മന്ത്രി റോജി എം. ജോൺ.
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനങ്ങൾക്ക് പരിഹാസരൂപേണ മറുപടിയുമായി മന്ത്രി റോജി എം. ജോൺ. മുദ്രാവാക്യം വിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം തനിക്കില്ലെന്നും ജനാധിപത്യത്തിന്റെ ഭാഷ മാത്രമാണ് തനിക്ക് വശമെന്നും റോജി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അല്ലയോ പ്രതിപക്ഷ നേതാവേ... എന്റെ ഭാഗത്തും തെറ്റുണ്ട്.
അങ്ങ് പറഞ്ഞതുപോലെ കടക്ക് പുറത്തെന്നോ, വീട്ടിൽ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിയോടിച്ച് അങ്ങയെപ്പോലെയുള്ള ഉന്നതമായ ജനാധിപത്യബോധം ഞാനും കാണിക്കണമായിരുന്നു എന്നായിരുന്നു റോജിയുടെ പരിഹാസം. അല്ലെങ്കിൽ അങ്ങ് ചെയ്തതുപോലെ കൈയിൽ ചെടിച്ചട്ടിയോ ഹെൽമെറ്റോ കൊടുത്ത് കുറച്ചാളുകളെക്കൊണ്ട് രക്ഷാപ്രവർത്തനം നടത്തി അങ്ങയെപ്പോലെ തികഞ്ഞ മനുഷ്യത്തം ഉയർത്തിപ്പിടിക്കണമായിരുന്നു.
അതുമല്ലെങ്കിൽ കറുത്ത ബാനർ, കറുത്ത മാസ്ക്, കറുത്ത വസ്ത്രം തുടങ്ങിയവയ്ക്ക് പരിപാടിയിൽ നിരോധനം ഏർപ്പെടുത്തി അങ്ങയെപ്പോലെ പ്രതിഷേധക്കാരോട് ഐക്യപ്പെടണമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. അങ്ങയുടെ സഹപ്രവർത്തകരെപ്പോലെ മുദ്രാവാക്യം വിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം തനിക്കില്ലെന്നും ജനാധിപത്യത്തിന്റെ ഭാഷ മാത്രമാണ് വശമെന്നും അതാണ് തന്റെ കുറവെങ്കിൽ അങ്ങനെതന്നെ തുടരട്ടെയെന്നും റോജി കൂട്ടിച്ചേർത്തു.
മഹാരാജാസ് കോളജിൽ മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയയ്ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. നഫീസത്തുൽ മിസ്രിയയ്ക്കെതിരെ കോൺഗ്രസ്-ലീഗ് അണികൾ നടത്തുന്ന സൈബർ ആക്രമണവും ഭരണകൂട വേട്ടയും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്നായിരുന്നു പിണറായിയുടെ വിമർശനം.
Tags : Political Controversy Roji M John Pinarayi Vijayan Kerala Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash