പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. യോഗ്യതയില്ലാതെ നേടിയ നിയമനമോ സ്ഥാനക്കയറ്റമോ റദ്ദാക്കാനും ഉത്തരവിലുണ്ട്.
2025 സെപ്റ്റംബർ ഒന്നിനുശേഷം കെ-ടെറ്റ് യോഗ്യതയില്ലാതെ എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ നിയമനം നേടിയ അധ്യാപകരെയാണ് ജോലിയിൽനിന്ന് പിരിച്ചുവിടുക. സെപ്റ്റംബർ ഒന്നിനുണ്ടായ സുപ്രീംകോടതി വിധിയെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.
2025 സെപ്റ്റംബർ ഒന്നിനുശേഷം പ്രൊമോഷൻ നേടുകയും എന്നാൽ തസ്തികയ്ക്കാവശ്യമായ കെ-ടെറ്റ് യോഗ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന അധ്യാപകരുടെ സ്ഥാനക്കയറ്റം റദ്ദാക്കും. യുപി വിഭാഗത്തിൽനിന്ന് ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് പ്രൊമോഷൻ ലഭിച്ച അധ്യാപകന് കെ-ടെറ്റ് ലഭിച്ചില്ലെങ്കിൽ അവരെ തിരികെ യുപി വിഭാഗത്തിലേക്കുതന്നെ മടക്കിയയക്കാനാണ് ഉത്തരവിലെ നിർദേശം.
അതേസമയം 2025 സെപ്റ്റംബർ ഒന്നിനുശേഷം കെ-ടെറ്റ് യോഗ്യതയില്ലാത്തതും എന്നാൽ പിഎസ്‌സി അഡ്‌വൈസ് ലഭിച്ചതുമായ ഉദ്യോഗാർഥികൾക്ക് താത്കാലിക നിയമനം നൽകാൻ അനുമതിയുണ്ട്. ഇവർ പിന്നീട് അതതു കാറ്റഗറിയിൽ കെ-ടെറ്റ് വിജയിക്കുന്ന മുറയ്ക്ക് അഡ്‌വൈസ് സീനിയോറിറ്റി നിലനിർത്തി ക്രമീകരിക്കും.
Tags : K-TET Teachers EducationDepartment Issues Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash