കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. 'മോദി ഗ്യാരണ്ടി' എന്ന മുദ്രാവാക്യം മുൻനിർത്തി വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകുന്ന വാഗ്ദാനങ്ങളാണ് ബിജെപി നയിക്കുന്ന മുന്നണി മുന്നോട്ടുവെച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പത്രിക പ്രകാശനം ചെയ്തത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാത്ത സാഹചര്യം ഉറപ്പാക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകളുടെ വിപുലീകരണം, കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയായ ലഹരി മാഫിയയെ അടിച്ചമർത്താൻ പ്രത്യേക 'ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ്, വിദ്യാലയങ്ങളും തൊഴിലിടങ്ങളും കേന്ദ്രീകരിച്ച് കർശന നിരീക്ഷണം,
നിലവിലുള്ള ക്ഷേമ പെൻഷനുകളുടെ വർധനവ്, ക്ഷേമ പെൻഷനുകളുടെ കൃത്യമായ വിതരണം, റബ്ബർ കർഷകർക്കും നെൽകർഷകർക്കും താങ്ങുവില വർധിപ്പിക്കൽ, വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം തുടങ്ങിയവയൊക്കെയാണ് എൻഎഡിഎ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സഹായത്തോടെ വൻ പദ്ധതികൾ നടപ്പിലാക്കും. തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കും. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമനിർമാണം നടത്തും തുടങ്ങിയ വാഗ്ദാനങ്ങളും എൻഡിഎ പ്രകടന പത്രികയലുണ്ട്.
Tags : BJP NDA manifesto Elections Latest News