പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ
മനാഗ്വ: രാജ്യത്ത് ഇനി പ്രതിപക്ഷത്തിന് അധികാരം പിടിച്ചെടുക്കാൻ അവസരം നൽകുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്ന് നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ. 1979ലെ സാന്ദിനിസ്റ്റ വിപ്ലവത്തിന്റെ 47-ാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനമായ മനാഗ്വയിൽ നടന്ന പൊതുപരിപാടിയിലാണ് 80കാരനായ ഒർട്ടേഗയുടെ പ്രഖ്യാപനം.
തന്റെ നിയന്ത്രണത്തിലുള്ള ദേശീയ അസംബ്ലി വഴി പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നും പ്രതിപക്ഷ പാർട്ടികൾക്കു ഭരണം പിടിച്ചെടുക്കാൻ സാധിക്കാത്ത വിധം ശക്തമായ ‘മതിലുകൾ’തീർക്കുമെന്നും ഒർട്ടേഗ വ്യക്തമാക്കി. അടുത്ത വർഷം നടക്കേണ്ട തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
2007 മുതൽ തുടർച്ചയായി ഭരണത്തിലുള്ള ഒർട്ടേഗ, കഴിഞ്ഞ വർഷം ഭരണഘടനയിൽ മാറ്റം വരുത്തി തന്റെ ഭാര്യ റൊസാരിയോ മുറില്ലോയെ ‘കോ-പ്രസിഡന്റ്’ആയി ഉയർത്തുകയും ഭരണകാലാവധി ആറു വർഷമായി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ നേതാക്കളെയും വ്യവസായികളെയും ജയിലിലടച്ചശേഷമാണ് ഒർട്ടേഗ അധികാരം നിലനിർത്തിയത്. നിലവിൽ നൂറുകണക്കിനു രാഷ്ട്രീയ തടവുകാർ നിക്കരാഗ്വയിലെ ജയിലുകളിലുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കത്തോലിക്കാസഭയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുനിരത്തുകളിലെ പ്രാർഥനായാത്രകളും മതപരമായ പരിപാടികളും നിരോധിച്ചു.
നിരവധി വൈദികരെയും ബിഷപ്പുമാരെയും ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. 2018നുശേഷം എൻജിഒകൾ, മാധ്യമങ്ങൾ, മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ 5,000ത്തിലധികം സംഘടനകൾ ഭരണകൂടം ബലംപ്രയോഗിച്ച് അടപ്പിച്ചു. പതിനായിരക്കണക്കിന് ആളുകളെ രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
Tags : President Nicaragua DanielOrtega elections Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash