International
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയ്യുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സംസ്കാരചടങ്ങുകൾക്കായി തലസ്ഥാനനഗരമായ ടെഹ്റാൻ ഒരുങ്ങി. ഇതിനിടെ, മാസങ്ങളായി അജ്ഞാതവാസത്തിലായിരുന്ന ഇറാന്റെ പാരാമിലിട്ടറി റെവലൂഷണറി ഗാർഡ് തലവൻ ജനറൽ അഹമ്മദ് വാഹിദി പൊതുവേദിയിലെത്തി.
ഖമനയ്യുടെ സംസ്കാരചടങ്ങുകളുമായി ബന്ധപ്പെട്ട യോഗത്തിൽ ജനറൽ അഹമ്മദ് വാഹിദി പങ്കെടുക്കുന്ന ചിത്രങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമമാണ് പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രി മധ്യടെഹ്റാനിലെ ഖമനയ്യുടെ ഔദ്യോഗിക വസതിക്ക് സമീപം നടന്ന പ്രാർഥനാചടങ്ങിൽ വാഹിദി പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇറാന്റെ കർശനനിലപാടുകൾ രൂപവത്കരിക്കുന്നതിൽ നിർണായക വഹിക്കുന്ന വ്യക്തിയാണ് വാഹിദ്. ഇറാന്റെ പുതിയ പരമോന്നതനേതാവ് ആയത്തുള്ള മുജ്തബ ഖമേനയ്യുമായി അടുത്തബന്ധമുള്ള നേതാവാണ് വാഹിദി. ഫെബ്രുവരി എട്ടിന് ശേഷം വാഹിദിയെ പൊതുവേദികളിൽ കണ്ടിരുന്നില്ല.
ഖമനയുടെ സംസ്കാരത്തിന്റെ ഭാഗമായി ശനിയാഴ്ച മുതൽ ഇറാന്റെ വിവിധനഗരങ്ങളിലും അയൽരാജ്യമായ ഇറാക്കിലും ദിവസങ്ങൾ നീളുന്ന വിലാപയാത്രകൾ നടക്കും.
ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽനിന്നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. വിലാപയാത്രയുടെ ഭാഗമായി ടെഹ്റാനിലെ വിമാനത്താവളങ്ങൾ അടച്ചിടാനും തെരുവുകളിൽ നിയന്ത്രണം ഏർപ്പെടുത്താനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Sports
ന്യൂയോര്ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള് അതിന്റെ നോക്കൗട്ട് ചൂടിലേക്ക്. ഇന്ത്യന് സമയം ഞായര് രാവിലെ 7.30ന് നടക്കുന്ന അര്ജന്റീന x ജോര്ദാൻ, അള്ജീരിയ x ഓസ്ട്രിയ മത്സരങ്ങളോടെ ഗ്രൂപ്പ് പോരാട്ടങ്ങള് സമാപിക്കും. പിന്നീട് റൗണ്ട് ഓഫ് 32 നോക്കൗട്ട്. ലോകകപ്പ് ചരിത്രത്തില് ആദ്യമായാണ് റൗണ്ട് ഓഫ് 32 നോക്കൗട്ട് അരങ്ങേറുന്നത്.
ബ്രസീല് x ജപ്പാന്
തിങ്കള് പുലര്ച്ചെ 12.30ന് ദക്ഷിണാഫ്രിക്കയും കാനഡയും ഏറ്റുമുട്ടുന്നതോടെ റൗണ്ട് ഓഫ് 32 തുടങ്ങും. തിങ്കള് രാത്രി 10.30ന് ബ്രസീലും ജപ്പാനും തമ്മിലാണ് നോക്കൗട്ടിലെ രണ്ടാം മത്സരം. ചൊവ്വാഴ്ച രാവിലെ 6.30ന് നെതര്ലന്ഡ്സും മൊറോക്കോയും തമ്മില് ഏറ്റുമുട്ടും. റൗണ്ട് ഓഫ് 32 മുതല് തോല്ക്കുന്ന ടീമുകള് പുറത്താണ്. അതുകൊണ്ടുതന്നെ ജീവന്മരണ പോരാട്ടങ്ങളിലേക്കാണ് ലോകകപ്പ് കടക്കുന്നത്.
ഗ്രൂപ്പ് സമാപനം
ഇന്ത്യന് സമയം ഞായര് പുലര്ച്ചെ 2.30 മുതല് സൂപ്പര് ടീമുകളായ ഇംഗ്ലണ്ട്, ക്രൊയേഷ്യ, പോര്ച്ചുഗല് ടീമുകളും കളത്തിലുണ്ട്. ഗ്രൂപ്പ് എല്ലില് ഇംഗ്ലണ്ടിന്റെ എതിരാളികള് പാനമയാണ്. ഞായര് പുലര്ച്ചെ 2.30നാണ് ഈ പോരാട്ടം. ഗ്രൂപ്പ് എല്ലിലെ മറ്റൊരു മത്സരത്തില് ക്രൊയേഷ്യയും ഘാനയും ഏറ്റുമുട്ടും. ഈ മത്സരവും 2.30നാണ്. ഇംഗ്ലണ്ടിനും ഘാനയ്ക്കും നാലു വീതവും ക്രൊയേഷ്യക്ക് മൂന്നും പോയിന്റാണ്.
ഗ്രൂപ്പ് കെയില് ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ പോര്ച്ചുഗല്, നോക്കൗട്ട് ഉറപ്പിച്ച കൊളംബിയയുമായി ഏറ്റുമുട്ടും. സമനില നേടിയാല് ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തോടെ പോര്ച്ചുഗലിനു നോക്കൗട്ടിലേക്ക് മുന്നേറാം. കോംഗോയും ഉസ്ബക്കിസ്ഥാനും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു പോരാട്ടം. രണ്ടു മത്സരങ്ങളും ഇന്ത്യന് സമയം ഞായര് പുലര്ച്ചെ അഞ്ചിനാണ്. ഒരു പോയിന്റുള്ള കോംഗോയ്ക്കു ജയിക്കാനായാല് നോക്കൗട്ട് സാധ്യത തെളിയും.
ഗ്രൂപ്പ് ജെയില് ലയണല് മെസിയുടെ അര്ജന്റീന രണ്ടു ജയത്തോടെ നോക്കൗട്ട് ഉറപ്പാക്കിയതാണ്. രണ്ടു തോല്വിയോടെ പുറത്തായ ജോര്ദാന് വന്തോല്വി ഒഴിവാക്കാനായിരിക്കും ശ്രമിക്കുക. മൂന്നു പോയിന്റ് വീതമുള്ള ഓസ്ട്രിയയും അള്ജീരിയയും ജയത്തോടെ നോക്കൗട്ട് ഉറപ്പിക്കാനാണ് നേര്ക്കുനേര് ഇറങ്ങുന്നത്.
Kerala
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം 26ഓടെ സംസ്ഥാനത്ത് പെയ്തുതുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമായി തുടർന്നാൽ 22നു തന്നെ കാലവർഷം പെയ്തു തുടങ്ങാനും സാധ്യതയുണ്ട്.
സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ നാല് ദിവസം കൂടി വൈകി 30-ാം തീയതി തന്നെ കാലവർഷം വരവറിയിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ തെക്കുകിഴക്കൻ അറബിക്കടലിലും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ ദ്വീപസമൂഹങ്ങളിലും കാലവർഷം പെയ്തു തുടങ്ങാനുള്ള സാഹചര്യങ്ങൾ അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി സംസ്ഥാനത്തിന്റെ പല മേഖലകളിലും കാലവർഷത്തിനു സമാനമായ രീതിയിൽ മഴ പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും ഇതുതുടരും. അടുത്ത 48 മണിക്കൂറിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ആര്ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല് ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്.
രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്വീസ് നടത്തുക. എയര്ഹോസ്റ്റസ് മാതൃകയില് ബസ് ഹോസ്റ്റസും ബസില് ഉണ്ടാകും. പുലര്ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന് പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും.
അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സര്വീസ്.
മറ്റ് ബസുകളില് നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഉണ്ടാകുക. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്കണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല് കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില് മാത്രമാണ് സ്റ്റോപ്പുണ്ടാവുക.
ടിക്കറ്റ് നേരത്തെ റിസര്വ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസര്വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില് കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
തെരഞ്ഞെടുപ്പിന് മുന്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി രംഗത്തിറക്കാന് സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും സര്വീസ് തുടങ്ങാന് കഴിയുമെന്നാണ് കെഎസ്ആര്ടിസി പ്രതീക്ഷ.
Business
കൊച്ചി: ഐസിഎല് ഫിന്കോര്പിന്റെ ഏറ്റവും പുതിയ സെക്യൂര്ഡ് റിഡീമബിള് നോണ് കണ്വര്ട്ടിബിള് ഡിബെഞ്ചറുകളുടെ (എന്സിഡി) പബ്ലിക് ഇഷ്യു 10ന് ആരംഭിക്കും.
12.25 ശതമാനം വരെ യഥാര്ഥ ആദായം വാഗ്ദാനം ചെയ്യുന്ന ഈ എന്സിഡി ഇഷ്യു ഫ്ലെക്സിബിള് കാലാവധികള് തേടുന്നവര്ക്ക് ആകര്ഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണ്.
ഈ എന്സിഡി ഇഷ്യു ഈ മാസം 24 വരെയാണ്. ഇതിന് ACUITÉ BBB-/STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എന്സിഡിയുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാര്ഷിക, ക്യുമുലേറ്റീവ് പലിശ ഓപ്ഷനുകളുള്ള 10 ഓപ്ഷനുകള് ഈ ഇഷ്യു വാഗ്ദാനം ചെയ്യുന്നു. പലിശനിരക്കുകള് 10 ശതമാനം മുതല് 12.25 ശതമാനം വരെയാണ്.
കുറഞ്ഞ അപേക്ഷാത്തുക 10,000 രൂപയായതിനാല് വലിയൊരു വിഭാഗം നിക്ഷേപകര്ക്ക് ഇത് എളുപ്പത്തില് പ്രയോജനപ്പെടുത്താനാകുമെന്ന് ഐസിഎല് ഫിന്കോര്പ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്കുമാര് പറഞ്ഞു.