കൊച്ചി: ഒരു വര്‍ഷം മുമ്പ് മുങ്ങിയ കപ്പലില്‍നിന്ന് അപകടകരമായ വസ്തുക്കളും അവശിഷ്ടങ്ങളും നീക്കം ചെയ്യാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിന്റെ ഉടമകള്‍ സമര്‍പ്പിച്ച സ്വകാര്യ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളല്ലാതെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് ആധികാരിക പഠനം നടത്താന്‍പോലും കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്വതന്ത്രമായ ശാസ്ത്രീയ പഠനം ഇക്കാര്യത്തില്‍ വേണമെന്നു നിര്‍ദേശിച്ച കോടതി പരിസ്ഥിതി ആഘാത പഠനത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷിചേര്‍ത്തു. ഇതുവരെ സ്വീകരിച്ച നടപടികളും ഭാവിയിലെ പദ്ധതികളും സംബന്ധിച്ച് 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
നിലവില്‍ സുരക്ഷിതമാണെന്നു പറയുമ്പോഴും പരിസ്ഥിതിക്കും തീരദേശവാസികള്‍ക്കും ഭീഷണിയായ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇപ്പോഴും കടലിലുണ്ട്.
കപ്പലിലുള്ള അതീവ അപകടകാരിയായ 339.2 മെട്രിക് ടണ്‍ കാത്സ്യം കാര്‍ബൈഡ് കടല്‍ക്ഷോഭത്തിലോ ശക്തമായ ഒഴുക്കിലോ പെട്ടു തീരത്തടിഞ്ഞാല്‍ വലിയ നാശനഷ്ടങ്ങള്‍ക്കും കാരണമാകും. പ്ലാസ്റ്റിക് നര്‍ഡില്‍സ് അടങ്ങിയ 70 കണ്ടെയ്നറുകളും കപ്പലിലുണ്ട്. കാലവര്‍ഷം എത്തുന്നതോടെ ഇവ പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Tags : Kerala High Court criticizes cargo not removed MSC Elsa 3 ship