ന്യൂഡൽഹി: ഇന്ത്യാ ടുഡേ-സി വോട്ടർ നടത്തുന്ന 'മൂഡ് ഓഫ് ദി നേഷൻ' സർവേയിൽ രാജ്യത്തെ പ്രമുഖ പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായി തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് തൊട്ടുപിന്നിൽ മൂന്നാമതായാണ് വിജയ് ജനപ്രീതിയിൽ എത്തിനിൽക്കുന്നത്. മമത ബാനർജി, അഖിലേഷ് യാദവ്, അരവിന്ദ് കേജ്രിവാൾ തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളെ പിന്നിലാക്കിയാണ് വിജയ്യുടെ ഈ അപ്രതീക്ഷിത മുന്നേറ്റം.
സർവേയിൽ പങ്കെടുത്തവരിൽ 9.2 ശതമാനം പേരാണ് അടുത്ത പ്രധാനമന്ത്രിയായി വിജയ്യെ പിന്തുണച്ചത്. 48.7 ശതമാനം വോട്ടോടെ നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തും 27.1 ശതമാനം വോട്ടോടെ രാഹുൽ ഗാന്ധി രണ്ടാം സ്ഥാനത്തും തുടരുന്നു. മമത ബാനർജിക്ക് രണ്ട് ശതമാനവും അഖിലേഷ് യാദവിന് 1.7 ശതമാനവും അരവിന്ദ് കേജ്രിവാളിന് 1.2 ശതമാനവും പിന്തുണ മാത്രമാണ് സർവേയിൽ ലഭിച്ചത്. ഇതിനുപുറമെ, പ്രതിപക്ഷ മുന്നണിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവ് ആരെന്ന് ചോദിച്ചപ്പോഴും 12.2 ശതമാനം പേരുടെ പിന്തുണയോടെ വിജയ് മികച്ച മുന്നേറ്റം നടത്തി. 29 ശതമാനം പിന്തുണയോടെ രാഹുൽ ഗാന്ധിയാണ് ഈ വിഭാഗത്തിലും ഒന്നാമതുള്ളത്.