പ്രതീകാത്മക ചിത്രം - എഐ
കോഴിക്കോട്: കേരള പൊലിസില്‍ വനിതാ പ്രാതിനിധ്യം കൂടിയാല്‍ സേനയില്‍ ‘പ്രത്യാഘാതങ്ങള്‍’ ഉണ്ടാകുമോ? വനിത ശക്തീകരണ കാലഘട്ടത്തില്‍ അത്തരമൊരു പ്രത്യാഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന വിവാദ പരാമര്‍ശം കടന്നുകൂടിയിരിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ ഒരു ഉത്തരവില്‍.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കേരള പൊലിസില്‍ നിലവിലുള്ള പുരുഷ-വനിത പൊലിസ് കോണ്‍സ്റ്റബിള്‍ നിയമന അനുപാതം 9:1ല്‍നിന്ന് 7:3 ആയി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിലാണു വിവാദ പരാമര്‍ശം.
വനിതാ പ്രാതിനിധ്യം സേനയുടെ പ്രവര്‍ത്തനക്ഷമതയിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കണമെന്നാണ് ആഭ്യന്തരവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ കഴിഞ്ഞമാസം 29ന് ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്.
അധിക തസ്തികകള്‍ സൃഷ്ടിക്കാതെയും നിലവിലുള്ള സീനിയോറിറ്റി മാനദണ്ഡങ്ങളിലും നടപടിക്രമങ്ങളിലും മാറ്റമില്ലാതെ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പ്രതിവര്‍ഷം അഞ്ചു ശതമാനം എന്ന രീതിയില്‍ ഘട്ടംഘട്ടമായി വനിത കോണ്‍സ്റ്റബിള്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പൊലിസ് സേനയിലെ ആകെ അംഗബലത്തിന്റെ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ 2009 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ആറു തവണ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്ത് നല്‍കിയിരുന്നു. അതിനു പിന്നാലെ കേരള പൊലിസില്‍ വനിതാ പ്രാതിനിധ്യം 33 ശതമാനമായി ഉയര്‍ത്താന്‍ ആഭ്യന്തരകാര്യങ്ങളുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും ശിപാര്‍ശ ചെയ്തിരുന്നു.
ഏറ്റവുമൊടുവില്‍ സംസ്ഥാന പൊലിസ് മേധാവി ഈ വര്‍ഷം ഈ വിഷയവുമായി ബന്ധപ്പെട്ട് നല്കിയ മൂന്നു കത്തുകള്‍കൂടി പരിഗണിച്ചാണു വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Tags : Police HomeDepartment Controversial Repercussions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KeralaPolice