Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളശ്രീ. മലയാളികളായ മുരളി ശ്രീശങ്കറും മുഹമ്മദ് ബേസിലും വെള്ളി സ്വന്തമാക്കിയതോടെയാണിത്. പാരാഗെയിംസ് പുരുഷ 100 മീറ്റര്‍ ടി47ലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ബേസിലിന്റെ വെള്ളി നേട്ടം. ഈയിനത്തില്‍ ഇന്ത്യയുടെ ദിലീപ് ഗാവിത് സ്വര്‍ണം നേടി.
പുരുഷ ലോംഗ്ജംപില് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യതാരമെന്ന ചരിത്രനേട്ടം കുറിച്ചാണ് മുരളി ശ്രീശങ്കര്‍ വെള്ളിയണിഞ്ഞത്. 8.09 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ഈ പാലക്കാട് സ്വദേശിയുടെ വെള്ളി നേട്ടം. രണ്ടാം ശ്രമത്തിലായിരുന്നു ശ്രീശങ്കര്‍ 8.09 മീറ്റര്‍ ക്ലിയര്‍ ചെയ്തത്. യോഗ്യതാ റൗണ്ടില്‍ 8.01 മീറ്ററുമായാണ് ശ്രീശങ്കര്‍ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.
ജമൈക്കയുടെ തജേ ഗെയ്ലിനാണ് സ്വര്‍ണം. 8.15 മീറ്ററാണ് ഗെയ്ല് ചാടിയത്. മൂന്നാം ശ്രമത്തില്‍ ജമൈക്കന്‍ താരം സ്വര്‍ണത്തിലേക്കുള്ള ഈ ദൂരം കുറിച്ചു. സ്കോട്ലന്ഡിന്റെ സ്റ്റീഫന്‍ (8.08) വെങ്കലം സ്വന്തമാക്കി.
രണ്ടാം വെള്ളി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാലക്കാട് സ്വദേശിയായ മുരളി ശ്രീശങ്കറിന്റെ രണ്ടാം വെള്ളി മെഡല്‍ നേട്ടമാണിത്. 2022 ബിര്‍മിംഗ്ഹാം ഗെയിംസിലും ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ലോംഗ്ജംപില് രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡ് ശ്രീശങ്കര്‍ കുറിച്ചു. സുരേഷ് ബാബു (1978, പുരുഷ വെങ്കലം), അഞ്ജു ബോബി ജോര്‍ജ് (2002, വനിത വെങ്കലം), എം. പ്രജുഷ (2010, വനിത വെള്ളി) എന്നിവര്‍ മാത്രണ് ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ലോംഗ്ജംപില് ശ്രീശങ്കറിനു മുമ്പ് മെഡല്‍ നേടിയത്.
8.03 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ശ്രീശങ്കര്‍ ഫൈനല്‍ പോരാട്ടം തുടങ്ങിയത്. രണ്ടാം ശ്രമത്തില്‍ 8.09 കുറിച്ചു. എന്നാല്‍, മൂന്നും നാലും ശ്രമങ്ങള്‍ ഫൗളായി. 7.94, 7.97 എന്നിങ്ങനെ അവസാന രണ്ട് ചാട്ടത്തോടെ മത്സരം പൂര്‍ത്തിയാക്കി. 2024ല്‍ കാല്‍മുട്ടിനേറ്റ ഗുരുതര പരിക്കില്‍നിന്നു തിരിച്ചെത്തിയാണ് ശ്രീശങ്കര്‍ ഇന്ത്യക്കായി മെഡല്‍ നേടിയതെന്നതും ശ്രദ്ധേയം.
Sports
ഗ്ലാസ്കോ: കോമണ്‍വെൽത്ത് ഗെയിംസ് പുരുഷ ലോംഗ്ജംപ് മത്സരത്തിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.09 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയത്. രണ്ടാം ശ്രമത്തിലായിരുന്നു 8.9 മീറ്റർ ദൂരം താണ്ടിയത്. കോമണ്‍വെൽത്ത് ഗെയിംസിൽ ശ്രീശങ്കറിന്റെ രണ്ടാം വെള്ളിയാണിത്.
ജമൈക്കയുടെ തജയ് ഗെയ്ലിനാണ് സ്വർണം. 8.15 മീറ്റർ ചാടിയാണ് തജയ് സ്വർണം കൊയ്തത്. ആദ്യ മൂന്നു ശ്രമങ്ങൾ പൂർത്തിയായപ്പോൾ ഗോൾഡ് പൊസിഷനിലുണ്ടായിരുന്ന ശ്രീശങ്കറിനെ നാലാം ശ്രമത്തിലാണ് തജയ് പിന്തളിയത്.
ഇതോടെ തജയയെ മറികടക്കാൻ ശ്രീശങ്കർ ശ്രമിച്ചെങ്കിലും രണ്ടു ശ്രമങ്ങളും ഫൗളിലാണ് കലാശിച്ചത്. മൂന്നും നാലും ശ്രമങ്ങളാണ് ശ്രീശങ്കറിന്റെ ഫൗളിൽ കലാശിച്ചത്. പിന്നിടുള്ള ചാട്ടങ്ങളിൽ എട്ടു മീറ്റർ പിന്നിടാൻ ശ്രീശങ്കറിനു സാധിച്ചില്ല.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി മലയാളി താരങ്ങളുടെ മിന്നും പ്രകടനം. മലയാളി നീന്തല്‍താരം സജന് പ്രകാശും ലോംഗ്ജംപര് മുരളി ശ്രീശങ്കറും യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനങ്ങളിലൂടെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. ഇന്നലെ നടന്ന പുരുഷ ലോംഗ്ജംപ് യോഗ്യതാ ഗ്രൂപ്പ് എയില്‍ 8.01 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് സജന് പ്രകാശ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.
നാളെയാണ് ഫൈനല്‍. ഫൈനല്‍ യോഗ്യതയ്ക്കുള്ള ക്വാളിഫയിംഗ് മാര്‍ക്ക് 8.00 മീറ്റര്‍ ആയിരുന്നു. ആദ്യ ശ്രമത്തില്‍ത്തന്നെ 8.01 മീറ്റര്‍ ക്ലിയര്‍ ചെയ്ത് ശ്രീശങ്കര്‍ ഫൈനലിലേക്കു മുന്നേറി. യോഗ്യതാ മാര്‍ക്ക് ക്ലിയര്‍ ചെയ്തില്ലെങ്കിലും ഏറ്റവും മികച്ച 12 ദൂരം താണ്ടിയവര്ക്കും ഫൈനല്‍ ടിക്കറ്റ് ലഭിക്കും.
പാലക്കാട് സ്വദേശിയായ ഈ 27കാരന് 2022 ബിര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി സ്വന്തമാക്കിയിരുന്നു. 8.08 മീറ്റര്‍ ദൂരം താണ്ടിയായിരുന്നു അന്ന് വെള്ളി നേടിയത്.
ഇടുക്കി സ്വദേശിയായ സജന് പ്രകാശ് പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലിലാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം ഹീറ്റില്‍ 1:58.59 സെക്കന്‍ഡില്‍ സജന് നീന്തല്‍ പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്തോടെ ഫൈനലിലേക്കു മുന്നേറി.
സ്കോട്ലന്ഡിന്റെ ഡങ്കന്‍ സ്കോട്ടിനാണ് ഹീറ്റില്‍ ഒന്നാം സ്ഥാനം (1:58.29). ആദ്യപകുതിയുടെ അവസാനം വരെ സജന് പ്രകാശിനായിരുന്നു ലീഡ്. എന്നാല്‍, പിന്നീട് ഡങ്കന്‍ മുന്നില്‍ കടന്നു. ഈ ഇനത്തില്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സജന് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
അതേസമയം, പുരുഷ 100 മീറ്ററില്‍ ഇന്ത്യയുടെ ദേശീയ റിക്കാര്ഡുകാരനായ (10.09 സെക്കന്‍ഡ്) ഗുരിന്ദര്‍വീര്‍ സിംഗിനു ഫൈനല്‍ യോഗ്യത സ്വന്തമാക്കാന്‍ സാധിച്ചില്ല.
ഹീറ്റ് നാലില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മാത്രമാണ് ഗുരിന്ദര്വീറിനു സാധിച്ചത്. 10.39 സെക്കന്‍ഡില്‍ ഇന്ത്യന്‍ താരം ഫിനിഷിംഗ് ലൈന്‍ കടന്നു. എന്നാല്‍, ജമൈക്കയുടെ റോഹന്‍ വാട്സണ് 10.13 സെക്കന്‍ഡുമായി ഒന്നാമത് ഫിനിഷ് ചെയ്ത് ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കി.
പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ തേജസ് ഷിര്‍സെ ഫൈനലില്‍ പ്രവേശിച്ചു. ഹീറ്റില്‍ 13.76 സെക്കന്‍ഡുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് തേജസ് ഫൈനലിലേക്കു മുന്നേറിയത്. ഹീറ്റ്സിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കായിരുന്നു ഫൈനല്‍ ടിക്കറ്റ്.
International
ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. വ്യക്തിഗത മികവോടെ ആകെ 199 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഗ്യാനേശ്വരി പോഡിയത്തിൽ രണ്ടാമതായെത്തിയത്.
സ്നാച്ചിൽ 88 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാമും ഉയർത്തിയ താരം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഗ്ലാസ്ഗോയിൽ പുറത്തെടുത്തത്. ഈ ഇനത്തിൽ നൈജീരിയയുടെ ദിദിഹ് ഒനോമെ ഒമൊളോല (206 കിലോഗ്രാം) സ്വർണവും കാനഡയുടെ റെബേക്ക ഗ്രൂൾക്സ് (178 കിലോഗ്രാം) വെങ്കലവും നേടി.
സ്നാച്ചിൽ 88 കിലോഗ്രാം വിജയകരമായി ഉയർത്തിയ ശേഷം, ക്ലീൻ ആൻഡ് ജെർക്കിൽ 103kg, 107kg, 111kg എന്നീ ഭാരങ്ങൾ തുടർച്ചയായി ഉയർത്തിയാണ് ഗ്യാനേശ്വരി വെള്ളി ഉറപ്പിച്ചത്. ഗ്ലാസ്ഗോ ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. മീരാഭായ് ചാനു (സ്വർണം), രാജ മുത്തുപാണ്ഡി (വെള്ളി) എന്നിവരാണ് നേരത്തെ മെഡൽ നേടിയ മറ്റു താരങ്ങൾ.
ഛത്തീസ്ഗഡ് സ്വദേശിയായ 23 കാരിയായ ഗ്യാനേശ്വരി, പട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലാണ് നിലവിൽ പരിശീലനം നടത്തുന്നത്.
വനിതകളുടെ 58 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ബിന്ദ്യറാണി ദേവിയും വെങ്കല മെഡൽ സ്വന്തമാക്കി. 229 കിലോഗ്രാം ഉയർത്തിയ നൈജീരിയയുടെ റഫിയാതു ലവാലിനാണ് സ്വർണം.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെൽത്ത് ഗെയിംസ് മൂന്നാം ദിനം ഇന്ത്യക്ക് അഭിമാന ദിനം. 48 കിലോഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാബായ് ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം സമ്മാനിച്ചു.
മീരാബായിയുടെ ഹാട്രിക് നേട്ടമാണിത്. കൂടാതെ പുരുഷ ഭാരോദ്വഹന വിഭാഗത്തില്‍ ഋഷികാന്ത സിംഗ് വെള്ളി മെഡലും നേടി ഇരട്ടി മധുരം പകര്‍ന്നു. പുരുഷന് മാരുടെ 4x200 മീറ്റര്‍ ഫ്രസ്റ്റൈല്‍ റിലേ ഇന ത്തില്‍ ഇന്ത്യ ഫൈനലില്‍ കടന്നു.അതേസമയം വനിതാ ടീം ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ മെഡൽനേട്ടമില്ലാതെ മടങ്ങി.
രണ്ടാം മെഡൽ ഋഷികാന്ത സിംഗിന്
ഇന്ത്യക്ക് രണ്ടാം മെഡൽ പുരുഷ 60 കിലോ വെയ്റ്റ്ലിഫ്റ്റിംഗിൽ ഋഷികാന്ത സിംഗ് ആണ് സമ്മാനിച്ചത്. രണ്ടു റൗണ്ടുകളിലായി ആകെ 264 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഋഷികാന്ത വെള്ളി മെഡൽ നേടിയത്.
സ്നാച്ച് വിഭാഗത്തിൽ 121 കിലോഗ്രാം ഉയർത്തി ഗെയിംസ് റിക്കാാർഡ് തിരുത്തിയ ഋഷികാന്ത ക്ലീൻ ആൻഡ് ജെർക്കിലെ വിജയകരമായ ഏക ശ്രമത്തിൽ 143 കിലോഗ്രാം ഭാരവും ഉയർത്തി.
ജിംനാസ്റ്റിക്സ്: ഇന്ത്യ പുറത്ത്
വനിതകളുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഇനത്തിൽ ഇന്ത്യക്ക് മെഡൽ നഷ്ടം. ഇന്ത്യ നാല് റൊട്ടേഷനുകളും പൂർത്തിയാക്കി ആകെ 123.000 സ്കോർ നേടി അഞ്ചാം സ്ഥാനത്തെത്തി. വെയിൽസ് 153.400 പോയിന്റുമായി ഒന്നാം സ്ഥാനം നേടി.
തന്റെ രണ്ട് വോൾട്ടുകളിൽ നിന്നായി 13.025 ശരാശരി സ്കോർ നേടി പ്രതിഷ്ഠ സമന്ത ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. തന്റെ രണ്ട് ശ്രമങ്ങളിൽനിന്ന് പ്രണതി നായക് 12.575 ശരാശരി പോയിന്റും നേടി.
ഭാരോദ്വഹനം, ബോക്സിംഗ്, നീന്തൽ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് എന്നീ മത്സരങ്ങൾ തുടരുന്നതിനൊപ്പം ഇന്ത്യ അത്ലറ്റിക്സിലെ തങ്ങളുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. പുരുഷന്മാരുടെ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗിൽ ജണ്ഡു കുമാർ വെങ്കല മെഡൽ നേടിയാണ് ആദ്യ നേട്ടം ഇന്ത്യക്ക് സമ്മാനിച്ചത്.
ബൗൾസിൽ രൂപറാണി, പിങ്കി സഖ്യം തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയപ്പോൾ ബോക്സിംഗിൽ സച്ചിൻ സിവാച്ച് ജയത്തോടെ പ്രീ ക്വാർട്ടറിൽ കടന്നു. അതേസമയം നീന്തലിലും ബാസ്കറ്റ്ബോളിലും ഇന്ത്യക്ക് നിരാശയുടെ ദിനമായി മാറി.
മൂന്നാം ദിനം നീന്തൽ, ബൗൾസ്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ബോക്സിംഗ്, 3ഃ3 വീൽചെയർ ബാസ്കറ്റ്ബോൾ എന്നീ ഇനങ്ങളിലായി 14 താരങ്ങളാണ് ഇന്ത്യക്കായി മത്സരരംഗത്തിറങ്ങിയത്.
പോരാട്ടം ഇന്നലെ ഇടിക്കൂട്ടില്‍ ജയം
കോമണ്‍വെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ബോക്സർ സച്ചിൻ സിവാച്ച് പ്രീ-ക്വാർട്ടർ ഫൈനലിൽ കടന്നു. സ്കോട്ടിഷ് ഇവന്റ് ക്യാന്പസിൽ നടന്ന കടുത്ത പോരാട്ടത്തിനൊടുവിൽ കാനഡയുടെ കിയോമ അൽ-അഹ്മദിയെയാണ് താരം പരാജയപ്പെടുത്തിയത്.
26കാരനും മുൻ കോമണ്‍വെൽത്ത് യൂത്ത് ഗെയിംസ് ചാന്പ്യനുമായ താരം മൂന്ന് റൗണ്ടിലും പൊരുതി 4-1 എന്ന സ്പ്ലിറ്റ് തീരുമാനത്തിൽ വിജയം നേടി. തിങ്കളാഴ്ച വൈകുന്നേരം 4:45ന് നടക്കുന്ന റൗണ്ട് 16ൽ ഇംഗ്ലണ്ടിന്റെ വിൽ ഹെവിറ്റിനെ സച്ചിൻ നേരിടും.
രൂപ റാണി- ടിർക്കി
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ടോംഗയെ ടൈ-ബ്രേക്കറിൽ പരാജയപ്പെടുത്തി ഇന്ത്യയുടെ വനിതാ ലോണ്‍ ബൗൾസ് ജോഡികളായ രൂപ റാണി ടിർക്കിയും പിങ്കി സിംഗും വിജയക്കുതിപ്പ് തുടർന്നു.
ഇന്ത്യൻ സഖ്യം ആദ്യ സെറ്റ് 5-2ന് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റ് 4-6ന് കൈവിട്ടു. ടൈ-ബ്രേക്കറിൽ സമ്മർദത്തിനിടയിലും പിങ്കി മികച്ച പ്രകടനം പുറത്തെടുത്തതോടെ എതിരാളികൾ വീണു.
വനിതാ സഖ്യത്തിന് സെക്്ഷണൽ മത്സരങ്ങളിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. നേരത്തേ മാൾട്ടയെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയ സഖ്യം നിലവിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിലും തോൽവി അറിയാത്ത ടീമാണ് ഇംഗ്ലണ്ടും.
ഗ്രൂപ്പിൽനിന്ന് ഒരു ടീമിന് മാത്രമേ സെമിഫൈനലിലേക്ക് മുന്നേറാൻ കഴിയൂ എന്നതിനാൽ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ഇന്ത്യയും ഇംഗ്ലണ്ടും ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്.
നീന്തൽ കുളത്തിൽ നിരാശ
400 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്സിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളായ ദക്ഷൻ ശശികുമാറിനും (3:58.09 സെക്കൻഡ്) ആര്യൻ നെഹ്റയ്ക്കും (4:00.26 സെക്കൻഡ്) നിരാശ. 27 താരങ്ങൾ മാറ്റുരച്ചതിൽ ഇരുവരും യഥാക്രമം 15, 16 സ്ഥാനങ്ങളിലാണ് ഫിനീഷ് ചെയ്തത്. ഇതോടെ ഇരുവർക്കും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ബാസ്കറ്റിൽ വീണു
ഇന്ത്യൻ വനിതാ 3x3 വീൽചെയർ ബാസ്കറ്റ്ബോൾ ടീം കനത്ത തോൽവി ഏറ്റുവാങ്ങി. ഗ്രൂപ്പ് ബിയിൽ വെയിൽസ് 16-1 സ്കോറിന് ഇന്ത്യയെ പരാജയപ്പെടുത്തി.
Sports
ഗ്ലാസ്ഗോ: സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍23-ാമത് കോമണ്‍വെൽത്ത് ഗെയിംസ് രണ്ടാം ദിനം ഇന്ത്യക്ക് മുന്നേറ്റം. 18 ഇന്ത്യൻ താരങ്ങൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചപ്പോൾ വിജയവും മികച്ച പ്രകടങ്ങളും സംതൃപ്തിയും ആത്മവിശ്വാസവും നൽകി.
മൂന്നാം ദിനമായ ഇന്ന് ഇടിക്കൂട്ടിലാണ് ഇന്ത്യൻ പ്രതീക്ഷയുടെ ഭാരം. ലവ് ലിന യടക്കം ആറ് താരങ്ങൾ ബോക്സിംഗ് റിംഗിൽ കൊന്പുകോർക്കും. ബൗൾസിൽ രൂപ റാണി ടർക്കിയും പിങ്കി സിംഗും പ്രതീക്ഷ പകരുന്നുണ്ട്. രണ്ടാം ദിനം ഇന്ത്യൻ പ്രതീക്ഷ കാത്തത് ഇവർ:
ശ്രീഹരി സേഫ് സ്വിംഗ്
ഗ്ലാസ്ഗോയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 50 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിഫൈനലിലേക്ക് യോഗ്യത നേടി.
25കാരനായ താരം തന്റെ ഹീറ്റ്സിൽ 25.52 സെക്കൻഡ് സമയം കുറിച്ച് അഞ്ചാമതെത്തി. അഞ്ച് ഹീറ്റ്സുകളിലെയും പ്രകടനം പരിഗണിച്ചുള്ള പട്ടികയിൽ ശ്രീഹരി 14-ാം സ്ഥാനത്താണ്.
ഗെയിംസ് റിക്കാർഡായ 24.45 സെക്കൻഡ് സമയത്തോടെ ദക്ഷിണാഫ്രിക്കയുടെ പീറ്റർ കോറ്റ്സീ ആദ്യ റൗണ്ടിൽ ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്തു.
ബുഡിഗിനയും ഇമാം അലിയും ഫൈനലിൽ
നേരത്തേ ഇന്ത്യയുടെ ആർ.വി.വി.ബി.കെ. ബുഡിഗിനയും ഇമാം അലിയും പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 വിഭാഗം ഹീറ്റ്സിൽ മൂന്നാമതും എട്ടാമതുമായി ഫിനീഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.
ബുഡിഗിന 57.10 സെക്കൻഡിലും സഹതാരം അലി 1:05.32 സമയത്തിലും മത്സരം പൂർത്തിയാക്കി. 56.57 സെക്കൻഡ് സമയത്തോടെസ്കോട്ലന്ഡിന്റെ സ്റ്റീഫൻ ക്ലെഗ് ഒന്നാമതെത്തി.
അശോക് കുമാർ നാലാമൻ
പാരാ-പവർലിഫ്റ്റിംഗ് പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് വിഭാഗം ഫൈനലിൽ നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്ത് അശോക് കുമാർ. 200 കിലോഗ്രാം തന്റെ ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തിയത്. സഹതാരമായ പരംജീത് കുമാർ 176 കിലോഗ്രാം എന്ന മികച്ച പ്രകടനത്തോടെ ആറാം സ്ഥാനത്ത്് ഫിനീഷ് ചെയ്തു.
രൂപ റാണിയും പിങ്കിയും ഒന്നാമത്
ബൗൾസ് സെക്്ഷണൽ പ്ലേ ഇനത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യയുടെ രൂപ റാണി ടിർക്കിയും പിങ്കിയും ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് രണ്ടാം ദിനം ഇന്ത്യ പ്രതീക്ഷയുടെ മുന്നേറ്റപാത തുറന്നു. നീന്തല്‍, പാരാ നീന്തല്‍, ബൗള്‍സ്, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ബോക്സിംഗ്, പാരാ പവര്‍ലിഫ്റ്റിംഗ് എന്നീ ഇനങ്ങളിലായി 18 ഇന്ത്യന്‍ താരങ്ങള്‍ മാറ്റുരച്ചു.
മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്സ്ട്രോക്ക് ഹീറ്റില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിഫൈനലില്‍ ഇടംനേടി. 25കാരനായ താരം തന്റെ ഹീറ്റ്സില്‍ 25.52 സെക്കന്‍ഡ് സമയം കുറിച്ച് അഞ്ചാമതെത്തി.
ആര്.വി.വി.ബി.കെ. ബുഡിഗിനയും ഇമാം അലിയും പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എസ്13 വിഭാഗം ഹീറ്റ്സില്‍ മൂന്നാമതും എട്ടാമതുമായി ഫിനീഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടി.
പാരാ പവര്‍ലിഫ്റ്റിംഗ് പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് വിഭാഗം ഫൈനലില്‍ തന്റെ മികച്ച പ്രകടനം പുറത്തെടുത്ത് (200 കിലോഗ്രാം) അശോക് കുമാര്‍ നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്തപ്പോള്‍ സഹതാരം പരംജീത് കുമാര്‍ 176 കിലോഗ്രാം പ്രകടനത്തോടെ ആറാം സ്ഥാനം നേടി.
ഇടിക്കൂട്ടില്‍ പ്രതീക്ഷ
മൂന്നാം ദിനമായ ഇന്ന് വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. ഗെയിംസ് തുടങ്ങും മുമ്പേ ആദ്യ മെഡല്‍ ഉറപ്പിച്ച ലവ്ലിന ബോര്ഗോഹെയ്ന് ബോക്സിംഗ് റിംഗില്‍ കയറും. അങ്കുഷ്, ആദിത്യ പ്രതാപ് സിംഗ്, പര്വീന് ഹൂഡ, അരുന്ധതി ചൗധരി, സച്ചിന് സിവാച്ച് എന്നിവരും ഇടിക്കൂട്ടില്‍ മാറ്റുരയ്ക്കും. 3x3 ബാസ്കറ്റ്ബോള്‍ വനിതാ വീല്‍ചെയര്‍ വിഭാഗത്തില്‍ ഇന്ത്യ വെയില്‍സിനെ നേരിടും. ബൗള്‍സ്, ജിംനാസ്റ്റിക്, നീന്തല്‍ ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പേരാട്ടത്തിനറങ്ങും.
Sports
ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമണ്‍വെൽത്ത് ഗെയിംസിന് സ്കോട്ലന്‍ഡിലെ ഗ്ലാസ്കോയിൽ തുടക്കം. ആദ്യ ദിനം ലവ്ലിനയിലൂടെ (ബോക്സിംഗ്) മത്സരത്തിനിറങ്ങും മുന്‍പ് ഇന്ത്യ ആദ്യ മെഡൽ ഉറപ്പിച്ചു.
രൂപ റാണി ടിർക്കിയും പിങ്കിയും ചേർന്ന് ബൗൾസിൽ വിജയത്തിന്റെ മധുരവും നൽകി.
ഇന്ന് വിവിധ ഇനങ്ങളിലായി ഇന്ത്യയുടെ പുരുഷ- വനിതാ താരങ്ങൾ മത്സരിക്കും.
അഞ്ച് മലയാളികളടക്കം 126 അംഗ ഇന്ത്യൻ സംഘമാണ് കോമണ്‍ വെൽത്ത് ഗെയിംസിനിറങ്ങുന്നത്.
ആദ്യ ജയം ബൗള്‍സില്‍
ഗ്ലാസ്ഗോ: ബൗൾസ് വനിതാ ജോഡികളുടെ സെക്്ഷണൽ പ്ലേ ഇനത്തിൽ ഇന്ത്യൻ സഖ്യത്തിന് ജയം. ഉദ്ഘാടന ദിനം നടന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിൽ തന്നെ ഗ്രൂപ്പ് ബിയിൽ മാൾട്ടയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ഇന്ത്യ ജയം നേടി.
കഴിഞ്ഞ തവണ വനിതാ ഫോർസ് വിഭാഗത്തിൽ സ്വർണം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിലെ അംഗങ്ങളായ രൂപ റാണി ടിർക്കിയും പിങ്കിയുമാണ് ജയം കുറിച്ചത്. മാൾട്ടയുടെ റെബേക്ക ലൂയിസ്, കോണി-ലീഹ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് ഒന്നാമതാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും.
ഇന്ത്യക്ക് ആദ്യ മെഡൽ
ഗ്ലാസ്ഗോ: ഗ്ലാസ്ഗോ കോമണ്‍വെൽത്ത് ഗെയിംസിന്റെ ഒൗദ്യോഗിക ഉദ്ഘാടനചടങ്ങ് ഇന്നലെ നടക്കും മുന്‍പേ ഇന്ത്യക്ക് ആദ്യ മെഡൽ. ഒളിന്പിക് മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്ൻ ആണ് ബോക്സിംഗ് റിംഗിൽ ഇറങ്ങുന്നതിന് മുന്‍പേ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പാക്കിയത്.
വനിതകളുടെ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിനയ്ക്ക് നേരിട്ട് സെമിഫൈനൽ പ്രവേശനം ലഭിച്ചത്. കോമണ്‍വെൽത്ത് ഗെയിംസ് ബോക്സിംഗ് നിയമമനുസരിച്ച് സെമിഫൈനലിൽ തോൽക്കുന്ന രണ്ട് താരങ്ങൾക്കും വെങ്കല മെഡൽ ലഭിക്കും. അതിനാൽ സെമിയിലെത്തിയതോടെ ലവ്ലിനയ്ക്ക് വെങ്കല മെഡൽ ഉറപ്പായിക്കഴിഞ്ഞു.
വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ആകെ അഞ്ച് മത്സരാർഥികളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.
ഒന്നാം സീഡായ ലവ്ലിന ബോർഗോഹെയ്ൻ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് നേരിട്ട് സെമി ഫൈന ലിലേക്ക് ‘ബൈ’ ലഭിച്ചു. ബാക്കിയുള്ള രണ്ട് താരങ്ങൾ തമ്മിൽ ക്വാർട്ടർ ഫൈനൽ മത്സരം കളിക്കും.
സെമി ഫൈനലിൽ ജൂലൈ 31നാണ് ലവ്ലിനയുടെ ആദ്യ മത്സരം. ഫിജി താരം ടി.കെ.ബി.പി. താഫാകിയാണ് ലവ്ലിനയുടെ എതിരാളി. ഈ മത്സരത്തിൽ വിജയിച്ചാൽ താരത്തിന് സ്വർണ മെഡൽ പോരാട്ടത്തിനിറങ്ങാം. തോറ്റാലും വെങ്കല മെഡലുമായി മടങ്ങാം.
Sports
ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഇന്നു തുടക്കം. 74 രാജ്യങ്ങളിൽനിന്നായി മൂവായിരത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കും. ഏഴു വേദികളിലായി 215 മെഡൽ പോരാട്ടങ്ങളാണുണ്ടാവുക. ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് കാംപസിലെ ഓവോ ദ ഹൈഡ്രോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ.
ഓഗസ്റ്റ് രണ്ടുവരെ നീളുന്ന ഗെയിംസിന് 126 താരങ്ങളുമായി ശക്തമായ പോരാട്ടത്തിനൊരുങ്ങിയാണ് ഇന്ത്യ എത്തിയിട്ടുള്ളത്. അത്ലറ്റിക്സ്, ബോക്സിംഗ്, ഭാരോദ്വഹനം എന്നിവയാണ് കൂടുതൽ മെഡൽപ്രതീക്ഷയുള്ള ഇനങ്ങൾ. ഇന്ത്യയ്ക്ക് ഉറച്ച മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ഹോക്കി, ബാഡ്മിന്റൺ, ട്വന്റി20 ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, ഗുസ്തി എന്നിവ ഒഴിവാക്കിയത് തിരിച്ചടിയായി.
കഴിഞ്ഞ ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകൾ.
മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ മികച്ച ഫോമിലാണ്. 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. ഈ സീസണിൽ ദേശീയ റിക്കാർഡ് ഭേദിച്ച ഹൈജംപർ സർവേശ് കുരാരെയിലാണ് മറ്റൊരു പ്രതീക്ഷ. ജാവലിൻ ത്രോയിൽ മുൻ ലോകചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ശ്രീലങ്കയുടെ രുമേഷ് തരംഗയാണ് പ്രധാന ഭീഷണി.
ബോക്സിംഗിൽ ജാസ്മിൻ ലംബോറിയ, ലൗലിന ബൊർഗോഹിൻ, സച്ചിൻ സിവാച്ച്, ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു എന്നിവരിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.അൻസ ബാബു (അത്ലറ്റിക്സ്), സജൻ പ്രകാശ് (നീന്തൽ), കെ.പി. സ്വാതിഷ് (ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്), മുഹമ്മദ് ബാസിൽ (പാരാ അത്ലറ്റിക്സ്) എന്നിവരാണ് ശ്രീശങ്കറിനു പുറമെ ഇന്ത്യൻ ടീമിലെ മലയാളികൾ.