പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കലാലയങ്ങൾ അടക്കമുള്ളയിടങ്ങളിൽ ക്രൂരമായ റാഗിംഗിലൂടെ വിദ്യാർഥികളെ കൊലപ്പെടുത്തുന്നവർക്ക് പരമാവധി വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ്യുന്ന റാഗിംഗിന് എതിരേയുള്ള ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.
റാഗിംഗിലൂടെ ഗുരുതരമായി പരിക്കേൽപ്പിക്കുന്നവർക്ക് ഏഴുവർഷം വരെ തടവുശിക്ഷയും പിഴയും നിയമത്തിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നു.
‘സിദ്ധാർഥൻ ആന്റിറാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്- 2026’ എന്ന പേരിലുള്ള ബില്ലിന്റെ കരട് ഒക്ടോബറിലെ നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവന്നു നിയമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിയമവകുപ്പിനെ ചുമതലപ്പെടുത്തി.
ക്രൂര റാഗിംഗിനെത്തുടർന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ച സിദ്ധാർഥന്റെ പേരിലാണ് റാഗിംഗ് വിരുദ്ധ നിയമം നടപ്പാക്കുന്നത്. കൂട്ടമായി അതിക്രമം കാട്ടുന്നവർക്കെല്ലാം ഒരേ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.
റാഗിംഗ് സഹിക്കാനാകാതെ വിദ്യാർഥി ജീവനൊടുക്കിയാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. ആത്മഹത്യാപ്രേരണാ കുറ്റവും ചുമത്തും. റാഗിംഗ് പരാതി പോലീസിൽ അറിയിക്കാത്ത കോളജ് അധികൃതർക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു.
വിദ്യാർഥിക്ക് ശാരീരികമോ മാനസികമോ ആയി പ്രശ്നം സൃഷ്ടിക്കുന്ന പ്രവൃത്തികളെയെല്ലാം റാഗിംഗിന്റെ പരിധിയിൽ കൊണ്ടുവരും. ഭയം സൃഷ്ടിക്കുന്നതും മുറിവേൽപ്പിക്കുന്നതും ആശങ്കയുളവാക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ കൃത്യങ്ങളും അധിക്ഷേപവുമെല്ലാം റാഗിംഗിന്റെ പരിധിയിൽ പെടുത്തും.
റാഗ് ചെയ്യുന്ന കേസിലെ പ്രതികൾക്ക് അഞ്ചു വർഷംവരെ മറ്റൊരിടത്തും പ്രവേശലഭിക്കില്ല. പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ റാഗിംഗ് പോലീസിനെ അറിയിക്കാൻ ‘സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് ’ എന്ന മൊബൈൽ ആപ്ലിക്കേഷനും തയാറാക്കും. കേരള റാഗിംഗ് നിരോധനനിയമം 1998ൽ നിലവിൽ വന്നതാണെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല.
Tags : Raging DeathPenalty murderers ChildPlay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash