ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ പ്രതീകാത്മക ഇംപീച്ച്മെന്റിൽ നിന്ന്.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ പ്രതീകാത്മക ഇംപീച്ച്മെന്റ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടന്ന പരിപാടിയിൽ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം ഖാർഗെ അവതരിപ്പിച്ചു. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ നടപടികൾക്ക് അധ്യക്ഷത വഹിച്ചു.
വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഇന്ത്യാ മുന്നണിയുടെ നീക്കം. വോട്ടവകാശം രാജ്യത്ത് ഗുരുതരമായ ഭീഷണി നേരിടുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ് സംരക്ഷിക്കാനാണ് ഈ നടപടിയെന്നും ഖാർഗെ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് വ്യക്തിപരമായ ശത്രുതയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ നയിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. അദ്ദേഹത്തിനെതിരെ ആറ് പ്രധാന ആരോപണങ്ങളാണ് ഖാർഗെ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും 13.2 കോടി വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നും ഖാർഗെ ആരോപിച്ചു. പാർലമെന്റിന്റെ അനുമതിയില്ലാതെ ഫോം 6ൽ മാറ്റങ്ങൾ വരുത്തി.
ഇസിഐനെറ്റ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വോട്ടർപട്ടികയിൽ ഇടപെടൽ നടത്തിയെന്നും ആരോപണങ്ങളുണ്ട്. പുതിയ ആളുകളെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനും യഥാർഥ വോട്ടർമാരെ വോട്ടുചെയ്യുന്നതിൽനിന്ന് തടയുന്നതിനും ശ്രമം നടന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് കമ്മീഷണർമാർക്കും തുല്യ അധികാരമുണ്ടെന്നിരിക്കെ മറ്റ് രണ്ട് കമ്മീഷണർമാരുടെ അഭിപ്രായങ്ങൾ ഗ്യാനേഷ് കുമാർ അവഗണിച്ചുവെന്നും ഖാർഗെ ആരോപിച്ചു.
ജനാധിപത്യത്തിന്റെ ആത്മാവിനേറ്റ പ്രഹരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെന്ന് മീരാ കുമാർ പറഞ്ഞു. ലോക്സഭാ നടപടികൾക്ക് സമാനമായ രീതിയിലാണ് പ്രതീകാത്മക ഇംപീച്ച്മെന്റ് നടപടികൾ സംഘടിപ്പിച്ചത്. സോണിയാഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, കപിൽ സിബൽ തുടങ്ങിയ പ്രമുഖരും സിവിൽ സൊസൈറ്റി പ്രതിനിധികളും വോട്ടർപ്പട്ടികയിൽനിന്ന് പേരൊഴിവാക്കപ്പെട്ടവരും ചടങ്ങിൽ പങ്കെടുത്തു.
Tags : SymbolicImpeachment, GyaneshKumar SymbolicImpeachment India Alliance MallikarjunKharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash