനാർഥികളാകാൻ നേതാക്കൾ ചരടുവലികൾ തുടങ്ങി. സീറ്റ് ഐ ഗ്രൂപ്പ് നിലനിർത്തിയാൽ കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിനാണ് സാധ്യത. മുമ്പ് മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട് എന്നതും മണ്ഡലത്തിൽ ചിരപരിചിതനാണെന്നതും പ്രവർത്തകർക്കിടയിലെ സ്വീകാര്യതയും കല്ലാറിന് ഗുണകരമാകും.
അതേസമയം സംസ്ഥാനത്ത് കെ.സി. വേണുഗോപാൽ ഗ്രൂപ്പ് ശക്തമായതോടെ മണ്ഡലം കെസി പക്ഷം പിടിച്ചാൽ കെപിസിസി മീഡിയ വക്താവ് സേനാപതി വേണു, കെപിസിസി സെക്രട്ടറി എം.എൻ. ഗോപി എന്നിവരും പരിഗണിക്കപ്പെടും. 2016ൽ ചെറിയ ഭൂരിപക്ഷത്തിലാണ് സേനാപതി വേണു എം.എം. മണിയോടു പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇദ്ദേഹം മത്സരരംഗത്ത് എത്തിയിരുന്നില്ല.
നെടുങ്കണ്ടം അർബൻ ബാങ്ക് പ്രസിഡന്റായ എം.എൻ. ഗോപി ദീർഘനാളായി സജീവ രാഷ്ട്രീയരംഗത്തുണ്ട്. ഗ്രൂപ്പുകൾ പരിഗണിക്കപ്പെടാതിരുന്നാൽ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, ജനറൽ സെക്രട്ടറിമാരായ ജി. മുരളീധരൻ, ബിജോ മാണി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
യുവാക്കൾക്ക് മുൻഗണന നൽകിയാൽ മുകേഷ്, ബിജോ മാണി എന്നിവർക്കാണ് മുൻതൂക്കം. വിവിധ സർവേകളിലും ഇവർക്ക് വിജയ സാധ്യത കൽപ്പിക്കുന്നുണ്ട്. മൂന്ന് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചതും മുകേഷിന് അനുകൂലമാകും.
20 വർഷം വലിയതോവാള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പത്തുവഷം നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, സ്പൈസസ് ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ച് മികവ് തെളിയിച്ച ജി. മുരളീധരനും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
ഭൂവിഷയങ്ങളിലടക്കം കൃത്യമായ പഠനം നടത്തി വിഷയങ്ങളിൽ ഇടപെടുന്ന ബിജോ മാണിക്ക് പൊതു സ്വീകാര്യത കൂടുതലാണ്. ഈ വിഷയങ്ങളിൽ ബിജോയുടെ ഇടപെടൽ കർഷകർക്കിടയിൽ കാര്യങ്ങൾ പഠിക്കുന്ന യുവ നേതാവെന്ന ഖ്യാതിയുണ്ടാക്കിയിട്ടുണ്ട്. വിജയ സാധ്യതയും യുവ പ്രാതിനിധ്യവും പരിഗണിച്ചാൽ ബിജോ മാണിക്ക് പ്രഥമ പരിഗണന ലഭിച്ചേക്കും.
ഇത്രയും പേരുകൾ പരിഗണിച്ചാലും ഈ മാസം അവസാനത്തോടെ എല്ലാ ഘടകങ്ങളും പരിഗണിച്ച് മണ്ഡലത്തിലെ സാധ്യതാ ലിസ്റ്റ് മൂന്ന് പേരിലേക്ക് ചുരുക്കും. ഈ ലിസ്റ്റായിരിക്കും സ്ക്രീനിംഗ് കമ്മിറ്റിയിലേക്ക് എത്തുന്നത്.
എൽഡിഎഫിൽ മുൻ എംൽഎമാരും സിപിഎം മുൻ ജില്ലാ സെക്രട്ടറിമാരുമായ എം.എം. മണി, കെ.കെ. ജയചന്ദ്രൻ എന്നിവരുടെ പേരുകളും എം.എം. മണിയുടെ മകളും സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയും രാജാക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സതി കുഞ്ഞുമോന്റെ പേരുമാണ് ഉയർന്നുകേൾക്കു ന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നു മേഖലാ ജാഥകൾ നടത്താൻ ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി ഒന്നിനു മഞ്ചേശ്വരത്തു നിന്നാരംഭിച്ച് 15ന് പാലക്കാട് തരൂരിൽ അവസാനിക്കും. 60 നിയമസഭ മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി ജാഥാ ക്യാപ്റ്റനായിട്ടുള്ള മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിന് അങ്കമാലിയിൽ നിന്നാരംഭിച്ച് 13ന് പത്തനംതിട്ട ആറന്മുളയിൽ അവസാനിക്കും. 33 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഫെബ്രുവരി നാലിന് തൃശൂർ ചേലക്കരയിൽ നിന്നാരംഭിച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. 47 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
District News
പുൽപ്പള്ളി: എൽഡിഎഫ് ഭരിക്കുന്ന പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികൾ ബിജെപി പിന്തുണയിൽ യുഡിഎഫിന് ലഭിച്ചു.
ഇന്നലെ നടന്ന ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വികസന കാര്യം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് കോണ്ഗ്രസിന് ഭൂരിപക്ഷം ലഭിച്ചത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച യുഡിഎഫിലെ ഗീത കുഞ്ഞികൃഷ്ണന് 12 വോട്ടുകൾ ലഭിച്ചു.
എൽഡിഎഫ് സ്ഥാനാർഥി കലാ രാജുവിന് ഒന്പത് വോട്ടാണ് ലഭിച്ചത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച യുഡിഎഫിലെ സെലിൻ മാനുവലിന് 12 വോട്ട് ലഭിച്ചു.
എൽഡിഎഫിലെ ഷൈജ മഗേഷിന് ഒന്പത് വോട്ടാണ് ലഭിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച ബിജെപിയിലെ സുചിത്ര എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നാണ് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുക്കുന്നത്.
എൽഡിഎഫാണ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫ്-ഒന്പത്, യുഡിഎഫ്- എട്ട്, ബിജെപി- നാല് എന്നിങ്ങനെയാണ് കക്ഷിനില. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി വനിതകൾക്കാണ്. അതേസമയം കോണ്ഗ്രസ് പാർട്ടി നിർദേശം അനുസരിച്ചാണ് സ്റ്റാൻഡിംഗ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്ന് കോണ്ഗ്രസ് അംഗം എം.ടി. കരുണാകരൻ പറഞ്ഞു.
ഇന്ന് നടക്കുന്ന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആർക്ക് വോട്ട് ചെയ്യുമെന്നുള്ളത് നിർണായകമാണ്.
കോണ്ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് പുൽപ്പള്ളിയിൽ വന്നതെന്ന് സിപിഎം ആരോപിച്ചു. ഇക്കാര്യത്തിൽ കോണ്ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ജില്ല കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു പറഞ്ഞു.
യുഡിഎഫും ബിജെപിയും ധാരണയിലായതോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയെ താഴെയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കൾ. പുൽപ്പള്ളി പഞ്ചായത്ത് ഭരണസമിതിയിലെ കോണ്ഗ്രസ് ബിജെപി ധാരണ സംസ്ഥാന തലത്തിൽ ചർച്ചയാക്കാനുള്ള തയാറെടുപ്പിലാണ് എൽഡിഎഫ് നേതൃത്വം
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്നു മുതൽ ഏഴു വരെ നടക്കും. ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേയും അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
അംഗങ്ങളിൽ നിന്നാണ് ചെയർമാനെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും വേഗം ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളാണുള്ളത്. ജില്ലാ പഞ്ചായത്തിൽ ധനകാര്യം വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളിൽ ധനം, വികസനം,ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ-കലാകായികം എന്നിവയടക്കം ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. കോർപറേഷനുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കായികം എന്നിങ്ങനെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, ചെയർമാൻ തെരഞ്ഞെടുപ്പ് നടത്താൻ അതാതു സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിലേയുംകോർപ്പറേഷനിലെയും തെരഞ്ഞെടുപ്പ് വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്.
സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. ധനകാര്യമുൾപ്പെടെ എല്ലാ സ്റ്റാ ൻഡിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് വിജ്ഞാപനമിറക്കി. സ്ത്രീ സംവരണ സ്ഥാനത്തേക്കായിരിക്കും ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. സ്ത്രീ സംവരണ സ്ഥാനം നികത്തിയതിന് ശേഷം മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തും.
National
ബംഗളുരു: ഒരു വോട്ട് പോലും പോൾ ചെയ്യുന്നതിന് മുന്പ് ബിജെപി-ശിവ സേന സഖ്യം 66 സീറ്റിൽ ജയിച്ചു. എൻസിപി രണ്ട് സീറ്റും നേടി. മഹാരാഷ്ട്രയിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലാണ് സഖ്യത്തിന്റെ മിന്നും ജയം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മറ്റ് പാർട്ടികളുടെയും സഖ്യങ്ങളുടെയും സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെയാണ് 68 സീറ്റിൽ എതിരാളികളില്ലാതെ ബിജെപിക്കും സഖ്യത്തിനും ജയിക്കാനായത്.
കല്യാൺ ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിയിൽനിന്ന് 15 പേരും ശിവസേനയിൽ നിന്ന് ആറ് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ ആറ് സീറ്റിൽ വീതം ശിവസേനയും ബിജെപിയും ജയിച്ചു. പൻവേലിലും ഏഴ് ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ ശക്തികേന്ദ്രമായ ഭിവണ്ടിയിലും ആറ് സീറ്റിൽ ബിജെപി എതിരില്ലാതെ ജയിച്ചു.
താനേയിൽ ആറിടത്ത് ശിവസേന എതിരില്ലാതെ ജയിച്ചു. ധൂലെയിൽ മൂന്ന് ബിജെപി സ്ഥാനാർഥികളും രണ്ട് എൻസിപി സ്ഥാനാർഥികളും എതിരില്ലാതെ ജയിച്ചു. അഹല്യ നഗറിൽ ബിജെപി ഒരു സീറ്റിൽ ജയിച്ചു.
Kerala
പത്തനംതിട്ട: പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന ഭരണസമിതികളില് സ്റ്റാന്ഡിംഗ് കമ്മിറ്റി (സ്ഥിരം സമിതി) തെരഞ്ഞെടുപ്പുകള് അഞ്ചിന് ആരംഭിക്കും. അഞ്ചു മുതല് ഏഴുവരെയാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില് ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്ഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്. ജില്ലാ പഞ്ചായത്തില് ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത് കാര്യം, ആരോഗ്യ വിദ്യാഭ്യാസ കാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്ഡിംഗ് കമ്മിറ്റികളുണ്ടാകും.
നഗരസഭകളില് ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്, വിദ്യാഭ്യാസ കലാകായികം എന്നിങ്ങനെ ആറ് സ്റ്റാന്ഡിംഗ് കമ്മിറ്റികളുണ്ടാകും. കോര്പറേഷനുകളില് ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണ, നികുതി - അപ്പീല്, വിദ്യാഭ്യാസം - കായികകാര്യങ്ങള് എന്നിങ്ങനെ എട്ടെണ്ണമായിരിക്കും.
അതത് തദ്ദേശ സ്ഥാപന വരണാധികാരികളുടെ ചുമതലയിലാണ് തെരഞ്ഞെടുപ്പുകള്. സ്റ്റാന്ഡിംഗ് കമ്മിറ്റികളുടെ രൂപീകരണത്തിനുശേഷം ഓരോ സമിതിയും വെവ്വേറെ യോഗം ചേര്ന്ന് അധ്യക്ഷരെ തെരഞ്ഞെടുക്കണം. സ്റ്റാന്ഡിംഗ് കമ്മിറ്റി രൂപീകരണത്തിനുശേഷം പ്രത്യേക നോട്ടീസ് നല്കിയാണ് ചെയര്മാന്മാരെ തെരഞ്ഞെടുക്കാന് യോഗം ചേരുന്നത്.
എല്ലാ അംഗങ്ങള്ക്കും പ്രാതിനിധ്യം
തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ അംഗങ്ങളും ഏതെങ്കിലും ഒരു സ്റ്റാന്ഡിംഗ് കമ്മിറ്റിയില് അംഗമായിരിക്കണമെന്നതാണ് വ്യവസ്ഥ. ഒരു അംഗം ഒരു സ്റ്റാന്ഡിംഗ് കമ്മിറ്റിയില് മാത്രമേ അംഗമാകാനും പാടുള്ളൂ. തദ്ദേശ സ്ഥാപന അധ്യക്ഷര് ഒഴികെയുള്ള അംഗങ്ങള് ഇത്തരത്തില് ഉള്പ്പെടും.
ധനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റിയിലാണ് ഉപാധ്യക്ഷര് ഉള്പ്പെടുക. ഈ കമ്മിറ്റിയുടെ അധ്യക്ഷ പദവിയും ഉപാധ്യക്ഷര്ക്കായിരിക്കും. മറ്റ് സ്റ്റാന്ഡിംഗ് കമ്മിറ്റികളില് ഉള്പ്പെടുന്നവരില് നിന്നായിരിക്കും അധ്യക്ഷരെ തെരഞ്ഞെടുക്കുക.
എല്ലാ സ്റ്റാന്ഡിംഗ് കമ്മിറ്റിയിലും ഒരു സ്ഥാനം വനിതാ സംവരണമായിരിക്കും. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയാകുന്ന ബന്ധപ്പെട്ട തദ്ദേശ സ്ഥാപന വൈസ് പ്രസിഡന്റ് വനിതയാണെങ്കില്കൂടി മറ്റൊരു അംഗത്തെ ധനകാര്യ സ്ഥിരം സമിതിയില് ഉള്പ്പെടുത്താം.
എല്ലാ സ്റ്റാന്ഡിംഗ് കമ്മിറ്റികളിലും ഒരു വനിത ഉള്പ്പെടണമെന്നതിനാൽ വനിതാസംവരണ സ്ഥാനങ്ങളാകും ആദ്യം നികത്തുക. ഏതെങ്കിലും സ്റ്റാന്ഡിംഗ് കമ്മിറ്റിയിലേക്ക് സ്ത്രീസംവരണ സ്ഥാനത്തേക്ക് നാമനിര്ദേശം ലഭിക്കാത്തതു മൂലം അംഗത്തെ തെരഞ്ഞെടുക്കാന് കഴിയാതെ വന്നാല് വീണ്ടും യോഗം ചേര്ന്ന് സ്ത്രീസംവരണ സ്ഥാനം നികത്തണം.
സ്റ്റാന്ഡിംഗ് കമ്മിറ്റി തലപ്പത്തും വനിതകള്
ഉപാധ്യക്ഷസ്ഥാനം വനിതകള്ക്കായി സംവരണം ചെയ്തിട്ടുള്ള ഒരു പഞ്ചായത്തില് ധനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്ഡിംഗ് കമ്മിറ്റിയിലെ അധ്യക്ഷസ്ഥാനം കൂടി വനിതയ്ക്കു ലഭിക്കും. ഉപാധ്യക്ഷസ്ഥാനം വനിതയ്ക്കു സംവരണം ചെയ്തിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളില് ധനകാര്യ കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വനിതയ്ക്കു ലഭിക്കും.
എന്നാല്, ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായി സംവരണം ചെയ്തിട്ടുള്ള ഇടങ്ങളില് ധനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്ഡിംഗ് കമ്മിറ്റികളിലെ അധ്യക്ഷസ്ഥാനങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്ക്കായി സംവരണം ചെയ്തിട്ടില്ലാത്ത ഇടങ്ങളില് ധനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്ഡിംഗ് കമ്മിറ്റികളിലെ അധ്യക്ഷസ്ഥാനവും വനിതകള്ക്കാണ്.
വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം കൂടി വനിതകള്ക്ക് ലഭിക്കും. വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്ക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കില് വികസനം, ആരോഗ്യം, വിദ്യാഭ്യാസം സമിതികളുടെ അധ്യക്ഷപദവികൂടി ലഭിക്കും.
ജില്ലാ പഞ്ചായത്തുകളില് വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്ക്കാണെങ്കില് വികസനം, ആരോഗ്യം സ്റ്റാന്ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷപദവികളായിരിക്കും വനിതകള്ക്കു ലഭിക്കുക.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്ന് മുന്നറിയിപ്പുമായി എഐസിസി. കേരളത്തിലെ മുതിർന്ന നേതാക്കളെയടക്കം ഇക്കാര്യം ഓർമിപ്പിക്കണമെന്നും എഐസിസി കെപിസിസിക്ക് നിർദേശം നല്കി. തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫിലെ മികച്ച വിജയത്തിന് ശേഷം കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയാറാണെന്നും മത്സരിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണത്തിനെതിരേ സംസ്ഥാന യൂത്ത് കോൺഗ്രസ് എഐസിസി നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്, സ്ഥാനാർഥി നിർണയത്തിൽ തീരുമാനം എഐസിസി തീരുമാനിക്കുമെന്ന നിലപാട് കെപിസിസിയെ അറിയിച്ചത്. നിലവിൽ, സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി എഐസിസിയാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ തവണ 93 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ജയിച്ചത് 21 സീറ്റുകളിലും. നിയമസഭാ മണ്ഡലടിസ്ഥാനത്തിൽ രൂപീകരിച്ച കോർ കമ്മിറ്റികൾ നല്കുന്ന പേരുകൾ പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മുന്നിൽ കണ്ട് കാബിനറ്റ് ഉൾപ്പെടെ കോൺഗ്രസ് രൂപീകരിച്ചിരുന്നു. എന്നാൽ, മികച്ച വിജയത്തോടെ ഇടതുസർക്കാർ വീണ്ടും അധികാരത്തിലേറുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല്, അഞ്ച് തീയതികളിൽ ബത്തേരിയിൽ കോൺഗ്രസ് ക്യാന്പ് ചേരുന്നുണ്ട്. കോർ കമ്മിറ്റി, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ, എംപിമാർ, കെപിസിസി ഭാരവാഹികൾ എന്നിവരടക്കം ക്യാന്പിൽ പങ്കെടുക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക വോട്ട് കണക്കുകൾ പുറത്തുവന്നപ്പോൾ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 28.79 ലക്ഷം വോട്ടുകൾ അധികമായി ലഭിച്ചു. യുഡിഎഫിന് 41.20 ശതമാനം വോട്ടു ലഭിച്ചപ്പോൾ എൽഡിഎഫിനു ലഭിച്ചത് 35.95 ശതമാനം വോട്ടുകളാണ്. എൻഡിഎയ്ക്ക് 15.05 ശതമാനം വോട്ട് ആണു ലഭിച്ചത്.
മുനിസിപ്പൽ, കോർപറേഷൻ തെരഞ്ഞെടുപ്പുകളിലും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലുമായി ആകെ 5,48,68,290 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ യുഡിഎഫിന് 2,26,04,339 വോട്ടുകളും എൽഡിഎഫിന് 1,97,25,218 വോട്ടുകളും ലഭിച്ചു. എൻഡിഎയ്ക്കു ലഭിച്ചത് 82,58,873 വോട്ടുകളാണ്. മറ്റുള്ളവർക്ക് എല്ലാം കൂടി 42,79,860 വോട്ടുകളും ലഭിച്ചു. ഗ്രാമപഞ്ചായത്തുകൾ മുതൽ കോർപറേഷനുകൾ വരെ എല്ലാ തലങ്ങളിലും യുഡിഎഫ് ആണു മേൽക്കൈ നേടിയത്. മുനിസിപ്പാലിറ്റികളിലെ കണക്കെടുക്കുന്പോൾ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 9.12 ശതമാനം അധിക വോട്ടുകൾ ലഭിച്ചു.
ഭരണം ലഭിച്ച തദ്ദേശസ്ഥാപനങ്ങളുടെ എണ്ണത്തിന്റെ കണക്കിൽ എൽഡിഎഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച 2020 ലെ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടിൽ എൽഡിഎഫിനു യുഡിഎഫിനേക്കാൾ 1.66 ശതമാനം അധികവോട്ടുകൾ മാത്രമാണു ലഭിച്ചത്. അന്ന് 14.31 ശതമാനം വോട്ടുവിഹിതം നേടിയ എൻഡിഎയ്ക്ക് ഇത്തവണ നാമമാത്ര വോട്ട് വർധന മാത്രമാണുണ്ടായത്.
2020 ലെ 14.31 ശതമാനം വോട്ട് ഇത്തവണ 15.05 ശതമാനമായി ഉയർന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎയുടെ വോട്ട് വിഹിതം 19.2 ശതമാനമായി കുതിച്ചുയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് 25 ശതമാനമായി ഉയർത്താനാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിന് അടുത്തെങ്ങുമെത്താൻ അവർക്കായില്ല. തിരുവനന്തപുരം കോർപറേഷനിൽ ഭരണം കിട്ടിയതിന്റെ തിളക്കം മാറ്റി നിർത്തിയാൽ എൻഡിഎയോ ബിജെപിയോ ഇത്തവണ നേട്ടമുണ്ടാക്കിയതായി കണക്കാക്കാനാകില്ല.
എല്ല തദ്ദേശസ്ഥാപനങ്ങളിലുമായി ഏറ്റവും കുടുതൽ സീറ്റുകൾ നേടിയത് കോണ്ഗ്രസ് ആണ്. അവർക്ക് ആകെ 7,817 സീറ്റുകൾ ലഭിച്ചു. രണ്ടാമതെത്തിയ സിപിഎമ്മിന് 7,445 സീറ്റുകളും മൂന്നാമതെത്തിയ മുസ്ലിംലീഗിന് 2,844 സീറ്റുകളും ലഭിച്ചത്. സീറ്റ് എണ്ണത്തിൽ ബിജെപി നാലാമതാണ്. അവർക്ക് 1,914 സീറ്റുകളിൽ സ്വന്തം സ്ഥാനാർഥികളെ വിജയിപ്പിക്കാനായി. എന്നാൽ അവരുടെ സഖ്യകക്ഷിയായ ബിഡിജെഎസിന് ആകെ ലഭിച്ചത് അഞ്ചു സീറ്റുകൾ. കേരള കോണ്ഗ്രസ്- ജോസഫ് വിഭാഗം 332 സീറ്റുകളിൽ വിജയിച്ചപ്പോൾ കേരള കോണ്ഗ്രസ്-എമ്മിന് 246 വാർഡുകളാണ് ലഭിച്ചത്.
യുഡിഎഫിലെ മറ്റു കക്ഷികൾക്കു ലഭിച്ച സീറ്റുകൾ ഇങ്ങനെ: ആർഎസ്പി-57, കേരള കോണ്ഗ്രസ്- ജേക്കബ്-34, സിഎംപി-10, കേരള ഡെമോക്രാറ്റിക് പാർട്ടി- 8, ഫോർവേർഡ് ബ്ലോക്ക് -1. എൽഡിഎഫിലെ മറ്റു കക്ഷികൾ: സിപിഎെ-1018, ആർജെഡി- 63, ജനതാദൾഎസ്- 44, എൻസിപി-25, കേരള കോണ്ഗ്രസ്-ബി-15, ഐഎൻഎൽ-9, കോണ്ഗ്രസ്-എസ്- 8, ജനാധിപത്യ കേരള കോണ്ഗ്രസ്- 6.
മുന്നണികളിൽ പെടാത്ത പാർട്ടികളിൽ എസ്ഡിപിഐ 97 സീറ്റുകളിൽ വിജയിച്ചു. ട്വന്റി 20 ജയിച്ചത് 78 വാർഡുകളിലാണ്. വെൽഫെയർ പാർട്ടി 31 സീറ്റുകളിലും ആർഎംപി 29 സീറ്റുകളിലും വിജയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 26നും 27നുമായി നടക്കും. നഗരസഭാ ചെയർമാൻ, കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും വൈസ് ചെയർമാൻ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അതേ ദിവസം ഉച്ചകഴിഞ്ഞ് 2.30നും നടക്കും. ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നും നടക്കും.
ജില്ലാ പഞ്ചായത്ത്- കോർപറേഷൻ എന്നിവയിൽ വരണാധികാരികളായി കളക്ടർമാരെ ചുമതലപ്പെടുത്തി. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തിൽ അതത് സ്ഥാപന വരണാധികാരികൾക്കാണ് ചുമതല. മുനിസിപ്പാലിറ്റികളിൽ വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തി.
തദ്ദേശ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ സ്ഥാനാർഥിയെ ഒരാൾ നാമനിർദേശം ചെയ്യണം. മറ്റൊരാൾ പിന്താങ്ങണം. നാമനിർദേശം ചെയ്ത വ്യക്തി യോഗത്തിൽ ഹാജരില്ലെങ്കിൽ സ്ഥാനാർഥിയാകാനുള്ള സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിലധികം പേര് നിർദേശിക്കാനോ, ഒന്നിലധികം പേരെ പിന്താങ്ങാനോപാടില്ല. സംവരണം ചെയ്ത സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തെ മറ്റൊരാൾ നാമനിർദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട.
ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പണ് ബാലറ്റ് മുഖേനയാകും. വോട്ട് ചെയ്യുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിറകിൽ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കണം. ക്വാറം തികഞ്ഞില്ലെങ്കിൽ യോഗം അടുത്ത പ്രവൃത്തിദിനത്തിലേക്കു മാറ്റും. മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തിൽ ക്വാറമില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തും. രണ്ടു പേർക്കു തുല്യ വോട്ടാണെങ്കിൽ, നറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാൾ തെരഞ്ഞെടുക്കപ്പെടും.
സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങൾക്ക് യോഗ നടപടികളിൽ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ അവകാശമില്ല.
വോട്ടെടുപ്പു പൂർത്തിയായ ശേഷം വരണാധികാരി അംഗങ്ങളുടെ, സാന്നിധ്യത്തിൽ വോട്ട് എണ്ണി ഫലപ്രഖ്യാപനം നടത്തും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മേയർ, ചെയർപേഴ്സണ്, പ്രസിഡന്റ് എന്നിവർ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ എന്നിവർ മേയർ, ചെയർമാൻ മുൻപാകെയും വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുൻപാകെയും സത്യപ്രതിജ്ഞ ചെയ്യണം.