ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ തമ്മിലുള്ള ചര്‍ച്ചകളും വിയോജിപ്പുകളും ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന്റെ ലക്ഷണമാണെന്ന് ബിജെപി.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസ് ഭരണഘടനാസ്ഥാപനങ്ങളെ ആക്രമിക്കുകയാണെന്ന് ബിജെപി വക്താവും എംപിയുമായ സമ്പിത് പത്ര ആരോപിച്ചു.
ജനാധിപത്യത്തിന് ഇതിലും മികച്ചൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ബിജെപി വക്താവ്, ബിജെപിക്കും ആര്‍എസ്എസിനുമെതിരേ രാഹുല്‍ ഗാന്ധി നടത്തിയ രാജ്യദ്രോഹം എന്ന പരാമര്‍ശത്തെയും വിമര്‍ശിച്ചു. യഥാര്‍ഥത്തില്‍ ആരാണ് രാജ്യദ്രോഹം നടത്തുന്നതെന്ന് രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഐആര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളെ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ രണ്ടുപേരും എതിര്‍ത്തിരുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
തങ്ങളുടെ അറിവില്ലാതെ എടുത്ത തീരുമാനങ്ങളെയും പുറപ്പെടുവിച്ച ഉത്തരവുകളെയും ചൊല്ലി കഴിഞ്ഞ 10 മാസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണയെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.