ജഗദൽപുർ: ഛത്തീസ്ഗഡിലെ ജിരാം വാലിയിൽ ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണക്കേസിലെ പത്തു പ്രതികൾക്കും വധശിക്ഷ.
ശിക്ഷിക്കപ്പെട്ടവരിൽ രണ്ടു പേർ വനിതകളാണ്. ജഗദൽപുരിലെ പ്രത്യേക എൻഐഎ കോടതി ജഡ്ജി അജയ് സിംഗ് രജ്പുത് ആണു ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ അഞ്ചിനു കോടതി കണ്ടെത്തിയിരുന്നു.
പ്രമീള മോഡിയം, ചൈതു ലേകം, സുമിത്ര പൂനെം മോഡിയം. മുക്ക മണ്ഡാവി, കോസ കവാസി, ആയത മാർകം, മദ്കാമി ദേവ, ജോഗ മദ്കാമി, ബൻജാമി സന്ന, മഹാദേവ് നാഗ് എന്നിവർക്കാണു വധശിക്ഷ.
കോൺഗ്രസിന്റെ പരിവർത്തൻ റാലിക്കു നേർക്ക് 2013 മേയ് 25നായിരുന്നു മാവോയിസ്റ്റ് ആക്രമണം. കോൺഗ്രസ് നേതാക്കളായ മുൻ കേന്ദ്രമന്ത്രി വി.സി. ശുക്ല, ഛത്തീസ്ഗഡ് മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ, അന്നത്തെ പിസിസി അധ്യക്ഷൻ നന്ദ്കുമാർ പട്ടേൽ, മകൻ ദിനേഷ് , മുൻ എംഎൽഎ ഉദയ് മുദലിയാർ എന്നിവരും സാധാരണ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു.
ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതൃനിരയൊന്നാകെ തുടച്ചുനീക്കപ്പെട്ട ആക്രമണത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്നും കൃത്യമായ അന്വേഷണം നടന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. 2019ൽ അന്വേഷണത്തിനായി എസ്ഐടി രൂപവത്കരിച്ചു.