പ്രതീകാത്മക ചിത്രം
ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഇന്നു തുടക്കം. 74 രാജ്യങ്ങളിൽനിന്നായി മൂവായിരത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കും. ഏഴു വേദികളിലായി 215 മെഡൽ പോരാട്ടങ്ങളാണുണ്ടാവുക. ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് കാംപസിലെ ഓവോ ദ ഹൈഡ്രോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ.
ഓഗസ്റ്റ് രണ്ടുവരെ നീളുന്ന ഗെയിംസിന് 126 താരങ്ങളുമായി ശക്തമായ പോരാട്ടത്തിനൊരുങ്ങിയാണ് ഇന്ത്യ എത്തിയിട്ടുള്ളത്. അത്ലറ്റിക്സ്, ബോക്സിംഗ്, ഭാരോദ്വഹനം എന്നിവയാണ് കൂടുതൽ മെഡൽപ്രതീക്ഷയുള്ള ഇനങ്ങൾ. ഇന്ത്യയ്ക്ക് ഉറച്ച മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ഹോക്കി, ബാഡ്മിന്റൺ, ട്വന്റി20 ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, ഗുസ്തി എന്നിവ ഒഴിവാക്കിയത് തിരിച്ചടിയായി.
കഴിഞ്ഞ ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകൾ.
മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ മികച്ച ഫോമിലാണ്. 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. ഈ സീസണിൽ ദേശീയ റിക്കാർഡ് ഭേദിച്ച ഹൈജംപർ സർവേശ് കുരാരെയിലാണ് മറ്റൊരു പ്രതീക്ഷ. ജാവലിൻ ത്രോയിൽ മുൻ ലോകചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ശ്രീലങ്കയുടെ രുമേഷ് തരംഗയാണ് പ്രധാന ഭീഷണി.
ബോക്സിംഗിൽ ജാസ്മിൻ ലംബോറിയ, ലൗലിന ബൊർഗോഹിൻ, സച്ചിൻ സിവാച്ച്, ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു എന്നിവരിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.അൻസ ബാബു (അത്ലറ്റിക്സ്), സജൻ പ്രകാശ് (നീന്തൽ), കെ.പി. സ്വാതിഷ് (ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്), മുഹമ്മദ് ബാസിൽ (പാരാ അത്ലറ്റിക്സ്) എന്നിവരാണ് ശ്രീശങ്കറിനു പുറമെ ഇന്ത്യൻ ടീമിലെ മലയാളികൾ.
Tags : CommonwealthGames begin Glasgow Scotland athletes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Sports