പ്രതീകാത്മക ചിത്രം
ബർലിൻ: ജർമനിയിലെ ട്രിയറിൽ വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുറ്റവാളികളായ അഫ്ഗാൻകാരെ നാടുകടത്താൻ സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞ 15ന് ട്രിയർ സർവകലാശാലാ വിദ്യാർഥി 22കാരനായ മരിയുസ് ഡിക് കുത്തേറ്റ് മരിക്കുകയും അഫ്ഗാൻ വംശജനായ 22കാരൻ അറസ്റ്റിലാകുകയും ചെയ്തതാണ് നടപടികൾ കടുപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
നിലവിലെ നിയമമനുസരിച്ച് ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെ നാടുകടത്താൻ വ്യവസ്ഥയുണ്ടെങ്കിലും കോടതി ഇടപെടലുകളും സാങ്കേതിക തടസങ്ങളും കാരണം പലപ്പോഴും ഇതു നടപ്പാക്കാൻ സാധിക്കാറില്ല.
ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണിയായവരെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ ആലോചിക്കുന്നത്.
അതേസമയം, ട്രിയർ സർവകലാശാലയിലെ 29കാരിയായ വിദ്യാർഥിനിയെ ഇന്നലെ സ്വന്തം ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 19ന് കാണാതായ വിദ്യാർഥിനിയെയാണ് നോർഡാലിക്കിനു സമീപമുള്ള ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് എത്തിയ പോലീസ് ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് കൊലപാതകമാണെന്ന് സംശയിക്കുന്ന രീതിയിൽ പരിക്കുകളോടെ മൃതദേഹം കണ്ടെത്തിയത്.
Tags : Germany deport AfghanCitizens Trier massacre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash