സപ്ലൈകോ പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കുന്നു.
കൊച്ചി: സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കാതെ വിപണിയിലെ വിലനിലവാരം നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ സപ്ലൈകോയ്ക്കു വലിയ ഉത്തരവാദിത്വമുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.
സപ്ലൈകോയുടെ വിശ്വാസ്യതയും ജനപിന്തുണയും വര്‍ധിച്ചുവരുന്നതിന്റെ തെളിവാണ് ഓണക്കാലത്തു സബ്സിഡി ഉത്പന്നങ്ങള്‍ക്കൊപ്പം സബ്സിഡി ഇതര ഉത്പന്നങ്ങള്‍ക്കുണ്ടായ വിൽപന വര്‍ധനയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഐഎംഎ ഹൗസില്‍ പുതിയ ശബരി ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശബരി മൈദ, റവ എന്നീ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിനൊപ്പം ശബരി ഗോള്‍ഡ് തേയില, ഹോട്ടല്‍ ബ്ലെന്‍ഡ് തേയില, ശബരി ആട്ട എന്നിവ പുതിയ ബ്രാന്‍ഡഡ് പാക്കിംഗില്‍ പുനരവതരിപ്പിക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലെ വിജയികളായ ഉപഭോക്താക്കള്‍ക്കുള്ള സമ്മാനങ്ങളും ഓണക്കാലത്തു മികച്ച വില്പന കൈവരിച്ച സപ്ലൈകോ ജീവനക്കാര്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
സപ്ലൈകോയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ വി.കെ. മിനിമോള്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്, ജനറല്‍ മാനേജര്‍ എം.യു. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Supplyco AnoopJacob MajorResponsibility FamilyBudgets Balanced RemainBalanced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash