ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ വിമർശനവുമായി ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി. വിജയ് നായകനായ തെരി സിനിമയിലെ രംഗം ഓർമിപ്പിച്ചായിരുന്നു കനിമൊഴിയുടെ പരിഹാസം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് ആരോപിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു കനിമൊഴിയുടെ പരാമർശം.
സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ സിനിമയിലെ നായകനെപ്പോലെ പാലത്തിനടിയിൽ തലകീഴായി കെട്ടിത്തൂക്കണം. മുഖ്യമന്ത്രി വിജയ് ഇങ്ങനെ തീരുമാനിക്കുകയാണെങ്കിൽ ആദ്യം ശിക്ഷിക്കപ്പെടേണ്ടത് സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിലെ നേതാക്കളായിരിക്കുമെന്ന് കനിമൊഴി പരിഹസിച്ചു. ഒരു സിനിമയുണ്ട്. ഏത് സിനിമയാണെന്ന് എനിക്കറിയില്ല. വിജയ് അഭിനയിച്ചിരുന്ന കാലത്ത് പുറത്തിറങ്ങിയതാണ്.
അദ്ദേഹത്തിന്റെ അധികം സിനിമകളൊന്നും ഞാൻ കണ്ടിട്ടില്ല. ഇത് ടെലിവിഷനിൽ കണ്ടതാണ് എന്ന ആമുഖത്തോടെയാണ് കനിമൊഴി പ്രസംഗം ആരംഭിച്ചത്. ഒരു സ്ത്രീയോട് മോശമായി പെരുമാറിയയാളെ കണ്ടെത്തി മർദിച്ചശേഷം പാലത്തിനടിയിൽ തലകീഴായി കെട്ടിത്തൂക്കുന്ന രംഗമാണ് സിനിമയിലുള്ളതെന്ന് കനിമൊഴി വിശദീകരിച്ചു. ഇതിനിടെ സദസിൽനിന്ന് പ്രവർത്തകർ സിനിമയുടെ പേര് വിളിച്ചുപറഞ്ഞു.
വിജയ് മുഖ്യമന്ത്രിയായപ്പോൾ സിനിമയിലെ നായകനെപ്പോലെ സ്ത്രീകളോട് അതിക്രമം കാണിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് താൻ കരുതിയിരുന്നുവെന്നും കനിമൊഴി പറഞ്ഞു. തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന ആരോപിച്ചാണ് ഡിഎംകെ പ്രതിഷേധം സംഘടിപ്പിച്ചത്.
Tags : Kanimozhi JosephVijay TamilNaduPolitics DMK TVK TamilNaduCM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash