ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.
പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന്, തങ്ങളെന്തിനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ രാജ്യത്ത് സ്വന്തം അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ എല്ലാവരും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നാൽ കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകുമെന്നും ദിപ്കെ ചോദിച്ചു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഡൽഹിയിൽ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിക്കു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.
ലോകത്ത് എന്തുസംഭവിച്ചാലും ഉടൻ ട്വീറ്റ് ചെയ്യുന്ന മോദി, സ്വന്തം രാജ്യത്ത് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുമ്പോൾ അവർക്കായി ഒരു അനുശോചന സന്ദേശം പോലും ട്വീറ്റ് ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എത്രനാൾ പ്രധാനമന്ത്രി മൻ കീ ബാത്തും പരീക്ഷ പേ ചർച്ചയും മാത്രം പറഞ്ഞുകൊണ്ടിരിക്കും. രാജ്യത്തെ വിദ്യാർഥികളുടെ മൻ കീ ബാത്ത്കൂടി കേൾക്കാൻ നരേന്ദ്ര മോദി തയാറാകണമെന്നും അഭിജീത് ദിപ്കെ പറഞ്ഞു.
തനിക്കെതിരേ ജയ്പുരിൽവച്ചുണ്ടായ ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നും അഭിജീത് ദിപ്കെ ആരോപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിപ്കെക്കു നേരേ ആക്രമണമുണ്ടായത്.
വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താനും യഥാർത്ഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുമുള്ള ശ്രമമാണിതെന്ന് നാഗ്പുർ വിമാനത്താവളത്തിൽ വച്ചു അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Tags : Abhijeet Dipke not contest elections CJP