സജീവ രാഷ്ട്രീയത്തിൽ തുടരുന്നവരിൽ ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർഥിയെന്ന റിക്കാർഡ് എൺപത്തിയൊന്നുകാരനായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. കടന്നപ്പള്ളിയുടെ പതിനൊന്നാമത് തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.
തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിന്റെ അന്‍പത്തിയഞ്ചാം വാർഷികത്തിലും കച്ചയഴിക്കാതെ തുടരുകയാണ് കടന്നപ്പള്ളി. 26-ാം വയസിലായിരുന്നു ആദ്യ മത്സരവും ജയവും. ഇതുവരെ മത്സരിച്ചതിൽ ആറു തവണ വിജയിക്കുകയം നാലുതവണ പരാജയപ്പെടുകയും ചെയ്തു. നിയമസഭയിലേക്കുള്ള ഏഴാമങ്കത്തിലാണ് കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ കടന്നപ്പള്ളി.
1971ൽ കെഎസ്യു സംസ്ഥാന പ്രസിഡന്റായിരിക്കേ കോൺഗ്രസ് സ്ഥാനാർഥിയായി കാസർഗോഡുനിന്ന് ലോക്സഭയിലേക്കായിരുന്നു കന്നിയങ്കം. തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമ വിദ്യാർഥിയായിരുന്ന കടന്നപ്പള്ളിയെ സ്ഥാനാർഥിയാക്കാൻ ഇന്ദിരാഗാന്ധിയായിരുന്നു സംസ്ഥാന കമ്മിറ്റിയോടു നിർദേശിച്ചത്.
സിപിഎമ്മിലെ കരുത്തനായ ഇ.കെ. നായനാരെയായിരുന്നു അന്ന് കടന്നപ്പള്ളി രാമചന്ദ്രനെന്ന യുവതുർക്കി തെരഞ്ഞെടുപ്പിൽ മലർത്തിയിടിച്ചത്. ആ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും കടന്നപ്പള്ളിയായിരുന്നു.
1977ലും കാസർഗോഡ് വിജയമാവർത്തിച്ചു. സിപിഎമ്മിലെ രാമണ്ണ റേയെയായിരുന്നു രണ്ടാമൂഴത്തിൽ പരാജയപ്പെടുത്തിയത്.
കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന് 1980ലാണ് കടന്നപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വരുന്നത്. ഇരിക്കൂറിൽ ഡോ. കെ.സി. ജോസഫിനെ അന്ന് പരാജയപ്പെടുത്തി. 1987ലും 1991 ലും പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ കെ.പി. നൂറുദ്ദീനു മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. 1996ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. 2006ൽ എടക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭാ സമാജികനായി.
2011ൽ കണ്ണൂരിൽ പോരിനിറങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല. പിന്നീടുണ്ടായ രണ്ടു തെരഞ്ഞെടുപ്പുകളിലും പരാജയമായിരുന്നു ഫലം. 2016 ലും 2021 ലും കണ്ണൂരില്‍നിന്നു ജനവിധി തേടിയ കടന്നപ്പള്ളി രണ്ടു തവണയും വിജയിച്ചു. കണ്ണൂര്‍ മണ്ഡലത്തിൽ ഇപ്പോൾ നാലാമൂഴത്തിനിറങ്ങിയ കടന്നപ്പള്ളി ട്രിപ്പിൾ വിജയമാണ് പ്രതീക്ഷിക്കുന്നത്.
Tags : Elections kadannappalli ramachandran last election Kerala Assembly Election Niyama Sabha Election