ചേരാനല്ലൂരിൽ അപകടത്തിൽപ്പെട്ട കാറും സ്കൂട്ടറും.
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ വ്യക്തിഗത വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ വിമര്‍ശനം. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വ്യക്തിഗത വിവരങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു.
തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. അന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും കോടതി നിര്‍ദേശം നല്കി. സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പ്രചരിച്ചതിനെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോര്‍ട്ട് സൈബര്‍ പൊലിസ് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനിടെ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉടന്‍ ഇന്‍സ്റ്റഗ്രാമിലെ ദൃശ്യം നീക്കിയത് വിവരങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ച കാരണത്താലെന്ന് പതിനേഴുകാരന്റെ അഭിഭാഷകന് വാദിച്ചു.
നീക്കം ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷനോട് അതിനു വേണ്ടി മാത്രമാണോ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. നരഹത്യാ കുറ്റത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് അധികാരമില്ലെന്ന് ജയ ബാലകൃഷ്ണന്റെ കുടുംബം കോടതിയില്‍ വാദിച്ചു. പൊതുവികാരത്തെ കുറിച്ച് പരാമര്‍ശിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തോട് കേസ് കേള്‍ക്കുന്നത് പൊതുസമൂഹമോ സാമൂഹിക മാധ്യമങ്ങളോ അല്ലെന്നും നീതിപീഠത്തിന് മുന്നിലാണ് കേസ് ഉള്ളതെന്നും കോടതി പറഞ്ഞു.
Tags : CheranalloorAccident JuvenileCase SocialMediaPrivacy PersonalDataPrivacy CyberSafety Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash