സാംബിത് പത്ര, രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷത്തിന്റെ പ്രതീകാത്മക ഇംപീച്ച്മെന്റ് നടപടികളിൽ കോൺഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി എംപി സാംബിത് പത്ര. മോക് പാർലമെന്റിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നായിരുന്നു പത്രയുടെ പരിഹാസം. ശനിയാഴ്ച വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയാത്തതിനാലാണ് സമരങ്ങളിലൂടെ സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. എന്റെ വിനീതമായ അഭ്യർഥനയാണ് ദയവായി പാർലമെന്റ് തകർക്കരുത്. നിങ്ങൾ ഒരുക്കിയ മോക് പാർലമെന്റിൽ ഭരണപക്ഷത്തിന്റെ ഭാഗത്ത് കുർത്തയും പൈജാമയും ധരിച്ച് രാഹുൽ ഗാന്ധിയെ ഇരുത്തണം. ടിഷർട്ട് ഒഴിവാക്കണം. എല്ലാ ദിവസവും അവിടെ ഭജനയും കീർത്തനവും നടത്തിക്കൊണ്ട് അദ്ദേഹത്തെ പ്രധാനമന്ത്രി, പ്രധാനമന്ത്രി എന്ന് വിളിക്കണം എന്നായിരുന്നു സാംബിത് പത്രയുടെ പരിഹാസം.
തെരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകൾ നടത്തിയെന്നും ബിജെപിക്ക് അനുകൂലമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിച്ചെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇതിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നിർണായക പങ്കുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്.
Tags : Mock Prime Minister RahulGandhi SambitPatra MockParliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash